ഭക്തിയുടെ പ്രാരംഭ(ഗൗണ)ാവസ്ഥയെ നിരൂപിച്ചു. ഇനി പരഭക്തിയെക്കുറിച്ചു വിചാരിക്കാം. ഈ പരഭക്തിയുടെ പരിശീലനത്തിനും ഒരു പ്രാരംഭം പറവാനുണ്ട്, ഒരു ഒരുക്കംകൂട്ടല്‍. ഈ പ്രാരംഭച്ചടങ്ങുകളെല്ലാം ആത്മ(ചിത്ത)ശുദ്ധിയെ ഉദ്ദേശിച്ചുള്ളതാണ്. നാമജപം, കര്‍മ്മാനുഷ്ഠാനം, വിഗ്രഹങ്ങള്‍, ചിഹ്‌നങ്ങള്‍ ഇവയെല്ലാം ആത്മശുദ്ധിക്കുമാത്രം. ഇങ്ങനെയുള്ളവയില്‍വെച്ച് അത്യന്തം ശുദ്ധികരമായിട്ടുള്ളതത്രേ ത്യാഗം. അതില്ലാതെ പരഭക്തിഭൂമികകളില്‍ പ്രവേശിപ്പാനേ സാദ്ധ്യമല്ല. ഇതു കേള്‍ക്കുമ്പോള്‍ പലരും ഭയപ്പെടുന്നു. പക്ഷേ ഇതില്ലാതെ ആത്മികപുരോഗതിയില്ല. ഏതുയോഗം അഭ്യസിപ്പാനും ത്യാഗം വേണം. അദ്ധ്യാത്മസംസ്‌കാരത്തിലേക്കു ചുവടുവെയ്ക്കാനുള്ള പടി, അതിന്റെ സാക്ഷാല്‍ കേന്ദ്രം, യഥാര്‍ത്ഥഹൃദയം, ത്യാഗമാണ്. മതംതന്നെയും ത്യാഗമത്രേ. മനുഷ്യാത്മാവ് ലൗകികവിഷയങ്ങളില്‍നിന്നൊഴിഞ്ഞ് അതിലും ആഴത്തില്‍ കിടക്കുന്ന സംഗതികളിലേക്കു പ്രവേശിപ്പാന്‍ എപ്പോള്‍ യത്‌നിക്കുന്നുവോ, ചൈതന്യസ്വരൂപനായ മനുഷ്യന്‍ ഏതോ പ്രകാരത്തില്‍ കനത്തു ജഡീഭവിച്ച് തന്മൂലം മിക്കവാറും ജഡംതന്നെയായി നശിപ്പാന്‍ പോകുന്നു എന്നറിഞ്ഞ് ആ ജഡത്തില്‍നിന്ന് എപ്പോള്‍ മുഖം തിരിക്കുന്നുവോ, അപ്പോള്‍ ത്യാഗം ആരംഭിക്കുന്നു – അപ്പോള്‍ ആദ്ധ്യാത്മികാഭിവൃദ്ധി ആരംഭിക്കുന്നു. കര്‍മ്മയോഗിയുടെ ത്യാഗം സര്‍വ്വകര്‍മ്മങ്ങളുടെയും ഫലം ത്യജിക്കുക എന്ന രൂപത്തിലാണ് കര്‍മ്മയോഗിക്കു കര്‍മ്മഫലത്തില്‍ ആസക്തിയില്ല: ഇഹത്തിലോ പരത്തിലോ ഒരു പ്രതിഫലവും അയാള്‍ക്കു വേണ്ട. രാജയോഗിയാവാട്ടെ, പ്രകൃതി മുഴുവന്‍ ജീവന്റെ അനുഭവത്തിന്നുള്ളതാണ്, അനുഭവങ്ങളുടെ ഫലം ജീവന്‍ പ്രകൃതിയില്‍നിന്നു നിത്യവിഭിന്നനാണെന്ന ബോധം സമ്പാദിക്കുകയാണ്: ജീവന്‍ ഏതു കാലത്തും ശുദ്ധചൈതന്യമായിരുന്നതല്ലാതെ ജഡവസ്തുവായിട്ടില്ല. ജഡസംബന്ധം താല്‍ക്കാലികമാണ്. അങ്ങനെയാകുവാനേ വഴിയുള്ളു, ഇതറിഞ്ഞു