സ്വാര്‍ത്ഥം, കച്ചവടം, കരാറ് എന്നീ നിലകള്‍ കടന്നു ബഹുദൂരം ചെന്ന നിര്‍ഭയനായ ഭക്തന്റെ നിലയെന്ത്? “എന്റെ സര്‍വ്വസ്വവും ഞാന്‍ അങ്ങേയ്ക്കു തരുന്നു. എനിക്ക് അങ്ങയുടെ പക്കല്‍നിന്ന് ഒന്നും വേണ്ടതാനും എന്റേതെന്നു പറയാവുന്നതൊന്നും എനിക്കില്ല’, എന്നാവും ആ ഭക്തന്‍ ഭഗവാനോടു പറയുക. ഈ ഭാവം ദൃഢമായവന് പ്രേമമൊന്നുമാത്രമേ, പ്രേമത്തിന്റെ നിര്‍ഭയത്വം മാത്രമോ, ദൃഷ്ടയിലുണ്ടാവൂ. അതു ചിലതിനോടുമാത്രം എന്ന ഇടുങ്ങിയ നിലയിലുള്ളതുമല്ല, സാര്‍വ്വത്രികമായ സമഷ്ടിപ്രേമം: അതിരളവുകളില്ലാത്ത അഖണ്ഡമായ തനിപ്രേമം. ഭക്തിയോഗത്തിലെ ഈ ഗംഭീരപ്രേമഭാവം അതേ നിലയില്‍, പ്രതിമാപ്രതീകാദികളുടെ സഹായമെന്ന്യേ, ആരാധിക്കപ്പെട്ടും പ്രിയപ്പെട്ടുമിരിക്കും. ഇങ്ങനെ സര്‍വ്വത്തേയും ഉള്‍ക്കൊള്ളുന്ന ഒരാദര്‍ശത്തെ ആദര്‍ശനിലയില്‍ത്തന്നെ ആരാധിക്കുന്നതത്രേ പരഭക്തിയുടെ ശ്രേഷ്ഠസ്വഭാവം. മറ്റുള്ള ഭക്തിരൂപങ്ങളെല്ലാം പരഭക്തിയിലെക്കു ചെന്നെത്തുന്ന മാര്‍ഗ്ഗത്തില്‍ ഓരോ ഘട്ടങ്ങള്‍മാത്രം. ഭക്തിസാധനകള്‍ ശീലിക്കുമ്പോഴുണ്ടാവുന്ന ജയപരാജയങ്ങളെല്ലാം മാര്‍ഗ്ഗമദ്ധ്യത്തിലുള്ളവതന്നെ. ആ പരിശീലനത്തില്‍ സാധകന്‍ ബാഹ്യവസ്തുക്കളെ ഓരോന്നായെടുത്തു തന്റെ ആദര്‍ശത്തെ അതുകളില്‍ ആരോപിച്ചുനോക്കുന്നു. പക്ഷേ ഉള്ളില്‍ സദാ വികാസം പ്രാപിച്ചുവരുന്ന ആദര്‍ശത്തെ സാക്ഷാത്കരിപ്പാന്‍ ആ വസ്തുക്കളൊന്നും പര്യാപ്തങ്ങളെല്ലെന്നു കണ്ട് ഒന്നൊന്നായി തള്ളിക്കളയുന്നു. ബാഹ്യവസ്തുക്കളില്‍ ആദര്‍ശത്തെ സാക്ഷാത്കരിപ്പാന്‍ യത്‌നിക്കുന്നത് നിഷ്ഫലമെന്നു സാധകന്‍ ഒടുവില്‍ മനസ്സിലാക്കുന്നു: ആദര്‍ശത്തോടു താരതമ്യപ്പെടുത്തുമ്പോള്‍ ആ വസ്തുക്കള്‍ ശൂന്യപ്രായങ്ങളാണെന്നും കാണുന്നു: അങ്ങനെ കാലക്രമത്തില്‍, അത്യുന്നതവും സര്‍വസമാനവും ബുദ്ധിമാത്രവേദ്യവുമായ ആദര്‍ശത്തെ ആ നിലയില്‍ത്തന്നെ തത്ത്വദൃഷ്ട്യാ സാക്ഷാല്ക്കരിപ്പാന്‍തക്ക ശക്തി സിദ്ധിക്കയും ആ തത്ത്വം സജീവവും വാസ്തവവുമാണെന്ന് അനുഭവപ്പെടുകയും ചെയ്യുന്നു. ആ അവസ്ഥയിലെത്തിയ സാധകന്ന് പിന്നെ ഈശ്വരനുണ്ടെന്നു തെളിയിപ്പാന്‍ കഴിയുമോ ഇല്ലയോ ഈശ്വരന്നു സര്‍വ്വശക്തിത്ത്വവും സര്‍വ്വജ്ഞത്വവുമുണ്ടോ ഇല്ലയോ എന്നൊന്നും ചോദിപ്പാന്‍ തോന്നില്ല. അയാള്‍ക്ക് ഈശ്വരന്‍ പ്രേമസ്വരൂപന്‍, പ്രേമത്തിന്റെ പരമാവസ്ഥ, അതുമാത്രം: അതു മതിതാനും.
