ശ്രീ രമണമഹര്‍ഷി
സെപ്തംബര്‍ 9, 1938.
സാധു അരുണാചലമെന്ന പേരില്‍ ആശ്രമത്തില്‍ താമസിച്ചിരുന്ന മേജര്‍ സദ്വിക്,
‘ന കര്‍മ്മണാ ന പ്രജയാ ധനേന ത്യാഗനൈകേ അമൃതത്വ മാനസുഃ എന്ന് തുടങ്ങുന്ന മന്ത്രത്തെ ഇംഗ്ലീഷില്‍ ഭാഷാന്തരം ചെയ്തിരുന്നു. ഈ മന്ത്രം ഭഗവാനെ നമസ്ക്കരിക്കുന്നതിന് മുമ്പും പിമ്പും ഭക്തന്മാര് പതിവായി ചൊല്ലുന്നതായിരുന്നു. ഭാഷന്തരത്തിനാധാരം ആ മന്ത്രത്തിനു ഭഗവാന് തമിഴില്‍ പറഞ്ഞിട്ടുള്ള വ്യാഖ്യാനമായിരുന്നു.
1) “അമൃതത്വം കര്‍മ്മത്താലും പുത്രാദി (പ്രജ) യാലും ധനത്താലും പ്രാപിക്കാനുള്ളതല്ല. അവയുടെ ത്യാഗത്താല്‍ അന്തര്മുഖികള് അമൃതത്വം നേടുന്നു. സ്വര്‍ഗ്ഗത്തേക്കാളും ഉല്‍കൃഷ്ടമായ ഹൃദയഗുഹയില്‍ നിന്നും വിശേഷമായി പ്രകാശിക്കുന്ന ഈ സത്തയെ ഇന്ദ്രിയ നിഗ്രഹമുള്ള യാതികള്‍ പ്രാപിക്കുന്നു.
2) വേദാന്ത ജ്ഞാനത്താല്‍ സത്യവസ്തുവിനെ ഗ്രഹിച്ചവരും ത്യാഗസന്യാസയോഗങ്ങളാല് ശുദ്ധചിത്തരുമായ യതികള്‍ ബ്രഹ്മലോക (സാക്ഷാല്‍ക്കാര) ത്തില്‍ അജ്ഞാനം നീങ്ങി ദേഹത്യാഗകാലത്തില് മൂല മായയില്‍ നിന്നും വിമുക്തനായിത്തീരുന്നു.
3) ഭൂമധ്യത്തില്‍ സൂക്ഷ്മവും അമലവും പരംപൊരുള്‍ സ്ഥാനവുമായ ഹൃദയ കമലത്തിനുള്ളില്‍ ദുഃഖരഹിതവും സ്വര്ഗ്ഗസ്വരൂപവുമായി പ്രകാശിക്കുന്ന ബ്രഹ്മം ആരാധനാര്ഹമാണ്.
4) വേദാദിയിലും വേദാന്തത്തിലുള്ളതും പ്രകൃതിയെ ഒടുക്കി നില്ക്കുന്നതുമായ പ്രണവത്തിനും അതീതനാണ് പരമേശ്വരന്.
മേല്പറഞ്ഞ മന്ത്രങ്ങളുടെ സാരത്തെപ്പറ്റി ഭഗവാന് വീണ്ടും പറഞ്ഞു: ബ്രഹ്മലോകത്തെ ബാഹ്യമായും ആന്തരമായും ദര്‍ശിക്കാം. ബാഹ്യമായിട്ടാണെങ്കില് ശാസ്ത്രാദികളില്‍ വിശ്വാസം വേണം. ആന്തരമായിട്ടുള്ളതിനു പ്രമാണം അനുഭവമാണ്. ആ ബ്രഹ്മാനുഭൂതിതന്നെ ബ്രഹ്മലോകമായി നില്ക്കും. ഭാഷ്യങ്ങളില്‍ പറയുന്ന അപരാന്തകാലമെന്ന അജ്ഞാനമഹാന്ധകാരത്തില് പുനര്ജന്മത്തിന് മുമ്പേ ഒടുങ്ങുന്നു എന്ന് പറയപ്പെടുന്നു. പരാന്തകാലമെന്നു പറയുന്നത് ദേഹബോധമറ്റ ജ്ഞാനനിലയാണെന്നും പറയപ്പെടുന്നു. ‘പരാമൃതാത്’ എന്നാല്‍ പ്രകൃതിക്കപ്പുറമെന്നര്ത്ഥം ‘സര്‍വേ’ എന്ന് പറയുന്നതിനാല്‍ അതു ആരാലും പ്രാപിക്കത്തക്കതാണെന്നും പറയപ്പെടുന്നു. ‘യതയഃ’ എന്നതു യമ നിയമങ്ങളില്‍ നില്ക്കുന്നു. സല്പുരുഷന്മാരെക്കുറിക്കുന്നു. അജ്ഞാനത്തില്‍ നിന്നുമൊഴിഞ്ഞ് വിജ്ഞാനത്തില്‍ നില്ക്കുക എന്ന് താല്പര്യം.
ചോദ്യം: പ്രണവം എന്താണ്?
മഹര്‍ഷി: പ്രണവാക്ഷരത്തിലെ ‘അ’ കര ‘ഉ’ കര ‘മ’ കരങ്ങളെ തന്നുള്ളില്‍ ഗ്രഹിച്ചു ആത്മാവ് അവസ്ഥാത്രയങ്ങള്‍ക്ക് സാക്ഷിയാണെന്നതിനെ പ്രകാശിപ്പിക്കുന്നു. പ്രണവാന്ത്യത്തില് പ്രകാശിക്കുന്ന മൗനത്തെ അമാത്ര അല്ലെങ്കില്‍ അനന്തമാത്രയെന്നു പറയും. അത് അവസ്ഥാത്രയ സംബന്ധമറ്റു താനേ താനായ് തനി മുതലായ് പ്രകാശിക്കുന്ന ആത്മസ്വരൂപത്തെ കുറിക്കുന്നു. അതു തന്നെ തുരിയവും തുരിയാതീതവും.