ശ്രീ രമണമഹര്‍ഷി
ജൂണ്‍ 9, 1938.
ശ്രീ രാമകൃഷ്ണമിഷനിലെ ഒരു സ്വാമി അവിദ്യയെ തരണം ചെയ്യുന്നതെങ്ങനെയെന്നു ചോദിച്ചു
രമണ മഹര്‍ഷി: ഇല്ലാത്തതെന്തോ അതാണവിദ്യ. അതിനാല്‍ അതു സ്വയമേവ മിഥ്യയാണ്. അതുള്ളതാണെങ്കില്‍ അതിനെ എങ്ങനെ നശിപ്പിക്കും.
ചോദ്യം: എനിക്കതു മനസ്സിലാകുന്നുണ്ടെങ്കിലും ദൃഡമാവുന്നില്ല.
മഹര്‍ഷി: മനസ്സ് നിവൃത്തിയിലിരുന്നാലുള്ള സാക്ഷാല്‍ക്കരാവസ്ഥയ്ക്ക് നിങ്ങളെന്തിനാണ് ഈ ചിന്ത മൂലം ഭംഗമുണ്ടാക്കുന്നത്.
ചോദ്യം: ആത്മാവേകം തന്നെ. എങ്കിലും എനിക്കിന്നത്തെ അവസ്ഥയില്‍ നിന്നും മോചനമുണ്ടാകുന്നില്ല,
1: ഇതാര് പറയുന്നു. പ്രസ്തുത എകമാണോ: ചോദ്യം സ്വയം നിഷേധിക്കപ്പെടുന്നു.
ചോദ്യം: സാക്ഷാത്കാരത്തിന് ഭഗവാന്‍റെ അനുഗ്രഹം തന്നെ ഉണ്ടാവണം.
മഹര്‍ഷി: ഇങ്ങനെ തോന്നുന്നതേ അനുഗ്രഹം മൂലമാണ്.
ചോദ്യം: ഞാനതിനായി പ്രാര്‍ത്ഥിക്കുന്നു
മഹര്‍ഷി: ശരി, അതുണ്ട്
ജൂണ്‍ 10, 1938
മറ്റൊരു സംഭാഷണത്തിനിടയില്‍ ഭഗവാന്‍ പറഞ്ഞു: സത്വം പ്രകാശമാണ്. രജസ്സ് ദ്രഷ്ടാവും തമസ്സ് ദൃശ്യ (വിഷയ) വുമാണ്. സത്യത്തില്‍ പ്രകാശം പോലും പ്രതിഫലനമാണ്. ശുദ്ധപ്രകാശം പ്രതിഫലിക്കുകയില്ല. മനസാകാശം ഭൂതാകശമായി പ്രതിഫലിച്ച് ദ്രഷ്ടാവിനന്യമായി വിഷയങ്ങളെ ജനിപ്പിക്കുന്നു.
സമാധി ആധാരമായിത്തന്നെയാണ് വ്യവഹാരങ്ങള്‍ ഉണ്ടാകുന്നതും. ഭേദവ്യവഹാരങ്ങളൊന്നും സമാധിയെ വിട്ടിരിക്കുന്നില്ല.