ഒരു കൂറ്റന്‍ തീവണ്ടിയന്ത്രം റെയിലില്‍ക്കൂടി അങ്ങു പാഞ്ഞുപോകെ അതിലൊരു പാളത്തിന്‍മേല്‍ ഇഴഞ്ഞിരുന്ന ഒരു ചെറുപുഴു വണ്ടിയുടെ വഴിയില്‍നിന്നു വലിഞ്ഞുമാറി രക്ഷപ്പെട്ടു. ആ ക്ഷുദ്രകീടം ഒരു നൊടിക്കുള്ളില്‍ അരഞ്ഞുചാകാന്‍ മാത്രം അത്ര നിസ്സാരമാണെങ്കിലും അതു ജീവനുള്ളൊരു വസ്തുവാണ്. അതേ സമയം ആ തീവണ്ടി എത്ര വലുത്, എത്ര ഗംഭീരം! എങ്കിലും അതു പരതന്ത്രം, വെറും യന്ത്രം. ഒന്നു സജീവമാണെന്നും മറ്റേത് നിര്‍ജ്ജീവമായ വെറും ജഡവസ്തുവാണെന്നും നിങ്ങള്‍ പറയുന്നു. ആ ജഡത്തിന്റെ വീര്യബലവേഗങ്ങളെല്ലാം യാന്ത്രികമാണ്, ചത്ത ഒരു യന്ത്രശില്പത്തിന്റേതാണ്. ഭീമാകാരമായ വണ്ടിയോടു താരതമ്യപ്പെടുത്തുമ്പോള്‍ റെയിലില്‍ ഇഴഞ്ഞിരുന്ന ചെറുകീടം യന്ത്രത്തിന്റെ സ്പര്‍ശലേശത്താല്‍ത്തന്നെ ചാകത്തക്ക അല്പവസ്തുവാണെങ്കിലും ആ വലിയ വണ്ടിയെ അപേക്ഷിച്ച് ഒരു മഹനീയസത്വമാണ്. അത് അനന്തചൈതന്യത്തിന്റെ ചെറിയൊരംശമാണ്. അതുകൊണ്ട് ഈ ഉരത്ത യന്ത്രത്തെക്കാള്‍ മഹത്തരവുമാണ്. എന്തുകൊണ്ട്? ചൈതന്യത്തെ ജഡത്തില്‍നിന്ന് എങ്ങനെ തിരിച്ചറിയാം? യന്ത്രം, അതിനെ നിര്‍മ്മിച്ചവന്‍ നിശ്ചയിച്ചപോലെ എല്ലാം യാന്ത്രികമായി ചെയ്യുന്നു. അതിന്റെ ചലനങ്ങള്‍ ചേതനത്തിന്റേതല്ല. അപ്പോള്‍, ചേതനത്തെ ജഡത്തില്‍നിന്ന് എങ്ങനെ വിവേചിക്കാം? ചേതനത്തിനു സ്വാതന്ത്ര്യമുണ്ട്, ജ്ഞാനശക്തിയുണ്ട്. ജഡത്തില്‍ എല്ലാം നിയന്ത്രിതമാണ്, ബദ്ധമാണ്, ചൈതന്യമില്ലാത്തതുകൊണ്ടു സ്വാതന്ത്ര്യം സാധ്യമല്ല. യന്ത്രങ്ങളില്‍നിന്നു നമ്മെ വിശേഷിപ്പിക്കുന്ന ഈ സ്വാതന്ത്ര്യത്തിനുവേണ്ടിയാണ് നാമെല്ലാവരും പ്രയത്‌നിക്കുന്നത്. നമ്മുടെ പ്രയത്‌നങ്ങളുടെയെല്ലാം ലക്ഷ്യം കൂടുതല്‍ സ്വതന്ത്രരാവാനാണ്. എന്തെന്നാല്‍ പരിപൂര്‍ണ്ണസ്വാതന്ത്ര്യത്തിലേ പരിപൂര്‍ണ്ണതയുണ്ടാവൂ. സ്വാതന്ത്ര്യ(മോക്ഷ)ത്തിനുവേണ്ടിയുള്ള ഈ യത്‌നം നമ്മുടെ സര്‍വ്വവിധമായ ആരാധനയിലും നാം അറിഞ്ഞോ അറിയാതെയോ അന്തര്‍ഭവിച്ചിരിക്കുന്നു.
