ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനാറ് ദൈവാസുരസമ്പദ്വിഭാഗയോഗം ശ്ലോകം -13, 14
ഇദമദ്യ മയാ ലബ്ദം
ഇമം പ്രാപ്സ്യേ മനോരഥം
ഇദമസ്തീദമപി മേ
ഭവിഷ്യതി പുനര്ധനംഅസൗ മയാ ഹതഃ ശത്രുര്‍-
ഹനിഷ്യേ ചാപരാനപി
ഇശ്വരോƒഹമഹം ഭോഗീ
സിദ്ധോƒഹം ബലവാന്‍ സുഖീആഢ്യോƒഭിജനവാനസ്മി
കോƒന്യോƒസ്തി സദൃശോ മയാ
യക്ഷ്യോ ദാസ്യാമി മോദിഷ്യേ
ഇത്യജ്ഞാനവിമോഹിതാ
ഇന്നു ഞാനിതു നേടി; ഞാന്‍ ഈ ആഗ്രഹം നിറവേറ്റും; എനിക്ക് ഇത്ര ഉണ്ട്; ഇത്ര സമ്പത്തുകൂടി എനിക്കുണ്ടാവും
ആ ശത്രുവിനെ ഞാന്‍ കൊന്നു. മറ്റു ശത്രുക്കളേയും ഞാന്‍ കൊല്ലും. ഞാന്‍ തന്നെയാണ് എല്ലാം നിയന്ത്രിക്കുന്നവന്‍. ഞാന്‍ ഇതെല്ലാം അനുഭവിക്കുന്നു. ഞാന്‍ സിദ്ധനാണ്; ബലവാനും സുഖിയുമാണ്.
ഞാന്‍ നല്ല കുലത്തില്‍ ജനിച്ച ശ്രേഷ്ഠനാണ്. എന്നോട് തുല്യനായി ആരുണ്ട്? ഞാന്‍ പല യാഗങ്ങളും ചെയ്യും. ഞാന്‍ ദാനം ചെയ്യും. ഞാന്‍ സുഖിക്കും. എന്നിങ്ങനെ അജ്ഞാനംകൊണ്ട് മൂഢന്മാരായ അവര്‍ കരുതുന്നു.
ഈ ആസുരീ സമ്പന്നന്മാര്‍ പറയുന്നു: ഞാന്‍ മറ്റുള്ളവരുടെ ധനം കൈവശപ്പെടുത്തിയിരിക്കുന്നു. ഹാ! ഞാന്‍ എത്രമാത്രം അനുഗ്രഹീതനാണ്. ഇതു പറഞ്ഞുകഴിയുമ്പോഴേക്കും മറ്റൊരു ആഗ്രഹം അവന്‍റെ മനസ്സിനെ അടിപ്പെടുത്തിക്കഴിഞ്ഞിരിക്കും അപ്പോള്‍ അവന്‍ തുടരും ഞാന്‍ മറ്റുള്ളവരെ കൊള്ളയടിക്കും. ആ ധനംകൊണ്ട് ഞാന്‍ ധാരാളം സ്ഥാവരജംഗമവസ്തുക്കള്‍ സമ്പാദിക്കും. ഞാന്‍ ഈ ലോകത്തിലുള്ള എല്ലാറ്റിന്‍റേയും നാഥനായിരിക്കും. എന്‍റെ ദൃഷ്ടിയിലെത്തുന്ന എല്ലാ ധനവും ഞാന്‍ സംഭരിക്കും ഹാ! ഹാ! ഹാ!
ഞാന്‍ ചുരുക്കം പേരെ മാത്രമേ ഇതുവരെയായി വധിച്ചിട്ടുള്ളൂ. ഞാന്‍ കൂടുതല്‍ ആളുകളെ വധിച്ച് സുഖസമൃദ്ധമായ ഒരു ജീവിതം നയിക്കും. ഞാന്‍ എല്ലാവരേയും എന്‍റെ അടിമകളാക്കും. അതിനു വഴിപ്പെടാത്തവരെ ഞാന്‍ വധിക്കും. ചുരുക്കത്തില്‍ ഞാന്‍ ഈ വിശ്വത്തില്‍ വിശ്വനായകനായി വാഴും. ഞാന്‍ ഈ ലോകത്തിലുള്ള എല്ലാ സുഖങ്ങളും അനുഭവിക്കും. എന്‍റെ ഐശ്വര്യം കണ്ട് ദേവലോകത്തിന്‍റെ അധിപതിയായ ദേവേന്ദ്രന്‍പോലും അസൂയപ്പെടും. ഞാന്‍ മനസാ വാചാ കര്‍മ്മണാ ചെയ്യാന്‍ ആഗ്രഹിക്കുന്നതൊക്കെ എങ്ങനെയാണ് സാധിക്കാതിരിക്കുന്നത്? എന്നെ ശാസിക്കാന്‍ ആരുണ്ട്? എന്നെ അനുസരിക്കാതിരിക്കുന്നത് ആരാണ്? എന്‍റെ പ്രാഭവം കാണുന്നതുവരെ മാത്രമേ മരണത്തിനുപോലും അതിന്‍റെ പ്രാഭവത്തെപ്പറ്റി വീമ്പിളക്കാന്‍ കഴിയൂ. യഥാര്‍ത്ഥത്തില്‍ ഈ ലോകത്തിലുള്ള സകല സുഖത്തിന്‍റേയും സങ്കേതം ഞാന്‍ മാത്രമാണ്.
വൈശ്രവണന്‍ കുബേരനാണെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ അവന്‍ പോലും എനിക്കു സമനല്ല. സമ്പത്തിന്‍റെ ദേവതയായ ലക്ഷ്മീദേവിയും എന്നോടൊപ്പം സമ്പന്നയല്ല. എന്‍റെ കുല ശ്രേഷ്ഠതയും കുടുംബമഹിമയും ബന്ധുമിത്രാദികളുടെ എണ്ണവും കണക്കാക്കുമ്പോള്‍ ബ്രഹ്മദേവന്‍ എത്രയോ നിസ്സാരനാണ്. നശിച്ചു തുടങ്ങിയിരിക്കുന്ന ആഭിചാര കര്‍മ്മത്തെ ജീര്‍ണ്ണോദ്ധാരണം നടത്തി മറ്റുള്ളവര്‍ക്കു ദുഃഖം ഉണ്ടാക്കത്തക്കവണ്ണം ഞാന്‍ യാഗങ്ങള്‍ നടത്തും. എന്നേപ്പറ്റി സ്തുതിഗീതങ്ങള്‍ പാടുന്നവര്‍ക്കും നാടക നൃത്താദികളില്‍ക്കൂടി എന്നെ രസിപ്പിക്കുന്നവര്‍ക്കും ഞാന്‍ പാരിതോഷികം നല്‍കും. മദ്യത്തിലും മദിരാക്ഷിയിലും കൂടെ ഈ ലോകത്തില്‍ അനുഭവിക്കാവുന്ന എല്ലാ സുഖങ്ങളും ഞാന്‍ ആസ്വദിക്കും.
ചുരുക്കിപ്പറഞ്ഞാല്‍ ആസുരപ്രകൃതികൊണ്ട് ഇപ്രകാരം ഭ്രാന്തന്മാരായിത്തീര്‍ന്ന ഇവര്‍ ആകാശകുസുമത്തിന്‍റെ സൗരഭ്യംപോലും ആസ്വദിക്കാന്‍ ആശിക്കുന്നു.