മൈസൂറില്‍ നിന്നും ഒരാള്‍ : ‘ആത്മസ്സമസ്തം മനഃകൃത്വാ’ എന്നതില്‍ അത്മാവെന്നു പറയുന്നതേതിനെയാണ്?
രമണമഹര്‍ഷി : നിങ്ങള്‍ ഉണ്ടെന്നതിനെ നിങ്ങള്‍ നിഷേധിക്കുന്നില്ല. നിഷേധിക്കുമ്പോഴേ ആത്മാവാരെന്ന ചോദ്യമുദിക്കുന്നുള്ളൂ. നിങ്ങള്‍ ഉണ്ട്. അതുകൊണ്ടാണ് ചോദ്യം ചോദിച്ചത്. ആ ‘ഉള്ള’ നിങ്ങള്‍ ആരെന്നു സ്വയം അറിയുകയേ വേണ്ടൂ.
ചോദ്യം: ഞാന്‍ ധാരാളം പുസ്തകങ്ങള്‍ വായിച്ചു. എങ്കിലും ആത്മാവിനെപ്പറ്റി ഒന്നും അറിയാന്‍ കഴിഞ്ഞിട്ടില്ല.
മഹര്‍ഷി: കാരണം പുസ്തകങ്ങളിലതില്ലെന്നതാണ്. പുസ്തകം പാണ്ഡിത്യത്തെ മാത്രമേ തരുന്നുള്ളൂ.
ചോദ്യം: ആത്മസാക്ഷാത്കാരമെന്താണ്?
മഹര്‍ഷി: നാം സാക്ഷാല്‍ ആത്മാവായിട്ടുതന്നെ ഇരിക്കുകയാണ്. ആ നിലയില്‍ സാക്ഷാല്‍ക്കരിക്കാനൊന്നുമില്ല. താന്‍ തന്നെക്കാണാന്‍ രണ്ടാത്മാക്കളുണ്ടോ? ദേഹം ഞാന്‍ (അത്മാവ്) ആണെന്ന ഭ്രമം നിമിത്തമാണങ്ങനെ തോന്നുന്നതും ചോദിക്കുന്നതും. ഉറക്കത്തില്‍ ഈ അഹന്താഭ്രമമില്ലാതെ സ്വസ്ഥിതിയിലിരിക്കുന്നതിനാല്‍ ഒരു ചോദ്യവുമില്ല. ഉണരുമ്പോള്‍ ദേഹാത്മബുദ്ധിയും ഉണരുന്നു. അഥവാ ദേഹാത്മബുദ്ധിഭ്രമമാണുറങ്ങുന്നതുമുണരുന്നതും (ആത്മാവവസ്ഥകള്‍ക്കതീതനായതിനാല്‍). അപ്പോള്‍ പ്രശ്നങ്ങളുത്ഭവിക്കുന്നു. ബാഹ്യവിഷയാദികളെ കാണാനേ ഇന്ദ്രിയാദികളാവശ്യമുള്ളൂ. മുന്‍പറഞ്ഞ സ്വസ്ഥിതിയിലിരിക്കാന്‍ അവയൊന്നും ആവശ്യമില്ല. സര്‍വ്വത്തിനും നിര്‍വികാര സാക്ഷിയാണു നാം (ആത്മാവ്). ഈ സത്യത്തെ ഉണര്‍ന്ന് താന്‍ താനായിരിക്കേണ്ടതാണ്. താന്‍ തന്നെ സാക്ഷാത്കരിക്കേണ്ട കാര്യമില്ല. താന്‍തന്നെ വിഷയീകരിച്ച് തന്നെ അറിയാനൊക്കുകയില്ല. അനാത്മാവിനെ ആത്മാവാണെന്നു കരുതുന്നതിനെ ഒഴിക്കുന്നത് ആത്മസാക്ഷാത്കാരം എന്നുപറയാം. അതായത് ഇല്ലാത്തതെന്നിരുന്നാലും ഉള്ളതാണെന്നു തോന്നിപ്പിച്ച് (സാക്ഷാല്‍) ഉള്ളതിനെ (ആത്മാവിനെ) മറയ്ക്കാന്‍ പര്യാപ്തമായ അനാത്മാകാരങ്ങളെ നിരാകരിക്കുകയാണ് ആത്മസാക്ഷാത്കാരം.