ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനാറ് ദൈവാസുരസമ്പദ്വിഭാഗയോഗം ശ്ലോകം -10
കാമമാശ്രിത്യ ദുഷ്പൂരം
ദംഭമാനമദാന്വിതാഃ
മോഹാത് ഗൃഹീത്വാ സദ്ഗ്രാഹാന്‍
പ്രവര്‍ത്തന്തേƒശുചിവ്രതാഃ
ഒരിക്കലും തൃപ്തിവരാത്ത കാമത്തെ ആശ്രയിച്ചിട്ട്, ദംഭം മാനം മദം എന്നീ ദുര്‍ഗ്ഗുണങ്ങളോടുകൂടിയ അവര്‍ അശുദ്ധങ്ങളായ വ്രതാചരണങ്ങളിലും മറ്റും ഏര്‍പ്പെട്ട് അവിവേകം ഹേതുവായി അസദ്‍വൃത്തരായിത്തന്നെ ജീവിതം നയിക്കുന്നു.
ഒരു വലയ്ക്കകത്ത് വെള്ളം ഒഴിച്ചു നിറയ്ക്കാന്‍ സാദ്ധ്യമല്ല. എത്രമാത്രം ഇന്ധനം ഇട്ടുകൊടുത്താലും തപനന്‍ തൃപ്തനാവുകയില്ല. അതുപോലെ അതൃപ്തപദാര്‍ത്ഥങ്ങളുടെ മുന്‍നിരയില്‍ നില്ക്കുന്ന കാമത്തിന് ഹൃദയത്തില്‍ മുന്‍ഗണന നല്കി ജീവിതം നയിക്കുന്ന ഇവരെ ഒന്നുകൊണ്ടും തൃപ്തിപ്പെടുത്താന്‍ സാദ്ധ്യമല്ല. തന്നെയുമല്ല, ദംഭും ദുരഭിമാനവും കാമാസക്തിക്കു സഹായമായി എത്തുകയും ചെയ്യുന്നു. മദം പൊട്ടിനില്ക്കുന്ന ഒരു മത്തേഭത്തിന് മദ്യം കൂടി നല്‍കിയാല്‍ കൂടുതല്‍ ഉന്മത്തനാകുന്നതുപോലെ പ്രായം കൂടുന്തോറും ഇവരുടെ അഹങ്കാരം വര്‍ദ്ധിച്ചുവരുന്നു. മൂര്‍ഖത്വവും മര്‍ക്കടമുഷ്ടിയും ഇവരുടെ സ്വഭാവത്തില്‍ ഇടകലര്‍ന്നിരിക്കുന്നു. അപ്രകാരമുള്ളവരുടെ നിശ്ചയദാര്‍ഢ്യത്തെപ്പറ്റി എന്താണു പറയുക? മറ്റുള്ളവര്‍ക്കു കഷ്ടപ്പാടുണ്ടാക്കുന്നതിനും അവരുടെ ജീവിതം നശിപ്പിക്കുന്നതിനും വേണ്ടിയുള്ള പ്രവൃത്തികള്‍ ചെയ്യുന്നതിനാണ് ആസുരീവര്‍ഗ്ഗക്കാര്‍ ജനനം മുതല്‍ ശീലിക്കുന്നത്. ലോകം വെറും തുച്ഛമാണെന്നു കരുതുന്ന അവര്‍ അവരുടെ അപദാനങ്ങളെ പുരപ്പുറത്തുകയറിനിന്ന് കൊട്ടിഘോഷിക്കുന്നു. അവരുടെ കാമനകളുടെ വല പത്തു ദിശകളിലേക്കും വ്യാപിക്കത്തക്കവണ്ണം അവര്‍ വീശുന്നു. സ്വതന്ത്രമായി നടക്കുന്ന ഒരു പശു കണ്ണില്‍കണ്ടതെല്ലാം തിന്നു കൊഴുക്കുന്നതുപോലെ ആസുരീസമ്പന്നര്‍ അവരുടെ പാപങ്ങളെ വര്‍ദ്ധിപ്പിക്കുന്നു.