ശ്രീ രമണമഹര്‍ഷി
ഒക്ടോബര്‍ 3, 1938

ഒക്ടോബര്‍ 15, 1938

ഒരു സംഭാഷണമദ്ധ്യേ തിരുജ്ഞാനസംബന്ധര്‍ അരുണാചലത്തെപ്പറ്റി പാടിയിട്ടുണ്ടെന്നു പറഞ്ഞു. തിരുജ്ഞാനസംബന്ധരുടെ ചരിത്രത്തെ ഇങ്ങനെ സംക്ഷേപിച്ചു.

1500 വര്‍ഷങ്ങള്‍ക്കു മുമ്പേ അദ്ദേഹം ഒരാഢ്യകുലത്തില്‍ ജനിച്ചു. 3 വയസുള്ളപോള്‍ കുഞ്ഞിനെ പിതാവ് ശീര്‍കാഴി ക്ഷേത്രത്തില്‍ കൊണ്ടുപോയി. കുഞ്ഞിനെ കുളക്കരയില്‍ ഇരുത്തീട്ട് അച്ഛന്‍ കുളത്തിലിറങ്ങി ധ്യാനം ചെയ്തു. അച്ഛന്‍ വെള്ളത്തില്‍ മുങ്ങുന്നതുകണ്ട് കുഞ്ഞുകരഞ്ഞു. കരച്ചില്‍കേട്ട് ക്ഷേത്രത്തില്‍ നിന്നും പാര്‍വതീ ശിവന്മാര്‍ പ്രത്യക്ഷപ്പെട്ട് കുഞ്ഞിന് പാര്‍വ്വതിയുടെ മുലപ്പാല്‍ ഒരു കിണ്ണത്തിലൊഴിച്ചു കൊടുത്തു. കുളികഴിഞ്ഞു കുഞ്ഞിനെ എടുക്കാന്‍ വന്നപ്പോള്‍ അതിന്‍റെ വായില്‍ പാലിന്‍റെ പതകണ്ടിട്ട് എന്തു പറ്റി എന്നച്ഛന്‍ ചോദിച്ചപ്പോള്‍ തന്‍റെ ഹൃദയത്തെ ഹരിച്ച കള്ളന്‍’ എന്ന് ശിവനെ സ്തുതിച്ചു പാടുകയുണ്ടായി.

പില്‍ക്കാലത്ത് തിരുജ്ഞാനസംബന്ധര്‍ക്ക് 18‍ാം വയസ്സില്‍ വിവാഹമായി മുഹൂര്‍ത്തത്തില്‍ വിവാഹം കഴിഞ്ഞയുടനെ അദ്ദേഹം പുതിയ വധുവും മറ്റാളുകളുമായി ക്ഷേത്രത്തിനുള്ളില്‍ പ്രവേശിച്ചു. ആ സ്ഥലം മുഴുവന്‍ ജ്യോതിമയമായി കാണപ്പെട്ടു. അതിനുള്ളില്‍ കണ്ട വഴിയെ മറ്റുള്ളവരെ ശ്രീകോവിലില്‍ നടത്തി അയച്ചിട്ട് സംബന്ധരും പത്നിയും പിന്നാലേ നടന്നു പോയി. അല്പം കഴിഞ്ഞ് ജ്യോതിസ്സസ്തമിച്ചപ്പോള്‍ അതിനുള്ളിലുണ്ടായിരുന്നവര്‍ ഒളിയായി മറഞ്ഞു കഴിഞ്ഞിരുന്നു.

അക്കാലങ്ങളില്‍ അരുണാചലം കാട്ടുമൃഗങ്ങളും ആനകളും കൊണ്ട് നിറഞ്ഞതാതിരുന്നു. തന്‍റെ സഞ്ചാരകാലത്ത് അദ്ദേഹം ഒരിക്കല്‍ തിരുവണ്ണാമലക്കു 18 മൈല്‍ അകലെയുള്ള തൃക്കോയിലൂര്‍ വന്നെത്തി. അവിടെ പാറമേലുള്ള ശിവക്ഷേത്രം സുപ്രസിദ്ധമാണ്. ജ്ഞാനസംബന്ധര്‍ ഈ ക്ഷേത്രത്തിനടുത്തെത്തിയപ്പോള്‍ അരുനാചലേശ്വരന്‍ ജ്യോതിര്‍ദര്‍ശനം കൊടുത്തു. (ഇവിടെ വച്ചാണ് 17-‍ാം വയസ്സില്‍ മഹര്‍ഷിക്ക് ജ്യോതിര്‍ദര്‍ശനം ഉണ്ടായത്) പൂക്കുടയുമായി ഒരു വൃദ്ധന്‍ സംബന്ധരുടെ മുമ്പില്‍ വന്നു താന്‍ അടുത്തുള്ള കുന്നില്‍ താമസിക്കുന്ന അരുണാചലെശ്വരന്റെ ഒരു ഭൃത്യനാണെന്ന് പറഞ്ഞു. അവര്‍ രണ്ടുപേരും ചേര്‍ന്ന് അരുണാചാലേശ്വര മലയില്‍ പോയി. അവിടെ ചെന്നെത്തുന്നതിനല്പംമുമ്പ് വൃദ്ധനെ കാണാനില്ലായിരുന്നു. ഭഗവാന്‍ അരുണാചലത്തെ സ്തുതിച്ചു. ഒരു പാട്ടില്‍ പറയുന്നു: നീ ജ്ഞാനക്കട്ടിയാണ്. നിനക്കേ ഭക്തന്‍റെ ദേഹാത്മബുദ്ധിയെ മാറ്റാന്‍ കഴിയൂ. ആനക്കൂട്ടങ്ങളും മറ്റു മൃഗവ്രാതങ്ങളും ആഹാരത്തിനും സ്വച്ഛന്ദവിഹാരത്തിനും വേണ്ടി നിന്‍റെ സാനുക്കളെ ശരണം പ്രാപിക്കുന്നു.

