മനുഷ്യപ്രേമത്തിന്റെ മറ്റൊരു രൂപത്തില്‍ക്കൂടി ഈ ദിവ്യപ്രേമത്തെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അത് മധുരമെന്നറിയപ്പെടുന്നതും മറ്റെല്ലാ രൂപങ്ങളുടെയും മീതെ നില്ക്കുന്നതുമാണ്. പ്രേമത്തിനു ലോകത്തിലുള്ള മികച്ച നിലയെ ആസ്പദിച്ചതും മനുഷ്യന്നറിയാവുന്ന പ്രേമരൂപങ്ങളില്‍വെച്ച് അത്യന്തം ശക്തികൂടിയതുമാകുന്നു ഈ രൂപം – സ്ത്രീപുരുഷന്മാര്‍ക്ക് തമ്മിലുള്ള പ്രേമം, ഈ പ്രേമംപോലെ മറ്റേതൊന്നാണ് മനുഷ്യപ്രകൃതിയെ ഇളക്കിമറിക്കുന്നത്, ഏതൊന്നാണ്. നഖശിഖാന്തം പായുന്നത്, മനുഷ്യനെ ഉന്മത്തനാക്കുന്നത്, അവന്റെ പ്രകൃതിയെ നിശ്ശേഷം വിസ്മരിപ്പിക്കുന്നത്, പ്രകൃതിയെ തീരെ മാറ്റി മാറ്റി മനുഷ്യനെ ദേവനോ അസുരനോ ആക്കുന്നത്? ഈ ദിവ്യപ്രേമഭാവത്തില്‍ ഈശ്വരന്‍ നമ്മുടെ ഭര്‍ത്താവാകുന്നു. നാമെല്ലാവരും സ്ത്രീകള്‍. ലോകത്തില്‍ പുരുഷന്മാരില്ല, പുരുഷന്‍ ഏകന്‍, ഈശ്വരന്‍: നമ്മുടെ പ്രേമഭാജനം. ഈ സാധനയില്‍ സ്ത്രീക്ക് പുരുഷനോടും പുരുഷന്ന് സ്ത്രീയോടുമുണ്ടാകുന്ന പ്രേമം സംപൂര്‍ണ്ണമായും ഈശ്വരനോടായിരിക്കേണ്ടതാണ് പ്രേമം പലതരത്തിലായി നാം ലോകത്തില്‍ കാണുന്നു: അവയെക്കൊണ്ട് ലോകര്‍ ഏറെക്കുറെ വെച്ചുകളിക്കയാണ്. എന്നാല്‍ എല്ലാ പ്രേമങ്ങളുടെയും ഏകലക്ഷ്യം ഈശ്വരനത്രേ. ഈ പ്രേമമഹാനദി നിരന്തരം ഒഴുകിക്കൊണ്ടിരിക്കുന്നത് ഏത് അനന്തസിന്ധുവിലേക്കാണെന്ന് മനുഷ്യര്‍ ദൗര്‍ഭാഗ്യവശാല്‍ അറിയുന്നില്ല. അതുനിമിത്തം പലപ്പോഴും അതിനെ മനുഷ്യപ്പാവകളിലേക്കു തിരിപ്പാന്‍ ബുദ്ധിശുന്യമായി യത്‌നിക്കുന്നു. മനുഷ്യനു സ്വന്തം ശിശുവിനോടുള്ള കൊഴുത്ത പ്രേമം ആ ശിശു എന്ന കളിപ്പാട്ടത്തോടുള്ളതല്ല. അതറിയാതെ, കണ്ണുകാണാതെ, ആ പ്രേമം ഒട്ടാകെയും ആ കുട്ടിയില്‍ നിക്ഷേപിച്ചാലത്തെ ഫലമോ ദുഃഖാനുഭവം. എങ്കിലും ആ ദുഃഖാനുഭവം ഒരു ഉണര്‍ച്ചയുണ്ടാക്കും. ആ ഉണര്‍വ്, മനുഷ്യസഹജമായ പ്രേമത്തെ മനുഷ്യനില്‍ വെച്ചാല്‍ അതു ഉടനെയോ വൈകിയോ വേദനാജനകമാകും, ദുഃഖോദര്‍ക്കമാകും, എന്ന് അറിവാക്കിക്കൊടുക്കും. (പിന്നെ ആ പ്രേമം എവിടെ വെയ്ക്കണം?) ആര്‍ക്ക് മൃതിയോ മാറ്റമോ ഇല്ലയോ, ആരുടെ പ്രേമമഹാസമുദ്രത്തില്‍ ഏറ്റമോ ഇറക്കമോ ഇല്ലയോ ആ പരാത്പരനില്‍ വേണം നമ്മുടെ പ്രേമം അര്‍പ്പിക്കുക. പ്രേമത്തെ അതിന്റെ ശരിയായ ലക്ഷ്യത്തിലെത്തിക്കണം: അതു വാസ്തവമായും അനന്തപ്രേമമഹാംഭോധിയായ ഭഗവാങ്കലേക്കൊഴുകണം. എല്ലാ പുഴകളും കടലിലേക്ക് ഒഴുകിച്ചെല്ലുന്നു: മലയരുകില്‍നിന്ന് ഇറ്റിറ്റുവീഴുന്ന ഓരോ വെള്ളത്തുള്ളിയും ചെറുതോടുകളിലോ പെരുംപുഴകളിലോ എത്തി അവിടെയും നിലകൊള്ളാതെ ഏതെല്ലാമോ വഴിക്കു ചെന്ന് സമുദ്രത്തില്‍ ചേരുന്നു. അതുപോലെ നമ്മുടെ സര്‍വ്വവികാരങ്ങളുടെയും ഉജ്വലഭാവങ്ങളുടെയും ഏകമായ ലക്ഷ്യവും പ്രാപ്യസ്ഥാനവും ഭഗവാനാകുന്നു. നമുക്കു കോപിക്കണമോ, ഭഗവാനോടു കോപിക്കുക: ശകാരിക്കണമോ, പ്രിയനെ, സഖാവിനെ ശകാരിക്കുക. നമുക്കു മറ്റാരെയെങ്കിലും കൂസലില്ലാതെ ശകാരിക്കാമോ? മര്‍ത്ത്യനായ മനുഷ്യന്‍ നിങ്ങളുടെ കോപം ക്ഷമിച്ചടങ്ങുകയില്ല, തിരിഞ്ഞടിക്കും. നിങ്ങള്‍ എന്നോടു കോപിച്ചാല്‍ അതു പൊറുത്തിരിപ്പാന്‍ ഞാനാളാവില്ല, ഉടനെ ഞാന്‍ പ്രതിക്രിയയ്‌ക്കൊരുങ്ങും. എന്നാല്‍ ” എന്തുകൊണ്ട് എന്റെ അടുക്കല്‍ വരുന്നില്ല, എന്നെ ഏകാകിയായി വിട്ടിരിക്കുന്നതെന്തിന്?” എന്ന് പ്രിയനോടു ചോദ്യംചെയ്യുക. ഈശ്വരനിലല്ലാതെ മറ്റെന്തില്‍ നാം രമിക്കും? മണ്‍കട്ടകളില്‍ എന്തു രസാനുഭവമുണ്ടാവാം? അനന്തസുഖാസ്വാദനത്തിന്റെ സത്തുതന്നെ ഉറച്ചു കട്ടിയായതിനെയാണ് നാം തേടി നേടേണ്ടത്: അത് ഈശ്വരങ്കലാണുള്ളത്! നമ്മുടെ രാഗവികാരങ്ങളെല്ലാം അങ്ങോട്ടു ചെല്ലണം, യഥാര്‍ത്ഥത്തില്‍ അവയെല്ലാം ഈശ്വരനെ ലക്ഷ്യമാക്കി പുറപ്പെട്ടവയാണ്: അതെങ്ങനെ നിശ്ചയിക്കാമെന്നാല്‍, അവ ആ ലക്ഷ്യം തെറ്റിച്ചു കീഴ്‌പോട്ടു പോയാല്‍ നീചങ്ങളും ദുഷ്ടങ്ങളുമായിത്തീരുന്നു (വേദനാജനകങ്ങളായി പരിണമിക്കുന്നു) ശരിയായ ലക്ഷ്യത്തിലേക്ക്, അതായത് ഈശ്വരങ്കലേക്ക്, നേരെ പോയാലോ അവയില്‍ ഏറ്റവും നികൃഷ്ടമായതുപോലും