ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനാറ് ദൈവാസുരസമ്പദ്വിഭാഗയോഗം ശ്ലോകം –
ആശ്ചര്യകാരനായ ഒരു സൂര്യന്‍ ഉദിച്ചിരിക്കുന്നു. അത് ജഗത്തിനെ ഒട്ടാകെ പ്രകാശിപ്പിക്കുന്നു. അത് സംസാരത്തിന്‍റെ മായാവിലാസങ്ങളെ നശിപ്പിക്കുന്നു. അദ്വൈതമാകുന്ന അംബുജത്തെ വിടര്‍ത്തുന്നു. ഞാന്‍ അതിനെ നമിക്കുന്നു. എന്‍റെ ഗുരുവാണ് ഈ സൂര്യന്‍. അത് അന്ധകാരാവൃതമായ രാത്രിയാകുന്ന അവിദ്യയെ അകറ്റുന്നു. ഈ സൂര്യോദയത്തില്‍ ജ്ഞാനവും അജ്ഞാനവുമാകുന്ന നക്ഷത്രങ്ങള്‍ മങ്ങിമറയുന്നു. ഇത് ജ്ഞാനികള്‍ക്ക് ആത്മസാക്ഷാത്കാരം നേടുന്നതിനുള്ള മഹനീയ ദിനത്തിന്‍റെ ശുഭോദയമാണ്.
ഈ സൂര്യോദയത്തില്‍ ആത്മജ്ഞാനദൃഷ്ടി തുറക്കപ്പെടുന്നു. അപ്പോള്‍ ജീവജാലങ്ങളാകുന്ന പക്ഷികള്‍ അവയുടെ ദേഹബുദ്ധിയാകുന്ന കൂടുകള്‍ ഉപേക്ഷിച്ച് പറന്നുപോകുന്നു. ഈ കമലാകാരന്‍റെ ഉദയത്തോടെ വാസനാബദ്ധമായ സൂഷ്മശരീരകമലത്തില്‍ ബന്ധിക്കപ്പെട്ടിരുന്ന ജീവചൈതന്യഭ്രമരം ബന്ധനത്തില്‍ നിന്നു മോചനം തേടുന്നു.
ശാസ്ത്രങ്ങളുടെ വിസംഗതയില്‍ നിന്ന് ഉത്ഭവിക്കുന്ന അന്ധകാരാവൃതമായ വിവേചനാ നദിയുടെ ഇരു തീരങ്ങളിലായി; ബുദ്ധിയും ബോധവുമാകുന്ന ചക്രവാകപക്ഷികള്‍ ഇണപിരിഞ്ഞ് കുടുങ്ങിയിരിക്കുന്നു. ഇപ്രകാരം വേര്‍പെടാനിടയായതില്‍ ദുഃഖിച്ചുകേഴുന്ന ഈ വിഹംഗമിഥുനങ്ങള്‍, ജഗത്തിനെ ജാജല്യമാനമാക്കുന്ന ചേതനത്വമായ ഗുരുസൂര്യപ്രകാശത്തിന്‍റെ വെളിച്ചത്തില്‍ പുനസ്സമാഗമം നടത്തി ആഹ്ളാദഭരിതരാകുന്നു. സൂര്യോദയത്തോടെ ദേവീവിചാരങ്ങളാകുന്ന ചോരന്മാരുടെ ഭീകരരാത്രി അവസാനിക്കുകയും, യോഗികള്‍ക്ക് ആത്മാനുഭവത്തിലേക്ക് യാത്രചെയ്യുന്നതിനുള്ള പാത ദൃശ്യമാകുകയും ചെയ്യുന്നു. ഈ സൂര്യന്‍റെ പൊള്ളുന്ന കിരണ സമൂഹം ആത്മാവാകുന്ന മണല്‍ത്തിട്ടയില്‍ പതിക്കുമ്പോള്‍ അഷ്ടമഹാസിദ്ധികളാകുന്ന മരീചികയുടെ മഹാപ്രവാഹം ഉണ്ടാകുന്നു. ഈ സൂര്യന്‍റെ വിവേകമാകുന്ന സൂര്യകാന്തരത്നത്തില്‍ ജ്ഞാനത്തിന്‍റെ അഗ്നിസ്ഫുലിംഗങ്ങള്‍ ഉണ്ടാവുകയും അത് തീജ്വാലയായി പരിണമിച്ച് സംസാരവനത്തെ എരിച്ചുകളയുകയും ചെയ്യുന്നു. ബ്രഹ്മാവസ്ഥയുടെ മദ്ധ്യാഹ്നസമയത്ത് ഈ സൂര്യന്‍ ആത്മസാക്ഷാത്കാരത്തിന്‍റെ അതയുച്ചത്തിലെത്തുമ്പോള്‍, താന്‍ ശരീരമാണെന്നുള്ള ആത്മസ്വരൂപ ഭ്രാന്തിയുടെ ഛായ കാല്‍ച്ചുവട്ടില്‍ പതിച്ച് അദൃശ്യമാകുന്നു. ഈ അവസ്ഥയില്‍ മായയാകുന്ന ഇരുണ്ടരാത്രികള്‍ അവസാനിക്കുമ്പോള്‍ വിപരീതജ്ഞാനമാകുന്ന നിദ്രയും വിശ്വാഭാസമാകുന്ന സ്വപ്നവും ആര്‍ക്കാണ് ഉണ്ടാവുക?
