സ്വാമി വിവേകാനന്ദന്‍

സമസ്തപ്രകൃതിയും ഈശ്വരാരാധനമാകുന്നു. എവിടെയെല്ലാം ജീവനുണ്ടോ അവിടെയെല്ലാം സ്വാതന്ത്ര്യ(മോക്ഷ)ത്തിനുവേണ്ടിയുള്ള ഈ അന്വേഷണവുമുണ്ട്, ആ മോക്ഷമാകട്ടെ ഈശ്വരസ്വരൂപം തന്നെയാണുതാനും. ഈ മോക്ഷം സമസ്തപ്രകൃതിയുടെമേലും നമുക്കു നിയന്തൃത്വം അവശ്യം കൈവരുത്തുന്നു. ജ്ഞാനമില്ലാതെ ആ നിയന്ത്രണം സാധ്യവുമല്ല. അറിവേറുന്തോറും പ്രകൃതിയെ കൂടുതല്‍ നിയന്ത്രിക്കാന്‍ നമുക്കു സാധിക്കുന്നു. നിയന്തൃത്വം മാത്രമാണ് നമ്മെ ശക്തന്‍മാരാക്കുന്നത്. തികച്ചും സ്വതന്ത്രനും പ്രകൃതിനിയന്താവുമായ ഒരു പുരുഷനുണ്ടെങ്കില്‍ അവന്‍ പ്രകൃതിയെപ്പറ്റി സമ്പൂര്‍ണ്ണജ്ഞാനമുള്ളവനായിരിക്കണം, സര്‍വ്വവ്യാപിയും സര്‍വ്വജ്ഞനുമായിരിക്കണം. സ്വാതന്ത്ര്യം ഇവയോട് ഒത്തിണങ്ങിത്തന്നെയിരിക്കണം. ഇവ സ്വായത്തമായിട്ടുള്ളവന്‍ മാത്രമേ പ്രകൃതിക്ക് അതീതനാവൂ.

ധന്യത, അഥവാ പൂര്‍ണ്ണസ്വാതന്ത്ര്യത്തില്‍നിന്നുദിക്കുന്ന നിത്യശാന്തി, ആണ് മതത്തെസംബന്ധിച്ച ഏറ്റവും ഉയര്‍ന്ന സങ്കല്പം. അതാണ് വേദാന്തത്തില്‍ ഈശ്വരനെപ്പറ്റിയുള്ള എല്ലാ ആശയങ്ങള്‍ക്കും അടിസ്ഥാനം; അനന്യബദ്ധമായ അനന്തസ്വാതന്ത്ര്യം: അതു നിര്‍വ്വികാരവും നിഷ്ര്പപഞ്ചവും നിര്‍ബ്ബാധവുമാണ്. ഇതേ സ്വാതന്ത്ര്യമാണ്. എന്നിലും നിങ്ങളിലും: യഥാര്‍ത്ഥസ്വാതന്ത്ര്യവും ഇതു മാത്രമാണ്.

ഈശ്വരന്‍ അനന്തഗംഭീരവും നിര്‍വ്വികാരവുമായ സ്വസ്വരൂപത്തില്‍ത്തന്നെ നിലകൊള്ളുന്നു. നിങ്ങളും ഞാനും അവനോട് ഐക്യം പ്രാപിക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ പ്രകൃതിയിലാണ് നാം നിലയുറപ്പിക്കുന്നത്: ദൈനംദിനജീവിതത്തിലെ ബന്ധകരങ്ങളായ നിസ്സാരവിഷയങ്ങളില്‍ – പണം, പെരുമ, മനുഷ്യസ്നേഹം എന്നീവക പ്രകൃതിവിഭവങ്ങളിലെല്ലാം – ആണ് നാം നിലയുറപ്പിക്കുന്നത്. പ്രകൃതി പ്രകാശിക്കുമ്പോള്‍ അത് എന്തിനെ ആശ്രയിച്ചു പ്രകാശിക്കുന്നു? ഈശ്വരനെ ആശ്രയിച്ച്, സൂര്യനെയോ ചന്ദ്രനെയോ നക്ഷത്രങ്ങളെയോ ആശ്രയിച്ചല്ല. എവിടെയെങ്കിലും എന്തെങ്കിലും പ്രകാശിക്കുന്നെങ്കില്‍, ആ വെളിച്ചം സൂര്യനിലായാലും നമ്മുടെ അന്തര്‍ബോധത്തിലായാലും അതെല്ലാം അവന്‍തന്നെ. അവന്‍ പ്രകാശിക്കുന്നു: തുടര്‍ന്നു സര്‍വ്വവും പ്രകാശിക്കുന്നു.

