സ്വാമി വിവേകാനന്ദന്‍

അപ്പോള്‍, ഗുരുവിനെ എങ്ങനെയാണ് അറിയുക? സൂര്യനെ കണ്ടറിവാന്‍ പന്തം വേണ്ട, തിരികൊളുത്തി നോക്കേണ്ട. സൂര്യന്‍ ഉദിക്കുമ്പോള്‍ അത് അന്യസഹായം കൂടാതെ നമുക്കറിവാകും. ഒരു ലോകാചാര്യന്‍ നമ്മെ അനുഗ്രഹിക്കുവാനെത്തുമ്പോള്‍ തത്ത്വം അന്തരാത്മാവില്‍ പ്രകാശിച്ചുതുടങ്ങിയെന്ന് ജീവന്‍ തന്നുള്ളില്‍ ഉദയം ചെയ്തുകാണും. സത്യം സ്വന്തം തെളിവിന്‌മേല്‍ നിലകൊള്ളുന്നു. അതിന്റെ സത്യത്വം തെളിയിപ്പാന്‍ വേറെ തെളിവുവേണ്ട. അത് സ്വയം ഉജ്ജ്വലിപ്പിക്കുന്ന ജ്യോതിസ്സാകുന്നു. അതു നമ്മുടെ പ്രകൃതിയുടെ അടിത്തട്ടിലുള്ള മൂലകളിലും കടന്നെത്തും. അതിന്റെ സന്നിധിമാത്രയില്‍ ലോകം ആദരപൂര്‍വ്വമെഴുന്നേറ്റ് ‘ഇതാ സത്യം’ എന്ന് ഉദ്‌ഘോഷിക്കും. സൂര്യജ്യോതിസ്സിനു സമം പ്രകാശിക്കുന്ന ജ്ഞാനവും സത്യവും ധരിച്ച ആചാര്യന്മാരത്രേ ലോകത്തില്‍ അറിയപ്പെട്ടവരില്‍വെച്ച് മഹത്തമന്മാര്‍. ലോകത്തില്‍ ഭൂരിപക്ഷക്കാരാലും അവര്‍ ഈശ്വരന്മാരെന്നു ആരാധിക്കപ്പെടുന്നു. എന്നാല്‍ താരതമ്യേന അവരേക്കാള്‍ താണവരില്‍നിന്നും നമുക്കു സഹായം ലഭിക്കാം. പക്ഷേ അങ്ങനെയുള്ളവരില്‍വെച്ച് ആരില്‍നിന്ന് നമുക്ക് ഉപദേശവും മാര്‍ഗ്ഗദര്‍ശനവുമുണ്ടാകാമോ അവരുടെ യോഗ്യത ശരിയായി നിര്‍ണ്ണയിപ്പാന്‍ തക്ക ബോധോധദയം നമുക്കില്ല. അതുകൊണ്ട് ആള്‍ യോഗ്യന്‍തന്നെയോ എന്നു മനസ്സിലാക്കുവാന്‍ ചില പരീക്ഷകള്‍ ആവശ്യമാണ്. ശിഷ്യന്റെ കാര്യത്തിലും അതു വേണം.

ശിഷ്യന് അവശ്യം വേണ്ടത് പരിശുദ്ധി, യഥാര്‍ത്ഥജ്ഞനദാഹം, സ്ഥിരപരിശ്രമം ഇവയാകുന്നു. മലിനജീവന് യഥാര്‍ത്ഥ ധാര്‍മ്മികത്വം ഉണ്ടാവാന്‍ നിവൃത്തിയില്ല. അദ്ധ്യാത്‌മോന്നതി കാംക്ഷിക്കുന്നവന് മനസ്സിലും വാക്കിലും കര്‍മ്മത്തിലും പരിശുദ്ധി നിര്‍ബ്ബന്ധമാണ്. ജിജ്ഞാസയെസ്സംബന്ധിച്ച്, നാം എന്തിന്നാഗ്രഹിക്കുന്നുവോ അത് നമുക്കു ലഭിക്കുമെന്നുള്ളത് ഒരു പുരാതനനിയമമാണ്. നാം ഏതൊന്നില്‍ മനസ്സുറപ്പിച്ചിരിക്കുന്നുവോ അതല്ലാതെ മറ്റൊന്നും നമുക്കു ലഭിക്കയുമില്ല. അദ്ധ്യാത്മതയ്ക്കുവേണ്ടി വീര്‍പ്പുമുട്ടലുണ്ടാകുക വളരെ പ്രയാസമാണ്, അതു നാം സാധാരണ വിചാരിക്കുന്നതുപോലെ അത്ര എളുപ്പമല്ല. മതപ്രസംഗങ്ങള്‍ കേള്‍ക്കുന്നതും മതഗ്രന്ഥങ്ങള്‍ വായിക്കുന്നതും യഥാര്‍ത്ഥമായ ജ്ഞാനതൃഷ്ണ ഹൃദയത്തിലുണ്ടെന്നതിനു തെളിവല്ല. അദ്ധ്യാത്മത ഉണ്ടാവണം എന്ന തൃഷ്ണ വാസ്തവത്തില്‍ അനുഭവപ്പെട്ടാല്‍ വിജയം കൈവരുന്നതുവരെ ഹീനപ്രകൃതിയോടു നിരന്തരമായി മല്പിടുത്തം, തുടര്‍ന്നുനില്ക്കുന്ന യുദ്ധം, വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം, നടത്തണം. ഈ സമരം ഒന്നോ രണ്ടോ ദിവസമല്ല, മാസമല്ല, ജന്മമല്ല, നൂറുനൂറു ജന്മങ്ങളില്‍ തുടരേണ്ടതായിവരാം. ചിലപ്പോള്‍ വിജയം ഉടനടി കൈവന്നേയ്ക്കാം. എന്നാല്‍, അവധിയറ്റതെന്നു തോന്നുന്ന കാലത്തോളം ക്ഷമയോടെ കാത്തിരിപ്പാന്‍ നാം തയ്യാറായിരിക്കണം. അങ്ങനെ സ്ഥിരപരിശ്രമശീലത്തോടുകൂടി യത്‌നിക്കുന്ന ശിഷ്യന് ജയവും സാക്ഷാത്കാരവും ഒടുവില്‍ തീര്‍ച്ചയായും സിദ്ധിക്കും.