അദ്വൈതജാഞാനമാകുന്ന നഗരത്തില്‍ ആനന്ദത്തിന്‍റെ സമൃദ്ധി ഉണ്ടാകുമ്പോള്‍ ഐഹികസുഖങ്ങളുടെ വ്യാപനം നിലയ്ക്കുന്നു. തന്നെയുമല്ല ഈ ഗുരുസൂര്യപ്രകാശത്തില്‍ കൈവല്യത്തിന്‍റെ ഉത്തമദിനങ്ങള്‍ വിരിയുന്നു. ആത്മസ്വരൂപമാകുന്ന ഈ ആകാശരാജന്‍ ഉദയംചെയ്യുമ്പോള്‍ വിവിധദിശകളും ഉദയാസ്തമയങ്ങളും ഇല്ലാതാകുന്നു. സ്വസ്വരൂപജ്ഞാനത്തെ ആവരണം ചെയ്തിരിക്കുന്ന വിദ്യയേയും അവിദ്യയേയും നശിപ്പിച്ച് ആത്മജ്ഞാനത്തെ എല്ലായിടത്തും പ്രകടിപ്പിക്കുന്നു. അഹോ! ഇത് അദ്വിതീയമായ ഒരു സൂര്യോദയം തന്നെ. ദിനരാത്രങ്ങള്‍ക്കതീതമായി, പ്രകാശിപ്പിക്കുന്ന ഒന്നിനാലും പ്രകാശിപ്പിക്കപ്പെടാതെ, സ്വയം പ്രകാശിച്ചു നില്‍ക്കുന്ന ഈ ഗോളത്തെ, ജ്ഞാനസൂര്യനെ, ആര്‍ക്കാണ് കാണാന്‍ കഴിയുക?
വാക്കുകള്‍കൊണ്ട് വര്‍ണ്ണിക്കാന്‍ നിവൃത്തിയില്ലാത്ത ഈ ചിത്സൂര്യനെ- ശ്രീ നിവൃത്തിനാഥിനെ- ഞാന്‍ വീണ്ടും വീണ്ടും നമിക്കുന്നു. സ്തുതിക്കുന്നവന്‍ സുസ്ത്യവസ്തുവുമായി താദാത്മ്യം പ്രാപിക്കുമ്പോള്‍ മാത്രമേ സ്തുതി ഉചിതമാവുകയുള്ളൂ. വ്യക്തഭാഷണമായ വൈഖരിയും അവ്യക്തഭാഷണങ്ങളായ പരാ, പശ്യന്തി, മദ്ധ്യമ എന്നിവയും അങ്ങയെ സ്തുതിക്കാന്‍ അശക്തങ്ങളായിത്തീരുന്നു. നാമരൂപങ്ഹളില്ലാതെ വേണം അങ്ങയെ അറിയേണ്ടത്. മൗനാശ്ലേഷം കൊണ്ടുവേണം അങ്ങയെ സ്തുതിക്കേണ്ടത്. അഹന്ത ഉപേക്ഷിച്ചിട്ടുവേണം അങ്ങയെ പ്രാപിക്കേണ്ടത്.
