ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനഞ്ച് പുരുഷോത്തമയോഗം ശ്ലോകം 10, 11

ഉത്ക്രാമന്തം സ്ഥിതം വാപി
ഭുഞ്ജാനം വാ ഗുണാന്വിതം
വിമൂഢാ നാനുപശ്യാന്തി
പശ്യന്തി ജ്ഞാന ചക്ഷുഷഃ

യതന്തോ യോഗിനശ്ചൈനം
പശ്യന്ത്യാത്മന്യവസ്ഥിതം
യതന്തോƒപ്യകൃതാത്മാനോ
നൈനം പശ്യന്ത്യചേതസഃ

ദേഹം വിട്ടിറങ്ങിപോകുന്നതോ ദേഹത്തില്‍ തങ്ങിനില്ക്കുന്നതോ, സത്വരജസ്തമോഗുണങ്ങളെ പ്രകടമാക്കി ലോകഭോഗങ്ങളെ ഭുജിക്കുന്നതോ ആയ സുക്ഷ്മശരീരിയായ ജീവനെ വിമൂഢന്മാര്‍ കാണുന്നില്ല. സത്യം കണ്ട മഹാത്മാക്കള്‍ ( ജ്ഞാനദൃഷ്ടിയുള്ളവര്‍) വേര്‍തിരിച്ചുകാണുന്നു.

ചിത്തവൃത്തികളെ നിരോധിച്ച് അഭ്യാസവൈരാഗ്യങ്ങള്‍ ദൃഢതരമാക്കുന്ന യോഗികള്‍ സൂക്ഷമശരീരിയായ ജീവനെ അവനവന്‍റെ ഉള്ളില്‍ത്തന്നെ കുടികൊള്ളുന്നതായിട്ട് കാണുന്നു. അന്തഃകരണം ശുദ്ധമല്ലാത്ത അവിവേകികളാകട്ടെ യത്നിച്ചാലും ഈ ജീവനെ വേര്‍തിരിച്ചു കാണാന്‍ ഇടവരുന്നില്ല.

ശരീരം ആദ്യമായി ജന്മമെടുക്കുകയും അതിന്‍റെ ചലനവും രോദനവും മറ്റുംകൊണ്ട് ചേതന പ്രകടമാവുകയും ചെയ്യുമ്പോള്‍ ജീവാത്മാവ് ആ ശരീരത്തില്‍ പ്രവേശിക്കുന്നു എന്നുള്ള ധാരണയില്‍ ഹര്‍ഷത്തോടെ ആളുകള്‍ പറയുന്നു. ‘ഓ അവന്‍ ജനിച്ചിരിക്കുന്നു’ അതിനുശേഷം ഇന്ദ്രിയങ്ങള്‍ ശരീരത്തെ കൂട്ടുപിടിച്ച് ഇന്ദ്രിയവിഷയങ്ങളെ ആസ്വദിക്കുമ്പോള്‍, ആത്മാവ് ഇന്ദ്രിയഭോഗങ്ങള്‍ അനുഭവിക്കുന്നുവെന്ന് അവര്‍ കരുതുന്നു. കുട്ടി വളര്‍ന്നുവലുതായി വാര്‍ദ്ധക്യം പ്രാപിച്ച് ശരീരം ശോഷിച്ച് മൃതിയടയുമ്പോള്‍ ആത്മാവ് അതിനെ വിട്ടുപോയെന്നു പറഞ്ഞ് അവര്‍ ദുഃഖിക്കുന്നു. ആത്മസത്ത വികാരരഹിതമാണ്