ദിവ്യമായിത്തീരുന്നു. മനുഷ്യന്റെ ശരീരമനസ്സുകളിലെ ശക്തികള്‍ ഏതെല്ലാം വിധം പ്രകാശിക്കുന്നവയായാലും അവയുടെ എല്ലാറ്റിന്റെയും ഒരേ പ്രാപ്യസ്ഥാനം – ഏകായനം – ഈശ്വരനത്രേ. അതുകൊണ്ട് അവയെല്ലാം -എല്ലാ പ്രേമങ്ങളും ഹൃദയവികാരാവേശങ്ങളും – ഈശ്വപരമായിത്തന്നെയിരിക്കണം. ഈശ്വരന്‍ പ്രിയതമന്‍ , പ്രേമാസ്പദന്‍. ഈ ഹൃദയത്തിലെ പ്രേമം മറ്റാരില്‍ വെയ്ക്കും? പ്രിയതമന്‍ അതിസുന്ദരന്‍, അതിഗംഭീരന്‍, സൗന്ദര്യം തന്നെയും ഗാംഭീര്യംതന്നെയും അവിടുന്ന്. അവിടുത്തേക്കാള്‍ സുന്ദരന്‍ ആരുണ്ട്? ഭര്‍ത്താവായിരിപ്പാന്‍ യോഗ്യന്‍ ആരുണ്ട്? അതുകൊണ്ട് അവിടുന്നുതന്നെയായിരിക്കട്ടെ ഭര്‍ത്താവ്, അവിടുന്നുതന്നെയായിരിക്കട്ടെ പ്രിയതമന്‍. ഈ ദിവ്യപ്രേമത്തെപ്പറ്റി ഗാനംചെയ്യുന്ന പരമഭക്തന്‍ അതിനെ വര്‍ണ്ണിപ്പാന്‍ മനുഷ്യപ്രേമത്തിന്റെ വിവിധരൂപങ്ങളെയും വിവരിക്കുന്ന ഭാഷ മതി എന്നുവെച്ചു അതുപയോഗിപ്പാന്‍ സംഗതിയായിട്ടുണ്ട്! പക്ഷേ മൂഢന്മാര്‍ക്ക് അതു മനസ്സിലാകുന്നില്ല. ഒരു കാലത്തും മനസ്സിലാകയുമില്ല. അവര്‍ മാംസചക്ഷുസ്സുകൊണ്ടാണ് നോക്കിക്കാണുന്നത്. ആദ്ധ്യാത്മികമായ പ്രേമോന്മാദത്തിന്റെ തീവ്രവേദനകള്‍ എങ്ങനെയുള്ളവയെന്ന് അവര്‍ക്കു അറിഞ്ഞുകൂടാ. അവര്‍ എങ്ങനെ അറിയും?
ഹേ പ്രിയപ്രാണനാഥ! ഒരു ചുംബനം! അങ്ങയുടെ സുധാധരങ്ങളെക്കൊണ്ടു ഒരു ചുംബനം! ഹൃദയം അതിനു വെമ്പുന്നു. അത് ഒരിക്കലനുഭവിച്ചാല്‍ മറ്റെല്ലാം മറന്ന് അങ്ങയെമാത്രം സ്മരിക്കും. സര്‍വദുഃഖങ്ങളും നശിക്കും. അങ്ങയെ പ്രാപിപ്പാനുള്ള തീവ്രാഭിലാഷം നിരന്തരം വര്‍ദ്ധിച്ചുവരും. ആ ചുംബനം ഭക്തനെ മത്തനാക്കുന്നു. മര്‍ത്ത്യനെ അമര്‍ത്ത്യനാക്കുന്നു. അതിന് ആര്‍ത്തിപ്പെടുവിന്‍. ആ ചുംബനലാഭത്താല്‍ അനുഗൃഹീതനായ ധന്യന്ന് പ്രകൃതി മുഴുവന്‍ മാറിപ്പോകുന്നു. ലോകങ്ങള്‍ മറഞ്ഞുപോകുന്നു, സൂര്യചന്ദ്രന്മാര്‍ മാഞ്ഞുപോകുന്നു. പ്രപഞ്ചമാസകലം അനന്തപ്രേമപാരവശ്യത്തില്‍ ഉരുകിച്ചേര്‍ന്നുപോകുന്നു, അതത്രേ പ്രേമോന്മാദപരിപൂര്‍ത്തി.