ഗുരുവിന്റെ കാര്യം; ഗുരു ശാസ്ത്രങ്ങളുടെ സാരാംശം ഗ്രഹിച്ചവനാണെന്നു ബോധപ്പെടണം. ലോകരെല്ലാം ബൈബിളും വേദവും ഖുറാനും വായിക്കുന്നുണ്ട്. എന്നാല്‍ അവ വെറും വാക്കുകള്‍, വാക്യഘടന, ശബ്ദവ്യുത്പത്തി, ഭാഷാതത്ത്വം, മതത്തിന്റെ ശുഷ്‌കാസ്ഥികള്‍മാത്രം. വാക്കു പെരുകി അതിന്റെ തള്ളിച്ചയില്‍ മനസ്സ് ഒഴുകിപ്പോകാനിടയാകുന്ന ഗുരുവിനു വാക്കിന്റെ ജീവന്‍ നഷ്ടമാകുന്നു. ശാസ്ത്രത്തിന്റെ ജീവനായ തത്ത്വം എന്തെന്നു ഗ്രഹിച്ചിരിക്കയാകുന്നു യഥാര്‍ത്ഥഗുരുവിന്റെ ലക്ഷണം. ശാസ്ത്രങ്ങളിലെ ശബ്ദസമൂഹം ഒരു വന്‍കാട്, ബുദ്ധി അതില്‍ പെട്ട് പുറത്തു കടക്കാന്‍ വഴി കാണാതെ നട്ടം തിരിയും. ശബ്ദജാലം മഹാരണ്യം ചിത്തഭ്രമണകാരണം. പദങ്ങളെ പലവിധം യോജിപ്പിക്കുക, ഭംഗിയുള്ള ഭാഷയില്‍ പലവിധം സംസാരിക്കുക. ശാസ്ത്രങ്ങളെ പലവിധം വ്യാഖ്യാനിക്കുക, വിദ്വത്തം പ്രകടിപ്പിക്കുക ഇതെല്ലാം വിദ്വാന്മാര്‍ക്കു വാദിക്കാനും വിനോദിക്കാനുംമാത്രം കൊള്ളാം: ഒന്നുമുക്തിക്കുതകുന്നതല്ല.

വാഗൈ്വഖരീ ശബ്ദഝരീ ശാസ്ത്രവ്യാഖ്യാനകൗശലം
വൈദുഷ്യം വിദുഷാം തദ്വദ് ഭുക്തയേ ന തു മുക്തയേ.

ആ വക സമ്പ്രദായം ഉപയോഗിച്ചു മതമുപദേശിക്കുന്നവര്‍ തങ്ങളെ വലിയ പണ്ഡിതന്മാരെന്ന് ലോകം പുകഴ്ത്തുവാന്‍ വേണ്ടി വിദ്വത്ത്വം പ്രകടിപ്പിക്കണമെന്നേ ആഗ്രഹിക്കുന്നുള്ളു. ലോകത്തില്‍ ഉണ്ടായിട്ടുള്ള പരമാചാര്യന്മാരാരും, ഒരാള്‍പോലും, ആ വിധം ശാസ്ത്രവ്യാഖ്യനങ്ങളില്‍ ഇറങ്ങിയിട്ടില്ലെന്നു കാണാം: അവര്‍ ശാസ്ത്രവാക്യങ്ങളെ ഭേദ്യംചെയ്യാനോ പദങ്ങളുടെയും പദധാതുക്കളുടെയും അര്‍ത്ഥം പിടിച്ചു തീരാക്കളി കളിപ്പാനോ ശ്രമിച്ചിട്ടില്ല. എങ്കിലും അവര്‍ ഉല്‍കൃഷ്ടനിലയില്‍ ഉപദേശിച്ചു. ഉപദേശിപ്പാന്‍ വകയൊന്നുമില്ലാത്തവര്‍ ചിലപ്പോള്‍ ഒരു വാക്കെടുത്ത് അത് ആദ്യമായുപയോഗിച്ചതാര്‍, അയാളുടെ പതിവുഭക്ഷണമെന്ത്, അയാളുടെ നിദ്രയുടെ നീളം എന്ത് ഇത്യാദി വിഷയങ്ങളെക്കുറിച്ച് മൂന്നു സ്‌കന്ധമടങ്ങിയ ഒരു ഗ്രന്ഥം പ്രസിദ്ധപ്പെടുത്തും.

[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം I ഭക്തിയോഗം. അദ്ധ്യായം 5 ഗുരുശിഷ്യന്മാര്‍ക്ക് വേണ്ടുന്ന യോഗ്യതകള്‍. പേജ് 436-439]