ഭഗവാന്‍ ശ്രീരാമകൃഷ്ണന്‍ ഒരു കഥ പറയാറുണ്ട്. ചിലര്‍ ഒരു മാവിന്‍തോട്ടത്തില്‍ ചെന്നു: അതിലെ വൃക്ഷങ്ങളില്‍ ഇലയെത്ര, കൊമ്പെത്ര, ചുള്ളിയെത്ര എന്ന് എണ്ണിക്കണക്കാക്കി, അവയുടെ വണ്ണം പരിശോധിച്ച് വലുപ്പം താരതമ്യപ്പെടുത്തി അതെല്ലാം അതിസൂക്ഷ്മമായി കുറിച്ചെടുത്ത് ഒടുവില്‍ ഈ ഓരോ വിഷയത്തെപ്പറ്റിയും വിദ്വദ്വിവാദം നടത്തി. അതെല്ലാം അവര്‍ക്ക് അത്യന്തം രസകരവുമായിരുന്നു. എന്നാല്‍ അക്കൂട്ടത്തില്‍ കുറച്ചുബോധം കൂടുതലുണ്ടായിരുന്ന ഒരുവന്‍ അതിലൊന്നും ശ്രദ്ധവെയ്ക്കാതെ മാമ്പഴം തിന്നുതുടങ്ങി. അയാള്‍ ബുദ്ധിമാനായിരുന്നില്ലേ? അതുകൊണ്ട് ഇലയും ചുള്ളിയും എണ്ണി കുറിച്ചെടുക്കുന്നത് ആര്‍ക്കാനും വിട്ടുകൊടുക്കുക. ആ പ്രവൃത്തിക്കും തക്ക സ്ഥാനമുണ്ട്: പക്ഷേ അത് അദ്ധ്യാത്മവിഷയത്തിലല്ല. ‘ഇലയെണ്ണി’കളുടെ കൂട്ടത്തില്‍ അദ്ധ്യാത്മവീരനായ ഒരാളെ ഒരു കാലത്തും കാണില്ല. അദ്ധ്യാത്മതയാണ് മനുഷ്യന്റെ പരമലക്ഷ്യം. പരമമഹത്ത്വവും അതത്രേ! എന്നാല്‍ അതിനു അത്രയൊന്നും ക്ലേശം വേണ്ട. (കൃഷ്ണ) ഭക്തനാകണമെന്നുണ്ടെങ്കില്‍ കൃഷ്ണന്‍ ജനിച്ചത് മഥുരയിലോ വ്രജത്തിലോ, കൃഷ്ണന്‍ നടത്തിയ കാര്യങ്ങളെന്തെല്ലാം, ഗീതയുപദേശിച്ച കൃത്യമായ തീയതിയേത് എന്നൊന്നും അറിയേണ്ട. ഗീതയില്‍ ഉപദേശിച്ച ഭക്തിയും ധര്‍മ്മവും തനിക്കുണ്ടാകണമെന്ന തീവ്രവാഞ്ഛ, മനോവ്യാകുലത, ഇതുണ്ടായാല്‍ മതി. ഗീതയേയും തത്കര്‍ത്താവിനെയും സംബന്ധിച്ച മറ്റു വിവരങ്ങള്‍ വിദ്വാന്മാര്‍ക്കു രസിപ്പാനുള്ളതാണ്. അവര്‍ ആ രസം അനുഭവിച്ചുകൊള്ളട്ടെ. അവരുടെ പാണ്ഡിത്യവ്യവഹാരങ്ങള്‍ക്ക് ‘ശാന്തിഃ ശാന്തിഃ’ എന്നാശംസിച്ച് നമുക്കു മാമ്പഴം തിന്നാം.
ഗുരുവിനുണ്ടാകേണ്ട രണ്ടാമത്തെ ഗുണം, പരിശുദ്ധി – നിഷ്പാപത്വം – ആകുന്നു. ചിലര്‍ പലപ്പോഴും ചോദിക്കാറുണ്ട്; “ഗുരുവിന്റെ പ്രകൃതിയും സ്വഭാവശുദ്ധിയും എന്തിനു നോക്കുന്നു? അദ്ദേഹം പറയുന്നത് ശരിയോ എന്നു നോക്കി അതു ഗ്രഹിച്ചാല്‍ മതിയല്ലോ” എന്ന്. അതു ശരിയല്ല. പഠിപ്പിക്കുന്നത് രസതന്ത്രമോ ചലച്ഛക്തിതന്ത്രമോ മറ്റു വല്ല ഭൗതികശാസ്ത്രമോ മാത്രമാണെങ്കില്‍ ഗുരു തന്നിഷ്ടം നടുക്കുന്ന വല്ലവനുമായിക്കോട്ടെ: പ്രകൃതിശാസ്ത്രം പഠിപ്പിക്കുവാന്‍ ബുദ്ധിനൈപുണ്യമേ വേണ്ടൂ. അദ്ധ്യാത്മശാസ്ത്രത്തില്‍ അങ്ങനെയല്ല. ഒരശുദ്ധജീവനില്‍ ആത്മപ്രകാശമുണ്ടാവുന്ന കാര്യം ആദ്യന്തം അസാദ്ധ്യം. അശുദ്ധന്‍ എന്തുധര്‍മ്മം ഉപദേശിപ്പാനാണ്? ആത്മതത്ത്വം സ്വയം സാക്ഷാത്കാരിപ്പാനോ അന്യന്നുപദേശിപ്പാനോ കഴിവുണ്ടാകണമെങ്കില്‍ അവശ്യം വേണ്ടത് ഹൃദയ(ഭാവ) ശുദ്ധിയും ആത്മ(ചിത്ത)ശുദ്ധിയുമാണ്. ആത്മശുദ്ധിയുണ്ടാകുംവരെ ഈശ്വരനേയോ പരതത്ത്വത്തേയോ ഒരു നോക്കു കാണ്മാന്‍ ഒരിക്കലും സാധിക്കയില്ല. അതുകൊണ്ട് ഗുരുവിന്റെ കാര്യത്തില്‍ അദ്ദേഹം എങ്ങനെയുള്ളവനെന്ന് ആദ്യമേ നോക്കണം: പിന്നെ അദ്ദേഹം പറയുന്നതെന്തെന്നും. അദ്ദേഹം തികച്ചും നിര്‍മ്മലനായിരുന്നാലേ തന്റെ വാക്കിനു വില വരൂ, താന്‍ ശക്തനാകൂ, തന്നില്‍ത്തന്നെ, ആത്മികശക്തിയില്ലാത്തവര്‍ അതെങ്ങനെ മറ്റൊരുവനിലേക്ക് സംക്രമിപ്പിക്കും? അദ്ധ്യാത്മതയുടെ യഥാര്‍ത്ഥസ്ഫുരണം ഗുരുവിന്റെ മനസ്സിലുണ്ടായിട്ടു വേണം അത് ശിഷ്യന്റെ മനസ്സിലേക്കു യഥാര്‍ഭാവം പകര്‍ന്നുചെല്ലാന്‍. വാസ്തവത്തില്‍ ശക്തി പകര്‍ന്നുകൊടുക്കുകയാണ് ഗുരു ചെയ്യേണ്ടത്. അല്ലാതെ ശിഷ്യന്റെ ബുദ്ധിപരമോ മറ്റോ ആയ ശക്തികളെ ഇളക്കിവിടുക മാത്രമല്ല, സത്യവും സംവേദ്യവുമായ എന്തോ ഒരു പ്രഭാവം ഗുരുവില്‍നിന്ന് പുറപ്പെട്ട് ശിഷ്യനില്‍ പ്രവേശിക്കുകയാണ്. അതുകൊണ്ട് ഗുരു നിര്‍മ്മലനായിരിക്കണം.
മൂന്നാമത്തെ ഗുണം, ഉദ്ദേശ്യത്തെ സംബന്ധിച്ചാണ്. ഗുരു യാതൊരു സ്വാര്‍ത്ഥത്തിനും, ധനത്തിനനോ പേരിനോ പെരുമയ്‌ക്കോ, വേണ്ടി ഉപദേശിച്ചുകൂടാ. ഗുരു ചെയ്യുന്നത് സ്നേഹനിമിത്തമായിരിക്കണം, സര്‍വ്വമനുഷ്യരോടുള്ള പരിശുദ്ധസ്നേഹംനിമിത്തം. ആത്മശക്തി സംക്രമിപ്പിക്കാനുള്ള വഴിച്ചാല്‍ സ്നേഹംമാത്രമാണ്. ഗുരുവിന് ധനമാമാദി സ്വാര്‍ത്‌ഥോദ്ദേശ്യമുണ്ടായാല്‍ അത് ആ വഴിച്ചാലിനെ തടഞ്ഞു നശിപ്പിക്കും. ഈശ്വരന്‍ പ്രേമസ്വരൂപന്‍: ഈശ്വരനെപ്പറ്റിയോ ദിവ്യത്വത്തെപ്പറ്റിയോ മറ്റൊരുവന് ഉപദേശിപ്പാന്‍ യോഗ്യതയുള്ളു.
മേല്പറഞ്ഞ ഗുണങ്ങള്‍ നിങ്ങളുടെ ഗുരുവിന്നുണ്ടെങ്കില്‍ നിങ്ങള്‍ക്കു രക്ഷയായി. ഇല്ലെങ്കിലോ, അദ്ദേഹത്തിന്റെ ശിഷ്യത്വം വരിപ്പാന്‍ ഒരുങ്ങരുത്. ഉപദേശം സ്വീകരിച്ചാല്‍ അപകടമുണ്ടാവാം. നിങ്ങള്‍ക്കു നന്മയുണ്ടാക്കുവാന്‍ അദ്ദേഹത്തിനു കഴിവുണ്ടായില്ലെങ്കിലും തിന്മയുണ്ടാക്കി എന്നു വരാം. ഈ അപകടം പിണയാതിരിപ്പാന്‍ സര്‍വ്വഥാ സൂക്ഷിക്കണം. യഥാര്‍ത്ഥഗുരുവാകട്ടെ, ശ്രോത്രിയോƒവൃജിനോƒകാമഹതോ യോ ബ്രഹ്മവിത്തമഃ “വേദജ്ഞനും പാപഹീനനും കാമം തീണ്ടാത്തവനും ബ്രഹ്മജ്ഞന്മാരില്‍ മുമ്പനു”മായിരിക്കണം.
[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം I ഭക്തിയോഗം. അദ്ധ്യായം 5 ഗുരുശിഷ്യന്മാര്‍ക്ക് വേണ്ടുന്ന യോഗ്യതകള്‍. പേജ് 440-441]