ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനാറ് ദൈവാസുരസമ്പദ്വിഭാഗയോഗം ശ്ലോകം -7
പ്രവൃത്തിം ച നിവൃത്തിംച
ജനാ ന വിദുരാസുരാഃ
ന ശൗചം നാപി ചാചാരോ
ന സത്യം തേഷു വിദ്യതേ.
ചെയ്യേണ്ടതെന്ത് ചെയ്യരുതാത്തതെന്ത് എന്നൊന്നും ആസുരജനങ്ങള്‍ക്ക് അറിയില്ല. അവരില്‍ ശുചിത്വമോ സദാചാരമോ സത്യനിഷ്ഠയോ ഒന്നും കാണുകയില്ല.
ആസുരസ്വഭാവമുള്ള ജനങ്ങള്‍ പ്രവൃത്തിയെന്തെന്നോ നിവൃത്തിയെന്തെന്നോ അറിയുന്നതേയില്ല. ചെയ്യേണ്ട സല്‍ക്കര്‍മ്മങ്ങളെപ്പറ്റിയോ ചെയ്യരുതാത്ത ദുഷ്കര്‍മ്മങ്ങളെപ്പറ്റിയോ അവര്‍ അജ്ഞരാണ്. പുറത്തേക്കിറങ്ങാനോ അകത്തേക്ക് കയറാനോ ഉള്ള വഴിയുണ്ടോ എന്നു കരുതാതെയാണ് ഒരു പട്ടുനൂല്‍പ്പുഴു കീടകോശമുണ്ടാക്കി അതിനുള്ളില്‍ അടച്ചിരിക്കുന്നത്. തിരിച്ചു കിട്ടുമോ എന്നാലോചിക്കാതെ ഒരു വിഡ്ഢി തന്‍റെ ധനം വഞ്ചകനു വായ്പ നല്‍കുന്നു. അതുപോലെ ചെയ്യേണ്ടതെന്തെന്നോ ചെയ്യാന്‍ പാടില്ലാത്തതെന്തെന്നോ ആസുരീവര്‍ഗ്ഗത്തിനറിവില്ല. ശുചിത്വത്തെപ്പറ്റി അവര്‍ സ്വപ്നത്തില്‍പോലും ചിന്തിക്കുകയില്ല. കല്‍ക്കരിയുടെ കറുപ്പുനിറം മാറിയെന്നുവരാം, കാക്ക വെളുത്തെന്നും വരാം. എന്നാല്‍ ഒരു മദ്യചഷകം എപ്പോഴും മലീമസമായിരിക്കുന്നതുപോലെ ആസുരീസമ്പന്നന്‍ ഒരിക്കലും പരിശുദ്ധനായിരിക്കുകയില്ല. അവന്‍ ശാസ്ത്രവിധികള്‍ ഇഷ്ടപ്പെടുന്നില്ല. അഗ്രജന്മാരുടെ പാത പിന്തുടരാന്‍ ആഗ്രഹിക്കുന്നില്ല. ധര്‍മ്മപ്രവൃത്തികള്‍ എന്തെന്നുള്ള അറിവും അവനില്ല. എവിടെയും നടന്ന് എന്തും മേയുന്ന ആടുകളെപ്പോലെയോ, ഇന്ന ദിശയെന്നു ക്ലിപ്തമില്ലാതെ ഏതു ദിക്കിലേക്കും പായുന്ന പവനനെപ്പോലെയോ, ഏതു പദാര്‍ത്ഥത്തെയും നിര്‍വ്വിഘ്നം എരിക്കുന്ന പാവകനെപ്പോലെയോ, ആസുരീസമ്പന്നര്‍ സ്വച്ഛന്ദം വിഹരിക്കുകയും സത്യത്തോട് ഒടുങ്ങാത്ത വൈരം വെച്ചുപുലര്‍ത്തുകയും ചെയ്യുന്നു. ഒരു തേളിന് അതിന്‍റെ വിഷമുള്ളുകൊണ്ട് ഇക്കിളിപ്പെടുത്താന്‍ കഴിയുമെങ്കില്‍, ആസുരീസമ്പന്നനില്‍ സത്യവും കണ്ടെത്താന്‍ കഴിയും. അവര്‍ ഒന്നും പ്രവര്‍ത്തിച്ചില്ലെങ്കില്‍പോലും സ്വാഭാവികമായും അധര്‍മ്മികളാണ്. അവരുടെ വാക്കുകള്‍ വഴിതെറ്റിക്കുന്നതായിരിക്കും. അത് ഒരു ഒട്ടകത്തിന്‍റെ അവയവങ്ങള്‍ പോലെ വിലക്ഷണവും വളഞ്ഞു തിരിഞ്ഞതുമായിരിക്കും. പുകക്കുഴലില്‍നിന്നു പുകപൊങ്ങുന്നതുപോലെയായിരിക്കും അവരുടെ വക്ത്രത്തില്‍നിന്ന് വാക്കുകള്‍ പുറത്തേക്കു വമിക്കുന്നത്.