ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനഞ്ച് പുരുഷോത്തമയോഗം ശ്ലോകം 15-14

അഹം വൈശ്വാനരോ ഭൂത്വാ
പ്രാണിനാം ദേഹമാശ്രിതഃ
പ്രാണാപാനസമായുക്തഃ
പചാമ്യന്നം ചതുര്‍വിധം

ഞാന്‍ പ്രണാണികളുടെ ദേഹത്തില്‍ പ്രവേശിച്ചിട്ട് ജഠരാഗ്നിയായി വര്‍ത്തിച്ച് പ്രാണാപാനവായുക്കളോട് ചേര്‍ന്ന് നാലുവിധത്തിലുള്ള അന്നത്തെ ദഹിപ്പിക്കുന്നു.

ആഹാരം നല്‍കിയാല്‍ മാത്രം പോരല്ലോ; അത് ദഹിപ്പിക്കുകയും വേണ്ടേ? ആകയാല്‍ അതിന്‍റെ ദഹനശക്തിയും ഞാന്‍ തന്നെയാകുന്നു. അതുകൊണ്ട് എല്ലാ ജീവജാലങ്ങളും സംതൃപ്തി കൈവരിക്കുന്നു. ആഹാരപദാര്‍ത്ഥങ്ങളെ ദഹിപ്പിക്കുന്നതിനായി പ്രാണിമാത്ര ശരീരങ്ങളില്‍ കാണുന്ന ജഠരാഗ്നി ഞാനാണ്. ഉലത്തോല്‍ കൊണ്ടെന്നപോലെ അഹോരാത്രം അനവരതം അകത്തേയ്ക്കുവലിക്കുന്ന പ്രാണനും പുറത്തേയ്ക്കുവിടുന്ന അപാനനും ഈ ജഠരാഗ്നിയെ ഉദ്ദീപിപ്പിക്കുകയും കഴിച്ച ആഹാരത്തെ അത് ദഹിപ്പിക്കുകയും ചെയ്യുന്നു. ഞാന്‍ ശുഷ്കം, സ്നിഗ്ദ്ധം, സുപക്വം, വിദഗ്ദ്ധം എന്നിങ്ങനെ നാലിനത്തിലുള്ള ആഹാരങ്ങളേയും ദഹിപ്പിക്കുന്നു. ഇപ്രകാരം എല്ലാ പ്രാണികളുടേയും ജീവന്‍ നിലനിര്‍ത്തുന്ന എല്ലാ ആഹാരവും ആഹാരദായകനായ ജഠരാഗ്നിയും ഞാന്‍ തന്നെയാണ്. ഇതില്‍ക്കൂടുതല്‍ സര്‍വ്വവ്യാപ്തമായ എന്‍റെ അപൂര്‍വ്വാവസ്ഥ‌യെപ്പറ്റി ഞാന്‍ എങ്ങനെയാണ് വിസ്തരിക്കേണ്ടത്? ഈ വിശ്വത്തില്‍ ഞാന്‍ സര്‍വ്വത്ര വ്യാപിച്ചിരിക്കുന്നു. ഞാനില്ലാതെ യാതൊന്നുംതന്നെ ഈ ലോകത്തിലില്ല.

ഇങ്ങനെയാണെങ്കില്‍ ഈ ലോകത്തില്‍ ചിലര്‍ സദാസുഖികളും മറ്റു ചിലര്‍ സദാ ദുഃഖികളും ആയിരിക്കുന്നത് എന്തുകൊണ്ടാണെന്നു നീ ചോദിച്ചേക്കാം. നഗരത്തിനു പൊതുവില്‍ വെളിച്ചം നല്‍കുന്ന വിളകള്‍ക്കു പ്രകാശം ലഭിക്കുന്നത് ഒരേ ഉറവിടത്തില്‍ നിന്നു തന്നെയാണെങ്കിലും ചില ദിക്കില്‍ വെളിച്ചവും ചില ദിക്കില്‍ ഇരുട്ടും കാണുന്നില്ലേ എന്നു നിനക്കു സംശയമുണ്ടാകാം. തര്‍ക്കവിതര്‍ക്കങ്ങളില്ലാതെ നീ ശ്രദ്ധിച്ചുകേള്‍ക്കുമെങ്കില്‍ ഞാന്‍ നിന്‍റെ സംശയങ്ങളെ ദൂരീകരിക്കാം. ഞാന്‍ എല്ലാറ്റിലും സ്ഥിതിചെയ്യുന്നുവെന്നുള്ളത് നിസ്സംശയമായ വസ്തുതയാണെങ്കിലും എന്‍റെ വ്യക്തത ഒരുവന്‍ മനസ്സിലാക്കുന്നത് അവന്‍റെ അന്തഃകരണത്തിന്‍റെ ശുദ്ധാശുദ്ധ സ്ഥിതിയുടെ അടിസ്ഥാനത്തിലാണ്. ആകാശത്തിന്‍റെ സ്വഭാവവിശേഷമാണ് ശബ്ദം. അത് ഒന്നു മാത്രമാണെങ്കിലും വിവിധ തരത്തിലുള്ള വിശേഷവാദ്യങ്ങള്‍ വ്യത്യസ്ത നാദങ്ങള്‍ പുറപ്പെടുവിക്കുന്നില്ലെ? എല്ലാ വിത്തുകളും ഉപയോഗിക്കുന്ന വെള്ളം ഒന്നുതന്നെയെങ്കിലും ഓരോ വിത്തും അതിന്‍റെ ബീജധര്‍മ്മാനുസാരിയായി വ്യത്യസ്തമായ ചെടികളും വൃഷങ്ങളുമായിട്ടല്ലേ വളരുന്നത്? അതുപോലെ എന്‍റെ ഏകസ്വരൂപം വ്യത്യസ്ത ജീവജാലങ്ങളായി പരിണമിക്കുന്നു. ഒരു നീലമണികണ്ഠാഭരണം കാണുന്ന അജ്‍ഞാനിയായ ഒരുവന്‍ അതു സര്‍പ്പമാണെന്ന് തെറ്റിദ്ധരിച്ച് ഭയപ്പെടുകയും ദുഃഖിക്കുകയും ചെയ്യുന്നു. എന്നാല്‍ വാസ്തവം അറിയുന്നവന് അതേ രത്നാഭരണം സന്തോഷത്തെ പ്രദാനം ചെയ്യുന്നു. സ്വാതിനാളില്‍ കക്കയ്ക്കുള്ളില്‍ വീഴുന്ന മഴജലം മുത്തായി മാറുന്നു. അതേ ജലം സര്‍പ്പത്തിന്‍റെ വായില്‍ വീഴുമ്പോള്‍ വിഷമായിത്തീരുന്നു. അതുപോലെ ജ്ഞാനിയായ ഒരുവന് ഞാന്‍ സ്വരൂപനും, അജ്ഞാനിയായ ഒരുവന് ഞാന്‍ ദുഃഖരൂപനുമാണ്.