ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനഞ്ച് പുരുഷോത്തമയോഗം ശ്ലോകം 12-13

യദാദിത്യഗതം തേജോ
ജഗത് ഭാസയതേ ƒഖിലം
യച്ചന്ദ്രമസി യച്ചാഗ്നൗ
തത്തേജോ വിദ്ധി മാമകം

ഗാമാവിശ്യ ച ഭൂതാനി
ധാരയാമ്യഹമോജസാ
പുഷ്ണാമി ചൗഷധീഃ സര്‍വ്വാഃ
സ്വാമോ ഭൂത്വാ രസാത്മകഃ

സകലജഗത്തിനേയും പ്രകാശിപ്പിക്കുന്ന സൂര്യനിലിരിക്കുന്ന തേജസ്സും ചന്ദ്രനിലിരിക്കുന്ന തേജസ്സും അഗ്നിയിലിരിക്കുന്ന തേജസ്സും ആസകലം എന്‍റേതാണെന്നറിഞ്ഞാലും.

സൂര്യന്‍റെയുള്‍പ്പടെ സര്‍വ്വ വിശ്വരചന പ്രകടിപ്പിക്കുന്ന എല്ലാ പ്രകാശങ്ങളുടേയും ആദ്യത്തെ ദീപ്തി എന്‍റേതാണ്. ജലശോഷണമുണ്ടാക്കുന്ന സൂര്യന്‍റെ ചൂടും നനവുണ്ടാക്കുന്ന ചന്ദ്രജ്യോത്സനയും എന്‍റേതാണ്. ദഹനന്‍റെ പചനസിദ്ധിയും തേജോവൃത്തിയും എന്‍റേതാണ്.

ഞാന്‍ ഭൂമിയെ ആവേശിച്ചിട്ട് എന്‍റെ ഓജസ്സുകൊണ്ട് ജീവജാലങ്ങളെ നിലനിര്‍ത്തുന്നു. രസസ്വരൂപനായ ചന്ദ്രനായി ഭാവിച്ചിട്ട് സര്‍വ്വസസ്യവര്‍ഗ്ഗഭങ്ങളേയും പോഷിപ്പിച്ച് വളര്‍ത്തുകയും ചെയ്യുന്നു.

ഞാന്‍ പൃഥ്വീതത്ത്വത്തില്‍ അടങ്ങിയിരിക്കുന്നു. തന്മൂലം സമുദ്രത്തിലെ മഹാജലത്തില്‍ പൃഥ്വീപിണ്ഡം അലിഞ്ഞുപോകുന്നില്ല. അസംഖ്യം സ്ഥാവരജംഗമ ഭൂതങ്ങളെ ഉള്‍ക്കൊള്ളുന്ന ഈ പൃഥ്വിയുടെ പ്രധാനപ്പെട്ട എല്ലാ പൃഥ്വീഗുണധര്‍മ്മവും എന്‍റേതാണ്. ആകാശത്തില്‍ ചലിച്ചുകൊണ്ടിരിക്കുന്ന അമ്പിളിയാകുന്ന അമൃതസരോവരം ഞാനാകുന്നു. അമ്പിളിയില്‍നിന്ന് പുറപ്പെടുന്ന കിരണധാരണകളിലൂടെ ഞാന്‍ ഒഴുക്കുന്ന അമൃത് ഭൂമിയിലുള്ള സകല ഔഷധികളേയും പരിപോഷിപ്പിക്കുന്നു. ഇപ്രകാരം എല്ലാ ജീവജാലങ്ങള്‍ക്കും വേണ്ട ആഹാരവിളകള്‍ സമൃദ്ധമായി നല്കുകയും ജീവനെ നിലനിര്‍ത്തുകയും ചെയ്യുന്നു.