എന്നാല്‍ യഥാര്‍ത്ഥമായ ആദ്ധ്യാത്മികപ്രേമം അവിടെയും നിലയുറപ്പിക്കുന്നില്ല. അതുള്ള ഭക്തനു ഭാര്യാഭര്‍ത്തൃബന്ധംപോലും വേണ്ടുവോളം ലഹരിപിടിപ്പിക്കുന്നില്ല, ഉന്മാദമുണ്ടാക്കുന്നില്ല. അതുകൊണ്ട് അതിനുതക്ക ശക്തിയുള്ള ജാരപ്രേമഭാവമാണ് പിന്നെ അംഗീകരിക്കുന്നത്. അവര്‍ അതിന്റെ മര്യാദകേടിനെപ്പറ്റി നോക്കുന്നേ ഇല്ല. അതില്‍ സൈ്വരവിഹാരത്തിനു എത്രയേറെ തടസ്സമുണ്ടാകുന്നുവോ അത്രയേറെ അഭിനിവേശം കൂടിവരും. ഭാര്യാഭര്‍ത്തൃപ്രേമം ഒഴുക്കനായി പോകുന്നതാണ്. അതില്‍ തടസ്സങ്ങളില്ല. അതുകൊണ്ട് യുവതിക്കു സ്വഭര്‍ത്താവല്ലാത്ത പ്രിയനോട് (ജാരനോട്) ഉണ്ടാകുന്ന പ്രേമാവസ്ഥയാണ് ഭക്തന്‍ സ്വീകരിക്കുന്നത്. യുവതിയുടെ മാതാപിതാക്കളും ഭര്‍ത്താവും ആ പ്രേമത്തെ വിരോധിക്കുന്നു. എന്നാല്‍ അതിന്റെ ഗതിക്കു വല്ലവരും എത്രയേറെ തടസ്സമുണ്ടാക്കുന്നുവോ അത്രയേറെ ശക്തി കൂടുന്നതാണ് അതിന്റെ സ്വഭാവം. വൃന്ദാവനനികുഞ്ജങ്ങളിലിരിക്കുന്ന ശ്രീകൃഷ്ണനെ നിത്യധന്യകളായ ഗോപികമാര്‍ ഏതുവിധം കമ്പംമൂത്തു സ്നേഹിച്ചിരുന്നു എന്നും, കൃഷ്ണന്റെ വേണുനാദശ്രവണത്താല്‍ മറ്റെല്ലാം മറന്ന് – ലോകത്തെയും അതിലെ ബന്ധങ്ങളെയും കൃത്യങ്ങളെയും സുഖദുഃഖങ്ങളെയുമെല്ലാം മറന്ന് – ആ ധന്യധന്യകള്‍ എങ്ങനെ കൃഷ്ണദര്‍ശനത്തിന്നുഴറി പാഞ്ഞു പുറത്തിറങ്ങി എന്നും വിവരിപ്പാന്‍ മനുഷ്യഭാഷയ്ക്കു കഴിവില്ല. മനുഷ്യ! എടോ മനുഷ്യ! നീ വായ്‌കൊണ്ട് ദിവ്യപ്രേമം എന്നു ഘോഷിക്കുന്നു. മനസ്സുകൊണ്ട് ലൗകികമായ മിഥ്യാവിഷയങ്ങളില്‍ ശ്രദ്ധ ചെലുത്തുകയും ചെയ്യുന്നു! നിനക്ക് പാരമാര്‍ത്ഥികതയുണ്ടോ? “രാമന്‍ള്ളേടത്ത് കാമത്തിനിടമില്ല- കാമമുള്ളേടത്ത് രാമന്നും ഇടമില്ല.” രണ്ടും ഒന്നിച്ചിരിക്കില്ല- പ്രകാശവും അന്ധകാരവുമെന്നപോലെ രണ്ടുംകൂടി ഒരിടത്ത് ഒരിക്കലും ഇരിക്കില്ല.
[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം I ഭക്തിയോഗം. അദ്ധ്യായം 19 ദിവ്യപരമപ്രേമത്തിനു മാനുഷികഭാവങ്ങളില്‍ കല്പിച്ചിട്ടുള്ള വിധങ്ങള്‍. പേജ് 517-521]