തുടര്‍ന്നാലോചിക്കേണ്ട വിഷയം സംയമം: ഇന്ദ്രിയങ്ങളെ വിഷയങ്ങളിലേക്ക് പോകാതെ തടഞ്ഞ് ഒതുക്കിനിര്‍ത്തി ഇച്ഛാശക്തിക്ക് അധീനമാക്കുന്നതാകുന്നു അദ്ധ്യാത്മസംസ്‌കാരത്തിന്റെ മൂലധര്‍മ്മം. അതിനെത്തുടര്‍ന്നാണ് ആത്മനിയന്ത്രണവും ആത്മത്യാഗവും അഭ്യസിക്കേണ്ടത്. ആ വിധം അഭ്യാസവും കഠിനപ്രയത്‌നവും. കൂടാതെ, സാധകന്റെ ആത്മാവില്‍ ദിവ്യാനുഭൂതിക്കുള്ള മഹത്തായ കഴിവുകള്‍ സഫലങ്ങളാകയില്ല. “മനസ്സ് എപ്പോഴും ഈശ്വരനെത്തന്നെ വിചാരിക്കണം. അതിനു മനസ്സിനെ നിര്‍ബ്ബന്ധിക്കണം. ആരംഭത്തില്‍ അതു തുലോം വിഷമം. എന്നാല്‍ ഓരോരിക്കല്‍ ചെയ്യുന്ന ശ്രമവും അതിനുള്ള ശക്തി വര്‍ദ്ധിപ്പിക്കും. “അഭ്യാസംകൊണ്ടും വൈരാഗ്യംകൊണ്ടും അതിനെ ഒതുക്കാം” എന്നാണ്ശ്രീകൃഷ്ണന്‍ ഗീതയില്‍ ഉപദേശിക്കുന്നത്.
പിന്നെ യജ്ഞത്തെപ്പറ്റി; പഞ്ചമഹായജ്ഞങ്ങള്‍ പതിവുപോലെ ചെയ്യണം എന്നാകുന്നു അഭിപ്രായം.
അടുത്തതു പരിശുദ്ധി; പരിശുദ്ധിയത്രേ ഭക്തിസൗധത്തിന്റെ തറയും അസ്തിവാരശിലയും. ബാഹ്യശരീരം ശുദ്ധിയാക്കുന്നതും ഭക്ഷ്യവിവേകം ചെയ്യുന്നതും രണ്ടും എളുപ്പം. എന്നാല്‍ അന്തഃശുദ്ധിയും പവിത്രതയുമില്ലാതെ ബാഹ്യാചരണങ്ങള്‍ക്ക് ഒരു വിലയുമില്ല. പരിശുദ്ധിയുണ്ടാകുവാന്‍ സഹായിക്കുന്ന ഗുണങ്ങളില്‍ ശ്രീരാമാനുജാചാര്യര്‍ കണക്കാക്കീട്ടുള്ളവ സത്യം, ആര്‍ജ്ജവം, ദയ (പ്രതിഫലേച്ഛ തീണ്ടാത്ത പരോപകാരം), അഹിംസ (മനസാ വാചാ കര്‍മ്മണാ അന്യനെ ദ്രോഹിക്കായ്ക), അനഭിധ്യ (പരസ്വം കാംക്ഷിക്കായ്ക, വൃഥാ ചിന്തകൂടാതിരിക്ക, തനിക്ക് അന്യന്‍ ചെയ്ത ദ്രോഹത്തെപ്പറ്റി വിചാരപ്പെടായ്ക) ഇവയാകുന്നു. ഇവയില്‍ പ്രത്യേകം ശ്രദ്ധാര്‍ഹമായിട്ടുള്ളത് അഹിംസയത്രേ. ഇത് സര്‍വജീവികളെസ്സംബന്ധിച്ചും അവശ്യം വേണം. അങ്ങനെയല്ലാതെ, ചിലര്‍ വിചാരിക്കുംപോലെ മനുഷ്യരോട് അഹിംസ, താണജീവികളോടു നിര്‍ദ്ദയത്വം എന്നല്ല ഇതിന്നര്‍ത്ഥം. വേറെ ചിലര്‍ കാണിക്കുംപോലെ നായ്ക്കളെയും പൂച്ചകളേയും തീറ്റിപ്പോറ്റുക, ഉറുമ്പിനു തിന്നാന്‍ പഞ്ചസാര കൊടുക്കുക, മനുഷ്യ (സഹോദര)നെ എത്ര കഠോരമായും യഥേഷ്ടം ഹിംസിക്കുക എന്നുമല്ല ഇതിന്നര്‍ത്ഥം. ഏതൊരു നല്ല ഭാവത്തെയും അതില്‍ വെറുപ്പു തോന്നത്തക്കവിധം അങ്ങേ അറ്റത്തേയ്ക്കു കടത്തി അനുഷ്ഠിക്കാം. ഇത് ലോകത്തിലെ ഒരു വിചിത്ര സംഗതിയാണ്. ഒരു സദാചാരം, അതിന്റെ താല്പര്യാര്‍ത്ഥം നോക്കാതെ വാക്യാര്‍ത്ഥം മാത്രമനുസരിച്ച് പരമാവധിവരെ നീട്ടിയനുഷ്ഠിക്കപ്പെട്ടാല്‍ കേവലം ദുരാചാരമാവാം. ദേഹത്തില്‍ പറ്റുന്ന കൃമികീടങ്ങളെപ്പോലും ഹിംസിക്കരുതെന്നു നിശ്ചയിച്ച് കുളിയുപേക്ഷിച്ചിട്ടുള്ള ദുര്‍ഗ്ഗന്ധിസന്ന്യാസികള്‍ ചില മതശാഖകളിലുണ്ട്. തങ്ങള്‍ സഹജീവികളായ മനുഷ്യര്‍ക്ക് എത്ര സുഖവിരോധവും രോഗവുമാണ് വരുത്തിക്കൂട്ടുന്നതെന്നൊരാലോചനപോലും അവര്‍ക്കു ഒരിക്കലുമില്ല. ഏതായാലും അവര്‍ വൈദികധര്‍മ്മത്തില്‍ ചേര്‍ന്നവരല്ല!