സാക്ഷാത്കരിക്കണം എന്നറിയുന്നു. രാജയോഗി തനിക്കു പ്രകൃതിയില്‍ നിന്നുണ്ടാവുന്ന അനുഭവങ്ങളെക്കൊണ്ട് ത്യാഗതത്ത്വം പഠിക്കുന്നു ജ്ഞാനയോഗിയുടെ ത്യാഗമാണ് ത്യാഗങ്ങളില്‍വെച്ച് തുലോം കഠിനം. ഈ കടുത്തു കട്ടിയായിക്കാണുന്ന ജഗത്താകെ ഒരു മിഥ്യാഭ്രമമാണെന്ന് അയാള്‍ ആദ്യം മുതല്‌ക്കേ സാക്ഷാത്കരിക്കണം. പ്രകൃതിയില്‍ ശക്തിപ്രകാശനമായി കാണുന്നതേതും ആത്മചൈതന്യത്തില്‍ അധിഷ്ഠിതമാണ്, പ്രകൃതിയുടേതല്ല: എല്ലാ ജ്ഞാനവും എല്ലാ അനുഭവബോധവും ആത്മാവിലാണ്, പ്രകൃതിയിലല്ല: എന്നെല്ലാം അയാള്‍ തുടക്കത്തിലേ അറിയണം. അങ്ങനെയുണ്ടായ വിവേകഖ്യാതിയുടെ ദൃഢശക്തികൊണ്ട് പ്രകൃതിബന്ധത്തില്‍നിന്നൊക്കെ തന്നെത്താന്‍ വലിച്ചുകീറി മാറിപ്പോരണം. അയാള്‍ പ്രകൃതിയെയും തത്കാര്യങ്ങളെയും ഒടുക്കത്തെ വിട നല്കി അയയ്ക്കുന്നു, മറഞ്ഞുപോകുവാന്‍ ത്യജിച്ചുകളയുന്നു, താന്‍ കേവലനായി നില്പാന്‍ യത്‌നിക്കുന്നു.
എല്ലാ ത്യാഗങ്ങളിലുംവെച്ച് ഏറ്റവും സ്വാഭാവികമെന്നു പറയാവുന്നതത്രേ ഭക്തിയോഗിയുടെ ത്യാഗം. അതില്‍ ബലപ്രയോഗമില്ല, കൈവിടേണ്ടതായൊന്നുമില്ല, വലിച്ചുകീറിക്കളയേണ്ടതായൊന്നുമില്ല. യാതൊന്നില്‍നിന്നും നമ്മെ സാഹസപ്പെട്ടു വേര്‍പെടുത്തേണ്ടതില്ല. ഭക്തന്റെ ത്യാഗം – അതു തടവറ്റ, മൃദുവായ ഒഴുക്കാണ്, നമുക്കു ചുറ്റും കാണുന്ന ദൃശ്യങ്ങളെപ്പോലെ അത്ര സ്വാഭാവികം. ഈ രൂപത്തിലുള്ള ത്യാഗം, ഏറെക്കുറെ വികൃതരൂപത്തിലെങ്കിലും, നമുക്കു ചുറ്റും നിത്യവും കാണാം. ഒരു പുരുഷന്‍ ഒരു സ്ത്രീയെ സ്നേഹിക്കുന്നു. കുറച്ചുകാലം കഴിയുമ്പോള്‍ അയാളുടെ സ്നേഹം മറ്റൊന്നിലാകുന്നു. പിന്നെ അയാള്‍ക്കു ആദ്യത്തെ സ്ത്രീയെപ്പറ്റി വിചാരമില്ല: അവള്‍ അയാളുടെ മനസ്സില്‍ നിന്ന് മൃദുവായ് തനിയെ കൊഴിഞ്ഞുപോകുന്നു. അവള്‍ ഇല്ലല്ലോ എന്നൊരു വിചാരമേ അയാള്‍ക്കില്ല. അതുപോലെ ഒരു സ്ത്രീ ഒരു പുരുഷനെ സ്നേഹിക്കുന്നു. അവള്‍ പിന്നെ മറ്റൊരു പുരുഷനെ സ്നേഹിച്ചുതുടങ്ങുമ്പോള്‍ ആദ്യപുരുഷന്‍ അവളുടെ മനസ്സില്‍നിന്ന് സ്വാഭാവികമായി മാഞ്ഞു പോകുന്നു. ആ വിധംതന്നെ ഒരാള്‍ സ്വദേശത്തെ സ്നേഹിക്കുന്നു, പിന്നീട് അയാള്‍ സ്വരാജ്യത്തെ സ്നേഹിച്ചുതുടങ്ങുന്നു. അപ്പോള്‍ അതുവരെയുണ്ടായിരുന്ന ദേശസ്നേഹം സ്വാഭാവികമായി തനിയെ വഴുതിപ്പോകുന്നു: കുറേക്കഴിഞ്ഞ് ആയാള്‍ ലോകത്തെ മുഴുവന്‍ സ്നേഹിക്കണം എന്നു മനസ്സിലാക്കുന്നു. അപ്പോള്‍ ആ സ്വരാജ്യസ്നേഹം, അതുവരെ തീവ്രമായുണ്ടായിരുന്ന രാജ്യസ്നേഹോന്മാദം, ഒരു വേദനയും ഉണ്ടാകാതെ, ബലപ്രയോഗമൊന്നും കൂടാതെ തനിയെ കൊഴിഞ്ഞുപോകുന്നു. പ്രാകൃതമനുഷ്യന്‍ ഇന്ദ്രിയസുഖങ്ങളില്‍ അതിയായി രമിക്കും. അയാള്‍ക്കു സംസ്‌കാരമുണ്ടാകുമ്പോള്‍ ബുദ്ധിപരങ്ങളായ സുഖങ്ങളില്‍ താല്‍പര്യം തോന്നിത്തുടങ്ങും, ഇന്ദ്രിയസുഖതൃപ്തി കുറഞ്ഞുംവരും. നായയ്‌ക്കോ ചെന്നായയ്‌ക്കോ തീറ്റയിലുള്ള രുചിയോടും തൃപ്തിയോടുംകൂടി ഭക്ഷണസുഖമനുഭവിപ്പാന്‍ മനുഷ്യനു സാദ്ധ്യമല്ല, എന്നാല്‍ ബുദ്ധിയുപയോഗിച്ചുണ്ടാകുന്ന സുഖലാഭങ്ങള്‍ നായയ്ക്ക് ഒരു കാലത്തും ഉണ്ടാകയില്ല. ആദികാലത്ത് സുഖാനുഭവം നീചേന്ദ്രിയങ്ങളോടു ചേര്‍ന്നിരിക്കും. പിന്നീട് ജീവിതത്തിന്റെ ഉച്ചതലങ്ങളിലെത്തുമ്പോള്‍ നീചസുഖങ്ങള്‍ കുറഞ്ഞുവരും. മനുഷ്യന്‍ മൃഗസ്വഭാവത്തോട് എത്രത്തോളം അടുത്തിരിക്കുന്നുവോ അത്രത്തോളം ഇന്ദ്രിയസുഖാസക്തി കൂടിയിരിക്കും. അതില്‍നിന്നുയര്‍ന്ന് സംസ്‌കാരം സിദ്ധിക്കുന്നതോടൊപ്പം വിദ്യാവിഷയത്തിലും സുകുമാരകലാകാര്യങ്ങളിലുമായിരിക്കും കൂടുതല്‍ സുഖാനുഭവം. അയാള്‍ പിന്നെയും പിന്നെയും ഉയര്‍ന്ന് ബുദ്ധിതലത്തെയും ചിന്താഭൂമികയെയും കടന്ന് ആദ്ധ്യാത്മികദിവ്യാനുഭൂതികളുടെ നിരപ്പിലെത്തുമ്പോള്‍ ഇന്ദ്രിയസുഖവും ചിന്താരതിയുമെല്ലാം താരതമ്യേന ശൂന്യമെന്നു തോന്നിക്കുന്ന ഒരാനന്ദം അവിടെ അനുഭവപ്പെടും ചന്ദ്രപ്രകാശത്തില്‍ നക്ഷത്രങ്ങള്‍ മങ്ങുന്നു, ചന്ദ്രന്‍ സൂര്യപ്രകാശത്തിലും മങ്ങുന്നു. ശക്തികൂടിവരുന്ന