മനോബോധത്തെ ആത്മബോധമാണെന്നു തെറ്റിദ്ധരിക്കുന്നു (361)
ശ്രീ രമണമഹര്‍ഷി
സെപ്തംബര്‍ 11, 1938
രമണമഹര്‍ഷി: എല്ലാവരും മനോബോധത്തെ ആത്മബോധമാണെന്നു തെറ്റിദ്ധരിക്കുകയാണ്. ഗാഡനിദ്രയില്‍ മനസ്സേ ഇല്ല. എന്നാല്‍ അതില്ലെന്നു നിഷേധിക്കാന്‍ സാധ്യവുമല്ല.
രാവിലെ ഞാന്‍ (അഹങ്കാരന്‍) ഉണരുമ്പോള്‍ മനസ്സു ബഹിര്‍മുഖമായിത്തിരിഞ്ഞ് പഞ്ചേന്ദ്രിയങ്ങളുടെ സഹായത്തോടുകൂടി വിഷയങ്ങളെ കാണുന്നു. ഇതിനെ അവര്‍ പ്രത്യക്ഷ ദര്‍ശനമെന്നു വ്യാഖ്യാനിക്കുന്നു. സ്വയം പ്രകാശവസ്തുവായ ആത്മാവിനെ ആരും കാണുന്നില്ല. ‘ഞാന്‍’ എന്ന തന്നെ പ്രത്യക്ഷത്തില്‍ കണ്ടോ എന്ന് ചോദിച്ചാല്‍ അവര്‍ കുഴങ്ങിപ്പോക്കുന്നു. കാരണം ഞാന്‍ ഒരു വിഷയമായി മുമ്പില്‍ നില്‍ക്കാറില്ലലോ. അവര്‍ അറിവാണെന്ന് പരിഗണിക്കുന്നത് ഇന്ദ്രിയങ്ങള്‍ മുഖേന വിഷയങ്ങളെക്കണ്ട മനസ്സിന്‍റെ അറിവിനെയാണ്.
തേവാരത്തില്‍ ഒരു ഭാഗത്തിപ്രകാരം പറയുന്നു.” അല്ലയോ ദുഃഖ നിവൃത്തിക്കാഗ്രഹിക്കുന്ന മുമുക്ഷക്കളെ! നിങ്ങളെന്തിനാണ് അനുമാനങ്ങളെയും ഉദാഹരണങ്ങളെയും അന്വേഷിക്കുന്നത്. നമ്മുടെ പ്രകാശം നമ്മില്‍ തന്നെ സദാ ഉജ്ജ്വലിച്ചുകൊണ്ടിരിക്കുകയല്ലേ? മനസ്സ് ശുദ്ധമായ അവസ്ഥയില്‍ അതിനെ പ്രത്യക്ഷത്തില്‍ കണ്ടറിയൂ. ഇതാണ് പ്രത്യക്ഷം’. സാധാരണ ജനങ്ങള്‍ ഇതു വിശ്വസിക്കുമോ? അവര്‍ ഈശ്വരനെ ഋഷഭാരൂഡനായിട്ടോ ഏതെങ്കിലും വേഷത്തിലോ തന്‍റെ സ്ഥൂലചക്ഷസ്സുകൊണ്ട് കാണാനാഗ്രഹിക്കുന്നതിനാല്‍ അവര്‍ സത്യമറിയാതെ പോകുന്നു. തേവാരം ഒന്നിച്ച് നമ്മെ പരോക്ഷാനുഭൂതിയിലേക്ക് നയിക്കുന്നു.