പരമവും പരാത്പരവുമായ ഈ ദിവ്യപ്രേമത്തിന്റെ സ്വഭാവം വിവരിപ്പാന്‍ മനുഷ്യന്റെ ഭാഷയ്ക്കു കഴിവില്ല. മനുഷ്യന്റെ ഭാവനാശക്തി പരമാവധിയോളം പറന്നുനോക്കിയാലും ആ പ്രേമത്തിന്റെ അതിരറ്റ പൂര്‍ണ്ണതയും മനോഹാരിതയും സമഗ്രമായി ഗ്രഹിപ്പാന്‍ ശക്തമല്ല. എന്നാലും, ആ പ്രേമത്തിന്റെ പര എന്നും അപര എന്നുമുള്ള ഭക്തിഭാവങ്ങളെ ശീലിച്ച് എല്ലാ രാജ്യത്തുമുണ്ടായിട്ടുള്ള ഭക്തന്മാര്‍ക്ക് തങ്ങളുടെ പ്രേമാദര്‍ശങ്ങളെ ഗ്രഹിപ്പാനും വിവരിച്ചുകൊടുപ്പാനും ഒരു മാര്‍ഗ്ഗമായി കഴിവു കുറഞ്ഞ മനുഷ്യഭാഷയെത്തന്നെ ഉപയോഗിക്കേണ്ടിവന്നിട്ടുണ്ട്. എന്നുമാത്രമല്ല, ഈ അവര്‍ണ്ണ്യമായ ദിവ്യപ്രേമത്തെ ഒരു വടിവിലാക്കിക്കാണിപ്പാന്‍ മനുഷ്യപ്രേമത്തെ അതിന്റെ വിവിധരൂപങ്ങളില്‍ ഉപയോഗിച്ചിട്ടുണ്ട്. ദിവ്യതയുള്ളവയെപ്പറ്റിയും മനുഷ്യന്നു മനുഷ്യപ്രകൃതിയിലേ ചിന്തിച്ചുകൂടൂ. വാക്കിനു ഗോചരമല്ലാത്ത നിരപേക്ഷബ്രഹ്മത്തെ ബോധിപ്പാനും മനുഷ്യനു തന്റെ സാപേക്ഷഭാഷകൊണ്ടേ കഴിയൂ. ഈ പ്രപഞ്ചംതന്നെ അപരിമിത (ബ്രഹ്മത്തെ) പരിമിതഭാഷയില്‍ എഴുതിക്കാട്ടിയതുപോലെയാകുന്നു. അതുകൊണ്ട് ഭക്തന്മാര്‍ ഈശ്വരനെയും ഭക്തിസാധനകളെയും സംബന്ധിച്ചു പറയുവാന്‍ മനുഷ്യപ്രേമത്തിനു ചേര്‍ന്ന സര്‍വസാധാരണമായ വാക്കുകളെ ഉപയോഗിക്കുന്നു. പരഭക്തിയെ വിഷയമാക്കി ഗ്രന്ഥം നിര്‍മ്മിച്ചിട്ടുള്ള മഹാന്മാരില്‍ ചിലര്‍ ഈ ദിവ്യപ്രേമം ഇന്നവിധമുള്ളതെന്നറിവാനും അനുഭവപ്പെടുത്താനും എത്രയോ വിവിധമാര്‍ഗ്ഗങ്ങളില്‍ ശ്രമിച്ചിട്ടുണ്ട്. അവര്‍ പ്രേമത്തിന്റെ പല രൂപങ്ങളും ഗ്രഹിച്ചിട്ടുള്ളതില്‍ ഏറ്റവും താഴ്ന്ന രൂപത്തെ ശാന്തം എന്നു പറയുന്നു. ഇതില്‍ പ്രേമത്തിന്റെ ചുട്ടുനീറലില്ല, ഭ്രാന്തു തലയ്ക്കു പിടിച്ചിട്ടില്ല: പ്രതിമ, പൂജ, പ്രതീകം എന്നീ പരിപാടികളില്‍നിന്നു അല്പം ഉയര്‍ന്ന്, അനക്കമറ്റ സര്‍വസാധാരണ പ്രേമം എന്നല്ലാതെ പ്രേമത്തിന്റെ തീവ്രവേഗോന്മാദഭാവം ഇതിലില്ല. ഈ ഭാവത്തിലുള്ള ഭജനത്തിന്നത്രേ ശാന്തം എന്ന പേര്‍. ലോകത്തില്‍ ചിലര്‍ പതുക്കെപ്പതുക്കെ നീങ്ങാനിഷ്ടപ്പെടുന്നതായും മറ്റു ചിലര്‍ ചുഴലിക്കാറ്റുപോലെ വന്നുപോകുന്നതായും കാണുന്നുണ്ടല്ലോ. ശാന്തഭക്തന്‍ തിടുക്കമില്ലാത്ത സ്വസ്ഥന്‍, സൗമ്യന്‍.
