സ്വാമി വിവേകാനന്ദന്‍

എന്നാല്‍ നാമിപ്പോള്‍ നിരൂപിക്കുന്നത് ഈ അവതാരമഹാപുരുഷന്മാരെക്കുറിച്ചല്ല, (ലക്ഷ്യം പ്രാപിച്ച) സിദ്ധഗുരുക്കന്മാരെക്കുറിച്ചാണ്. അവര്‍ സാധാരണമായിട്ട് ശിഷ്യന്മാര്‍ക്ക് അദ്ധ്യാത്മജ്ഞാനബീജങ്ങള്‍ ചെലുത്തിക്കൊടുക്കുന്നത് ധ്യാനത്തിനുള്ള വാക്കുകള്‍ (മന്ത്രങ്ങള്‍) മുഖേന വേണ്ടിവരുന്നു. എന്താണ് ഈ മന്ത്രങ്ങള്‍? ഈ ജഗത്ത് വെളിപ്പെടുവാന്‍ നാമമെന്നും രൂപമെന്നും രണ്ടുപാധികള്‍ വേണമെന്ന് ഭാരതീയതത്ത്വദര്‍ശനങ്ങള്‍ നിശ്ചയിച്ചിരിക്കുന്നു. നാമരൂപങ്ങള്‍ക്കധീനമല്ലാതെ മനുഷ്യശരീരമാകുന്ന പിണ്ഡാണ്ഡത്തില്‍ ഒരു ചിത്തവൃത്തിയും ഉണ്ടാകുന്നതല്ല. പ്രപഞ്ചമാസകലം ഒരേ ഘടനാരീതിയില്‍ നിര്‍മ്മിക്കപ്പെട്ടതാണെന്നതു ശരിയാണെങ്കില്‍, ബ്രഹ്മാണ്ഡം മുഴുവനും, അതിലോരോന്നും, ആവിധം നാമരൂപാത്മകമായിരിക്കണം. അപ്പോള്‍ യഥൈകേന മൃത്പിണ്‌ഡേന സര്‍വ്വം മൃണ്‍മയം വിജ്ഞാതം ഭവതി: “മണ്ണിന്റെ ഒരു കട്ടയുടെ തത്ത്വം അറിഞ്ഞാല്‍ മണ്ണായതിന്റെ എല്ലാം തത്ത്വം അറിയാം.” അതുപോലെ പിണ്ഡാണ്ഡത്തിന്റെ ജ്ഞാനമുണ്ടായാല്‍ അത് ബ്രഹ്മാണ്ഡത്തിന്റെയാകെ ജ്ഞാനത്തിലേക്ക് വഴിയാകും. രൂപം പുറമേ കാണുന്ന തൊണ്ടും നാമം, ആശയം അതിനകത്തെ കഴമ്പുമാകുന്നു: രൂപം ശരീരം, നാമം അന്തഃകരണവും. നാമത്തോടു സര്‍വ്വത്ര സംബന്ധപ്പെട്ടവയാണ് ശബ്ദങ്ങളെന്നുള്ള അടയാളങ്ങള്‍. വാക്കുച്ചരിപ്പാന്‍ കഴിവുള്ള സര്‍വജീവികളിലും ഇങ്ങനെയാണ്. ഓരോ മനുഷ്യന്റെയും ചിത്തത്തില്‍ (പരിമിതമായ മഹത്തില്‍) പൊന്തുന്ന വിചാരങ്ങളായ തിരകള്‍ ആദ്യം വാക്കുകളായും പിന്നീട് സ്ഥൂലതരങ്ങളായ രൂപങ്ങളായും വേണം വെളിപ്പെടുവാന്‍.