ലോകത്തിലെ പലതരം ആരാധനാസമ്പ്രദായങ്ങളെയും പരിശോധിച്ചാല്‍, മനുഷ്യവര്‍ഗ്ഗത്തിലെ ഏറ്റവും പ്രാകൃതന്‍മാര്‍ ഭൂതപ്രേതപിശാചാദികളെയും കുലദേവതകളെയും നാഗത്താന്‍മാരെയും മറ്റും ആരാധിക്കുന്നതായിക്കാണാം. അവര്‍ എന്തിനിങ്ങനെ ചെയ്യുന്നു? എന്തുകൊണ്ടെന്നാല്‍, ഈ സത്വങ്ങള്‍ എങ്ങനെയോ തങ്ങളെക്കാള്‍ മഹിമയേറിയവരും കരുത്തുകൂടിയവരും തങ്ങളുടെ സ്വാതന്ത്ര്യത്തെ ബാധിക്കുന്നവരുമാണെന്ന് ആ പ്രാകൃതന്‍മാര്‍ വിശ്വസിക്കുന്നു. അതുകൊണ്ടു തങ്ങള്‍ക്കു ബാധയില്ലാതിരിക്കുവാന്‍, അതായത് കൂടുതല്‍ സ്വാതന്ത്ര്യം കിട്ടുവാന്‍വേണ്ടി, ഈ സത്വങ്ങളെ പ്രസാദിപ്പിക്കാന്‍ അവര്‍ നോക്കുന്നു. കൂടാതെ, സ്വന്തം പരിശ്രമംകൊണ്ടു നേടേണ്ടതിനെ ദേവന്‍മാരില്‍നിന്നു പ്രീതിദത്തമായി ലഭിക്കാമെന്നു കരുതിയും ഈ അലൗകികസത്വങ്ങളെ അവര്‍ പ്രീണിപ്പിക്കാന്‍ ശ്രമിക്കുന്നു.
ഒട്ടാകെ നോക്കുമ്പോള്‍, ലോകം ഒരദ്ഭുതത്തെ പ്രതീക്ഷിക്കുന്നുവെന്നാണ് ഇതു കാണിക്കുന്നത്. ഈ പ്രതീക്ഷ നമ്മെ വിട്ടുപോകുന്നില്ല. നാം എത്രതന്നെ യത്‌നിക്കുന്നെങ്കിലും നമ്മളെല്ലാം അസാധാരണവും ആശ്ചര്യകരവുമായ ഏതോ ഒന്നിനുവേണ്ടി ഓടുകയാണ്. മനസ്സെന്നുവെച്ചാല്‍ ജീവിതത്തിന്റെ അര്‍ത്ഥത്തെയും രഹസ്യത്തെയും പറ്റി അവിരതമായ അന്വേഷണമല്ലാതെ മറ്റെന്താണ്? അസംസ്‌കൃതജനങ്ങള്‍ മാത്രമാണ് ഇതിന്റെയെല്ലാം പിന്നാലെ പോകുന്നതെന്ന് ഒരുപക്ഷേ നാം പറയുമായിരിക്കാം. എന്നാലും, അതെന്തിന് എന്നുള്ള ചോദ്യം പിന്നെയും ശേഷിക്കുന്നു. ജൂതന്‍മാര്‍ ഒരദ്ഭുതത്തെ ആവശ്യപ്പെട്ടുകൊണ്ടിരുന്നു. ലോകം മുഴുവനും, അനേകായിരം സംവല്‍സരങ്ങളായി അതുതന്നെ ആഗ്രഹിച്ചുകൊണ്ടിരിക്കുകയാണ്. കൂടാതെ, ലോകവ്യാപകമായ അസംതൃപ്തിയുമുണ്ട്. ഒരു ലക്ഷ്യം വെച്ചു പകുതി വഴി പോകുമ്പോഴേക്കും നാം പുതിയ ഒന്നു കല്പിക്കുകയായി. നാം വളരെ കഷ്ടപ്പെട്ട് ഏതെങ്കിലുമൊന്നു നേടും. അപ്പോള്‍ കാണാം അതല്ല നമുക്കാവശ്യമെന്ന്. ഈ അസംതൃപ്തി തുടരെത്തുടരെ നമുക്കുണ്ടാകുന്നു. ഈ അസംതൃപ്തിയേ ഉള്ളുവെങ്കില്‍, നമ്മുടെ മനസ്സില്‍ പിന്നെ എന്താണിരിക്കുന്നത് ഈ സാര്‍വ്വത്രികമായ അസംതൃപ്തിയുടെ അര്‍ത്ഥമെന്ത്? മനുഷ്യന്റെ ലക്ഷ്യം എന്നും സ്വാതന്ത്ര്യമാണ് എന്നുള്ളതുതന്നെ. എപ്പോഴും അതാണവന്റെ നേട്ടം: അവന്റെ ജീവിതം മുഴുവന്‍ അതിനുള്ള യത്‌നമാണ്. ഒരു ശിശു, ജനിക്കുന്ന നിമിഷംതന്നെ, നിയമങ്ങള്‍ക്കെതിരെ കുതറുന്നു. അതിന്റെ ആദ്യത്തെ ശബ്ദംതന്നെ ഒരു കരച്ചിലാണ്. താന്‍ അകപ്പെട്ട കെട്ടിനെതിരെയുള്ള പ്രതിഷേധം. ഈ സ്വാതന്ത്ര്യതൃഷ്ണ തികച്ചും സ്വതന്ത്രനായ പരമപുരുഷനെപ്പറ്റി ഭാവനയുളവാക്കുന്നു. മനുഷ്യന്റെ ഘടനയില്‍ ‘ഈശ്വരന്‍’ എന്ന സങ്കല്പം മൂലഘടകമാണ്. വേദാന്തപ്രകാരം മനസ്സിനു കഴിയുന്ന ഏറ്റവും ഉല്‍കൃഷ്ടമായ ഈശ്വരഭാവന സത്-ചിത്-ആനന്ദമാണ്. അതു സ്വരൂപേണതന്നെ ജ്ഞാനസാരമാണ്, ആനന്ദസാരമാണ്. ആ അന്തഃശബ്ദത്തെ നാം വേണ്ടുവോളം നിഗ്രഹിച്ചു. മനുഷ്യസ്വഭാവത്തെ അമര്‍ത്തി നിയമത്തെ അനുസരിക്കുവാനാണ് നമ്മുടെ നോട്ടം. എന്നിരുന്നാലും പ്രകൃതിനിയമങ്ങളെ എതിര്‍ക്കാനുള്ള മാനവവാസന അവിടെയുണ്ട്. അതിന്റെ അര്‍ത്ഥം നമുക്കു സ്പഷ്ടമല്ലായിരിക്കാം. എങ്കിലും ആദ്ധ്യാത്മികപ്രകൃതിയുമായി മനുഷ്യപ്രകൃതിയുടെ – മനസ്സിന്റെ ഉല്‍കൃഷ്ടപ്രകൃതിയുമായി നികൃഷ്ടപ്രകൃതിയുടെ – ഒരു സമരം അബോധപൂര്‍വ്വമായി നടക്കുന്നുണ്ട്. ഈ പോരാട്ടം, വ്യക്തിത്വമെന്നു പറയാറുള്ള നമ്മുടെ സ്വന്തം ജീവിതത്തെ പരിരക്ഷിക്കാനുള്ള പരിശ്രമവുമാണ്.
നാം ജനനാല്‍ത്തന്നെ നിയമനിഷേധികളാണെന്നുള്ള അദ്ഭുതവസ്തുത നരകങ്ങള്‍പോലും വിളിച്ചുപറയുന്നു. ആയുസ്സിലെ ആദ്യസംഭവമെന്നു പറയാവുന്ന ജീവന്റെ അന്തഃപ്രവേശംപോലും നിയമലംഘനമാണ്. ”ഈ ബന്ധം നമുക്കു വേണ്ട!” എന്നു നാം കുതറി മുറവിളി കൂട്ടുന്നു. നിയമത്തെ അനുസരിക്കുന്ന കാലത്തോളം നാം യന്ത്രങ്ങളെപ്പോലെയാണ്. ലോകം ഉഴറിയങ്ങുപോകുന്നു, അതിനെ നമുക്കു നിരോധിക്കാന്‍ വയ്യ. നിയമങ്ങള്‍ നിയമങ്ങളെന്ന നിലയില്‍ മനുഷ്യന്റെ സ്വപ്രകൃതിയായിത്തീര്‍ന്നിരിക്കുന്നു. ഈ പ്രകൃതിബന്ധം ഭഞ്ജിച്ചു സ്വതന്ത്രരാവാനുള്ള സ്വാന്തഃപ്രയത്‌നത്തെ നാം എപ്പോള്‍ കാണുന്നുവോ അപ്പോഴാണ് ജീവിതത്തിന്റെ ഉപരിതലങ്ങളിലേക്ക് ഒരു ഈഷദ്ദര്‍ശനം നമുക്കാദ്യമായി ലഭിക്കുന്നത്. ”സ്വാതന്ത്ര്യം, സ്വാതന്ത്ര്യം, സ്വാതന്ത്ര്യം, സ്വാതന്ത്ര്യം!” – ഇതാണ് ആത്മാവിന്റെ ഗീതം. എന്നാല്‍ ഹാ കഷ്ടം! ബന്ധനം, പ്രകൃതിബന്ധനമത്രേ അതിന്റെ വിധി.
[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം II ജ്ഞാനയോഗം. അദ്ധ്യായം 1 മതം എന്നാല്‍ എന്ത്?. പേജ് 1-4]