ഓരോ ജീവനും പരിപൂര്‍ണ്ണനാകണമെന്നത് നിയതിനിശ്ചയമാണ്. ഒടുക്കം ആ പരിപൂര്‍ത്തിയെത്തുമെന്നുള്ളതും നിശ്ചയം. നാം ഇപ്പോള്‍ ഏതു നിലയിലായിരിക്കുന്നുവോ അതുനമ്മുടെ പൂര്‍വകര്‍മ്മങ്ങളുടെയും വിചാരങ്ങളുടെയും ഫലമാകുന്നു. മേല്‍ നമുക്കു ഏതുനില വരുമെന്നത് നമ്മുടെ ഇപ്പോഴത്തെ കര്‍മ്മങ്ങളുടെയും വിചാരങ്ങളുടെയും ഫലവുമായിരിക്കും. ഇങ്ങനെ നമ്മുടെ നില നാംതന്നെയാണ് രൂപപ്പെടുത്തുന്നത് എന്നുവെച്ചു നമുക്കു പുറമേ നിന്നു സഹായം സ്വീകരിക്കരുതെന്നില്ല: എന്നല്ല വളരെയധികം ജനങ്ങള്‍ക്കും ആവിധം സഹായം അവശ്യം ആവശ്യവുമാണ്! അതുണ്ടാകുമ്പോള്‍ ജീവന്റെ കഴിവുകള്‍ക്കും പ്രകൃഷ്ടശക്തികള്‍ക്കും പ്രസരിപ്പുകൂടും, അദ്ധ്യാത്മജീവിതത്തിന് ഉണര്‍വ്വ്, കൂടും, വളര്‍ച്ചയ്ക്കു വേഗം കൂടും, ഒടുവില്‍ പരിശുദ്ധിയും സിദ്ധിയും കൈവരികയും ചെയ്യും.
പ്രസരിപ്പിനുള്ള ഈ പ്രേരണ ഗ്രന്ഥങ്ങളില്‍നിന്നു ലഭ്യമല്ല. ഒരു ജീവനു മറ്റൊരു ജീവനില്‍നിന്നല്ലാതെ വേറെ എങ്ങുനിന്നും അതു ലഭിക്കാവതല്ല. ആയുഷ്‌കാലം മുഴുവനും ഗ്രന്ഥങ്ങള്‍ പഠിക്കാം, വലിയ ബുദ്ധിശാലികളാവാം, എന്നാല്‍ അതുകൊണ്ടൊന്നും നമുക്ക് ആത്മവികാസം ഉണ്ടായിട്ടില്ലെന്ന് ഒടുവില്‍ കാണാം. ഉയര്‍ന്ന തരം ബുദ്ധിവികാസത്തോടൊപ്പം ആ തോതില്‍ ആദ്ധ്യാത്മികവികാസവും എപ്പോഴും ഉണ്ടാകണമെന്നില്ല. ഗ്രന്ഥപഠനത്തില്‍നിന്ന് അദ്ധ്യാത്മസഹായം ഉണ്ടാകുന്നുണ്ട് എന്നൊരു തെറ്റിദ്ധാരണ നമുക്കു ചിലപ്പോള്‍ പറ്റാറുണ്ട്. എന്നാല്‍ ആ പഠനംകൊണ്ട് എന്തുഫലമുണ്ടായി എന്നു നാം ഒരാത്മപരീക്ഷണം നടത്തിയാല്‍ നമ്മുടെ ബുദ്ധിക്കുമാത്രമേ ലാഭമുണ്ടായിട്ടുള്ളു, ആത്മാവിന് ഒന്നും കിട്ടിയില്ല എന്നു കാണാം. അദ്ധ്യാത്മവികാസത്തെ ത്വരപ്പെടുത്തുവാന്‍ ഗ്രന്ഥങ്ങള്‍ക്കു ശക്തിയില്ലാത്തതുകൊണ്ടത്രേ, നമ്മളില്‍പ്പലര്‍ക്കും ആത്മിക വിഷയങ്ങളെപ്പറ്റി വിസ്മയകരമായി പ്രസംഗിപ്പാന്‍ കഴിവുണ്ടായിട്ടും ആചരണത്തിലും ശരിയായ അദ്ധ്യാത്മജീവിതം നയിക്കുന്നതിലും പരിതാപകരമാംവണ്ണം പരാജയം പിണഞ്ഞുകാണുന്നത്. ജീവനെ ഉണര്‍ത്തിവിടുവാനുള്ള പ്രേരണ മറ്റൊരു ജീവനില്‍നിന്നു തന്നെ വരണം, നിശ്ചയം.