അഹിംസയ്ക്കുള്ള ഒരു പരീക്ഷ അസൂയയുടെ അഭാവമാണ്. പെട്ടെന്നൊരു തോന്നല്‍കൊണ്ടോ വല്ല അന്ധവിശ്വാസത്തിന്റേയോ പൗരോഹിത്യത്തിന്റെയോ ശക്തികൊണ്ടോ ഒരാള്‍ ഒരു സത്കര്‍മ്മമോ വലിയൊരു ദാനമോ ചെയ്‌തെന്നുവരാം: എന്നാല്‍ യഥാര്‍ത്ഥത്തില്‍ മനുഷ്യരെ സ്നേഹിക്കുന്നവന്‍ ആരുടെ മേന്മയിലും കണ്ണുകടിയില്ലാത്തവനാണ്. ലോകത്തില്‍ മഹാന്മാരെന്നുവെച്ചിട്ടുള്ളവര്‍ പോലും ചെറിയൊരു പേരോ പുകഴോ സ്വര്‍ണ്ണക്കഷണമോ നിമിത്തം അന്യോന്യം അസൂയാലുക്കളാകുന്നത് കാണ്മാനുണ്ട്. അസൂയ അകത്തുള്ള കാലത്തോളം അഹിംസാഗുണപൂര്‍ത്തി വളരെ അകലത്താണ്. പശുക്കള്‍ മാംസം തിന്നുന്നില്ല. ആടുകളുമില്ല. അതുകൊണ്ടവ മഹായോഗികളും അഹിംസകരുമാണോ? ഏതെങ്കിലും ഒരു ഭക്ഷ്യം വര്‍ജ്ജിപ്പാന്‍ ഏതു വിഡ്ഢിക്കും കഴിയും. അതുകൊണ്ട് അയാള്‍ക്ക് സസ്യഭുക്കായ മൃഗത്തിനുള്ളതിനേക്കാളേറെ യോഗ്യതയ്ക്കവകാശമില്ല. ധനത്തിനുവേണ്ടി വിധവകളെയും അനാഥക്കുട്ടികളെയും നിര്‍ദ്ദയം വഞ്ചിച്ചു നീചകര്‍മ്മങ്ങള്‍ ചെയ്യുന്ന മനുഷ്യര്‍ പുല്ലുമാത്രം തിന്നാലും ക്രൂരമൃഗങ്ങളേക്കാള്‍ നികൃഷ്ടനാണ്: മറിച്ച്, ആരുടെ ഹൃദയത്തില്‍ ഒരിക്കലും പരദ്രോഹചിന്തയുദിക്കാതെയും പരമശത്രുവിന്റെ പോലും അഭ്യുദയത്തില്‍ ആഹ്ലാദം വഴിഞ്ഞും ഇരിക്കുന്നുവോ, അയാള്‍ നിത്യവും പന്നിയിറച്ചി തിന്നു ജീവിച്ചാലും അയാളത്രേ ഭക്തന്‍, അയാളത്രേ യോഗി, അയാളത്രേ ജഗദ്ഗുരു. അന്തഃശുദ്ധി വികസിപ്പാന്‍ സഹായകമാകുന്നേടത്തോളമേ ബാഹ്യാനുഷ്ഠാങ്ങള്‍ക്കു വിലയുള്ളു. ഇത് നാം എപ്പോഴും ഓര്‍ക്കണം. ബാഹ്യാനുഷ്ഠാനങ്ങള്‍ക്കു തികച്ചും സൗകര്യമില്ലാതെ വരുമ്പോള്‍ അന്തഃശുദ്ധിമാത്രമുണ്ടായിരിക്കുന്നത് ഏറെ നന്ന്. മതത്തിന്റെ യഥാര്‍ത്ഥവും ആന്തരവും ആദ്ധ്യാത്മികവുമായ സാരാംശങ്ങളെ മറന്നുംവെച്ച്, എല്ലാ പുറംചടങ്ങുകളെയും അര്‍ത്ഥബോധമെന്യേ മരണപ്പിടുത്തം പിടിച്ച് ഒരിക്കലും ആ പിടി വിടാതിരിക്കുന്ന മനുഷ്യനാകട്ടെ, ഒരു ജനവര്‍ഗ്ഗത്തിനാവട്ടെ അന്ത്യഫലം, കഷ്ടം, ദുര്‍ഗ്ഗതിതന്നെ. ഉള്ളിലുള്ള ചൈതന്യത്തെ പ്രകാശിപ്പിക്കുന്നേടത്തോളമേ പുറം രൂപങ്ങള്‍ക്കു വിലയുളളു. അതിനെ പ്രകാശിപ്പിക്കാന്‍ എപ്പോള്‍ അവയ്ക്കു കഴിവില്ലാതെവരുന്നുവോ അപ്പോള്‍ അവയെ നിര്‍ദ്ദയം മര്‍ദ്ദിച്ചുതള്ളുക.
[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം I ഭക്തിയോഗം. അദ്ധ്യായം 10 ക്രമവും സാധനങ്ങളും. പേജ് 464-470]