ഇതിനടുത്ത ഉപരിഭാവം ദാസ്യം താന്‍ ഭഗവാന്റെ ദാസനാണെന്നു ഭാവിക്കുന്ന നില, വിശ്വസ്തഭൃത്യന് തന്റെ യജമാനനോടുള്ള പ്രതിപത്തിയാകുന്നു ഇതില്‍ ആദര്‍ശം.
പിന്നെത്തേതു സഖ്യം. ഈശ്വരന്‍ എന്റെ ഉറ്റ തോഴന്‍ എന്ന ഭാവം. സ്നേഹിതന്ന് തന്റെ ഹൃദയം തുറന്നു കാണിക്കും. കുറ്റങ്ങള്‍ക്കൊന്നും സ്നേഹിതന്‍ ശകാരിക്കില്ല. എപ്പോഴും സഹായിക്കയേ ഉള്ളൂ എന്ന വിശ്വാസമുണ്ട്: സ്നേഹിതനും തനിക്കും തമ്മില്‍ തുല്യതയുണ്ട്. ഈ ഭാവത്തില്‍ ഭക്തനും ഈശ്വരനും തമ്മില്‍ തുല്യപ്രേമം അന്യോന്യം ഒഴുകുന്നുണ്ടായിരിക്കും. ഈശ്വരന്‍ നമ്മുടെ സഖാവ്, ഉറ്റ സഖാവ്: സഹായിക്കും രക്ഷിക്കും എന്നുറപ്പിച്ച് ഹൃദയത്തിലെ പരമരഹസ്യങ്ങളെയും കലവറകൂടാതെ തുറന്ന് മുമ്പില്‍ വെച്ചു കൊടുക്കാം എന്ന വിധത്തിലുള്ള സഖാവ്, തനിക്കു സമാനനായി സ്വീകരിക്കപ്പെട്ട സഖാവ്: ഇവിടെ ഭക്തന്‍ ഭഗവാനെ കളിത്തോഴനാക്കി വെച്ചിരിക്കുന്നു. പ്രപഞ്ചത്തില്‍ നാമെല്ലാം ലീലചെയ്യുകയാണെന്നു ശരിയായും പറയാം. കുട്ടികള്‍ അവരുടെ കളി കളിക്കുംപോലെ പ്രേമരൂപനായ ഭഗവാന്‍ ഈ പ്രപഞ്ചത്തോടൊപ്പം കളിക്കുന്നു. അവിടുന്നു പരിപൂര്‍ണ്ണന്‍. ഒന്നും ആവശ്യമില്ലാത്തവന്‍. നിഃസ്പൃഹന്‍. അവിടുന്ന് എന്തിനുവേണ്ടി സൃഷ്ടിക്കുന്നു? കര്‍മ്മം എപ്പോഴും ഒരാവശ്യം. നിവര്‍ത്തിപ്പാനാണ് (കുറവു തീര്‍പ്പാനാണ്). ആവശ്യം ഉണ്ടാകുന്നത് അപൂര്‍ണ്ണതനിമിത്തമാണ്. പരിപൂര്‍ണ്ണനും നിഃസ്പൃഹനുമായ ഭഗവാന്‍ നിരന്തരസൃഷ്ടികര്‍മ്മത്തില്‍ ഏര്‍പ്പെട്ടിരിപ്പാന്‍ അവിടേയ്ക്കു എന്താവശ്യം? എന്തുദ്ദേശ്യം? അവിടേയ്ക്കു സിദ്ധിക്കേണ്ടതായിട്ട് എന്തുണ്ട്? നമ്മുടെ ഭാവനയില്‍ കാണുന്ന ഏതെങ്കിലും ഒരുദ്ദേശ്യത്തിന്‌മേലാണ് ഈശ്വരന്‍ സൃഷ്ടി നടത്തുന്നതെന്നും മറ്റുമുള്ള കഥകള്‍ കഥകളുടെ നിലയില്‍ കൊള്ളാം, അല്ലാതെ അവയ്ക്കു നിലയും വിലയുമില്ല. വാസ്തവത്തില്‍ ഇതെല്ലാം ഒരു കളി: പ്രപഞ്ചം ഭഗവാന്റെ ലീലാനാടകംമാത്രം. ഇതു മുഴുവനും അവിടേയ്ക്കു രസകരമായ ഒരു വിനോദം മാത്രമാവാം. നിങ്ങള്‍ ദരിദ്രനാണെങ്കില്‍ അതൊരു നേരംപോക്കെന്നുവെച്ച് അതില്‍ രസിക്കുക: ധനികനാണെങ്കില്‍ ധനവാന്‍ എന്ന