അല്ലയോ മഹാത്മന്‍, അങ്ങയുടെ ദാസനായ ഞാന്‍ സ്തോത്രങ്ങളാകുന്ന മണികള്‍ കോര്‍ത്തിണക്കിയ രത്നഹാരം അങ്ങയെ അണിയിക്കട്ടെ. ഇത് നമ്മുടെ അദ്വൈതാവസ്ഥയുടെ ആനന്ദത്തിനു കുറവു വരുത്തുമെങ്കിലും, ഇതു സ്വീകരിച്ചാലും. സൂര്യനു മുമ്പില്‍ കൈത്തിരി കൊളുത്തിയാണ് ആരാധന നടത്തുന്നതെങ്കിലും ആരാധകന്‍റെ ആരാധനാ മനോഭാവത്തിന്‍റെ ആഴം അറിഞ്ഞുവേണം ആ ആരാധനയുടെ ഔത്കൃഷ്ട്യം നിര്‍ണ്ണയിക്കേണ്ടത്. ഒരു ശിശുവിന് വേണ്ടതും വേണ്ടാത്തതും തിരിച്ചറിയാന്‍ കഴിയുമോ? എങ്കിലും മാതാവ് തന്‍റെ ശിശുവിന്‍റെ അറിവില്ലായ്മയില്‍ പോലും ആഹ്ളാദിക്കുന്നില്ലേ? ഗ്രാമത്തില്‍ നിന്നൊഴുകിയെത്തുന്ന മലിനജലം പരിശുദ്ധഗംഗയില്‍ പതിക്കുമ്പോള്‍, അതിനോട് തിരിച്ചുപോകാന്‍ ഗംഗ ആവശ്യപ്പെടുമോ? വിഷ്ണുഭഗവാന്‍റെ വഷസ്സില്‍ ചവിട്ടി ഭൃഗു മഹര്‍ഷി ഘൊരാപരാധം ചെയ്തിട്ടും അതു തന്നോടുള്ള വാത്സല്യംകൊണ്ടുചെയ്ത ഒരു ബഹുമതിയായിട്ടല്ലേ ഭഗവാന്‍ കരുതിയത്? മേഘാവൃതമായ ആകാശം ദിനകരന്‍റെ മുന്നിലെത്തിയാല്‍ അതിനോട് മാറിപ്പോവാന്‍ അദ്ദേഹം ആവശ്യപ്പെടുമോ? അല്ലയോ ഗുരുദേവ, ദ്വൈതത്തിന്‍റെ ഭാഷയില്‍ ഞാന്‍ അങ്ങയെ സൂര്യനുമായി താരതമ്യപ്പെടുത്തിയതിന് എനിക്കു മാപ്പുതരണം.
ഞാന്‍ അങ്ങയുടെ ഗുണഗണങ്ങളെ പ്രശംസിക്കുവാന്‍ ആഗ്രഹിക്കുമ്പോള്‍ അതൊരപരാധമായി അങ്ങു കരുതരുത്. അങ്ങ് എപ്രകാരം ചിന്തിച്ചാലും അങ്ങയെ പ്രശംസിക്കണമെന്നുള്ള എന്‍റെ ആഗ്രഹത്തിന് നിവൃത്തി വരാതെ എനിക്ക് അതില്‍ നിന്നു പിന്തിരിയാന്‍ സാദ്ധ്യമല്ല. യോഗികള്‍ ഏകാഗ്രമായ ധ്യാനത്തിലൂടെ അങ്ങയെ ദര്‍ശിച്ചിട്ടുണ്ട്. വേദങ്ങള്‍ അങ്ങയെ വാനോളം പുകഴ്ത്തിയിട്ടുണ്ട്. അവരില്‍ അങ്ങു കാണിച്ചിട്ടുള്ള കാരുണ്യം എന്നിലും കാണിച്ചാലും. അങ്ങയുടെ പ്രസാദാമൃതമായ ഗീതയെക്കുറിച്ച്, സ്തുതിക്കുമ്പോള്‍ എന്‍റെ ശക്തി ഇരട്ടിയാകുന്നു. ഭാഗ്യദേവത എന്നില്‍ പുഞ്ചിരി തൂകുന്നു. കഴിഞ്ഞ അനേകം ജന്മങ്ങളില്‍ സത്യവചനം നടത്തിയ എന്‍റെ വാക്കിന്‍റെ തപശ്ചര്യകൊണ്ട് ഈ സംസാരസാഗരത്തില്‍നിന്നു രക്ഷപ്പെട്ട് ഗീതയാകുന്ന ദ്വീപില്‍ ഞാന്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. ഇത്രയും നാളുകളിലായി ഞാന്‍ സ്വരൂപിച്ച പുണ്യത്താല്‍ അങ്ങയെക്കുറിച്ചുള്ള സ്തുതിഗീതങ്ങള്‍ പാടുന്നതിന് എനിക്ക് ശക്തി ലഭിക്കുകയും ഞാന്‍ ഋണമുക്തനാവുകയും