ഈശ്വരന്‍ ഇപ്രകാരം ആത്മപ്രസിദ്ധനും നിരുപാധികനും സര്‍വ്വവിത്തും സര്‍വ്വജ്ഞനും പ്രകൃതിനിയന്താവും സര്‍വ്വാധിപതിയുമാണെന്നു നാം കണ്ടുവല്ലോ. അവന്‍ എല്ലാ ആരാധനയുടെയും പുറകിലുണ്ട്. നാം അറിയുന്നെങ്കിലും ഇല്ലെങ്കിലും ഇതെല്ലാം അവന്റെ ഇച്ഛാനുസരണമാണ് നടക്കുന്നത്. ഞാന്‍ ഒരടികൂടി മുമ്പോട്ടുവെയ്ക്കുന്നു – എല്ലാവരും അദ്ഭുതപ്പെടുന്നതും, തിന്‍മ എന്നു നാം വിളിക്കുന്നതുംകൂടി, അവന്റെ ആരാധനയാകുന്നു. ഇതും സ്വാതന്ത്ര്യത്തിന്റെ ഒരംശമാണ്. പോരാ, ഞാന്‍ ഭയങ്കരനായിട്ടു പറയും, നിങ്ങള്‍ തിന്‍മ ചെയ്യുമ്പോള്‍ പിന്നിലെ പ്രചോദനവും ആ സ്വാതന്ത്ര്യംതന്നെയാണ്, പക്ഷേ, തെറ്റിപ്പോയിരിക്കാം. എന്നാലും അതവിടെയുണ്ട്. ആ സ്വാതന്ത്ര്യം അവിടെയില്ലെങ്കില്‍ ഒരു പ്രകാരത്തിലുമുള്ള ജീവനോ ചുണയോ ഉണ്ടാവാന്‍ തരമില്ല. ജഗത്തിന്റെ ഓരോ സ്പന്ദനത്തില്‍ക്കൂടിയും സ്വാതന്ത്ര്യം നിശ്വസിക്കുന്നു. ജഗദ്ഹൃദയത്തിങ്കല്‍ ഏകത്വമില്ലെങ്കില്‍ അനേകത്വത്തെ നമുക്കറിയുക സാധ്യമല്ല. ഇപ്രകാരമാണ് ഉപനിഷത്തുകളില്‍ ഈശ്വരനെപ്പറ്റിയുള്ള സങ്കല്പം. ചിലപ്പോള്‍ ഈ സങ്കല്പം കുറേക്കൂടി ഉയര്‍ന്ന് നാം അതിന്റെ മുമ്പില്‍ ആദ്യം അദ്ഭുതസ്തബ്ധരായി നിന്നുപോകത്തക്ക ഒരാദര്‍ശത്തെ പ്രദര്‍ശിപ്പിച്ചുതരുന്നു: നമ്മളും ഈശ്വരനും തത്ത്വത്തില്‍ ഒന്നുതന്നെ. ചിത്രശലഭത്തിന്റെ ചിറകുകളില്‍ നിറപ്പകിട്ടും റോസാപൂമൊട്ടിന്റെ വിരിയലുമായിരിക്കുന്നവന്‍ ചിത്രശലഭത്തിലും ചെടിയിലും വിളങ്ങുന്ന ശക്തിയാണ്. നമുക്കു ജീവന്‍ തരുന്നവന്‍ നമ്മുടെ ഉള്ളിലുള്ള ചൈതന്യമാണ്. അവന്റെ അഗ്‌നിയില്‍നിന്നു ജീവനുദിക്കുന്നു. അത്യുഗ്രമൃത്യുവും അവന്റെ ശക്തിതന്നെ, യാതൊരുവന്റെ ഛായയാണോ മൃത്യു, അവന്റെ ഛായതന്നെ അമൃതവും.

[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം II ജ്ഞാനയോഗം. അദ്ധ്യായം 1 മതം എന്നാല്‍ എന്ത്?. പേജ് 7-10]