ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനാറ് ദൈവാസുരസമ്പദ്വിഭാഗയോഗം ശ്ലോകം -19
താനഹം ദ്വിഷതഃ ക്രൂരാന്‍
സംസാരേഷു നരാധമാന്‍
ക്ഷിപാമ്യജസ്രമശുഭാന്‍
ആസുരീഷ്വേവ യോനിഷു
എല്ലാവരേയും ദ്വേഷിച്ചും ദ്രോഹിച്ചും കഴിയുന്ന പാപികളായ ആ നീചമനുഷ്യരെ ഞാന്‍ എപ്പോഴും സംസാരങ്ങളില്‍ (ജനനമരണമാര്‍ഗ്ഗങ്ങളില്‍) ആസുരയോനികളിലേക്കുതന്നെ വീണ്ടും വീണ്ടും തള്ളിയിടുന്നു.
ഇപ്രകാരം സദാ എന്നോടു ശത്രുത്വം പുലര്‍ത്തുന്ന ഇവരോട് എങ്ങനെയാണ് ഞാന്‍ പെരുമാറുന്നതെന്നു കേള്‍ക്കുക. മനുഷ്യശരീരമെടുത്ത് ഈ വിശ്വത്തിനെതിരെ വിദ്വേഷം കാട്ടുന്നവരുടെ മനുഷ്യപദവി ഇല്ലാതാക്കിയാണ് ഞാന്‍ അവരെ കൈകാര്യം ചെയ്യുന്നത്. ഈ മൂര്‍ഖന്മാരെ ക്ലേശമാകുന്ന ഗ്രാമത്തിലെ ചാണകക്കുണ്ടോ, സംസാരമാകുന്ന നഗരത്തിലെ മലിനജലസംഭരണിയോ ആകുന്ന താമസയോനികളില്‍ നിവസിപ്പിക്കുന്നു. പിന്നീട് അവരെ ജനിപ്പിക്കുന്നത് കടുവ, ചെന്നായ, തുടങ്ങിയ ക്ഷുദ്രജീവികളുടെ വര്‍ഗ്ഗത്തിലായിരിക്കും. പുല്ലുപോലും കുരുക്കാത്ത ഊഷരഭൂമിയിലായിരിക്കും അവര്‍ ജനിക്കുന്നത്. വിശപ്പിന്‍റെ വേദന അനുഭവിക്കുന്ന അവര്‍ സ്വന്തം മാംസംതന്നെ തിന്നു മരിക്കുന്നു. അവര്‍ വീണ്ടും വീണ്ടും അതേ സ്ഥിതിയില്‍ത്തന്നെ ജനിക്കുന്നു. അല്ലെങ്കില്‍ ഇഴജന്തുക്കളുടെ രൂപത്തിലായിരിക്കും അവര്‍ക്ക് ജന്മം കൊടുക്കുന്നത്. കുടുസ്സായ മാളത്തില്‍ ജീവിക്കുന്ന അവര്‍ക്ക് അവരുടെ വിഷത്തിന്‍റെ താപംകൊണ്ടുതന്നെ തൊലി ഉണങ്ങി വരളും. അധര്‍മ്മികളായ ഇവരെ ശ്വാസോച്ഛ്വാസത്തിനെടുക്കുന്ന ചുരുങ്ങിയ സമയത്തേക്കുപോലും വിശ്രമിക്കാന്‍ ഞാന്‍ അനുവദിക്കുകയില്ല. അനേകം കല്പാന്തകാലങ്ങള്‍ ഈ നിലയില്‍ ജീവിക്കേണ്ടിവരുന്ന ഇവരെ, ഇവരുടെ പ്രാണസങ്കടത്തില്‍നിന്ന് ഞാന്‍ മോചിപ്പിക്കുകയില്ല. അവരുടെ അന്തിമമായ ലക്ഷ്യത്തിലേക്കു നയിക്കുന്ന ദീര്‍ഘയാത്രയിലുള്ള ആദ്യത്തെ പടിയാണിത്. അപ്പോള്‍ പിന്നെ അന്തിമ ലക്ഷ്യത്തിലെത്തിച്ചേരുമ്പോഴേക്കും ഇതിനേക്കാള്‍ ഭൈരവമായ യാതനകള്‍ എങ്ങനെയാണ് അവര്‍ അനുഭവിക്കാതിരിക്കുക?