നാം നമ്മുടെ ഇപ്പോഴത്തെ (മനുഷ്യ) പ്രകൃതികൊണ്ട് പരിമിതരാണ്. ഈശ്വരനെ മനുഷ്യഭാവത്തില്‍ വിചാരിപ്പാന്‍ നിര്‍ബ്ബദ്ധരുമാണ്. അതുപോലെ മഹിഷങ്ങള്‍ ഈശ്വരഭജനത്തിനു തുനിഞ്ഞാല്‍ അവ സ്വപ്രകൃതിയനുസരിച്ച് ഈശ്വരനെ ഒരു മഹാമഹിഷമായി വിചാരിക്കും. മത്‌സ്യങ്ങളാണ് ഭജനത്തിനൊരുങ്ങുന്നതെങ്കില്‍ അവയ്ക്ക് ഈശ്വരനെ ഒരു പെരുംമത്‌സ്യമായി വിചാരിക്കേണ്ടിവരും. മനുഷ്യന്‍ അവനെ മനുഷ്യനായിട്ടും വിചാരിക്കേണ്ടിയിരിക്കുന്നു. ഈ പലവിധം ഭാവനകള്‍ ഒരുതരം ചൊറി മാന്തുന്ന മനോരാജ്യത്തില്‍നിന്നുണ്ടാവുന്നതല്ല. മനുഷ്യന്‍, മഹിഷം, മത്‌സ്യം എന്നീ ഓരോ ജാതിയും ഓരോ പാത്രംപോലെയാണെന്നു വിചാരിക്കുക. അവയെല്ലാം ഈശ്വരനെന്ന സമുദ്രത്തിലേക്കു പോകുകയാണ്, ഓരോ പാത്രവും അതാതിന്റെ രൂപത്തിനും വലുപ്പത്തിനുമനുസരിച്ച് വെള്ളംകൊണ്ട് നിറയുവാന്‍വേണ്ടി. മനുഷ്യപാത്രത്തില്‍ വെള്ളം മനുഷ്യരൂപം കൈക്കൊള്ളുന്നു, മഹിഷത്തില്‍ മഹിഷരൂപം, മത്‌സ്യത്തില്‍ മത്‌സ്യരൂപം. ഈ ഓരോ പാത്രത്തിലും ഈശ്വരസാഗരത്തിലെ ഒരേ വെള്ളംതന്നെ. മനുഷ്യന് ഈശ്വരദര്‍ശനമുണ്ടാകുമ്പോള്‍ അതു മനുഷ്യഭാവത്തിലാവും: തിര്യക്കുകള്‍ക്ക് എന്തെങ്കിലും ഈശ്വരഭാവനയുണ്ടെങ്കില്‍ അത് തിര്യഗ്‌രൂപത്തിലാവും – അതാതിന്റെ ദര്‍ശനം അതാതിന്റെ ഭാവനപോലെ. അതുകൊണ്ട് നമുക്ക് ഈശ്വരനെ മനുഷ്യഭാവത്തില്‍ വിചാരിക്കയല്ലാതെ ഗത്യന്തരമില്ല: അങ്ങനെ ആരാധിക്കാതെയും നിവൃത്തിയില്ല. വേറെ വഴിയില്ല.
എന്നാല്‍ ഈശ്വരനെ മനുഷ്യഭാവത്തില്‍ ഉപാസിക്കാത്ത രണ്ടു തരക്കാരുണ്ട്: ഒന്ന്, മതബോധമേ ഇല്ലാത്ത മനുഷ്യപ്പശു: രണ്ട്, മാനവദൗര്‍ബ്ബല്യങ്ങള്‍ക്കെല്ലാം ഉപരി ഉയര്‍ന്ന്, സ്വന്തം മാനവഭാവത്തിന്റെ സീമകളെയും അതിലംഘിച്ച പരമഹംസന്‍. പരമഹംസന്ന് പ്രകൃതിമുഴുവനും തന്റെ ആത്മാവായിരിക്കുന്നു. അദ്ദേഹത്തിനുമാത്രമേ ഈശ്വരനെ യഥാവത്തായി ആരാധിപ്പാന്‍ കഴിവുള്ളു. ഇവിടെയും മറ്റുകാര്യങ്ങളിലെന്നപോലെ, രണ്ടറ്റങ്ങള്‍ ഒന്നിക്കുന്നു. ഒരറ്റം അജ്ഞാനത്തിന്റേത്, മറ്റേതു ജ്ഞാനത്തിന്റേത്: രണ്ടിലും ഉപാസനയില്ല. മനുഷ്യപ്പശു തന്റെ അജ്ഞതനിമിത്തം ഉപാസിക്കുന്നില്ല: പരമഹംസന്‍, ജീവന്മുക്തന്‍, ഈശ്വരനെ സ്വാത്മാവില്‍ സാക്ഷാത്കരിച്ചിരിക്കനിമിത്തവും ഉപാസിക്കുന്നില്ല. ഈ രണ്ടറ്റങ്ങളുടെയും ഇടയിലുള്ള ഏതൊരാളും ഈശ്വരനെ മനുഷ്യഭാവത്തില്‍ ആരാധിക്കയില്ലെന്നു പറഞ്ഞാല്‍ അയാളോട് ദയാപൂര്‍വ്വം പെരുമാറണം: അയാളെപ്പറ്റി കടുപ്പം കൂടാതെ പറകയാണെങ്കില്‍, അയാള്‍ ഉത്തരവാദിത്വമില്ലാതെ ചെലയ്ക്കുന്നവനാണ്, നിലതെറ്റി ശൂന്യമായ തലച്ചോറിനു ചേര്‍ന്നതാണ് അയാളുടെ മതം.
മനുഷ്യന്റെ പോരായ്മകള്‍ ഈശ്വരന്നറിയാം: അവന്റെ നന്മയ്ക്കുവേണ്ടി അവിടുന്നു മനുഷ്യനായവതരിക്കുകയും ചെയ്യുന്നു.
യദാ യദാ ഹി ധര്‍മ്മസ്യ ഗ്ലാനിര്‍ഭവതി ഭാരത
അഭ്യുത്ഥാനമധര്‍മ്മസ്യ തദാത്മാനം സൃജാമ്യഹം
പരിത്രാണായ സാധൂനാം വിനാശായ ച ദുഷ്‌കൃതാം
ധര്‍മ്മസംസ്ഥാപനാര്‍ത്ഥായ സംഭവാമി യുഗേ യുഗേ.
“എപ്പോളെപ്പോള്‍ ധര്‍മ്മത്തിനു വാട്ടവും അധര്‍മ്മത്തിനു മുതിര്‍ച്ചയും ഉണ്ടാകുന്നുവോ അപ്പോളപ്പോള്‍ ഞാന്‍ എന്നെ വെളിപ്പെടുത്തുന്നു. സാധുസംരക്ഷണത്തിനും ദുഷ്ടനിഗ്രഹത്തിനും ധര്‍മ്മസംസ്ഥാപനത്തിനുംവേണ്ടി ഞാന്‍ യുഗംതോറും അവതരിക്കുന്നു.”
[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം I ഭക്തിയോഗം. അദ്ധ്യായം 6 അവതാരഗുരുക്കന്മാരും അവതാരവും. പേജ് 447-449]