ശ്രീ രമണമഹര്‍ഷി

ആശ്രമത്തിലുള്ളവര്‍ ചോദിച്ചു: നാമെല്ലാം കഴിഞ്ഞ ജനമ്ത്തിലെങ്ങനെയിരുന്നു?
മഹര്‍ഷി: ഈശ്വരന്‍ കാരുണ്യാതിരേകത്താല്‍ ആ അറിവ് മനുഷ്യരില്‍ നിന്ന് മാറ്റിക്കളഞ്ഞു. കഴിഞ്ഞ ജന്മം ധര്‍മ്മികളായിരുന്നു എന്നറിഞ്ഞാല്‍ അഹങ്കരിക്കും. മറിച്ചായിരുന്നുവെന്നറിഞ്ഞാല്‍ നിരാശപ്പെടും. ആത്മാവിനെ അറിഞ്ഞാല്‍ മതി.

ഒരിക്കല്‍ കാവ്യഗണപതിമുനി പറഞ്ഞു ‘പ്രതിമാസം മൂന്ന് രൂപകൊണ്ട് ഒരാളിന് ജീവിക്കാം.’
മഹര്‍ഷി: തനിക്കു വേണമെന്നുള്ളതായി ഒന്നുമില്ലെന്നറിയുന്നത്തിലാണ് സംതൃപ്തി ഇരിക്കുന്നത്.

മേജര്‍ സ്വദിക്: ലോകം സങ്കല്പമാണെന്നും നാം നോക്കിയാല്‍ മാത്രം ഉള്ളതായിട്ടിരിക്കും, ഇല്ലെങ്കില്‍ ഇല്ലാത്തതായിരിക്കുമെന്നും ഭഗവാന്‍ പറഞ്ഞിട്ടുണ്ട്. ഉറങ്ങുമ്പോള്‍ മനസ്സ് ഇരുട്ടില്‍ ലയിച്ചിരിക്കുന്നതിനാല്‍ ഞാനതിനെ കാണുന്നില്ല. എന്നാലും മറ്റുള്ളവര്‍ കണ്ടുകൊണ്ടാണല്ലോ ഇരിക്കുന്നത്. അതിനാല്‍ അതിലേക്കു വേറെ ഒരു സമഷ്ടിസങ്കല്പമുണ്ടോ എന്ന് സംശയിക്കുന്നു.

മഹര്‍ഷി: ലോകം നമ്മുടെ അടുത്തുവന്ന് താനൊരു സമഷ്ടി സങ്കല്പത്തിന്‍റെ പ്രതിഫലനമാണെന്നു പറയുന്നില്ല. നാമാണ് അതങ്ങനെയാണെന്നും ഇങ്ങനെയാണെന്നും മറ്റും പറയുന്നത്. നമ്മുടെ അഞ്ചിന്ദ്രിയങ്ങളുടെയും അനുഭവപ്രതിഷ്ഠയായി നില്‍ക്കുന്ന ലോകം. ലോകമുണ്ടെന്നതിനാധാരം നമ്മുടെ അനുഭവം മാത്രമാണ്. നാമറിയാത്തപ്പോഴും അതുണ്ടെന്നുതന്നെ പറയാം.

വര്‍ഷങ്ങള്‍ക്കുമുമ്പ് മരിച്ചുപോയ പിതാവിനെ ഒരാള്‍ സ്വപ്നംകാണുന്നു, കൂടെ ഇല്ലാത്ത ചില സഹോദരന്മാരെയും കാണുന്നു. സ്വത്ത് സംബന്ധിച്ച് താനും സഹോദരന്മാരും തമ്മില്‍ കലഹം നടക്കുമ്പോള്‍ പെട്ടെന്നുണരുന്നു. നടന്നതെല്ലാം മനസ്സിന്‍റെ കളിയാണെന്നറിഞ്ഞു താന്‍ ശക്തനാവുന്നു. അതിനാല്‍ ആഖണ്ഡാത്മാവായ തന്നെ അറിഞ്ഞാല്‍ ലോകമില്ല.

ചോദ്യം: ഭ്രൂമധ്യത്തെ ലക്ഷ്യമാക്കി ധ്യാനിക്കണമെന്നു ചിലര്‍ പറയുന്നു. അങ്ങനെയാണോ?
മഹര്‍ഷി: ‘ഞാന്‍ ഉണ്ട്’ എന്നതു ആര്‍ക്കും തീര്‍ച്ചയാണ്. അതിനെ മറന്നിട്ട് അങ്ങനെ ധ്യാനിക്കാമോ എന്നെല്ലാം ചോദികുന്നതെന്തിന്? മനസിനെ എവിടെ നിറുത്തിയാലും ആപ്പോഴത്തേക്ക് അതവിടെ നില്‍ക്കും. എന്നാല്‍ മനസ്സ് സ്ഥിരമായി അടങ്ങിനില്‍ക്കാന്‍ ‘ഞാനാര്’ എന്ന അന്വേഷണമാണ് ശരിയായ മാര്‍ഗ്ഗം.

ചോദ്യം: ധ്യാനസമയത്തിരിക്കാന്‍ പലതും ഉള്ളതില്‍ ഉയര്‍ന്ന ആസനമേത്?
മഹര്‍ഷി: നിദിധ്യാന (ആത്മധ്യാന) മാണ് എല്ലാറ്റിലും നല്ലത്. (നിദിധ്യാസനമെന്നൊരാസനമില്ല. എങ്കിലും ധ്യാനത്തെപറ്റി ഭഗവാന്‍ പറഞ്ഞ മറുപടി സൂക്ഷമം മനസ്സിലാക്കാതെ ആസനത്തെപ്പറ്റി ചോദിച്ചതിനാല്‍ വിനോദമായിപ്പറഞ്ഞതാണ്)