ജഗത്തില്‍ ഹിരണ്യഗര്‍ഭനെന്നും മഹത്തത്ത്വമെന്നും പേരുള്ള ബ്രഹ്മാവ് ആദ്യം നാമമായും പിന്നീട് രൂപമായും ഈ ജഗത്തായി സ്വയം വെളിപ്പെട്ടു. ഇന്ദ്രിയഗ്രാഹ്യമായ ജഗത്ത് രൂപമത്രേ. അതിനെ പ്രകാശിപ്പിക്കുന്നതായി അതിനു പിറകില്‍ നില്ക്കുന്നത് ശബ്ദശക്തിയാകുന്നു. അതിനു സ്‌ഫോടം എന്നു പേര്‍ പറയുന്നു. അത് അനശ്വരവും അവര്‍ണ്യവുമാകുന്നു. എല്ലാ നാമങ്ങളുടെയും അഥവാ ആശയങ്ങളുടെയും സാരഭൂതമായ ഉപാദാനമായി നില്ക്കുന്ന ഈ അനശ്വരസ്‌ഫോടശക്തിയില്‍ക്കൂടെയാണ് ഈശ്വരന്‍ ഈ ജഗത്തിനെ സൃഷ്ടിക്കുന്നത്: എന്നുമാത്രമല്ല, ആദിയില്‍ ഈശ്വരന്‍ സ്‌ഫോടമായി പരിച്ഛിന്നനാകയും അനന്തരം ഈ സ്ഥൂലദൃശ്യജഗത്തായി പരിണമിക്കയുമത്രേ, ചെയ്തത്. സ്‌ഫോടസംജ്ഞയായി പറയാവുന്ന വാക്ക് ഒന്നേയുള്ളു. അത് ഓം എന്നാകുന്നു. ഒരു വാക്കും അതിന്റെ അര്‍ത്ഥവും തമ്മില്‍ വേര്‍തിരിപ്പാന്‍ ഒരു വിശകലനംകൊണ്ടും സാദ്ധ്യമല്ല: രണ്ടും അവിഭാജ്യമാകുന്നു. അതുകൊണ്ട് ഈ ഓംകാരവും നിത്യസ്‌ഫോടവും അവിഭാജ്യങ്ങളാണ്. ഇക്കാരണത്താല്‍ എല്ലാ നാമരൂപങ്ങളുടെയും മാതാവും പവിത്രശബ്ദങ്ങളില്‍ വെച്ച് അത്യന്തപവിത്രവും അനശ്വരവുമായ ഈ ഓംകാരത്തില്‍നിന്നാകുന്നു സര്‍വ്വജഗത്തും സൃഷ്ടിക്കപ്പെട്ടതെന്നു വിചാരിക്കാം. ഇവിടെ ഒരു വാദം; – ആശയവും അതിനെക്കുറിക്കുന്ന വാക്കും തമ്മില്‍ വേര്‍തിരിക്കാവതല്ലെങ്കിലും ഒരേ ആശയത്തെക്കുറിക്കുവാന്‍ സംജ്ഞകള്‍ (വാക്കുകള്‍) പലതുണ്ടാകാമല്ലോ. അപ്പോള്‍ ഏതാശയത്തിന്റ പ്രകാശനമായി ഈ ജഗത്തുണ്ടായോ ആ ആശയത്തിന്റെ സംജ്ഞ ഓം എന്ന വാക്കു മാത്രമായിരിക്കണമെന്നില്ല. ഇതിനു ഞങ്ങളുടെ സമാധാനം, ജഗത്തിനെ മുഴുവന്‍ അടക്കിക്കാണിക്കുവാന്‍ ഓംകാരം മാത്രമേ സമര്‍ത്ഥമാകുന്നുള്ളു. അതിനു തുല്യം വേറെ ഒരു വാക്കുമില്ല എന്നാണ്. സ്‌ഫോടം സര്‍വ്വവാക്കുകളുടെയും ഉപാദാനമാണെങ്കിലും പൂര്‍ണ്ണരൂപം പ്രാപിച്ച ഒരു പ്രത്യേകപദമല്ല. ഒരു പദത്തെ മറ്റൊരു പദത്തില്‍നിന്നു വ്യത്യാസപ്പെടുത്തുന്ന സര്‍വ്വവിശേഷതകളെയും നീക്കിക്കളഞ്ഞാല്‍ എന്തു ശേഷിക്കുമോ അതാണ് സ്‌ഫോടം, അതുകൊണ്ടത്രേ സ്‌ഫോടത്തെ നാദബ്രഹ്മം എന്നു പറയുന്നത്. അങ്ങനെ നിര്‍വ്വിശേഷമായ സ്‌ഫോടത്തിന്റെ സംജ്ഞയായി ഒരു വാക്കുണ്ടായാല്‍ അത് അതിന്റെ വിശേഷതകളെക്കൊണ്ട് സ്‌ഫോടത്തെ പരിച്ഛേദിക്കും, അതിനെ സ്‌ഫോടമല്ലാതാക്കും. അപ്പോള്‍ അതിനെ എത്രയും കുറച്ചുമാത്രം പരിച്ഛേദിച്ച് അതിന്റെ സ്വഭാവത്തെ എത്രയും അടുത്തു പ്രകാശിപ്പിക്കുന്ന സംജ്ഞയേതോ അതായിരിക്കും അതിന് ഉത്തമമായ സംജ്ഞ. അത് ഓം എന്നതാകുന്നു, അതു മാത്രം. എന്തുകൊണ്ടെന്നാല്‍, ഓം എന്നു കൂട്ടിച്ചേര്‍ത്തുച്ചരിക്കപ്പെടുന്ന അ, ഉ, മ് എന്ന മൂന്നക്ഷരങ്ങള്‍, നമുക്കുച്ചരിപ്പാന്‍ കഴിയുന്ന സര്‍വ്വശബ്ദങ്ങള്‍ക്കും ഏറ്റവും സാമാന്യമായ ചിഹ്‌നമാകുന്നു. എല്ലാ ശബ്ദങ്ങളിലുംവെച്ച് വിശേഷത നന്നെ ചുരുങ്ങിയത് അകാരമാകുന്നു. അതുകൊണ്ടാണ്, ഗീതയില്‍ അക്ഷരാണാം അകാരോƒസ്മി എന്ന് ശ്രീകൃഷ്ണന്‍ പറഞ്ഞിരിക്കുന്നത്. ശബ്‌ദോഛാരണങ്ങളെല്ലാം വായില്‍ നാവിന്റെ കടയ്ക്കല്‍നിന്നു തുടങ്ങി ചുണ്ടുവരെയുള്ള ഏതെങ്കിലും സ്ഥാനത്തുനിന്നാണല്ലോ ഉണ്ടാകുന്നത്. (ആദിയില്‍) കണ്ംത്തില്‍ നിന്ന് ഉണ്ടാവുന്നത് ‘അ’കാരം. അന്ത്യത്തില്‍ ഓഷ്ഠത്തില്‍നിന്നുണ്ടാവുന്നത് ‘മ’കാരം. ‘ഉ’കാരമാകട്ടെ, ജിഹ്വാമൂലത്തില്‍നിന്നാരംഭിച്ച് ഓഷ്ഠങ്ങളിലവസാനിക്കുന്ന ശബ്ദപ്രയത്‌നം മുമ്പോട്ട് ഉരുണ്ടുപോകുന്നതിനെ (മദ്ധ്യത്തെ) കുറിക്കുന്നു. (ഇങ്ങനെ ആദിമദ്ധ്യാന്തങ്ങളായ അ-ഉ-മകാരങ്ങള്‍ സന്ധിച്ചിട്ടുള്ള) ഓംകാരം ശരിയായുച്ചരിച്ചാല്‍ അതു സര്‍വ്വശബ്‌ദോച്ചാരണകാര്യങ്ങളെയും അടക്കിക്കാണിക്കും. മറ്റൊരു വാക്കിനും ഇതു സാദ്ധ്യമല്ല. അതുകൊണ്ട് അതുതന്നെയാണ് സ്‌ഫോടത്തിനു ഏറ്റവും യോജിച്ച സംജ്ഞ. ഓംകാരത്തിന്റെ സാക്ഷാല്‍ അര്‍ത്ഥം സ്‌ഫോടം. ശബ്ദാര്‍ത്ഥങ്ങള്‍ അവിഭാജ്യങ്ങളാകകൊണ്ട് സ്‌ഫോടവും ഓംകാരവും അവിഭാജ്യമായി ഒന്ന്. സ്‌ഫോടമാകട്ടെ ദൃശ്യജഗത്തിന്റെ സൂക്ഷ്മതരഭാഗമായതുകൊണ്ട് ഈശ്വരനോട് ഏറ്റവുമടുത്തതും വാസ്തവത്തില്‍ ചിച്ഛക്തിയുടെ പ്രഥമപ്രകാശവുമത്രേ. അങ്ങനെ ഓംകാരം ഈശ്വരന്റെയും ശരിയായ സംജ്ഞയാകുന്നു. ‘ഏകംമാത്ര’മായ അഖണ്ഡസച്ചിദാനന്ദബ്രഹ്മത്തെപ്പറ്റി ചിന്തിപ്പാന്‍ അപൂര്‍ണ്ണരായ മനുഷ്യര്‍ക്കു സാദ്ധ്യമാകുന്നത് അതിന്റെ ചില പ്രത്യേകഭാവങ്ങളില്‍ക്കൂടെയും പ്രത്യേകഗുണങ്ങളോടുകൂടിയും മാത്രമായിരിക്കുന്നതുപോലെ, ഈശ്വരശരീരമാകുന്ന ജഗത്തിനെപ്പറ്റി ചിന്തിക്കുന്നതും ചിന്തകന്റെ മനോഗതിക്കനുസരിച്ചായിരിക്കണം.