ചെയ്തിരിക്കുന്നു. ജീവിതദശയാകുന്ന കാനനത്തില്‍ പ്രവേശിച്ച ഞാന്‍ മരണമാകുന്ന ഗ്രാമത്തില്‍ തടങ്കലിലായി. എന്നാല്‍ അവിദ്യയെ കീഴടക്കാന്‍ കഴിയുന്നബലിഷ്ഠവും ബൃഹത്തുമായ ഗീതാസിദ്ധാന്തത്തെ വ്യഖ്യാനിക്കാനുള്ള കഴിവു നല്കി അങ്ങ് എന്നെ അനുഗ്രഹിച്ചതോടെ, ഞാന്‍ ആ തടങ്കലില്‍നിന്നു മോചിതനായിരിക്കുന്നു. ഐശ്വര്യദേവതയായ ലക്ഷ്മീദേവി ഒരു ദരിദ്രന്‍റെ വീട്ടില്‍ പാര്‍ക്കാന്‍ വന്നാല്‍ പിന്നെ അവന്‍ നിര്‍ദ്ധനനനാണെന്നും പറയാന്‍ കഴിയുമോ? അന്ധകാരത്തിന്‍റെ ഗേഹത്തില്‍ സൂര്യന്‍ വിരുന്നുവന്നാല്‍ ആ ഗേഹത്തില്‍ നിന്നുതന്നെയല്ലേ ലോകത്തിനു പ്രകാശം ലഭിക്കുന്നത്? പരമാത്മാവിന്‍റെ മാഹാത്മ്യത്തോടു തുലനം ചെയ്യുമ്പോള്‍ പ്രപഞ്ചം വെറുമൊരു പരമാണുവാണ്. എന്നാല്‍ ഭക്തിയുടെ ജലപ്പെരുപ്പത്തില്‍ മഗ്നരാകുന്ന തന്‍റെ ഭക്തന്മാര്‍ക്കുവേണ്ടി ഏതു രൂപമാണ് അവന്‍ കൈക്കൊള്ളാത്തത്? ഗീതയെ വിശദീകരിക്കാനുള്ള എന്‍റെ ശ്രമം, ആകാശകുസുമത്തിന്‍റെ പരിമളം ആസ്വദിക്കാന്‍ കഴിയാത്തതുപോലെ, അസാദ്ധ്യമായ കാര്യമാണ്. എന്നാല്‍ മഹാത്മാക്കളായ നിങ്ങളുടെ പ്രഭാവം കൊണ്ട് എനിക്ക് അത് സാദ്ധ്യമായിത്തീര്‍ന്നിരിക്കുന്നു. ആകയാല്‍ നിങ്ങളുടെകാരുണ്യാതിരേകത്താല്‍ ഗീതാശ്ലോകങ്ങള്‍ വ്യക്തമായും ലളിതമായും ഞാന്‍ നിങ്ങളെ വ്യാഖ്യാനിച്ചു കേള്‍പ്പിക്കാം.
പതിനഞ്ചാം അദ്ധ്യായത്തില്‍ ഭഗവാന്‍ കൃഷ്ണന്‍ ഗീതയുടെ സമ്പൂര്‍ണ്ണസിദ്ധാന്തങ്ങള്‍ സ്പഷ്ടമായി അര്‍ജ്ജുനനു വിവരിച്ചുകൊടുത്തു. വിദഗ്ദ്ധനായ ഒരു ഭിഷഗ്വരന്‍ ശരീരത്തെ ബാധിച്ചിരിക്കുന്ന രോഗം നിര്‍ണ്ണയിക്കുന്നതുപോലെ, ഭഗവാന്‍ അശ്വത്ഥവൃഷത്തിന്‍റെ ഉപമയുപയോഗിച്ച്, കാര്യകാരണസഹിതം സംസാരത്തെ – ഈ പ്രപഞ്ചത്തെ- അര്‍ജ്ജുനനു വ്യാഖ്യാനിച്ചു കൊടുത്തു. അദ്ദേഹം അക്ഷരപുരുഷനെപ്പറ്റിയും ഉപാധികള്‍കൊണ്ട് പ്രകൃതിയുമായി സംയോജിച്ചിരിക്കുന്ന ചൈതന്യത്തെപ്പറ്റിയും പ്രതിപാദിച്ചു. പിന്നീട് ഉത്തമപുരുഷനായിരിക്കുന്ന പരമാത്മാവിനെക്കുറിച്ച് വിശദീകരിച്ചു. ഗാഢമായ ആത്മജ്ഞാനമാണ് ഉത്തമപുരുഷനെ പ്രാപിക്കുന്നതിനുള്ള ഏക ഉപായമെന്നും അദ്ദേഹം വെളിവാക്കിക്കൊടുത്തു. ഇനിയും ഇതില്‍ക്കൂടുതലായി സംഗതമായ പുതിയ കാര്യങ്ങളൊന്നും ഈ അദ്ധ്യായത്തില്‍ പറയാനില്ല. എങ്കിലും ഗുരുവും ശിഷ്യനും തമ്മിലുള്ള സുദൃഢബന്ധം തുടരുകയാണ്.
