ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനാറ് ദൈവാസുരസമ്പദ്വിഭാഗയോഗം ശ്ലോകം -17,18

ആത്മസംഭാവിതാഃ സ്തബ്ധാ
ധന മാന മദാന്വിതാഃ
യജന്തേ നാമ യജ്ഞൈസ്തേ
ദംഭേനാവിധിപൂര്‍വ്വകം

അഹംങ്കാരം ബലം ദര്‍പ്പം
കാമം ക്രോധം ച സംശ്രിതാഃ
മാമാത്മപരദേഹേഷു
പ്രദ്വിഷന്തോƒഭ്യസൂയകാഃ

സ്വയം പ്രശംസിച്ച് കേമത്തം ഭാവിക്കുന്നവരും ഗര്‍വ്വിഷ്ഠന്മാരും സമ്പത്തിലും സ്ഥാനമാനങ്ങളിലും മദിച്ചു കഴിയുന്നവരുമായ ആസുരീസമ്പന്നന്മാര്‍ വളരെ ഡംഭോടുകൂടി ശാസ്ത്രവിധികളെ നോക്കാതെ യജ്ഞത്തിന്‍റെ പേരില്‍ പലതും കാട്ടിക്കൂട്ടുന്നു.

അഹങ്കാരം, ബലം, ദര്‍പ്പം, കാമം, ക്രോധം എന്നിവയെ ആശ്രയിച്ചിരിക്കുന്ന അസൂയാലുക്കളായ ഇവര്‍ തങ്ങളുടേയും അന്യരുടേയും ദേഹങ്ങളില്‍ സ്ഥിതിചെയ്യുന്ന പരമാത്മാവായ എന്നെ ദ്വേഷിച്ചുകൊണ്ട് ജീവിതം നയിക്കുന്നു.

ഇപ്രകാരം ഉദ്ധതമായ ഗര്‍വ്വപ്രവര്‍ത്തനങ്ങളുമായി അവര്‍ ഞെളിഞ്ഞു നടക്കുന്നു. അവര്‍ ഉരുക്കു തൂണുപോലെയോ മാനം മുട്ടെ നില്‍ക്കുന്ന മലപോലെയോ വളയാന്‍ കഴിയാത്തവരാണ്. സുഖസമൃദ്ധിയില്‍ ജീവിക്കുന്ന അവര്‍ മറ്റുള്ളവരുടെ മുന്നില്‍ തല കുനിക്കുകയില്ല. ധനപ്രമത്തതയുടെ ലഹരിയില്‍ അവര്‍ മറ്റുള്ളവരെ തൃണത്തെയെന്നപോലെ പുച്ഛിച്ചുതള്ളുന്നു. കൂടാതെ കൃത്യാകൃത്യങ്ങളെക്കുറിച്ചുള്ള ചിന്ത തന്നെ അവര്‍ ഉപേക്ഷിക്കുന്നു. ഇങ്ങനെയുള്ളവര്‍ എങ്ങനെയാണ് വിധിപ്രകാരം യജ്ഞങ്ങള്‍ നടത്തുമെന്നു പ്രതീക്ഷിക്കുന്നത്? ഇപ്രകാരമുള്ള അരക്കിറുക്കന്മാര്‍ എന്തു ചെയ്യുമെന്നു പറയാന്‍ ആര്‍ക്കും കഴിയുകയില്ല. വിഡ്ഢിത്തത്തിന്‍റെ വേലിയേറ്റമുണ്ടാകുമ്പോള്‍ അവര്‍ കപടഭക്തിയോടെ യജ്ഞങ്ങള്‍ ചെയ്യാന്‍ തയ്യാറാകും. അവര്‍ക്കു യജ്ഞകുണ്ഡമോ യജ്ഞമണ്ഡപമോ യജ്ഞവേദിയോ വിധിപ്രകാരമുള്ള യജ്ഞ സാമഗ്രികളോ ഒന്നും തന്നെ ആവശ്യമില്ല. അവര്‍ എന്നും ശാസ്ത്രവിധിപ്രകാരമുള്ള കാര്യങ്ങള്‍ക്ക് എതിരാണ്. ഈശ്വരന്‍റേയോ ബ്രാഹ്മണരുടേയോ നാമോശ്ചാരണം കേള്‍ക്കുന്നതുതന്നെ അവര്‍ക്കു അസഹ്യമാണ്. പിന്നെ അവരുടെ യജ്ഞങ്ങളില്‍ പങ്കെടുക്കാന്‍ ആര്‍ക്കാണ് താല്‍പര്യം? എങ്കിലും ചത്ത പശുക്കുട്ടിയുടെ തോലിനുള്ളില്‍ വയ്ക്കോല്‍ നിറച്ച് പശുവിന്‍റെ മുന്നില്‍ നിര്‍ത്തി കറക്കുന്ന വിദഗ്ദ്ധനായ കറവക്കാരനെപ്പോലെ, ഇവര്‍ തങ്ങളുടെ യജ്ഞത്തിന് ആളുകളെ ക്ഷണിച്ചുവരുത്തി അവരുടെ പക്കല്‍നിന്ന് പാരിതോഷികങ്ങള്‍ പിഴിഞ്ഞെടുക്കുന്നു. തങ്ങളുടെ ശ്രേയസ്സിനും മറ്റുള്ളവരുടെ നാശത്തിനുമായിട്ടാണ് ഇവര്‍ യജ്ഞങ്ങള്‍ ചെയ്യുന്നത്.

