അടുത്തത് വാത്‌സല്യം. ഇതില്‍ ഈശ്വരനെ നമ്മുടെ പിതാവ് എന്നല്ല അപത്യം (കുട്ടി) എന്ന നിലയിലാണ് സ്നേഹിക്കുന്നത്. ഇതിന് ഒരു പന്തികേട് തോന്നാം. പക്ഷേ ഈശ്വരന്‍ എന്ന ഭാവനയില്‍നിന്ന് ശക്തിമാഹാത്മ്യഭാവങ്ങളെ നിശ്ശേഷം നീക്കക്കളയുവാന്‍ തക്ക ഒരഭ്യാസമാണിത്. ശക്തിഭാവനയോടൊപ്പം ഭയവുമുണ്ടാകും. പ്രേമത്തില്‍ ഭയമുണ്ടാകരുത്. ഭയം, ബഹുമാനം, അനുസരണം എന്നീ ഭാവങ്ങള്‍ സ്വഭാവം ദൃഢീഭവിപ്പാന്‍ അവശ്യമാണ്. എന്നാല്‍ സ്വഭാവദാര്‍ഢ്യം വന്ന്, ശാന്തം എന്ന പ്രേമഭാവമാസ്വദിച്ച് പ്രേമത്തിന്റെ തീവ്രമാദകഭാവംകൂടി അല്പം അനുഭവിച്ചുകഴിഞ്ഞാല്‍പ്പിന്നെ (ഭയബഹുമാനാദിഭാവങ്ങള്‍ക്കു സ്ഥാനമില്ല) സാധകന്‍ സദാചാരത്തെയോ അഭ്യാസക്രമത്തെയോ പറ്റി വിചാരിക്കേണ്ടതില്ല. പിന്നെ ഈശ്വരനെപ്പറ്റി സര്‍വ്വശക്തന്‍, മഹാപ്രഭാവന്‍, അത്യുജ്ജ്വലസ്വഭാവന്‍, ജഗന്നാഥന്‍, ദേവദേവന്‍ എന്നീ ഭാവങ്ങളില്‍ ചിന്തിപ്പാന്‍ ഭക്തനു മനസ്സുവരില്ല. ഈശ്വരഭാവനയില്‍നിന്ന് ശക്തി എന്ന ഭയജനകഭാവത്തെ അടര്‍ത്തിക്കളവാനത്രേ ഈശ്വരനെ ബാലഭാവത്തില്‍ ഭജിക്കുന്നത്. ശിശുവിനെ ഭയപ്പെടുന്നഭാവം അച്ഛനമ്മമാര്‍ക്ക് ഒരിക്കലും ഉണ്ടാവില്ല. ബഹുമാനിക്കുന്ന ഭാവവും ഉണ്ടാവില്ല. അതിനോടു ഒരു വരം ആവശ്യപ്പെടുന്ന സംഗതി അവര്‍ക്കു വിചാരിപ്പാനേ സാധിക്കില്ല. അങ്ങോട്ടു വാങ്ങുന്നവന്റെ നിലയാണ് ശിശുവിന് എപ്പോഴുമുള്ളത്. ശിശുവിനോടുള്ള പ്രേമം നിമിത്തം അതിനുവേണ്ടി മാതാപിതാക്കള്‍ സ്വന്തം ശരീരങ്ങളെ നൂറുവട്ടം ത്യജിക്കും. ആയിരം ജന്മങ്ങളെപ്പോലും ബലിയായര്‍പ്പിക്കും. ഇങ്ങനെ വാത്‌സല്യഭാവത്തിലുള്ള ഭജനം ഉളവായി വളര്‍ന്നുവരുന്നത് ഈശ്വരന്‍ മനുഷ്യനായവതരിക്കും എന്നു വിശ്വസിക്കുന്ന മതശാഖകളിലാകുന്നു. മുഹമ്മദീയര്‍ക്ക് ആ ഭാവന സാദ്ധ്യമല്ല. ഈശ്വരനെ ശിശുവായി ഭാവിക്കുക എന്നു വിചാരിച്ചാല്‍ അവര്‍ ഭയംകൊണ്ടു നടുങ്ങിച്ചുളിഞ്ഞുപോകും. ക്രിസ്ത്യന്മാര്‍ക്കും ഹിന്ദുക്കള്‍ക്കും ഉണ്ണിയേശുവും ഉണ്ണിക്കൃഷ്ണനും ഉള്ളതുകൊണ്ട് അവര്‍ക്ക് അതനുഭവപ്പെടുത്തുവാന്‍ എളുപ്പമാണ്! ഇന്ത്യയിലെ സ്ത്രീകള്‍ പലപ്പോഴും തങ്ങള്‍ കൃഷ്ണന്റെ അമ്മമാരാണെന്നു ഭാവനചെയ്യാറുണ്ട്. ക്രിസ്ത്യന്‍മാതാക്കള്‍ തങ്ങള്‍ ക്രിസ്തുവിന്റെ അമ്മമാരാണെന്നു ഭാവനചെയ്താല്‍ നന്നായിരിക്കും. അത്, പാശ്ചാത്യര്‍ അവശ്യം അറിഞ്ഞിരിക്കേണ്ട ഈശ്വരമാതൃഭാവം ആ രാജ്യങ്ങളില്‍ പ്രചരിക്കുവാന്‍ സഹായിക്കും. ഈശ്വരനെക്കുറിച്ചു ഭയം, ബഹുമാനം എന്നീ മൂഢഭാവങ്ങള്‍ നമ്മുടെ ഹൃദയാന്തര്‍ഭാഗങ്ങളില്‍ വേരൂന്നിയുറച്ചിരിക്കുന്നു. ആ ഭാവങ്ങളെല്ലാം – ബഹുമാനം, ആദരവ്, ഭയം, പ്രാഭവം, ഔജ്വല്യം എന്നിവ – ഈശ്വരനോടുള്ള പ്രേമം എന്ന ഭാവത്തില്‍ മുങ്ങി മരിച്ചുപോവാന്‍ വളരെവളരെയാണ്ടുകള്‍ നീണ്ടുപേകേണ്ടിവരും.
[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം I ഭക്തിയോഗം. അദ്ധ്യായം 19 ദിവ്യപരമപ്രേമത്തിനു മാനുഷികഭാവങ്ങളില്‍ കല്പിച്ചിട്ടുള്ള വിധങ്ങള്‍. പേജ് 516-517]ഭക്തിയുടെ വാത്‌സല്യഭാവം (159)
Oct 7, 2013 | സ്വാമി വിവേകാനന്ദന്‍