ആ പ്രേരണ വരുന്നത് ആരുടെ ജീവനില്‍നിന്നോ ആ ആളെ ഗുരുവെന്നും, അതു സംക്രമിക്കുന്നത് ആരുടെ ജീവനിലേക്കോ ആ ആളെ ശിഷ്യനെന്നും പറയുന്നു. ഇങ്ങനെ ഒരു ജീവനിലേക്ക് ശക്തി സഞ്ചരിപ്പിക്കുന്ന കാര്യത്തില്‍, ഒന്നാമത് അതു സഞ്ചരിപ്പിക്കാനുള്ള കഴിവ് ഗുരുവിന്നും, രണ്ടാമത് അതു സ്വീകരിപ്പാനുള്ള യോഗ്യത ശിഷ്യന്നും ഉണ്ടായിരിക്കണം. ബീജത്തിനു ജീവസ്സുണ്ടായിരിക്കണം, നിലം ഉഴുതു ശരിപ്പെടുത്തിയുമിരിക്കണം. അതു രണ്ടും വേണ്ടതുപോലെയായാല്‍ യഥാര്‍ത്ഥമായ ആദ്ധ്യാത്മികത വിസ്മയിക്കത്തക്കവിധം വളര്‍ന്നുവരും. ആശ്ചര്യോ വക്താ കുശലോƒസ്യ ലബ്ധാ “വക്താവ് – ഗുരു-ആശ്ചര്യപ്പെടത്തക്ക ശക്തിയുള്ളവനും ലബ്ധാവ് – ശിഷ്യന്‍ – കുശലനുമായിരിക്കണം.” ഇങ്ങനെ ഇരുവരും ശരിക്കു വിസ്മയനീയരും അസാധാരണരുമായാല്‍ – എന്നാല്‍ മാത്രം – ആദ്ധ്യാത്മികത ഗംഭീരമായുണരും. അങ്ങനെയുള്ളവര്‍മാത്രം യഥാര്‍ത്ഥഗുരുക്കന്മാര്‍, അങ്ങനെയുള്ളവര്‍മാത്രം യഥാര്‍ത്ഥശിഷ്യന്മാര്‍ – ആരോഹണേച്ഛുക്കള്‍: മറ്റുള്ളവര്‍ അദ്ധ്യാത്മതയുംവെച്ചു കളിക്കുന്നതേയുള്ളു അവര്‍ക്ക് അല്പം കൗതുകമുണര്‍ന്നിട്ടുണ്ട്, ബുദ്ധിക്ക് അല്പം ഉണര്‍വ്വ് തോന്നീട്ടുണ്ട്. എന്നാല്‍ അവരുടെ നില്പ് അദ്ധ്യാത്മതയുടെ പുറംചുറ്റിന്റെ വക്കത്താണ്. അതിനും അല്പം വിലയുണ്ട്, സംശയമില്ല. എന്തുകൊണ്ടെന്നാല്‍ അതു കാലക്രമത്തില്‍ യഥാര്‍ത്ഥമതതൃഷ്ണയായിവരാം. കൃഷിനിലം പാകമായാല്‍ അതിലേക്കുള്ള വിത്ത് ഉടനെ വന്നെത്തണം, നിശ്ചയം: വരുകയും ചെയ്യും. ഇത് പ്രകൃതിയുടെ ഒരു ദുരൂഹനിശ്ചയമാണ്. ഒരു ജീവന്ന് മതവാഞ്ഛ യഥാര്‍ത്ഥമായുണ്ടായലപ്പോള്‍ അതിനെ സഹായിപ്പാന്‍ ശക്തി സംക്രമിപ്പിക്കുന്ന ഗുരു നിശ്ചയമായും വരണം, വരുകയും ചെയ്യും. തങ്കലേക്ക് അദ്ധ്യാത്മപ്രകാശം ആകര്‍ഷിക്കാന്‍ ശിഷ്യന്റെ ജീവനിലുള്ള ശക്തി പൂര്‍ണ്ണവും പ്രബലവുമാകുമ്പോള്‍ ആ ആകര്‍ഷണത്തിനു വഴിപ്പെട്ട് പ്രകാശം അയച്ചുകൊടുക്കുന്ന ശക്തി പ്രകൃത്യാ വന്നുചേരുന്നു.