വലിയ ചെണ്ട മേളത്തോടെ കൊടിയും പിടിച്ച് യജ്ഞപ്രണേതാക്കളായി ഇവര്‍ ബഹുജനസമക്ഷം പ്രത്യക്ഷപ്പെടും. എന്നാല്‍ ഇതെല്ലാം നിരര്‍ത്ഥകമാണ്. വിളക്കിന്‍റെ കരികൊണ്ട് അന്ധകാരത്തിന് ഒരാവരണം ഉണ്ടാക്കിയാല്‍ അന്ധകാരത്തിന്‍റെ സാന്ധ്യത വര്‍ദ്ധിക്കുകയേ ഉള്ളൂ. അതുപോലെ കപടമായ ഈ മേന്മ അവരുടെ അഹംഭാവത്തെ കൂടുതലാക്കുന്നു. അവരുടെ മൂഢത്വം ദൃഢതരമാകുന്നു. അഹങ്കാരവും അവിവേകവും ദ്വിഗുണീഭവിക്കുന്നു. അവരെപ്പോലെ മറ്റാരെങ്കിലും ഉണ്ടെന്ന് കേള്‍ക്കുന്നതുതന്നെ അവര്‍ക്ക് അസഹ്യമാണ്. ഇപ്രകാരം അഹന്ത പ്രബലപ്പെടുമ്പോള്‍ അവരുടെ അഹങ്കാരം അതിന്‍റെ സീമയെ അതിലംഘിക്കുന്നു. അഹങ്കാരം പുഷ്കലമാകുമ്പോള്‍ കാമം ഉദ്ദീപിക്കുന്നു. അതിന്‍റെ കടുത്ത ചൂടുകൊണ്ട് കോപാഗ്നി കത്തിജ്വലിക്കുന്നു. ഇത്, നെയ്യിന്‍റേയും എണ്ണയുടേയും ഒരു വലിയശേഖരം കത്തിജ്വലിക്കുമ്പോള്‍ ശക്തമായ കാറ്റ് ആ അഗ്നിയെ പതിന്മടങ്ങ് വര്‍ദ്ധിപ്പിക്കുന്നതുപോലെയാണ്. അഹന്തയും ഉന്മത്തതയും കൂടിച്ചേരുമ്പോള്‍ അവരുടെ സുഖസൗകര്യത്തിനുവേണ്ടി അവര്‍ ആരെയാണ് നശിപ്പിക്കാത്തത്? ആഭിചാരകര്‍മ്മങ്ങളില്‍ വിജയിക്കുന്നതിനായി അവര്‍ അവരുടെതന്നെ രക്തവും മാംസവും അര്‍പ്പിക്കുന്നു. അവര്‍ അവരുടെ ശരീരത്തെ ഇപ്രകാരം പീഡിപ്പിക്കുമ്പോഴും, പീഡിതമാകുന്ന ശരീരത്തില്‍ ചേതനയായി കുടികൊള്ളുന്ന ഞാനാണ് ക്ലേശമനുഭവിക്കുന്നത്. അവരുടെ ദുഷ്പ്രവര്‍ത്തനങ്ങള്‍ക്ക് ഇരയാകുന്ന ആരെങ്കിലും ഭാഗ്യകൊണ്ട് രക്ഷപ്പെട്ടാല്‍ അവരെ അപകീര്‍ത്തികരമായ വാക്കുകള്‍കൊണ്ട് എറിഞ്ഞു വീഴ്ത്തുന്നു. ഈ ആസുരീവര്‍ഗ്ഗക്കാര്‍ പതിവ്രതമാരുടേയും മഹാത്മാക്കളുടേയും ഭക്തന്മാരുടേയും സന്യാസിമാരുടേയും താപസ്വികളുടേയും യാജ്ഞികന്മാരുടേയും ദാനശീലന്മാരുടേയും സല്‍പുരുഷന്മാരുടേയും നേര്‍ക്ക് നിശിതമായ ഭാഷയില്‍ വിഷലിപ്തമായ കൂരമ്പുകളയയ്ക്കുന്നു. എന്നാല്‍ ഈ ആക്രമണങ്ങള്‍ക്കു ശരവ്യരാകുന്നവരെല്ലാം ശാസ്ത്രവിധിപ്രകാരമുള്ള കര്‍മ്മങ്ങള്‍ ചെയ്യുന്നതുകൊണ്ട് പുണ്യവാന്മാരായിത്തീര്‍ന്നിട്ടുള്ളവരാണ്. അവരുടെ പരിശുദ്ധഹൃദയങ്ങള്‍ എന്‍റെ വാസഗേഹങ്ങളാണ്.