പ്രേമസ്വരൂപന്‍ സ്വയം പ്രത്യക്ഷം. ഒന്നിനെ സ്നേഹിക്കുമ്പോള്‍ ആ ഒന്ന് ഉള്ളതാണെന്നു ബോധ്യപ്പെടുവാന്‍ വേറെ തെളിവ് വേണമോ? അന്യമാര്‍ഗ്ഗക്കാര്‍ക്ക് അവര്‍ ഭാവന ചെയ്യുന്ന മജിസ്രേ്തട്ടീശ്വരന്മാര്‍ (നീതിവിധാതാക്കള്‍) ഉണ്ടെന്നു സ്ഥാപിപ്പാന്‍ വളരെയെല്ലാം തെളിവുകള്‍ ആവശ്യമാവാം. യഥാര്‍ത്ഥഭക്തനാകട്ടെ ആവിധം ഈശ്വരന്മാരെപ്പറ്റി ഭാവന ചെയ്യുന്നവനല്ല, ചെയ്‌വാന്‍ കഴിയുന്നവനുമല്ല. ഭക്തന്ന് ഭഗവാന്‍ പ്രേമമാത്രമായി വിളങ്ങുന്നു. “പ്രിയേ, ഭര്‍ത്താവെന്ന വ്യക്തിയെ ലക്ഷ്യമാക്കിയല്ല, ഭര്‍ത്താവിലിരിക്കുന്ന ആത്മാവിനെ ലക്ഷ്യമാക്കിയാണ് ഭര്‍ത്താവിനെ സ്നേഹിക്കുന്നത്, ഭാര്യയെന്ന വ്യക്തിയെ ലക്ഷ്യമാക്കിയല്ല ഭാര്യയിലിരിക്കുന്ന ആത്മാവിനെ ലക്ഷ്യമാക്കിയാണ് ഭാര്യയെ സ്നേഹിക്കുന്നത്.’ സ്വാര്‍ത്ഥമാണ് സര്‍വ്വമനുഷ്യരുടെയും സര്‍വ്വപ്രവൃത്തികള്‍ക്കും പ്രേരകം എന്ന് ചിലര്‍ പറയുന്നുണ്ട്. ആ സ്വാര്‍ത്ഥവും പ്രേമംതന്നെ, അതിനെ വ്യക്തിപരമായി താഴ്ത്തിയിരിക്കുന്നു എന്നേ ഉള്ളൂ. സര്‍വ്വത്തേയും ഉള്‍ക്കൊള്ളുന്ന വിഭുത്വത്തിലാണ് ഞാന്‍ എന്നെപ്പറ്റി വിചാരിക്കുന്നതെങ്കില്‍ എനിക്കു സ്വാര്‍ത്ഥമുണ്ടാവാന്‍ വയ്യ. നേരേമറിച്ച് ഞാന്‍ എന്തോ ചെറുതൊന്ന് എന്ന് എന്നെപ്പറ്റി തെറ്റായി വിചാരിക്കുമ്പോഴാണ് എന്റെ പ്രേമം ചെറിയൊരു വ്യക്തിയില്‍ കുടുങ്ങിച്ചുരുങ്ങുന്നത്, പ്രേമപരിധിയെ ചുരുക്കിച്ചെറുതാക്കിയതാണ് തെറ്റ് പ്രപഞ്ചത്തിലുള്ള സര്‍വ്വവസ്തുക്കളും ജന്മനാ ദിവ്യങ്ങളും പ്രേമാര്‍ഹങ്ങളുമാകുന്നു: സമഷ്ടിയെ സ്നേഹിക്കുന്നതില്‍ അതിന്റെ അംശങ്ങളായ വ്യഷ്ടികള്‍ ഉള്‍പ്പെടുമെന്നോര്‍മ്മിക്കണം. ഈ സമഷ്ടിയെയാണ് ഭക്തന്മാര്‍ ഈശ്വരനായിക്കാണുന്നത്: സ്വര്‍ഗ്ഗസ്ഥനായ പിതാവ്, സ്രഷ്ടാവ്, രക്ഷകന്‍ എന്നിങ്ങനെ പറയപ്പെടുന്ന ഈശ്വരന്മാരും അവരെസ്സംബന്ധിച്ച വിവിധസിദ്ധാന്തങ്ങളും കല്പനകളും മതഗ്രന്ഥങ്ങളുമെല്ലാം യഥാര്‍ത്ഥഭക്തന്മാര്‍ക്കു നിരര്‍ത്ഥകങ്ങളും നിഷ്ര്പയോജനങ്ങളുമാണ്: എന്തുകൊണ്ടന്നാല്‍ അവര്‍ പരമപ്രേമംകൊണ്ടും ഏകാന്തനിഷ്ഠകൊണ്ടും അതെല്ലാം കടന്നുയര്‍ന്നിരിക്കുന്നു. ഹൃദയം ശുദ്ധനിര്‍മ്മലമാക്കി അതില്‍ ദിവ്യപ്രേമാമൃതം തട്ടൊപ്പം നിറച്ചിരിക്കെ ഈശ്വരനെപ്പറ്റി (പ്രേമപരമല്ലാത്ത) മറ്റു ഭാവങ്ങള്‍ ബാലിശങ്ങളായിത്തീരുന്നു, അവ തീരെ അപര്യാപ്തങ്ങളും അയോഗ്യങ്ങളുമെന്നു തള്ളിക്കളയുകയും ചെയ്യുന്നു. ഇതത്രേ പരഭക്തിയുടെ ശക്തി. ഭക്തിയില്‍ സിദ്ധി നേടിയവന്‍ ഈശ്വരദര്‍ശനാര്‍ത്ഥം ക്ഷേത്രങ്ങളിലോ പള്ളികളിലോ പോകയില്ല. അയാള്‍ ഈശ്വരനെ ദര്‍ശിപ്പാനാവാത്ത ഒരു സ്ഥലവും കാണുന്നില്ല. ക്ഷേത്രങ്ങളിലും പുറത്തും ഈശ്വരനെ ദര്‍ശിക്കുന്ന സാധുവിന്റെ സാധുത്വത്തിലും ദുഷ്ടന്റെ ദുഷ്ടതയിലും കൂടി, അയാള്‍ക്ക് ഈശ്വരദര്‍ശനം സിദ്ധിക്കുന്നു. എന്തുകൊണ്ടെന്നാല്‍ അയാള്‍ ഈശ്വരനെ സ്വഹൃദയത്തില്‍ സാക്ഷാത്കരിച്ചിരിക്കുന്നു: അവിടുന്ന് അദ്വയസര്‍വശക്തിയായി, അക്ഷയപ്രേമജ്യോതിസ്സായി അനന്തമഹിമാവോടുകൂടി തന്റെ ഹൃദയത്തില്‍ വിളങ്ങുന്നതായി ദര്‍ശിച്ചിരിക്കുന്നു.
[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം I ഭക്തിയോഗം. അദ്ധ്യായം 18 പ്രേമസ്വരൂപനായ ഈശ്വരന് പ്രേമസ്വരൂപംതന്നെ തെളിവ്‍. പേജ് 512-514]