ഇനി നിരൂപിപ്പാനുള്ളത് പ്രതീകപ്രതിമോപാസനയെപ്പറ്റിയാണ്. പ്രതീകമെന്നത് ഈശ്വരന്റെ സ്ഥാനത്ത് ഏറെക്കുറെ തൃപ്തികരമായി പകരംവെയ്ക്കുന്ന വസ്തുവാകുന്നു. പ്രതീകംവഴി ഈശ്വരനെ ഉപാസിക്കുന്നതെങ്ങനെ? അബ്രഹ്മണി ബ്രഹ്മദൃഷ്ട്യാ അനുസന്ധാനം (ബ്രഹ്മമല്ലാത്തതില്‍ ബ്രഹ്മഭാവനയോടെ ഭക്തിപൂര്‍വ്വം മനസ്സിനെ യോജിപ്പിക്ക) എന്ന് ഭഗവാന്‍ രാമാനുജാചാര്യര്‍ പറയുന്നു. “മനസ്സിനെ ബ്രഹ്മമായി ഉപാസിക്കുക, ഇത് ആന്തരം: ആകാശവും ബ്രഹ്മമാകുന്നു, ഇത് ദേവതാസംബന്ധി” എന്ന് ശങ്കരാചാര്യരും പറയുന്നു. മനസ്സ് ആന്തരപ്രതീകം, ആകാശം ബാഹ്യപ്രതീകം, രണ്ടും ഈശ്വരനുപകരമായി ഉപാസിക്കപ്പെടാം. ശങ്കരാചാര്യര്‍ തുടരുന്നു; “അതുപോലെ ‘ആദിത്യന്‍ ബ്രഹ്മമാകുന്നു, ഇത് ആദേശമാകുന്നു,’ ‘നാമത്തെ ബ്രഹ്മമായുപാസിക്കുന്നവന്‍-‘ഈവക വാക്യങ്ങളില്‍ പ്രതീകോപാസനയെക്കുറിച്ചു ശങ്കയുണ്ടാകുന്നു.” പ്രതീകം, എന്ന പദത്തിന് അഭിമുഖമായിപ്പോകുന്നത് എന്നര്‍ത്ഥം. പ്രതീകോപാസന എന്നത്, ബ്രഹ്മമല്ലാത്തതും എന്നാല്‍ ഒന്നോ അധികമോ സംഗതികളില്‍ ബ്രഹ്മത്തോട് ഏറെക്കുറെ സാമ്യമുള്ളതുമായ വസ്തുവിനെ ബ്രഹ്മത്തിനു പകരം വെച്ച് ഉപാസിക്കുകയാകുന്നു. ശ്രുതികളില്‍ പറഞ്ഞ പ്രതീകങ്ങളോടുകൂടിയ വേറെ പല പ്രതീകങ്ങളെയും പുരാണങ്ങളിലും തന്ത്രങ്ങളിലും കാണാം. ഈവിധമുള്ള പ്രതീകോപാസനയില്‍ പലവിധം പിതൃപൂജയും ദേവപൂജയുമുള്‍പ്പെടുത്താം.
എന്നാല്‍ ഈശ്വരനെ ഉപാസിക്കുന്നതുമാത്രമേ ഭക്തിയാവൂ. മറ്റു പിതൃദേവാരാധനകളൊന്നും ഭക്തിയാവില്ല. വിവിധദേവന്മാര്‍ക്കുള്ള വിവിധാരാധനകള്‍ താന്ത്രികകര്‍മ്മത്തില്‍ പെടും. അവയുടെ ഫലം ഉപാസകന് ഏതെങ്കിലും സ്വര്‍ഗ്ഗസുഖാനുഭവം എന്നല്ലാതെ ഭക്തിയല്ല മുക്തിയുമല്ല. പ്രതീകോപാസനയില്‍ ചിലപ്പോള്‍ സംഭവിക്കാവുന്ന ഒരു വൈഷമ്യം പ്രത്യേകം ഓര്‍മ്മവേണം. അതെന്തെന്നാല്‍; ഉച്ചതമാദര്‍ശമായ പരബ്രഹ്മത്തെ പ്രതീകത്തിന്റെ നിലയിലേക്കു വലിച്ചു താഴ്ത്തി, ആ പ്രതീകംതന്നെയാണ് ഉപാസകന്റെ ആത്മാവോ അന്തര്യാമിയോ എന്ന് ഭാവനചെയ്‌വാന്‍ ഇടയുണ്ട്. അതു തീരെ പിഴച്ച വഴിയാണ്. ഒരു പ്രതീകവും ബ്രഹ്മമാകയില്ല. മറിച്ച് ഉപാസ്യം