തിരുജ്ഞാനസംബന്ധര്‍ അരുണാചലേശ്വരനെപ്പറ്റി പാടിയ 300 ശ്ലോകം ഉപമന്യുവിന്‍റെ ഭക്തവിലാസത്തിലുണ്ട്.

രമണാശ്രമത്തില്‍ താമസമുള്ള അണ്ണാമല സ്വാമി എന്ന ഭക്തന്‍റെ ഡയറിയില്‍ താഴെ പറയും പ്രകാരം കാണുന്നു.

രമണോപദേശങ്ങള്‍

1) എപ്പോഴും കര്‍മ്മത്തില്‍പെട്ടിരുന്നാലും തന്‍റെ നിജ (ആത്മ) സ്വരൂപത്തില്‍ നിന്നും അകലാതെയും ആശാരഹിതനായും ഏവന്‍ ഇരിക്കുന്നുവോ അവനേ ധീരന്‍.

2) ചോദ്യം: മോക്ഷപ്രാപ്തിക്കു ഒരുവന്‍ സര്‍വ്വസംഗ പരിത്യാഗിയായിരിക്കണമോ എന്ന ചോദ്യത്തിന്‍റെ ഉത്തരമായിരുന്നു.

രമണമഹര്‍ഷി: ‘ഞാന്‍ സര്‍വ്വവും പരിത്യജിച്ചു എന്നവകാശപ്പെടുന്നവനെക്കാളും തന്‍റെ കര്‍ത്ത്യവങ്ങളെ നിഷ്ക്കാമമായി ചെയ്തുകൊണ്ട് ഞാന്‍ ചെയ്യുന്നുവെന്ന അഭിമാനമില്ലാതിരിക്കുന്നവനാണ് വലിയവന്‍. ‘ഞാന്‍ സന്യാസിയാണ്’ എന്ന് വിചാരിക്കാത്തവര്‍ സന്യാസിയാണ് എന്ന് വിചാരിക്കുന്നവന്‍ സന്യായിയല്ല. ‘ഞാന്‍ ഗൃഹസ്ഥനാണ് എന്ന് കരുതാത്തവന്‍ സന്യാസിയാണ്.

ചോദ്യം: ഒരാള്‍ ഒന്നിനെ ഒരുവിധം പറയുന്നു. വേറൊരാള്‍ അതിനെത്തന്നെ മറ്റൊരുവിധം പറയുന്നു. സത്യം മനസിലാക്കുന്നതെങ്ങനെ?

മഹര്‍ഷി: ആരും എപ്പോഴും എവിടെയും തന്നെത്തന്നെ കാണുകയാണ്; ഒരാള്‍ തന്‍റെ പക്വതയനുസരിച്ചു ഈ ലോകത്തെയും ഈശ്വരനെയും കാണുന്നു.

നായന്മാരില്‍ ഒരാള്‍ ശിവദര്‍ശനത്തിനു കാളഹസ്ഥിയില്‍പോയി. അദ്ദേഹം അവിടെ എല്ലാവരെയും ശിവശക്തികളായിട്ടാണ് കണ്ടത്. കാരണം അദ്ദേഹം തന്നെ അങ്ങനെയാണ്. ധര്‍മ്മപുത്രര്‍, ലോകത്തുള്ള ഓരോരുത്തര്‍ക്കും ഓരോ ഗുണമുണ്ടെന്നും ആരും തന്നെക്കാള്‍ ഗുണിയാണെന്നും കണ്ടു. ധുര്യോധനാകട്ടെ സത്തമനായി ഒരാളെപ്പോലും ഈ ലോകത്ത് കാണാന്‍ കഴിഞ്ഞില്ല. ഒരോരുത്തരും അവരവരുടെ നിറം കാണിക്കുന്നു എന്നര്‍ത്ഥം.

ഈ ലോകദുഃഖത്തിനു പരിഹാരമൊന്നില്ലേ?

മഹര്‍ഷി: ഒരേ ഒരു മാര്‍ഗ്ഗമേയുള്ളൂ. ഏതു പരിതഃസ്ഥിതിയിലും താന്‍ തന്‍റെ സത്യസ്വരൂപത്തെ വിസ്മരിക്കാതിരിക്കുക. താനാരാണെന്നന്വേഷിക്കുകയും അറിയുകയും ചെയ്യുക, ഇതെ പരിഹാരമായുള്ളൂ. അതു നിത്യാനന്ദവും കൂടിയാണ്.