മുന്‍ അദ്ധ്യായത്തില്‍ പറഞ്ഞ എല്ലാ കാര്യങ്ങളും ജ്ഞാനികള്‍ ഗ്രഹിക്കുകയും ആദരിക്കുകയും ചെയ്യുന്നെങ്കിലും, ജിജ്ഞാസുക്കള്‍ക്ക് ഇപ്പോഴും സംശയം അവശേഷിക്കുന്നു. കഴിഞ്ഞ അദ്ധ്യായത്തില്‍ ഭഗവാന്‍ പറഞ്ഞു:
അല്ലയോ മര്‍മ്മജ്ഞനായ അര്‍ജ്ജുന, ജ്ഞാനമാര്‍ഗ്ഗത്തില്‍ക്കൂടി ഒരുവന്‍ പരമാത്മാവായ എന്നെ പ്രാപിച്ചാല്‍ അവന്‍ എല്ലാമറിയുന്നവനും ഭക്തിയുടെ പരമകാഷ്ഠയില്‍ എത്തിയവനുമായിരിക്കും എന്ന്.
ജ്ഞാനത്തെപ്പറ്റി ആദ്യന്തം ദീര്‍ഘമായി ആതീവ ആനന്ദത്തോടെയാണ് ഭഗവാന്‍ വര്‍ണ്ണിച്ചിരിക്കുന്നത്. ഭഗവാന്‍ വീണ്ടും പറഞ്ഞു:
എന്‍റെ ഭക്തന്‍ എല്ലാ ഐഹികസുഖങ്ങളേയും ഉപേക്ഷിക്കുമ്പോള്‍ അവന് ആത്മസ്വരൂപദര്‍ശനം സുസാദ്ധ്യമായിത്തീരുകയും, ആനന്ദസാമ്രാജ്യത്തിലെ സിംഹാസനത്തില്‍ അവന്‍ ഉപവിഷ്ടനാവുകയും ചെയ്യുന്നു. ഈ പരമപദത്തിലെത്തുന്നതിന് ഇതുമാത്രമാണ് ഏകമാര്‍ഗ്ഗം. ബ്രഹ്മപദപ്രാപ്തിക്കുള്ള എല്ലാ ഉപായങ്ങളിലും വെച്ച് ഏറ്റവും ശ്രേഷ്ഠമായത് സ്വസ്വരൂപജ്ഞാനലബ്ദിയാണ്.
മുമുഷുക്കള്‍ ഈ ജ്ഞാനത്തിന്‍റെ മുന്നില്‍ കുതൂഹലചിത്തരായി അവരുടെ ജീവനെത്തന്നെ ആരതിയായി ഉഴിയുന്നു. ഒരു വിഷയത്തോട് നമുക്ക് പ്രേമംതോന്നിയാല്‍ അതേപ്പറ്റി കൂടുതല്‍കൂടുതലായി ചിന്തിക്കുമെന്നുള്ളത് പ്രേമത്തിന്‍റെ ലക്ഷണമാണ്.