ബ്രഹ്മംതന്നെയായും പ്രതീകം തത്‌സ്ഥാനത്ത് തത്‌സ്മാരകമായ ചിഹ്‌നമായും ഭാവിച്ച് – അതായത്, പ്രതീകദ്വാരാ സര്‍വ്വവ്യാപിയായ ബ്രഹ്മത്തെ ഉപാസിക്കുന്നതായും പ്രതീകത്തില്‍ സര്‍വകാരണമായ ബ്രഹ്മത്തെ ദര്‍ശിക്കുന്നതായും ഭാവിച്ച് – ഉപാസിച്ചാല്‍ അതു തീര്‍ച്ചയായും ഗുണകരമാകും: എന്നു മാത്രമല്ല ഉപാസനയെസ്സംബന്ധിച്ച് പ്രാരംഭാവസ്ഥയില്‍നിന്നുയര്‍ന്നിട്ടില്ലാത്ത സകല മനുഷ്യര്‍ക്കും ഈവിധം ഉപാസന അത്യാവശ്യവുമാകുന്നു. വല്ല ദേവന്മാരേയോ മറ്റു മൂര്‍ത്തികളേയോ അവരുടെ നിലയ്ക്കും അവരെ ഉദ്ദേശിച്ചും ഉപാസിക്കുന്നത് താന്ത്രികകര്‍മ്മമാകുന്നു. (ആവിധം ഉപാസനയ്ക്കു തന്ത്രശാസ്ത്രത്തില്‍ വിദ്യ എന്നു പേരുണ്ട്. ഉദാഹരണം ശ്രീവിദ്യ, ചന്ദ്രവിദ്യ മുതലായവ) ഏതു വിദ്യയ്ക്കും അതിന്റെ പ്രത്യേകഫലം ഉള്ളതുകൊണ്ട് മേല്‍ക്കാണിച്ചവിധം ഉപാസനയ്ക്കു ഒരു വിദ്യയുടെ നിലയില്‍ ഫലമുണ്ടാകയും ചെയ്യും. എന്നാല്‍ ദേവന്മാരെയോ ഇതരന്മാരെയോ ബ്രഹ്മഭാവനയില്‍ ഉപാസിച്ചാല്‍ അതിന് ഈശ്വരോപാസനാഫലംതന്നെ സിദ്ധിക്കും. അതുനിമിത്തമത്രേ, ദേവനേയോ ഋഷിയേയോ അസാധാരണമഹത്ത്വമുള്ള മറ്റു വല്ലവരെയുമോ അവരുടെ ഉപാധികള്‍ നീക്കി പ്രകൃതിയില്‍ നിന്നുയര്‍ത്തി ബ്രഹ്മദൃഷ്ട്യാ ഉപാസിക്കുക എന്നൊരു സമ്പ്രദായം ശ്രുതിസ്മൃതികളില്‍ പലേടത്തും കാണുന്നത്. നാമരൂപങ്ങളൊഴിച്ചാല്‍ ഏതൊന്നും ബ്രഹ്മംതന്നെയല്ലേ എന്ന് അദ്വൈതപക്ഷം. ‘സര്‍വ്വേശ്വരനായ ഭഗവാനല്ലേ സര്‍വ്വരുടെയും അന്തരാത്മാവ്?’ എന്ന് വിശിഷ്ടാദ്വൈതപക്ഷം. ‘ഫലം ആദിത്യാദ്യുപാസനേഷു ബ്രഹ്‌മൈവ ദാസ്യതി സര്‍വ്വാദ്ധ്യക്ഷത്വാത്’ ‘സര്‍വ്വാദ്ധ്യക്ഷനായതുകൊണ്ട് ബ്രഹ്മംതന്നെയാണ് ആദിത്യാദ്യുപാസനയ്ക്കുള്ള ഫലം നല്കുന്നത്. ‘ഈദൃശം ചാത്ര ബ്രഹ്മണ ഉപാസ്യത്വം യതഃ പ്രതീകേഷു തദ്ദൃഷ്ട്യാ അധ്യാരോപണം പ്രതിമാദിഷ്വിവ വിഷ്ണ്വാദീനാം.’ ‘പ്രതിമാദികളില്‍ വിഷ്ണുമുതലായവരെ അദ്ധ്യാരോപിക്കുന്നതുപോലെ പ്രതീകങ്ങളില്‍ ബ്രഹ്മത്തെ അദ്ധ്യാരോപണം ചെയ്യുന്നതുകൊണ്ട് ബ്രഹ്മം ഉപാസ്യമാകുന്നു’ എന്ന് ശങ്കരാചാര്യര്‍ വേദാന്തസൂത്രഭാഷ്യത്തില്‍ പറഞ്ഞിരിക്കുന്നു.
