ചോദ്യം: ഞാന്‍ ഏകാന്തത ആഗ്രഹിക്കുന്നു. അവിടെ എനിക്കാവശ്യമുള്ള എല്ലാം ലഭിക്കുമെങ്കില്‍ മുഴുവന്‍ സമയവും ധ്യാനത്തിലിരിക്കാനും ആഗ്രഹിക്കുന്നു.
മഹര്‍ഷി: ഒരാള്‍ എവിടെ എങ്ങനെ ഇരുന്നാലെന്ത്? മനസ്സ് അതിന്‍റെ ആദിയില്‍ തന്നെ നില്ക്കുന്നുണ്ടോ എന്നാണ് നോക്കേണ്ടത്. മനസ്സ് നേരെ നിന്നില്ലെങ്കില്‍ വിജനപ്രദേശം ഒരു ചന്തയെക്കാള്‍ തിരക്കുള്ളതായിത്തോന്നും. സ്ഥൂലചക്ഷുസ്സിനെ അടച്ചിട്ടു കാര്യമില്ല. മനസ്സിനെ വേണം പൂട്ടിവയ്ക്കാന്‍.
ഒരേ സമയം ധാരാളം സന്ദര്‍ശകന്‍ വന്നു. അവര്‍ മടങ്ങിപ്പോകുമ്പോള്‍ എല്ലാവരും നമസ്ക്കരിച്ചിട്ട് ഓരോ ആളും ‘എന്നെ ഭകത്നാക്കണം, എനിക്കു മോക്ഷം തരണം എന്നും മറ്റും പറഞ്ഞു.
പിന്നീടു ഭഗവാന്‍: എല്ലാവര്‍ക്കും ഭക്തിവേണം. മോക്ഷം വേണം അവനെ എനിക്കു വിട്ടുതരാന്‍ പറഞ്ഞാല്‍ തരുകയുമില്ല. ആത്മ്മര്‍പ്പണം ചെയ്യാതെ ഭക്തിയും മുക്തിയും എങ്ങനെ സിദ്ധമാവും.
ഒരിക്കല്‍ പല ഭക്തന്മാര്‍കൂടിചേര്‍ന്നിരുന്ന് സുപ്രസിദ്ധരായ പല മുന്‍ ഭക്തന്മാരെയും പ്പറ്റി ഒരു ചര്‍ച്ച നടന്നു . അഭിപ്രായ വ്യത്യാസങ്ങള്‍ രൂക്ഷമായിത്തീര്‍ന്നപ്പോള്‍ ഭഗവാന്‍റെ അഭിപ്രായമാരാഞ്ഞു. ഭഗവാന്‍ മിണ്ടാതിരുന്നു. തര്‍ക്കം മൂത്തപ്പോള്‍ ഭഗവാന്‍:
ഭഗവാന്‍: കീര്‍ത്തി ആഗ്രഹിക്കുക മനുഷ്യസ്വഭാവമാണ്. അതു ലക്ഷ്യപ്രാപ്തിക്കു പര്യാപ്തമല്ല. ഈശ്വരന്‍റെ അംഗീകാരമുള്ളവര്‍ സാധുവായിത്തീരും. മനസ്സും ദേഹവും ഈശ്വരനര്‍പ്പിച്ചവന്‍ വിശ്വപ്രശംസനേടും.
ഒരാളിനു കാമവികാരം കലശലായുണ്ടായി . അയാളതിനെതിരെ യുദ്ധം ചെയ്തു. മൂന്നുദിവസം പട്ടിണി കിടന്നു. ഈശ്വരനെ പ്രാര്‍ത്ഥിച്ചു. ഒരുവിധം ശ്രമിച്ചു. അതിനെ പരിപൂര്‍ണ്ണമായി ശമിപ്പിക്കുന്നതെങ്ങനെയെന്നു ചോദിച്ചു.
മഹര്‍ഷി: വികാരമുണ്ടാകുന്നതാര്‍ക്കെന്നു ചിന്തിച്ചറിഞ്ഞാല്‍ മതി.
ചോദ്യം: നല്ലത് ചെയ്യുന്നവനു തിന്മയും ചീത്ത ചെയ്യുനവന് നന്മയും വന്നു ചേരുന്നതെന്ത്?
മഹര്‍ഷി: സുഖ, ദുഃഖങ്ങള്‍ മുന്‍കര്‍മ്മഫലങ്ങളാണ്. സുഖദുഃഖങ്ങള്‍ മാറി മാറി വരും. അതില്‍ പതറാതിരിക്കുന്നവനെ സന്തുഷ്ടനായിരിക്കാനൊക്കൂ.
ഈശ്വരന്‍, സൃഷ്‌ടി, അംഗവൈകല്യങ്ങളോടുകൂടിയ ഞങ്ങള്‍ എന്നിവയെപ്പറ്റി ഒരാള്‍ ചോദിച്ചു.
മഹര്‍ഷി: താനാരാണന്നറിഞ്ഞാല്‍ ഈശ്വരന്‍ അതിനുള്ളിലുണ്ടെന്നെ ബോധ്യമാവും. സൃഷ്ടിക്കു വിത്തും വൃക്ഷവും പോലുള്ള ആദിയേ ഉളളൂ. മഞ്ഞക്കാമലയുള്ളവര്‍ പറയുനതിനെ മറ്റുള്ളവര്‍ അംഗീകരിക്കുമോ?
നമസ്കാരം ഈശ്വരാര്‍പ്പണത്തെ കുറിയ്ക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ നമസ്ക്കാരങ്ങള്‍ ചെയ്തുവരുന്നത് ഈ കരുത്തിനെ വിസ്മരിച്ചുകൊണ്ടാണ്. അതു ഈശ്വരനോട് ചെയ്യുന്ന വഞ്ചനയാണ്, നമസ്കാരം കൊണ്ടുദ്ദേശിക്കുന്നത് പല പാപങ്ങളുടെയും പരിഹാരമാണ്. നമസ്കാരങ്ങള്‍ എല്ലാത്തിനെയും ഈശ്വരന്‍ അംഗീകരിക്കുന്നു എന്നാണ് മനുഷ്യന്‍റെ വിചാരം. അവന്‍ മനഃശുദ്ധിയോടു കൂടിയുരുന്നാല്‍ മതി.