വൃക്ഷങ്ങലുടെ ഇലകള്‍ ചലിച്ചെങ്കില്‍ മാത്രമെ കാറ്റുണ്ടെന്നു നാം അറിയുകയുള്ളോ? വൃക്ഷങ്ങളില്ലാത്തിടത്ത് കാറ്റില്ലെന്നാണോ നാം മനസ്സിലാക്കേണ്ടത്? ഒരുവന്‍ ജീവിച്ചിരിക്കുന്നുവെന്നു വിശ്വസിക്കാന്‍ അവന്‍റെ സ്വന്തം പ്രതിച്ഛായ മുഖകണ്ണാടിയില്‍ കാണണമെന്നുണ്ടോ? മുഖക്കണ്ണാടി മാറ്റുകയും പ്രതിച്ഛായ ഇല്ലാതാവുകയും ചെയ്യുമ്പോള്‍ അവന്‍റെ അസ്ഥിത്വം ഇല്ലാതായെന്ന് അവന്‍ കരുതുമോ? ആകാശത്തിന്‍റെ സ്വഭാവഗുണമാണ് ശബ്ദം. ഇന്നാല്‍ ഇടിയും മിന്നലും ഉണ്ടാകുമ്പോള്‍ അതുമേഘങ്ങളുടേതായി ആളുകള്‍ ആരോപിക്കുന്നു. ശശാങ്കന്‍റെ മുകളില്‍ക്കൂടി ശീഘ്രഗതിയില്‍ പായുന്ന കാര്‍മേഘങ്ങള്‍ കാണുമ്പോള്‍ ശശാങ്കന്‍ ഓടിക്കൊണ്ടിരിക്കുന്നുവെന്ന് നാം തെറ്റിദ്ധരിക്കുന്നു. അതുപോലെ ശരീരത്തിന്‍റെ ജനനമരണ കാരണത്തെ, മോഹത്താല്‍ അന്ധരായവര്‍ ആത്മാവിന്‍റെ മേല്‍ ചുമത്തുന്നു. പക്ഷേ, ആത്മസത്ത വികാരരഹിതമാണ്.

എന്നാല്‍ ഇതില്‍നിന്നു വ്യത്യസ്തരായി മറ്റൊരു കൂട്ടം ആളുകളുണ്ട്. ആത്മാവ് ശരീരത്തില്‍ വസിച്ചുകൊണ്ട് അതിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കു സാക്ഷ്യം വഹിക്കുക മാത്രമേ ചെയ്യുന്നുള്ളുവെന്ന് അവര്‍ വിശ്വസിക്കുന്നു. വിവേകികളായ ഈ ജ്ഞാനികളുടെ ബുദ്ധി ആത്മസ്വരൂപത്തില്‍ സ്ഥിരമായിരിക്കുന്നു. ജ്ഞാനദൃഷ്ടികളുള്ള അവര്‍ ശരീരത്തെ ആത്മാവിന്‍റെ ഒരു ഉറവയായി കാണുന്നു. ഗ്രീഷ്മകാല സൂര്യന്‍റെ രശ്മികള്‍ എല്ലാറ്റിനേയും പ്രകടമായി പ്രകാശിപ്പിക്കുന്നതുപോലെ ഇവരുടെ ജ്ഞാനദൃഷ്ടിയില്‍ക്കൂടി ആത്മാവ് വേറിട്ടു നില്‍ക്കുന്നതായി അവര്‍ ദര്‍ശിക്കുന്നു. ആത്മാവ് ശരീരമെന്നുള്ള തെറ്റായ ധാരണ ഇവര്‍ക്കില്ല.