പ്രകാശത്തില്‍ ശക്തി കുറഞ്ഞവ മങ്ങിമങ്ങി ക്രമത്തില്‍ തീരെ മറഞ്ഞുപോകുംപോലെ അത്ര സ്വാഭാവികമായിട്ടാണ് ഭക്തിക്കാവശ്യമായ ത്യാഗം വന്നുചേരുന്നത്. അതു ഒന്നിനെയും നശിപ്പിച്ചിട്ടുണ്ടാകുന്നതല്ല. ഈശ്വരപ്രേമം ഉദിച്ചുതുടങ്ങുമ്പോള്‍ അതുനിമിത്തം ബുദ്ധീന്ദ്രിയസുഖപ്രേമങ്ങളെല്ലാം തനിയെ മങ്ങി ദൃഷ്ടിപഥത്തില്‍ നിന്ന് തീരെ അകന്നുപോകുന്നു, ആ ഈശ്വരപ്രേമം വളര്‍ന്ന് പരഭക്തിരൂപത്തില്‍ എത്തുന്നു ഈ പരഭക്തി എന്തെന്നറിഞ്ഞവന്റെ മുമ്പില്‍നിന്നു രൂപകല്പനകള്‍ മാറിപ്പോകുന്നു. ക്രിയാകലാപങ്ങള്‍ പറന്നുപോകുന്നു, ശാസ്ത്രവിധികളും പിന്‍മാറുന്നു, വിഗ്രഹങ്ങള്‍ അമ്പലങ്ങള്‍ പള്ളികള്‍ മതങ്ങള്‍ മതശാഖകള്‍ രാജ്യങ്ങള്‍ രാഷ്ട്രങ്ങള്‍ എന്നീ ക്ഷുദ്രോപാധികളും ബന്ധങ്ങളും എല്ലാം തനിയെ വീണുപോകുന്നു. പിന്നീട് അയാളെ ബന്ധിപ്പാനോ അയാളുടെ സ്വതന്ത്രതയെ തടയുവാനോ യാതൊന്നും അവശേഷിക്കുന്നില്ല. ഒരു കപ്പല്‍ (സഞ്ചാരത്തിനിടയില്‍) പെട്ടെന്ന് ഒരു കാന്തശിലയ്ക്കു സമീപം എത്തുന്നു. അപ്പോള്‍ അതിലുള്ള ഇരുമ്പുസാധനങ്ങള്‍ – കമ്പികള്‍, താഴുകള്‍, തണ്ടുകള്‍ – എല്ലാം കാന്തത്തിന്റെ ആകര്‍ഷണം നിമിത്തം കപ്പലില്‍നിന്ന് ഊരിപ്പോകയും കപ്പലിലെ മരപ്പലകകള്‍ ബന്ധമറ്റ് കടലില്‍ അങ്ങിങ്ങ് ഒഴുകുകയും ചെയ്യുന്നു. ഭഗവദ്കൃപ ജീവബന്ധകരങ്ങളായ തണ്ടുകളെയും താഴുകളെയും വലിച്ചകറ്റുന്നു, ജീവന്‍ മുക്തനാകയും ചെയ്യുന്നു. ഈവിധത്തില്‍ ഭക്തിക്കു സാധകമായ ത്യാഗത്തിന്റെ കാര്യത്തില്‍ കര്‍ക്കശത്വമില്ല, നീരസത്വമില്ല, ഞെരുക്കമില്ല, നിഗ്രഹമില്ല, നിരോധവുമില്ല. ഭക്തനു സഹജമായുള്ള മനോവികാരങ്ങളില്‍ ഒന്നിനെയും അമര്‍ത്തിവെയ്‌ക്കേണ്ടതില്ല. അവയെ ശക്തിപ്പെടുത്തി ഈശ്വരങ്കലേക്കു തിരിക്കുവാന്‍ യത്‌നിക്കുകയേ വേണ്ടൂ.
[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം I ഭക്തിയോഗം. അദ്ധ്യായം 11 പ്രാരംഭത്യാഗം. പേജ് 473-480]