സ്വാമി വിവേകാനന്ദന്‍

അടുത്തു വിചാരിക്കേണ്ട വിഷയം ‘ഇഷ്ടനിഷ്ഠ.’ “എത്രമതങ്ങളോ അത്ര മാര്‍ഗ്ഗങ്ങള്‍”: ഇത് ഭക്തിസാധകന്‍ മനസ്സിലാക്കിയിരിക്കണം. നാനാമതങ്ങളും അതുകളിലെ നാനാശാഖകളും ഒരേ ഈശ്വരന്റെ മാഹാത്മ്യത്തെയാണ് നാനാപ്രകാരത്തില്‍ പ്രകാശിപ്പിക്കുന്നതെന്ന് സാധകന്‍ അറിഞ്ഞിരിക്കണം. “ഭഗവന്‍! അങ്ങേയ്ക്കു നാമങ്ങള്‍ ബഹുപ്രകാരത്തില്‍ കല്പിച്ചിരിക്കുന്നു. നാമഭേദങ്ങളെക്കൊണ്ട് ജനങ്ങള്‍ അങ്ങയെ വിഭജിച്ചതുപോലെയുണ്ടെങ്കിലും ഓരോ നാമത്തിലും അങ്ങയുടെ സര്‍വ്വശക്തിയും അര്‍പ്പിച്ചിരിക്കുന്നു. ഏതു നാമത്തില്‍ക്കൂടെയും അങ്ങു ഭക്തന്റെ സമീപത്തു ചെല്ലുന്നു, അങ്ങയെ സ്മരിപ്പാന്‍ ഇന്ന കാലം വേണമെന്നും നിയമിച്ചിട്ടില്ല, അതിനു തീവ്രപ്രേമമുണ്ടായാല്‍ മതി. എത്രയോ എളുപ്പത്തില്‍ അങ്ങയെ പ്രാപിക്കാം. ആവിധമിരിക്കുന്നു അങ്ങയുടെ കാരുണ്യം. ഞാനാകട്ടെ അനുരാഗലേശമില്ലാത്തവനായി ജനിച്ചിരിക്കുന്നു. എന്റെ നിര്‍ഭാഗ്യം ആവിധമിരിക്കുന്നു.” അതുമാത്രമല്ല, ജ്യോതിസ്സന്താനങ്ങളായുജ്വലിക്കുന്ന വിവിധശാഖാസ്ഥാപകന്മാരെ ഭക്തന്‍ വെറുക്കുകയോ ആക്ഷേപിക്കുകയോ അന്യന്‍ ദൂഷിക്കുന്നതു കേള്‍ക്കപോലുമോ ചെയ്യാതിരിപ്പാന്‍ പ്രത്യേകം സൂക്ഷിക്കണം. സ്വന്തം ഇഷ്ടദേവതയോടു ഗാഢപ്രേമവും, അതോടൊപ്പം മറ്റുള്ളവയോട് പരക്കെ സൗഹാര്‍ദ്ദവും അനുമോദനവുമുണ്ടാകുന്നവര്‍ ദുര്‍ല്ലഭമാണ്. കുറേ വിശാലതയും സൗഹാര്‍ദ്ദവുമുള്ളവര്‍ക്ക് ഇഷ്ടനിഷ്ഠയില്‍ ദാര്‍ഢ്യം കുറവായിട്ടാണ് സാധാരണ കാണുക. അവര്‍ക്ക് മതകാര്യംതന്നെയും ഒരു രാഷ്ട്രീയ – സാമുദായിക – സമാജകാര്യം എന്ന നിലയില്‍ അധഃപതിച്ചിരിക്കും. മറിച്ച്, ഏറ്റവും ഇടുങ്ങിയ ശാഖക്കാര്‍ അവരുടെ സ്വന്തം ഇഷ്ടങ്ങളില്‍ അഭിനന്ദിക്കത്തക്ക പ്രേമം പ്രദര്‍ശിപ്പിക്കുന്നുണ്ട്: എന്നാല്‍ ആ പ്രേമത്തിന്റെ ഓരോ കണികയും തങ്ങളുടെ മതത്തോടു സമ്പൂര്‍ണ്ണമായി യോജിക്കാത്തവരോടുള്ള വിദ്വേഷംകൊണ്ടു സമ്പാദിച്ചതാണെന്നു തോന്നിപ്പോകും.

