ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനഞ്ച് പുരുഷോത്തമയോഗം ശ്ലോകം 15 -20
ഇതി ഗുഹ്യതമം ശാസ്ത്രം
ഇദമുക്തം മയാനഘ!
ഏതദ് ബുദ്ധ്വാ ബുദ്ധിമാന്‍ സ്യാത്
കൃതകൃതശ്ച ഭാരത!
അല്ലയോ പാപരഹിതനായ അര്‍ജ്ജുന, ഇപ്രകാരം അത്യന്തം രഹസ്യമായ ഈ തത്വശാസ്ത്രം മുഴുവന്‍ ഞാന്‍ നിനക്ക് ഉപദേശിച്ചു തന്നു. ഈ ശാസ്ത്രത്തെ അറിഞ്ഞവന്‍ ബുദ്ധിമാനും കൃതകൃത്യനുമായി ഭവിക്കും.
ഇപ്രകാരം നിനക്കു വിശദീകരിച്ചു തന്ന ഗീതാരൂപേണയുള്ള ഉപദേശം ആദ്യന്തം ഉപനിഷത്തുക്കളാകുന്ന സരസീരുഹത്തില്‍നിന്നു സഞ്ചയിച്ച സൗരഭ്യമാണ്. ഇത് ശാസ്ത്രങ്ങളില്‍ക്കൂടി നിനക്കു മനസ്സിലാക്കാന്‍ കഴിയും.
ഈ ഗീതാസത്ത് വ്യാസന്‍റെ ബുദ്ധിയാകുന്ന മത്ത് ഉപയോഗിച്ച് വേദങ്ങളാകുന്ന തൈരില്‍നിന്ന് ഞാന്‍ കടഞ്ഞടുത്തതാണ്. ഗീത വിജ്ഞാനപീയൂഷം നിറഞ്ഞ ഗംഗയാണ്. ഇത് അമ്പിളിയുടെ ആനന്ദരൂപത്തിലുള്ള പതിനേഴാമത്തെ കലയായ ജീവന്‍ കലയാണ്. ഇത് വിചാരശക്തിയാകുന്ന ക്ഷീരസാഗരത്തില്‍നിന്ന് മഥനം ചെയ്തെടുത്ത ലക്ഷ്മീദേവിയാണ്. അവള്‍ പദംകൊണ്ടും വര്‍ണ്ണംകൊണ്ടും അര്‍ത്ഥംകൊണ്ടും എന്നെയല്ലാതെ മറ്റാരേയും സേവിക്കുകയില്ല. ക്ഷരാക്ഷരപുരുഷന്മാര്‍ അവളുടെ പാദസേവചെയ്യാന്‍ തയ്യാറായെങ്കിലും അവരെ തളഅളിനീക്കി അവള്‍ അവളുടെ സര്‍വ്വസ്വവും എനിക്കര്‍പ്പിച്ചിരിക്കയാണ്. അപ്രകാരം പതിവ്രതയായ വള്‍ ആത്മരൂപനായ എന്‍റെ ആത്മവല്ലഭയാണ്. ഗീത വിജ്ഞാനവാണികളുടെ സമാഹാരമായ ശബ്ദപാണ്ഡ്യത്യശാസ്തരമല്ല. ഇത് യഥാര്‍ത്ഥത്തില്‍ സംസാരത്തെ കീഴടക്കാന്‍ കഴിയുന്ന ഒരായുധമാണ്. ഗീതയിലെ വരികള്‍ ആത്മാവിനെ ഉണര്‍ത്തുന്ന മന്ത്രങ്ങളാണ്. ഈ ഗീതാസംവാദത്തിലൂടെ എന്‍റെ ഗുപ്തധനം നിന്‍റെ മുമ്പാകെ ഞാന്‍ അവതരിപ്പിച്ചിരിക്കുന്നു. ശങ്കരന്‍റെ ജടാമകുടത്തില്‍ ഒളിച്ചിരുന്ന ഗംഗാദേവിയെ ഗൗതമമഹര്‍ഷി പുറത്തേയ്ക്കുകൊണ്ടുവരുന്നതിന് ഉത്തരവാദിയായി. അതുപോലെ, അല്ലയോ അര്‍ജ്ജുന, ശ്രദ്ധാഭണ്ഡാരത്തിന്‍റെ ഉടമയായ നീ, എന്‍റെ മസ്തകത്തില്‍നിന്നും്, ഗീതാരൂപത്തിലുള്ള ധനം പുറത്തുകൊണ്ടുവന്ന് രണ്ടാമതൊരു ഗൗതമനായിരിക്കുന്നു. അ്ലയോ ധനഞ്ജയ, നിര്‍മ്മലനായ നീ സാരവത്തായ എന്‍റെ സ്വരൂപം നിഴലിച്ചുകാണുന്ന ഒരു മുകുരമായി ഭവിച്ചിരിക്കുന്നു. അര്‍ണ്ണവം ആകാശത്തുനില്‍ക്കുന്ന താരാനാഥനേയും താരങ്ങളേയും തന്നിലേക്ക് ആകര്‍ഷിച്ച് പ്രതിബിംബിക്കുന്നതുപോലെ, നിന്‍റെ അന്തകരണത്തില്‍ ഞാനും ഗീതയും പ്രതിബിംബിച്ചു കാണുന്നു. ത്രിഗുണങ്ഹളും ത്രിവിധതാപങ്ങളുമാകുന്ന മാലിന്യങ്ങളെയെല്ലാം തൂത്തെറിഞ്ഞ് ശുദ്ധമാക്കിയിരിക്കുന്ന എന്‍റെ ഹൃദയം എന്‍റേയും ഗീതയുടേയും വാസസ്ഥാനമായിരിക്കാന്‍ യോഗ്യമാണ്.
ചുരുക്കിപ്പറഞ്ഞാല്‍ ഗീത ഒരു ജ്ഞാനവല്ലരിയാണ്. അത് അറിയുന്നവന്‍ സമ്പൂര്‍ണ്ണ മോഹമുക്തനാകുന്നതോടൊപ്പം അമരത്വം നേടുകയും ചെയ്യുന്നു. അപ്പോള്‍പിന്നെ ഗീതയെപ്പറഅറി സമ്പൂര്‍ണ്ണ ജ്ഞാനം നേടുന്ന ഒരുവന്‍ മോഹവിമുക്തനാകുന്നതില്‍ എന്തെങ്കിലും ആശ്ചര്യപ്പെടാനുണ്ടോ? ഇതില്‍ക്കൂടി അവന്‍ ആത്മജ്ഞാനം കൈവരിക്കുകയും ആത്മസ്വരൂപവുമായി താദാത്മ്യം പ്രാപിക്കുകയും ചെയ്യുന്നു. തന്‍റെ ജീവിത വ്യാപാരങ്ങള്‍ അവസാനിച്ചുവെന്ന് അറിയുന്ന അവന്‍ കൃതകൃത്യനാവുകയും കര്‍മ്മമുക്തനാവുകയും ചെയ്യുന്നു. അല്ലയോ വീരവിലാസ, നഷ്ടപ്പെട്ട വസ്തു തിരഞ്ഞു നടക്കുന്നവന്‍ അതു തിരികെ ലഭിക്കുന്നതോടുകൂടി തിരച്ചില്‍ അവസാനിപ്പിക്കുന്നില്ലേ? അതുപോലെ കര്‍മ്മകേഷേത്രത്തിന്‍റെ മുകളില്‍ ആത്മജ്ഞാനത്തിന്‍റെ താഴികക്കുടം ഉറപ്പിക്കുന്നതോടുകൂടി എല്ലാ കര്‍മ്മങ്ങളും അവസാനിക്കുന്നു.
അനാഥരക്ഷകനായ ഭഗവാന്‍ കൃഷ്ണന്‍ ഇപ്രകാരം അരുള്‍ ചെയ്തു.