തമാശയില്‍ രസിക്കുക: അപകടങ്ങള്‍ പിണയുന്നതും നേരംപോക്ക്, സുഖാനുഭവങ്ങള്‍ വന്നുചേരുന്നത് അധികം നല്ല നേരംപോക്ക്. ഈ ലോകം ഒരു കളിയരങ്ങുമാത്രം. നാം അതില്‍ കളിച്ചു രസിക്കുന്നു, ഈശ്വരന്‍ നമ്മോടൊപ്പം കളിക്കുന്നു, നാം ഈശ്വരനോടൊന്നിച്ചും കളിക്കുന്നു. ഭഗവാന്‍ നമ്മുടെ പതിവുകളിത്തോഴന്‍. അദ്ദേഹം എത്ര ഭംഗിയായി കളിക്കുന്നു! കല്പം അവസാനിച്ചപ്പോള്‍ ഒരു കളി കഴിഞ്ഞു. പിന്നെ ഏറെക്കുറെ നേരത്തേയ്ക്ക് വിശ്രമം. പിന്നെയും എല്ലാം പുറത്ത് (രംഗത്ത്) ഇറങ്ങി കളിക്കുകയായി. ഈ വസ്തുത – ഇതെല്ലാം ഒരു ലീലയാണെന്നും നിങ്ങളും ലീലയില്‍ കൂട്ടാളികളാണെന്നും മറന്നുകളയുമ്പോള്‍ മാത്രമാണ് ദുഃഖങ്ങളും കഷ്ടപ്പാടുകളും അനുഭവമാകുന്നത്, അപ്പോഴാകുന്നു ഹൃദയം കനക്കുന്നത് (മനസ്സിടിയുന്നത്) അപ്പോള്‍ മാത്രമാണ് ജീവിതംതാങ്ങാനാവാത്ത ദുസ്സഹഭാരമായി അനുഭവപ്പെടുന്നത്. എന്നാല്‍ ഈ അരയ്ക്കാല്‍ നാഴിക നേരത്തെ ജീവിതത്തില്‍ മാറിമറിഞ്ഞുവരുന്ന സംഭവങ്ങള്‍ സ്ഥിരസത്യങ്ങളാണെന്നുള്ള ഗൗരവഭാവന വിട്ട്, ഇതു ലീലയാണ്, നാം ഈശ്വരന്റെ ലീലയില്‍ കൂട്ടുചേര്‍ന്നു ലീലയാടുന്ന രംഗംമാത്രമാണിത് എന്ന് എത്ര വേഗത്തില്‍ അറിയുന്നുവോ അത്രവേഗത്തില്‍, ഉടനടി, നിങ്ങള്‍ക്കുള്ള കഷ്ടാരിഷ്ടങ്ങള്‍ എല്ലാം നീങ്ങിപ്പോകും പ്രപഞ്ചത്തിലെ ഓരോ അണുവിലും ഈശ്വരന്‍ ലീലയാടുന്നു. ഭൂമണ്ഡലത്തെയും സൂര്യചന്ദ്രാദിമണ്ഡലങ്ങളെയും തട്ടിക്കൂട്ടിയുണ്ടാക്കുമ്പോള്‍ അവിടുന്നു ലീല നടത്തുകമാത്രമാണ്. അവിടുന്നു മനുഷ്യഹൃദയങ്ങളെക്കൊണ്ടും ജന്തുക്കളെക്കൊണ്ടും സസ്യങ്ങളെക്കൊണ്ടും കളിക്കുന്നു. നാം അവിടുത്തെ ചതുരംഗക്കരുക്കള്‍: അവിടുന്നു കരുക്കളെ പലകമേല്‍ നിരത്തി നീക്കുന്നു. ഒരിക്കല്‍ ഒരുവിധം നിരത്തുന്നു, മറ്റൊരിക്കല്‍ മറ്റൊരുവിധത്തില്‍. നാം അറിഞ്ഞോ അറിയാതെയോ ആ കളിയില്‍ സഹായിക്കുന്നു. ഹ! ഹ! എന്താനന്ദം! നാം ഈശ്വരന്റെ കളിത്തോഴന്മാര്‍!
[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം I ഭക്തിയോഗം. അദ്ധ്യായം 19 ദിവ്യപരമപ്രേമത്തിനു മാനുഷികഭാവങ്ങളില്‍ കല്പിച്ചിട്ടുള്ള വിധങ്ങള്‍. പേജ് 515-516]