സ്വന്തം ഇഷ്ടത്തില്‍ തീവ്രപ്രതിപത്തിയും അത്രതന്നെ ലോകരോടൊട്ടുക്കു സൗഹാര്‍ദ്ദവും സര്‍വ്വമനുഷ്യര്‍ക്കും ഉണ്ടാകുവാന്‍ ഈശ്വരനോടു പ്രാര്‍ത്ഥിക്കുക. അതുരണ്ടുമുള്ളവര്‍ എത്രയോ ചുരുക്കമായും ദൂരപ്പെട്ടുമിരിക്കുന്നു. എങ്കിലും പ്രേമത്തിന്റെ തീവ്രതയും ഹൃദയത്തിന്റെ വിശാലതയും കൂടി വിസ്മയകരമായിണങ്ങിയ ഉന്നതപദവിയിലേക്കു ഒട്ടധികം ജനങ്ങളെയും അഭ്യസിപ്പിച്ചുകൊണ്ടുപോവാന്‍ സാദ്ധ്യമാണെന്നു നമുക്കറിയാം. അതിനുള്ള മാര്‍ഗ്ഗം ഇഷ്ടനിഷ്ഠാസമ്പ്രദായമാകുന്നു. ഓരോ മതശാഖയും അതിന്റെ പ്രത്യേകലക്ഷ്യത്തെമാത്രമേ ലോകത്തിനു കാണിച്ചുകൊടുക്കുന്നുള്ളു. സനാതനമായ വേദാന്തമാകട്ടെ, ഏതു മനുഷ്യനും ഈശ്വരസന്നിധിയില്‍ കടപ്പാന്‍, ദിവ്യഗര്‍ഭഗൃഹത്തില്‍ പ്രവേശിപ്പാന്‍, അസംഖ്യം വാതിലുകള്‍ തുറന്നുകൊടുക്കുന്നു: നിത്യസത്യസ്വരൂപന്‍ പ്രകാശിക്കുന്ന ദിവ്യാദര്‍ശങ്ങളെ നിരനിരയായി നിരവധിയായി ലോകസമക്ഷം പ്രദര്‍ശിപ്പികയും ചെയ്യുന്നു. പുരാതനരും ആധുനികരുമായ ദിവ്യാത്മാക്കള്‍ അഥവാ ഈശ്വരാവതാരങ്ങള്‍തന്നെ മനുഷ്യജീവിതത്തിലെ യാഥാര്‍ത്ഥ്യങ്ങളാകുന്ന കടുംപാറകള്‍ വെട്ടിപ്പൊളിച്ചു നിര്‍മ്മിച്ച അനേകം രാജമാര്‍ഗ്ഗങ്ങളെ അത്യന്തം അനുഗ്രഹബുദ്ധിയോടുകൂടി വേദാന്തം മുമുക്ഷുക്കളായ സകലസ്ത്രീപുരുഷന്മാര്‍ക്കും കാട്ടിക്കൊടുക്കുകയും, എല്ലാവരെയും ഇനിമേലില്‍ ജനിക്കാനിരിക്കുന്നവരെയും മായാജാലത്തില്‍നിന്നു പുറത്തുവന്ന് പൂര്‍ണ്ണസ്വാതന്ത്ര്യത്തോടും അനവരതാഹ്ലാദത്തോടുംകൂടി വിഹരിപ്പാനുള്ള സത്യധാമത്തിലേക്കു, അനന്താനന്ദപയോധിയിലേക്ക്, സ്വാഗതം ചെയ്‌വാന്‍ കൈനീട്ടി നില്ക്കയും ചെയ്യുന്നു.