താരങ്ങളാല്‍ നിബിഡമായ വാനം വാരിധിയില്‍ പ്രതിഫലിച്ചു കാണുന്നു.
ആകാശം അവര്‍ണ്ണത്തിലേക്ക് അടര്‍ന്നുവീണതല്ല അതെന്നു സ്പഷ്ടമല്ലേ? അംബരം യഥാസ്ഥാനത്തുതന്നെ നില്‍ക്കുന്നു. അബ്ധിയില്‍ കാണുന്നത് യഥാര്‍ത്ഥ ആകാശമല്ല. അത് ആകാശമാണെന്നുള്ള തോന്നല്‍ മിഥ്യയാണ്. ജ്ഞാനി അതുപോലെ ദേഹത്തേയും ദേഹിയേയും വ്യത്യസ്തമായി കാണുന്നു. ഇളകി മറിയുന്ന ജലത്തില്‍ ഇന്ദുവിനെ കാണുമ്പോള്‍ അത് പല അംശങ്ങളായി തോന്നുമെങ്കിലും യഥാര്‍ത്ഥ സോമബിംബം അഖണ്ഡമായിത്തന്നെ അംബരത്തില്‍ അമരുന്നു. സൂര്യന്‍റെ പ്രതിച്ഛായ സരോവരത്തില്‍ കാണും. അതിലെ ജലം വറ്റിയാല്‍ പ്രതിച്ഛായ കാണാതാവുകയും ചെയ്യും. എങ്കിലും സൂര്യന്‍ ഒന്നും ബാധിക്കാതെ ആകാശത്തില്‍ത്തന്നെ നില്‍ക്കുന്നു. അതുപോലെ ശരീരം നിലനിന്നാലും നശിച്ചാലും ആത്മാവിനു ക്ഷതം സംഭവിക്കുന്നില്ലെന്നു വിവേകികള്‍ മനസ്സിലാക്കുന്നു. ഒരു മഠം നിര്‍മ്മിച്ചാലും ഘടം നിര്‍മ്മിച്ചാലും അതിന്നുള്ളില്‍ ആകാശം ഉണ്ടായിരിക്കും. മഠവും ഘടവും നശിച്ചാലും അതിനുള്ളിലുള്ള ആകാശം ആകാശമായിത്തന്നെ നില്‍ക്കുന്നു. അതുപോലെ ശരീരം നശിച്ചാലും ആത്മാവ് സുസ്ഥിരവും അവ്യയവുമായി സ്ഥിതി ചെയ്യുന്നു. അഖണ്ഡമായ ആത്മസത്തയെ അജ്ഞാനികള്‍ അവരുടെ അജ്ഞാനദൃഷ്ടികൊണ്ടും വിവേകശൂന്യമായ കല്പനകൊണ്ടും ജനനമരണങ്ങള്‍ക്കു വിധേയമാകുന്ന ദേഹമാണെന്നു നിരൂപിക്കുന്നു. എന്നാല്‍ ചൈതന്യത്തിനു വേലിയേറ്റങ്ങളോ ഇറക്കങ്ങളോ ഇല്ല; അതിനു ചേഷ്ടിതങ്ങളൊന്നുമില്ല; അത് ചേഷ്ടയ്ക്ക് അധീനമല്ല; ചേഷ്ടയൊന്നും ചെയ്യുന്നുമില്ല. ഈ വസ്തുത പരിശുദ്ധരായ ആത്മജ്ഞാനിക്കള്‍ക്ക് നല്ലതുപോലെ അറിയാം.

എന്നാല്‍ ഒരുവന്‍ എത്രതന്നെ ജ്ഞാനം സമ്പാദിച്ചാലും അവന് പരമാണുവിനെപ്പോലും പിളര്‍ക്കുന്നതിനുള്ള സൂഷ്മബുദ്ധിയുണ്ടായിരുന്നാലും അവന്‍ എല്ലാ ശാസ്ത്രവിദ്യയിലും പാരംഗതനായിരുന്നാലും അവന് വിരക്തിയില്ലെങ്കില്‍ സര്‍വ്വാത്മകനായ എന്നെ പ്രാപിക്കാന്‍ സാധ്യമല്ല. അവന്‍ വിവേചനത്തെപ്പറ്റി വാചാലനായി പ്രസംഗിക്കുകയും ഇന്ദ്രിയവിഷയങ്ങളെപറ്റിയുള്ള ഇംഗിതങ്ങള്‍ അന്തകരണത്തില്‍ സൂക്ഷിക്കുകയും ചെയ്താല്‍ അവന്‍ ഒരിക്കലും എന്നെ പ്രാപിക്കുകയില്ല.

ഉറക്കത്തില്‍ ശാസ്ത്രോക്തികള്‍ നടത്തിയതുകൊണ്ട് സംസാരബന്ധങ്ങളെ അറുക്കാന്‍ കഴിയുമോ? ഒരുവന്‍ ഒരു ഗ്രന്ഥത്തെ സ്പര്‍ശിച്ചതുകൊണ്ട് അതു പാരായണം ചെയ്തെന്ന് പറയാന്‍ കഴിയുമൊ? നേത്രങ്ങള്‍ മൂടിക്കെട്ടപ്പെട്ട ഒരുവന് അവന്‍റെ മൂക്കുപയോഗിച്ച് രത്നത്തിന്‍റെ മൂല്യവും മേന്മയും വിലയിരുത്താന്‍ കഴിയുമൊ? അതുപോലെ ഒരുവന്‍റെ ചിത്തം അഹങ്കാരംകൊണ്ട് നിറഞ്ഞിരിക്കുന്നിടത്തോളം കാലം സകല ശാസ്ത്രവും അവന്‍റെ നാവിന്‍തുമ്പത്തുണ്ടെങ്കില്‍പോലും കോടാനുകോടി ജന്മങ്ങളെടുത്താലും അവന്‍ എന്നെ പ്രാപിക്കുകയില്ല. ഞാന്‍ ഏകനാണെങ്കിലും സര്‍വ്വപ്രാണികളിലും എങ്ങനെ വ്യാപിച്ചിരിക്കുന്നുവെന്ന് വിശദീകരിക്കാം.