അങ്ങനെയായാലും വഴിയില്‍ ചില വലിയ അപായങ്ങളുണ്ട്. ശിഷ്യനു വരാവുന്ന അപകടത്തിന് ഒരുദാഹരണം; അയാള്‍ ക്ഷണികങ്ങളായ വികാരാവേശങ്ങളെ സ്ഥിരം മതതൃഷ്ണയായി തെറ്റിദ്ധരിച്ചേയ്ക്കും. ഇത് നമ്മുടെ സ്വാനുഭവം നോക്കിയാലറിയാം. പലപ്പോഴും സംഭവിക്കുന്ന ഒരു സംഗതി; നാം സ്നേഹിച്ചിരുന്ന ഒരാള്‍ മരിച്ചുപോകുന്നു; അതു നമുക്ക് ഒരടി കിട്ടിയതുപോലാകുന്നു. അപ്പോള്‍ ലോകത്തില്‍ ഒന്നും നമ്മുടെ പിടിയില്‍ നില്ക്കുന്നില്ല. എല്ലാം വഴുതിപ്പോകുന്നു. ഇതിലും ഉയര്‍ന്നതും ഉറച്ചതുമായി വല്ലതും വേണം, ഈശ്വരവിചാരം ചെയ്യണം എന്നെല്ലാം തോന്നുന്നു കുറച്ചു നാള്‍ക്കുള്ളില്‍ ആ തോന്നല്‍, ഒരു അല വന്നുപോയപോലെ മറഞ്ഞു പോകുന്നു: വീണ്ടും നാം മുന്‍നിലയില്‍ പെട്ടിരിക്കുന്നു. അങ്ങനെയുള്ള താല്ക്കാലികഭാവങ്ങളെ യഥാര്‍ത്ഥമതതൃഷ്ണയെന്ന് നാമെല്ലാം പലപ്പോഴും തെറ്റിവിചാരിക്കാറുണ്ട്. ആ വിധം തെറ്റായ വിചാരമുള്ള കാലത്തോളം യഥാര്‍ത്ഥമതതൃഷ്ണ സ്ഥായിയായുണ്ടാവുന്നതല്ല. നമ്മുടെ പ്രകൃതിയില്‍ അദ്ധ്യാത്മത സംക്രമിപ്പിക്കുന്ന ഗുരുവിനെ കണ്ടെത്തുകയുമില്ല. അതുകൊണ്ട്, അത്യന്തം ആഗ്രഹത്തോടെ ചെയ്യുന്ന തത്ത്വാന്വേഷണങ്ങളെല്ലാം നിഷ്ഫലമാകുന്നുവല്ലോ എന്നാവലാതിപ്പെടാന്‍ തോന്നുമ്പോള്‍ അതിനുപകരം ആദ്യമായി നാം ചെയ്യേണ്ടത് ആത്മപരിശോധന നടത്തി നമുക്കുണ്ടെന്നു വിചാരിക്കുന്ന മതതൃഷ്ണ നമ്മുടെ ഹൃദയത്തില്‍ യഥാര്‍ത്ഥമായുണ്ടോ എന്നു നോക്കിക്കാണുകയാകുന്നു. അങ്ങനെ ചെയ്യുമ്പോള്‍ അധികം സംഗതികളിലും കണ്ടെത്തുന്നത്, നമുക്ക് വാസ്തവമായ തൃഷ്ണയുണ്ടായിരുന്നില്ല, തത്ത്വഗ്രഹണത്തിനു യോഗ്യത സിദ്ധിച്ചിട്ടില്ല എന്നായിരിക്കും.
ഇതിനേക്കാള്‍ വമ്പിച്ചതാകുന്നു ഗുരുവിന്റെ കാര്യത്തിലുണ്ടാകുന്ന അപകടങ്ങള്‍. അജ്ഞാനത്തില്‍ മുഴുകി ഔദ്ധത്യത്താല്‍ തങ്ങള്‍ സര്‍വ്വജ്ഞരെന്നു കരുതി അതിലും നില്ക്കാതെ അന്യരെ തോളിലേറ്റിക്കൊണ്ടുപോകാം എന്നേറ്റ്, അന്ധനെ അന്ധന്‍ വഴി നടത്തുന്നതുപോലെ, ഇരുവരും ചാല്‍ക്കുണ്ടില്‍ ചെന്നു വീഴുന്ന തരത്തിലുള്ളവരും ഏറെയുണ്ട്.
[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം I ഭക്തിയോഗം. അദ്ധ്യായം 4 ഗുരുവിന്റെ ആവശ്യം. പേജ് 432-435]