ഇങ്ങനെ പ്രതീകോപാസനയ്ക്കു പറഞ്ഞതുപോലെതന്നെ പ്രതിമോപാസനയ്ക്കും ഫലം. പ്രതിമ വല്ല ദേവന്റെയോ ഋഷിയുടെയോ നിലയ്ക്കുമാത്രമാണെങ്കില്‍ തദുപാസന ഭക്തിയില്‍നിന്നുണ്ടായതോ മുക്തിയിലേയ്ക്കു നയിക്കുന്നതോ അല്ല: സര്‍വ്വേശ്വരന്റേതായിട്ടു ഗണിക്കപ്പെട്ടാലേ അത് ഭക്തിയും മുക്തിയും സാധിപ്പിക്കൂ. ലോകത്തിലെ പ്രധാനമതങ്ങളില്‍വെച്ച് വേദാന്തമതവും ബുദ്ധമതവും ക്രിസ്തുമതത്തിലെ ചില ശാഖകളും പ്രതിമകളെ യഥേഷ്ടം ഉപയോഗിച്ചു കാണുന്നുണ്ട്. മുഹമ്മദുമതവും ക്രിസ്ത്യന്‍ പ്രൊട്ടസ്റ്റന്റ് ശാഖയും പ്രതിമാസഹായത്തെ നിരസിച്ചിരിക്കുന്നു. എന്നാല്‍ മുഹമ്മദീയര്‍ അവരുടെ പുണ്യവാന്മാരുടെയും സെയ്താക്കന്മാരുടെയും ‘കബറു’കളെ മിക്കവാറും പ്രതിമാസ്ഥാനത്തു വെച്ചിരിക്കുന്നു. പ്രൊട്ടസ്റ്റന്റുകാരാകട്ടെ ദൃശ്യസഹായങ്ങളെ തീരെ തള്ളിക്കളകനിമിത്തം അവര്‍ ആത്മാനുഭൂതിയില്‍ നിന്നു ക്രമത്തില്‍ അകുന്നു പതറിപ്പോയി. ഇപ്പോള്‍ അവര്‍ക്കും, സദാചാരംമാത്രം ഉപദേശിക്കുന്ന അജ്ഞേയവാദികള്‍, ആഗാസ്തകോങ്ങിന്റെ ആജസ്പീസ്പണ്‍സ്ഫാ ഞര്‍സെ്ഫാഇ അനുയായികള്‍ എന്നിവര്‍ക്കും തമ്മില്‍ പറയത്തക്ക വ്യത്യാസമൊന്നും ഇല്ലാത്ത മട്ടായിരിക്കുന്നു, വിശേഷിച്ച്, മേല്‍പ്പറഞ്ഞപ്രകാരം മുഹമ്മദുമതത്തിലോ ക്രിസ്തുമതത്തിലോ പ്രതിമാരാധനയുടെ നിലയില്‍ എന്തുണ്ടോ, അത് ആ പ്രതിമാപ്രതീകങ്ങളെ അവയുടെ നിലയ്ക്കു ആരാധിക്കുന്ന സമ്പ്രദായത്തിലാണ്: അല്ലാതെ ഈശ്വരോപാസനയ്ക്കു ദൃഷ്ടി സൗകര്യം എന്ന നിലയ്ക്കല്ല. അതുകൊണ്ട് ആ ഉപാസന കവിഞ്ഞ പക്ഷം താന്ത്രികകര്‍മ്മത്തിന്റെ നിലയില്‍ പെട്ടതാണെന്നു പറയാം: അതു ഭക്തിക്കോ മുക്തിക്കോ ഉപകരിക്കുന്നതല്ല. എന്തുകൊണ്ടെന്നാല്‍ ആ വിധം ഉപാസനയാല്‍ സാധകന്‍ തന്റെ ആത്മാവിനെ അര്‍പ്പിക്കുന്നത് ഈശ്വരന്നല്ല, ഈശ്വരനല്ലാത്ത ചില വസ്തുക്കള്‍ക്കാണ്. അതുകൊണ്ട് ആ വിധത്തില്‍ പ്രതിമകളേയോ കബറുകളേയോ ആരാധനാമന്ദിരങ്ങളേയോ ശവകുടീരങ്ങളേയോ ഉപാസിക്കുന്നതാകുന്നു ശരിയായ വിഗ്രഹാരാധന. അങ്ങനെ ചെയ്യുന്നത് സ്വതവേ പാപമോ ദുഷ്ടമോ അല്ല, അത് ഒരു ചടങ്ങ്, ഒരു കര്‍മ്മം മാത്രം: അതിന്റെ ഫലം ആരാധകനു ലഭിച്ചേ തീരൂ, ലഭിക്കയും ചെയ്യും.
[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം I ഭക്തിയോഗം. അദ്ധ്യായം 8 പ്രതീക – പ്രതിമോപാസനകള്‍. പേജ് 454-457]