ജ്ഞാനേശ്വരി ഭഗവദ്ഗീത ഭാഷ്യം

ദുര്‍ഗ്ഗുണങ്ങളുടെ ഉടമകളായവരുമായുള്ള സഹവാസം വര്‍ജ്ജിക്കണം(16-20)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനാറ് ദൈവാസുരസമ്പദ്വിഭാഗയോഗം ശ്ലോകം -20

ആസുരീം യോനിമാപന്നാ
മൂഢാ ജന്മനി ജന്മനി
മാമപ്രാപ്യൈവ കൗന്തേയ!
തതോ യാന്ത്യധമാം ഗതീം

ഹേ അര്‍ജ്ജുനാ, എന്നെ പ്രാപിക്കാതെ ജന്മംതോറും ആസുരീയോനിയെ പ്രാപിക്കുന്ന ഈ മൂഢന്മാര്‍ കൂടുതല്‍ അധമമായ ഗതിയെത്തന്നെ പ്രാപിക്കുന്നു.

അവരുടെ ആസുരീ സ്വഭാവംകൊണ്ട് അവര്‍ അങ്ങേയറ്റത്തെ അധമാവസ്ഥയിലേക്ക് അധഃപതിക്കുന്നു. കടുവ, ചെന്നായ് തുടങ്ങിയ കാട്ടു ജന്തുക്കള്‍ തമോയോനിയില്‍ ജനിച്ചാലും അവയുടെ ശരീരംകൊണ്ടു ലഭിക്കുന്ന അല്പമായ ആശ്വാസം പോലും ഞാന്‍ നശിപ്പിക്കുകയും അവരെ അന്ധകാരത്തെപ്പോലും കരുവാളിപ്പിക്കത്തക്ക തമസ്സിന്‍റെ സ്ഥിതിയിലേക്ക് തള്ളിവിടുകയും ചെയ്യുന്നു. ഈ നാരകീയവസ്ഥയെ പാപം പോലും വെറുക്കുന്നു. നരകം പോലും ഭയപ്പെടുന്നു. ഈ അവസ്ഥയില്‍ ആലസ്യംപോലും മോഹാലസ്യപ്പെടുന്നു. ഈ അന്ധകാരത്തിന്‍റെ പങ്കിലത്വംകൊണ്ട് പങ്കം പോലും കൂടുതല്‍ പങ്കിലമാകുന്നു. ഈ അവസ്ഥയില്‍ താപം കൂടുതല്‍ താപകമാകുന്നു; ഭയം പോലും ഭയന്നു കിടക്കുന്നു. ഈ ആസുരീവര്‍ഗ്ഗത്തെ പാപംപോലും നിന്ദിക്കുന്നു. നികൃഷ്ടവസ്തുക്കള്‍ അവയുടെ സ്പര്‍ശംകൊണ്ട് കൂടുതല്‍ നികൃഷ്ടമാകുന്നു.

അല്ലയോ ധനഞ്ജയാ, അധമന്മാരായ ഇവര്‍ അനവധി താമസയോനികളില്‍ക്കൂടി ജന്മമെടുത്ത് അവസാനം നരകത്തിലെ ആസുരലോകത്ത് എത്തിച്ചേരുന്നു. ഈ ആസുരന്മാരെപ്പറ്റി വര്‍ണ്ണിക്കുമ്പോള്‍ സംസാരശക്തി വിലപിക്കുന്നു. അവരെപ്പറ്റി ഓര്‍ക്കുമ്പോള്‍ മനസ്സ് അന്തര്‍മുഖമാകുന്നു. അഹോ! എന്തോരു നാരകീയമായ അവസ്ഥയാണ് അവര്‍ സ്വയം വരുത്തി വച്ചിരിക്കുന്നത്. ഇപ്രകാരം ഭയങ്കരമായി അധഃപതിക്കത്തക്കവണ്ണം ഈ ആസുരീ സമ്പത്തെല്ലാം ഇവര്‍ സ്വരൂപിച്ചു കൂട്ടിയത് എന്തിനാണ്? അല്ലയോ അര്‍ജ്ജുനാ, ഈ ആസുരീസമ്പന്നരുടെ അധിവാസസ്ഥലങ്ങള്‍ നീ സന്ദര്‍ശിക്കരുത്. അവരുമായി സമ്പര്‍ക്കം പുലര്‍ത്തരുത്. കാമക്രോധലോഭമോഹമദമാത്സര്യമെന്ന ആറു ദുര്‍ഗ്ഗുണങ്ങളുടെ ഉടമകളായവരുമായുള്ള സഹവാസം നീ വര്‍ജ്ജിക്കണം.

Back to top button