ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനാറ് ദൈവാസുരസമ്പദ്വിഭാഗയോഗം ശ്ലോകം -21
ഏതൈര്‍വിമുക്തഃ കൗന്തേയ
തമോദ്വാരൈസ്ത്രിഭിര്‍നരഃ
ആചരത്യാത്മനഃ ശ്രേയ-
സ്തതോ യാതി പരാം ഗതിം
അല്ലയോ അര്‍ജ്ജുന, ഈ മൂന്നു നരകവാതിലുകളേയും ഉപേക്ഷിച്ച മനുഷ്യന്‍ ആത്മശ്രേയസ്സിനുള്ള സാധനകള്‍ അനുഷ്ഠിക്കുന്നു. അതിനാല്‍ത്തന്നെ അവന്‍ മോക്ഷത്തേയും പ്രാപിക്കുന്നു.
കാമക്രോധലോഭാദി ദുര്‍ഗ്ഗുണങ്ങളെ ഒഴിവാക്കാന്‍ കഴിയുന്നവനു മാത്രമേ പുരുഷാര്‍ത്ഥങ്ങള്‍ നേടുന്നതിനെപ്പറ്റി ചിന്തിക്കാന്‍പോലും കഴിയുകയുള്ളൂ. ഒരുവന്‍റെ അന്തകരണത്തില്‍ ഈ ദുര്‍ഗ്ഗുണങ്ങള്‍ വിളയാടുന്നിടത്തോളം കാലം അവന് ശ്രേയസ് ഉണ്ടാവുകയില്ല. സ്വന്തം നന്മയെ ആഗ്രഹിക്കുകയും ആത്മനാശത്തെ ഭയപ്പെടുകയും ചെയ്യുന്നവന്‍ ഈ ദുര്‍ഗ്ഗുണങ്ങളുമായുള്ള കൂട്ടുകെട്ടില്‍നിന്ന് കരുതലോടെ ഒഴിഞ്ഞുമാറി നില്‍ക്കണം. കഴുത്തില്‍ കല്ലുംകെട്ടിത്തൂക്കി കൈകളുടെ ബലംകൊണ്ട് സമുദ്രം നീന്തിക്കടക്കാമെന്ന് മോഹിക്കാമെങ്കില്‍, കാളകൂടവിഷം കലര്‍ന്ന ആഹാരം കഴിച്ചിട്ട് പിന്നെയും ജീവിച്ചിരിക്കുമെന്ന് ആശിക്കാമെങ്കില്‍ മാത്രമേ, കാമം ക്രോധം ലോഭം എന്നിവയുമായുള്ള ചങ്ങാത്തംകൊണ്ട് ജീവിതലക്ഷ്യം നേടാമെന്ന് പ്രതീക്ഷിക്കേണ്ടതുള്ളൂ. അതുകൊണ്ട് അണുപോലും അവശേഷിക്കാതെ അവയെ തുടച്ചുമാറ്റണം. അതിന്‍റെ ശൃംഖല പൊട്ടിച്ചെറിയാന്‍ കഴിയുമെങ്കില്‍ ഒരുവന് ആത്മാനുഭവത്തിലേക്കുള്ള പാതയില്‍ക്കൂടി സുഖകരമായി യാത്ര ചെയ്യുവാന്‍ കഴിയും. ഈ ദുര്‍ഗ്ഗുണങ്ങളെ പാടേ ഉപേക്ഷിക്കുന്നവന്‍ വാതം പിത്തം കഫം എന്ന ത്രിദോഷങ്ങളില്‍ നിന്നു മോചിപ്പിക്കപ്പെട്ട ശരീരം പോലെയോ, മോഷണം പരദൂഷണം വേശ്യാവൃത്തി എന്നിവയില്‍ നിന്നു നിവൃത്തമായ നഗരം പോലെയോ, ആദ്ധ്യാത്മികം ആധിഭൗതികം ആധിദൈവികം എന്നീ താപത്രയങ്ങളില്‍ നിന്നു മുക്തമായ അന്തകരണംപോലെയോ അത്യന്തം സന്തോഷിക്കുന്നു. അതിനുശേഷം അവനു സജ്ജനസംസര്‍ഗ്ഗം ലഭിക്കുകയും അവന്‍ മോഷമാര്‍ഗ്ഗത്തില്‍ക്കൂടി മുന്നേറുകയും ചെയ്യുന്നു. അവന്‍ സത്സംഗത്തിന്‍റെ ബലംകൊണ്ടും ഗുരുകടാക്ഷം കൊണ്ടും ജനനമരണങ്ങളാകുന്ന പാറക്കെട്ടുകള്‍ നിറഞ്ഞ ഊഷരഭൂമി തരണം ചെയ്യുന്നു. അനന്തരം സമ്പൂര്‍ണ്ണമായ ആത്മാനന്ദം അധിവസിക്കുന്ന മനോഹര പ്രദേശത്ത് എത്തിച്ചേരുന്നു. അവിടെ പരമാത്മദര്‍ശനം സിദ്ധിക്കുന്നു. അതോടുകൂടി സാംസ്കാരിക ക്ലേശങ്ങളുടെ പെരുമ്പറ മുഴക്കം അവസാനിക്കുന്നു. ഇപ്രകാരമുള്ള ആത്മലാഭം, കാമക്രോധലോഭാദി വികാരങ്ങളില്‍ നിന്ന് മോചനം നേടിയ ഒരുവനു മാത്രമാണ് സിദ്ധിക്കുന്നത്.