ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനാറ് ദൈവാസുരസമ്പദ്വിഭാഗയോഗം ശ്ലോകം -6

ദ്വൗ ഭൂതസര്‍ഗ്ഗ ലോകേƒസ്മിന്‍
ദൈവ ആസുര ഏവ ച
ദൈവോ വിസ്തരശഃ പ്രോക്തഃ
ആസുരം പാര്‍ത്ഥ മേ ശൃണു.

അല്ലയോ പാര്‍ത്ഥ, ഈ ലോകത്തില്‍ ദൈവമെന്നും ആസുരമെന്നും രണ്ടു തരത്തില്‍ മനുഷ്യസൃഷ്ടികളുണ്ട്. ദൈവസൃഷ്ടിയെക്കുറിച്ച് വിസ്തരിച്ചുപറഞ്ഞു. ആസുരസൃഷ്ടിയെക്കുറിച്ച് ഇനിയും ഞാന്‍ പറയുന്നതു കേട്ടോളൂ.

ദൈവീസമ്പത്തിന്‍റേയും ആസുരീസമ്പത്തിന്‍റേയും ഉടമകളായ മനുഷ്യരുടെ പ്രവര്‍ത്തനം അനാദികാലം മുതല്‍ക്ക് വ്യത്യസ്തമാര്‍ഗ്ഗങ്ങളില്‍ക്കൂടി നീങ്ങിക്കൊണ്ടിരിക്കുകയാണ്. നിശാചരന്മാരുടെ വര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ രാത്രിയിലും മനുഷ്യവര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ പകലും അവരവരുടെ വ്യവഹാരങ്ങളില്‍ ഏര്‍പ്പെടുന്നതുപോലെ, ദൈവസൃഷ്ടിയിലും ആസുരസൃഷ്ടിയിലുംപെട്ടവര്‍ താന്താങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. നേരത്തേ ജ്ഞാനകഥനം നടത്തിയപ്പോള്‍ ദൈവീസമ്പത്തിനെപ്പറ്റി വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ആസുരീവര്‍ഗ്ഗത്തില്‍പ്പെട്ട ആളുകളെപ്പറ്റി ഞാന്‍ ഇപ്പോള്‍ പറയാം. ശ്രദ്ധിച്ചു കേള്‍ക്കുക. മലരില്ലാതെ മകരന്ദം ഉണ്ടാവുകയില്ല. അതുപോലെ മനുഷ്യശരീരത്തെ ആശ്രയിച്ചല്ലാതെ ആസുരീസമ്പത്തിനു പ്രത്യക്ഷപ്പെടാന്‍ സാദ്ധ്യമല്ല. എന്നാല്‍ ഈ ആസുരീകത ഒരിക്കല്‍ ശരീരത്തെ പിടികൂടിക്കഴിഞ്ഞാല്‍ അത് ഉണങ്ങിയ വിറകില്‍ അഗ്നി കത്തി വ്യാപിക്കുന്നതുപോലെ ശരീരത്തെ തന്‍റെ പിടിയിലമര്‍ത്തുന്നു. കരിമ്പ് വളരുന്നതോടൊപ്പം അതിലെ നീരും വര്‍ദ്ധിക്കുന്നതുപോലെ ദേഹത്തോടൊപ്പം ആസുരീകതയും വളര്‍ന്നുകൊണ്ടേയിരിക്കും. ധനഞ്ജയാ, ഇനിയും ആസുരീസമ്പത്തിന്‍റെ ഉടമസ്ഥരായിട്ടുള്ളവരുടെ ലക്ഷണങ്ങള്‍ പറയാം.