മുക്തിക്ക് മാര്‍ഗ്ഗങ്ങള്‍ അനേകമുണ്ട്, അതില്‍ ഒന്നിനെയും വെറുക്കരുത്, നിഷേധിക്കരുത്: ഇത് ഭക്തിയോഗത്തിന്റെ കഠിനശാസനയാണ്. എങ്കിലും, വളരുന്ന ചെടി വന്‍തടിയാകുവോളം അതിനു ചുറ്റും വേലികെട്ടി രക്ഷിക്കണം. ഇളംതൈപ്രായമായ ഭക്തിയെ മൂപ്പെത്തുംമുമ്പ് ഭാവഭേദങ്ങളും ആദര്‍ശഭേദങ്ങളും അടിക്കടി ബാധിച്ചുകൊണ്ടിരുന്നാല്‍ അതു നശിച്ചുപോകും. മതവിഷയത്തിലും വിശാലമനസ്‌കത വേണ്ടതുതന്നെ: എന്നാല്‍ വിശാലമനസ്‌കത എന്നു ഭാവിച്ച് ആ പേരും പറഞ്ഞ്, ആശയങ്ങളേയും ആദര്‍ശങ്ങളെയും അന്നന്നു മാറി മാറി സ്വീകരിച്ച് വെറും കൗതുകരസത്തെ പോറ്റുന്ന ചിലരുണ്ട്. അവര്‍ക്ക് പുതിയ പുതിയ സംഗതികള്‍ കേള്‍പ്പാനുള്ള കൗതുകം ഒരുതരം രോഗംപോലെ, ഒരുതരം മദ്യാസക്തിപോലെയാണ്. അങ്ങനെ കേള്‍ക്കുന്നത് തല്‍ക്കാലത്തേയ്ക്ക് ഒരു വികാരാവേശം ഉണ്ടാവാന്‍ വേണ്ടിമാത്രം. ഒരാവേശത്തിന്റെ ഫലം അനുഭവിച്ചുതീര്‍ന്നാല്‍ അവര്‍ മറ്റൊന്നിനും തയ്യാര്‍. ഈ തരക്കാര്‍ക്ക് മതമെന്നുള്ളത് ബുദ്ധിക്ക് ഒരുവിധം കറുപ്പു സേവിക്കലാണ്. അത്രയേ ഉള്ളൂ. “വേറെ ഒരു തരക്കാരുണ്ട്” എന്ന് ശ്രീരാമകൃഷ്ണന്‍ പറഞ്ഞിട്ടുണ്ട്. ‘അവര്‍, കഥയില്‍ പറയുന്ന മുത്തുച്ചിപ്പിപോലെയാണ്. കടലിന്നടിയില്‍ കിടക്കുന്ന ചിപ്പി സ്വാതിനക്ഷത്രം ഉച്ചമാകുമ്പോള്‍ വീഴുന്ന ഒരു മഴത്തുള്ളി പിടിപ്പാന്‍ വേണ്ടി മീതേയ്ക്കു പൊന്തിവരും. തന്റെ കക്കയും തുറന്നുവെച്ച് കടലിന്മീതെ പാറി നടക്കും: ഒരു തുള്ളി മഴവെള്ളം കക്കയില്‍ പെട്ടുകഴിഞ്ഞാല്‍ ഉടനെ കടലിന്നടിയിലേക്ക്, സ്വസ്ഥാനത്തേയ്ക്ക്, താണുപോകും. ആ വെള്ളത്തുള്ളി ഒരു മനോഹരമുത്താക്കുന്നതുവരെ അവിടെത്തന്നെ കിടക്കുകയും ചെയ്യും.”

ഇതാകുന്നു ഇഷ്ടനിഷ്ഠാഭാവത്തിനുള്ള വിവരണങ്ങളില്‍വെച്ച് ഏറ്റവും കവിതാഭംഗിയും ശക്തിയുമുള്ളത്: ഭക്തിസാധനകള്‍ അഭ്യസിപ്പാന്‍ തുടങ്ങുന്നവര്‍ക്ക് ഇപ്രകാരമുള്ള നിഷ്ഠ നിര്‍ബ്ബന്ധമായുണ്ടായിരിക്കണം; “ശ്രീനാഥ(കൃഷ്ണ)നും ജാനകീനാഥ(രാമ)നും പരമാത്മഭാവത്തില്‍ ഒന്നുതന്നെ. എന്നാലും എന്റെ സര്‍വ്വസ്വം കമലലോചനനായ രാമന്‍തന്നെ” എന്ന് ഹനുമാന്‍ പറഞ്ഞതുപോലെയും “എല്ലാറ്റിന്റെയും മാധൂര്യം നുകരാം, എല്ലാവരോടും കൂടിയിരിക്കാം, എല്ലാ നാമങ്ങളും ഗ്രഹിക്കാം. എല്ലാം ശരി ശരി എന്നു പറയാം. പക്ഷേ അപ്പോഴൊക്കെയും സ്വന്തം ഇരിപ്പില്‍ ഉറച്ചിരിക്കണം” എന്നു തുളസീദാസന്‍ പറഞ്ഞതുപോലെയുമായിരിക്കണം സാധകന്റെ നില. അങ്ങനെയിരിക്കുന്നവന്നു കിട്ടിയ ചെറുവിത്തില്‍നിന്ന് ഒരു മാമരം ഉണ്ടാകും: അത് വടവൃക്ഷംപോലെ വേരിനു പിറകേ വേരും കൊമ്പിനു പിറകെ കൊമ്പും എമ്പാടും നീട്ടിയയച്ചു വളര്‍ന്നു പടര്‍ന്നു മരുഭൂമി മുഴുവന്‍ വ്യാപിച്ചു നില്ക്കും. അപ്പോള്‍ ജീവിതസര്‍വ്വസ്വമായി താന്‍ ഉപാസിക്കുന്ന ഇഷ്ടദേവതയെത്തന്നെയാണ് ഏതു ശാഖക്കാരും ഏതാദര്‍ശത്തിലും ഏതു രൂപത്തിലും ഏതു നാമത്തിലും ഉപാസിക്കുന്നത് എന്ന് യഥാര്‍ത്ഥഭക്തന് അനുഭവമാകും.

[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം I ഭക്തിയോഗം. അദ്ധ്യായം 9 ഇഷ്ടദേവത‍. പേജ് 458-461]