ഉപാസകന്റെ മനോഗതി ആ മനസ്സില്‍ മികച്ചുനില്ക്കുന്ന തത്ത്വ (ഗുണ)ങ്ങളെ അനുസരിച്ചിരിക്കും. അതുകൊണ്ട് വന്നുകൂടുന്നതെന്തെന്നാല്‍, ഒരേ ഈശ്വരന്‍ വിവിധഭാവങ്ങളില്‍ വിവിധമുഖ്യഗുണങ്ങളോടുകൂടി ദര്‍ശിക്കപ്പെടും. ഒരേ ജഗത്ത് വിവിധരൂപങ്ങളെക്കൊണ്ട് പൂര്‍ണ്ണമായും ദര്‍ശിക്കപ്പെടും. ശബ്ദങ്ങളില്‍വെച്ചു പ്രത്യേകത നന്നെ ചുരുങ്ങിയും സാമാന്യത വളരെ കൂടിയുമിരിക്കുന്ന ഓംകാരത്തിന്റെ സംഗതിയില്‍ അവിഭാജ്യമായിക്കണ്ട ശബ്ദാര്‍ത്ഥനിയതസംബന്ധം മേല്‍ക്കാണിച്ചവിധം ഈശ്വരനെയും ജഗത്തിനെയും സംബന്ധിച്ച വിവിധഭാവനകളുടെ കാര്യത്തിലും സംബന്ധിക്കും. ഓരോ ഭാവനയ്ക്കും ഓരോ പ്രത്യേകശബ്ദചിഹ്‌നമുണ്ടാവണം. അങ്ങനെയുള്ള ശബ്ദചിഹ്‌നങ്ങള്‍ (മന്ത്രങ്ങള്‍) മഹര്‍ഷിമാര്‍ ഗാഢസമാധിയില്‍ ദര്‍ശിച്ചിട്ടുള്ളവയും, ഈശ്വരനെയും ജഗത്തിനെയും പറ്റിയ വിവിധഭാവനകള്‍ക്കു പ്രതിനിധീഭവിച്ച് കഴിവുള്ളേടത്തോളം അര്‍ത്ഥബോധം ജനിപ്പിക്കുന്നവയുമാകുന്നു. ഓംകാരം ബ്രഹ്മത്തെ നിര്‍ദ്ദേശിക്കുന്നതുപോലെ മറ്റുള്ള ശബ്ദചിഹ്‌നങ്ങള്‍ ഒരേ ഈശ്വരനെ വിവിധഭാവങ്ങളില്‍ നിര്‍ദ്ദേശിക്കുന്നു. അവയെല്ലാം ഈശ്വരധ്യാനത്തിനും തത്ത്വജ്ഞാനലബ്ധിക്കും സഹായങ്ങളാകുന്നു.

[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം I ഭക്തിയോഗം. അദ്ധ്യായം 7 മന്ത്രം; ഓം; വാക്കും വിജ്ഞാനവും. പേജ് 450-453]