ഈ ജ്ഞാനത്തെ കൈവരിക്കാത്ത ജിജ്ഞാസുക്കള്‍, ഇതിനെ എപ്രകാരം കൈവരിക്കാന്‍ കഴിയുമെന്നും കൈവരിച്ചുകഴിഞ്ഞാല്‍ എപ്രകാരം സംരക്ഷിക്കാന്‍ കഴിയുമെന്നും ഉള്ള കാര്യത്തില്‍ ആകാംഷാഭരിതരാണ്. ഇവര്‍ ദൈവികജ്ഞാനത്തെ എങ്ങനെ കരസ്ഥമാക്കണം, എങ്ങനെ വളര്‍ത്തിയെടുക്കണം, എന്തുകൊണ്ടാണ് അതിനെ സ്വായത്തമാക്കാന്‍ പ്രയാസമുള്ളത്, അതിന്‍റെ സമ്പാദനത്തിനു തടസമായി നില്‍ക്കുന്നത് എന്തൊക്കെയാണ്, അതിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നത് ഏതെല്ലാം ശക്തികളാണ് എന്നുള്ള വസ്തുതകളൊക്കെ അറിയാന്‍ ആഗ്രഹിക്കുന്നു. അതറിഞ്ഞാല്‍ യാഥാര്‍ത്ഥ ജ്ഞാന സമ്പാദനത്തിനു പ്രതികൂലമായ എല്ലാ സാഹചര്യങ്ങളേയും ഒഴിവാക്കി അനുകൂലമായ എല്ലാ സാഹചര്യങ്ങളേയും വളര്‍ത്തിയെടുക്കാന്‍ കഴിയും. ഭഗവാന്‍ കൃഷ്ണന്‍ ഈ ജിജ്ഞാസുക്കളുടെ ആഗ്രഹനിവൃത്തിക്കായി അദ്ദേഹത്തിന്‍റെ ഉപദേശം തുടരുകയാണ്.
യഥാര്‍ത്ഥ ജ്ഞാനത്തിനു കാരണമാവുകയും മനസമാധാനത്തെ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്ന ദൈവസമ്പത്തിന്‍റെ മാഹാത്മ്യത്തെപ്പറ്റി അദ്ദേഹം പുകഴ്ത്തുന്നു. ഇന്ദ്രിയവിഷയങ്ങളുടെ അനുഭവത്തില്‍ക്കൂടി രാഗദ്വേഷങ്ങളെ വളര്‍ത്തുന്ന ആസൂരി സമ്പത്തിന്‍റെ ഭീകരരൂപത്തെപ്പറ്റിയും ഭഗവാന്‍ വിവരിക്കുന്നുണ്ട്. ഇഷ്ടാനിഷ്ടകര്‍മ്മങ്ങള്‍ക്ക് വഴികാട്ടുന്ന ഈ രണ്ടു സമ്പത്തുകളെപ്പറ്റിയും ഒന്‍പതാം അദ്ധ്യായത്തില്‍ ചുരുക്കമായി പ്രസ്താവിച്ചിട്ടുണ്ട്. ഇതേപ്പറ്റി വിശദമായി അവിടെത്തന്നെ ചര്‍ച്ചചെയ്യേണ്ടതായിരുന്നു. എന്നാല്‍ മറ്റുവിഷയങ്ങള്‍ അന്തര്‍ഭവിച്ചതിനാല്‍ അതിനു കഴിഞ്ഞില്ല. അതുകൊണ്ട് അതേപ്പറ്റി ഭഗവാന്‍ ഈ അദ്ധ്യായത്തില്‍ ദീര്‍ഘമായി പ്രതിപാദിക്കുന്നു. ഇത് ഒന്‍പതാം അദ്ധ്യായത്തിലുള്ള പ്രസ്താവനയുടെ വിശദീകരണമായി കരുതേണ്ടതാണ്.
ജ്ഞാനസമ്പാദനത്തിനു സഹായകരവും ഹാനികരവും ആയി രണ്ടു സമ്പത്തുക്കളാണുള്ളത്. അതില്‍ ദൈവീസമ്പത്തിനെപ്പറ്റി ആദ്യം പറയാം. അത് ആത്മസാക്ഷാത്കാരത്തിന്‍റെ പാതയില്‍ ഒരുവനു താങ്ങും തണലുമായി നില്‍ക്കുന്നു. അത് തമാവൃതമായ മോഹമാകുന്ന രാത്രിയിലെ അന്ധകാരം അകറ്റുന്ന ധര്‍മ്മദ്വീപമാണ്. പരസ്പരസഹായങ്ങളായ വസ്തുക്കളെ ഒരുമിച്ചുകൂട്ടി വയ്ക്കുന്നതാണ് സമ്പത്ത് എന്നറിയപ്പെടുന്നത്. ദിവ്യമായ ആന്നദം ഉളവാക്കുകയും സദ്ഗുണങ്ങളെ പോക്ഷിപ്പിക്കുകയും ചെയ്യുന്ന ശക്തിക്കാണ് ദൈവീസമ്പത്ത് എന്നു പറയുന്നത്.