ഭഗവാന്‍ കൃഷ്ണന്‍റെ ബോധാമൃതരൂപത്തിലുള്ള ഗീതാ പ്രഭാഷണം അര്‍ജ്ജുനന്‍റെ ഹൃദയത്തില്‍ നിറഞ്ഞു തുളുമ്പി. വ്യാസമഹര്‍ഷിയുടെ കാരുണ്യംകൊണ്ട് അതു സഞ്ജയനു സംസിദ്ധമായി. സഞ്ജയന്‍ അതു ധൃതരാഷ്ട്രമഹാരാജാവിനു പകര്‍ന്നുകൊടുത്തു. ഗീതയെപ്പറ്റിയുള്ള പ്രഭാഷണങ്ങള്‍ കേള്‍ക്കാന്‍ ഒരുവന്‍ അനര്‍ഹനാണെന്ന് പ്രാരംഭത്തില്‍ തോന്നിയാലും അത് പില്‍ക്കാലത്ത് അവന് ആദ്യാത്മിക പുരോഗതി ഉണ്ടാക്കിക്കൊടുക്കും. മുന്തിരിച്ചെടിയുടെ ചുവട്ടിലൊഴിക്കുന്ന പാല്‍ നഷ്ടപ്പെട്ടുവെന്ന് തോന്നുമെങ്കിലും മുന്തിരിവളഅളി സമൃദ്ധമായി കായ്ക്കുന്നതിന് അത് ഇടയാകുന്നു. അതുപോലെ അത്യന്തം ആദരവോയെ സഞ്ജയന്‍ ധൃതരാഷ്ട്രമഹാരാജാവിനെ പറഞ്ഞുകേള്‍പ്പിച്ച ഭഗവാന്‍റെ പ്രഭാക്ഷണം ക്ാലക്രമേണ അദ്ദേഹത്തിനു സന്തോഷം ഉണ്ടാക്കിതക്കൊടുത്തു.
എന്‍റെ കഴിവിന്‍റെ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് അദക്ഷമായ വിധത്തിലാണ് ഞാന്‍ ഗീതാസാരം മറാത്തി ഭാഷയില്‍ നിങ്ങളെ പറഞ്ഞു കേള്‍പ്പിച്ചത്. ചെവന്തിപുഷ്പത്തിന്‍റെ രൂപം ഒരരസികന് രസിച്ചില്ലെന്നുവരാം എന്നാല്‍ അതിലെ തേന്‍ നുകരുന്ന മധുപന് അതിന്‍റെ പരിമളം അറിയാന്‍ കഴിയുന്നു. അത് പരാഗവും പരിമളവും മറ്റിടങ്ങളിലേക്ക് വഹിച്ചുകൊണ്ടുപോകുകയും ചെയ്യുന്നു. അതുപോലെ എന്‍റെ പ്രതിപാദനത്തില്‍ നിങ്ങള്‍ക്കു സ്വീകാര്യമായതു നിങ്ങള്‍ അംഗീകരിക്കുകയും അസ്വീകാര്യമായതെല്ലാം എനിക്കു മടക്കിത്തരുകയും ചെയ്താലും.
അറിവില്ലായ്മ കുട്ടികളുടെ സ്വഭാവവിശേഷമാണ്. എന്നാല്‍ മാതാപിതാക്കള്‍ അതു വകവയ്ക്കാതെ അവരെ സന്തോഷത്തോടെ താലോലിച്ച് അവരുടെ ഹൃദയം കുളുര്‍പ്പിക്കുന്നു. മഹാത്മാക്കളായ നിങ്ങള്‍ എന്‍റെ മാതാപിതാക്കളെപ്പോലെയാണ്. ഞാന്‍ നിങ്ങളുടെ മുന്നില്‍ ഗീതാപ്രവചനം നടത്തുന്നത്. സര്‍വ്വാകൃതിയായ ഗുരു നിവൃത്തിനാഥ് എന്‍റെ ഈ സംവാദരൂപേണയുള്ള ആരാധനകേട്ട് എന്നെ അനുഗ്രഹിക്കട്ടെ.
ഓം തത് സത്
ഇതി ശ്രീമദ് ഭഗവദ്ഗീതാസു ഉപനിഷത്സു
ബ്രഹ്മവിദ്യായാം യോഗശാസ്ത്രേ
ശ്രീകൃഷ്ണാര്‍ജ്ജുന സംവാദേ
പുരുഷോത്തമയോഗോ നാമ
പഞ്ചദശോ ദ്ധ്യായഃ
പുരുഷോത്തമയോഗം എന്ന പതിനഞ്ചാം അദ്ധ്യായം കഴിഞ്ഞു.