സ്വാമി വിവേകാനന്ദന്‍

ഇനി ഇതിലുമുപരിയായ ഒരു സങ്കല്പത്തെ എടുക്കാം. നോക്കുക, നായാടപ്പെട്ട മുയലുകളെപ്പോലെ ഭയങ്കരമായ എല്ലാറ്റില്‍നിന്നും നാം പറപറക്കുകയാണ്: അവയെപ്പോലെ, എവിടെയെങ്കിലും തലയൊളിച്ചിട്ടു രക്ഷപ്പെട്ടുവെന്നു സ്വയം വിചാരിക്കുകയും. നോക്കൂ, ലോകം മുഴുവന്‍ ഉഗ്രമായ എന്തില്‍നിന്നും പറപറക്കുന്നു. ഒരിക്കല്‍ ഞാന്‍ കാശിയില്‍ ചെന്നു. ഒരു വശത്തു വലിയ കുളവും മറുവശത്ത് ഉയര്‍ന്ന മതില്‍ക്കെട്ടുമുള്ള ഒരു വഴിയില്‍ക്കൂടി ഞാന്‍ കടന്നുപോവുകയായിരുന്നു. അവിടം അനവധി കുരങ്ങന്‍മാരുടെ സങ്കേതമാണ്. കാശിയിലെ കുരങ്ങന്‍മാര്‍ തടിയന്‍മാരാണ്, ചിലപ്പോള്‍ ഉപദ്രവികളും. എന്നെ ആ വഴി വിടരുതെന്ന് അവര്‍ നിശ്ചയിച്ചു. എന്നിട്ടു കൂട്ടമിട്ടലച്ചുകൊണ്ട് എന്റെ കാലില്‍ പിടികൂടിത്തുടങ്ങി. അവരുടെ തിരക്ക് അധികമായപ്പോള്‍ ഞാന്‍ ഓടി. ഞാന്‍ എത്ര വേഗം ഓടിയോ അത്ര വേഗം അവരും ഓടി ഒപ്പമെത്തി, കടിക്കാനും തുടങ്ങി. രക്ഷപ്പെടാന്‍ സാദ്ധ്യമല്ലെന്ന് എനിക്കു തോന്നി. എന്നാല്‍ അപ്പോള്‍ത്തന്നെ ഒരു അപരിചിതനെ കണ്ടുമുട്ടി. അയാള്‍ എന്നോടു വിളിച്ചുപറഞ്ഞു, ‘മൃഗത്തെ എതിര്‍ക്കുക.’ ഞാന്‍ തിരിഞ്ഞുനിന്ന് അവരെ എതിര്‍ത്തു. അതോടെ അവര്‍ പിന്‍മാറി, ഒടുക്കം ഓടുകയും ചെയ്തു. ഇത് ആജീവനാന്തം പഠിക്കേണ്ടതാണ്. ഭീകരത്തെ നേരിടുക, സധൈര്യം നേരിടുക. കഷ്ടപ്പാടുകളുടെ മുമ്പില്‍ നാം ഓടാതിരുന്നാല്‍ ആ കുരങ്ങന്‍മാരെപ്പോലെ അവ പിന്‍വാങ്ങിക്കൊള്ളും. എന്നെങ്കിലും നമുക്കു മോചനം വേണമെങ്കില്‍ അതു പ്രകൃതിയെ ജയിച്ചിട്ടുതന്നെ വേണം, ഓടിയൊളിച്ചിട്ടല്ല. ഭീരുക്കള്‍ ഒരിക്കലും വിജയം നേടുന്നില്ല. ഭയവും ക്ലേശവും അജ്ഞാനവും നമ്മളില്‍നിന്നു പലായനം ചെയ്യണമെന്നുണ്ടെങ്കില്‍ നാം അവയോടു പൊരുതുകതന്നെ വേണം.

മരണമെന്ത്? ഭയങ്ങളെന്ത് അവയില്‍ ഈശ്വരമുഖം നിങ്ങള്‍ ദര്‍ശിക്കുന്നില്ലേ? തിന്‍മയില്‍നിന്നും ഭയത്തില്‍നിന്നും ദുഃഖത്തില്‍നിന്നും പായുക, അവ തീര്‍ച്ചയായും നിങ്ങളെ പിന്‍തുടരും. അവയെ നേരിടുക, അവ പറപറന്നുകൊള്ളും. ലോകം മുഴുവന്‍ സൈ്വരത്തെയും സുഖത്തെയും ആരാധിക്കുന്നു. വളരെ കുറച്ചുപേര്‍ മാത്രമേ ദുഃഖത്തെ ആരാധിക്കാന്‍ ധൈര്യപ്പെടുന്നുള്ളു. രണ്ടിനും അപ്പുറം പോവുകയാണ് സ്വാതന്ത്ര്യം. ഈ പടി കടക്കാതെ മനുഷ്യനു മുക്തനാകാന്‍ സാധ്യമല്ല.ക്‌സ നാമെല്ലാം ഇവയെ നേരിടേണ്ടിയിരിക്കുന്നു. നാം ഈശ്വരനെ ആരാധിക്കാന്‍ ശ്രമിക്കുന്നു, എന്നാല്‍ ശരീരം കയറി ഇടപെടുന്നു. പ്രകൃതി അവന്റെയും നമ്മുടെയും ഇടയ്ക്കുയര്‍ന്ന് നമ്മുടെ കാഴ്ചയെ മറച്ചുകളയുന്നു. ഇടിമിന്നലിലും ലജ്ജയിലും പാപത്തിലും വ്യസനത്തിലും അവനെ ആരാധിക്കുന്നതിനും പ്രേമിക്കുന്നതിനും നാം പഠിക്കണം. ലോകം മുഴുവന്‍ പുണ്യത്തിന്റെ ഈശ്വരനെയാണ് എന്നും പ്രചരിപ്പിച്ചുവന്നിട്ടുള്ളത്. എന്നാല്‍ ഞാനാകട്ടെ, പുണ്യത്തിന്റെയും പാപത്തിന്റെയും ഏകേശ്വരനെ പ്രഖ്യാപിക്കുന്നു. നിങ്ങള്‍ക്കു ധൈര്യമുണ്ടെങ്കില്‍ അവനെ സ്വീകരിക്കുക. മോക്ഷത്തിന് ആ ഒരു മാര്‍ഗ്ഗമേ ഉള്ളൂ. അപ്പോള്‍ മാത്രമേ ഏകത്വഭാവനയില്‍നിന്നുളവാകുന്ന പരമസത്യം നമുക്ക് അനുഭവമാകയുള്ളു. ഒന്നു മറ്റതിനെക്കാള്‍ ശ്രേഷ്ംമാണെന്ന ആശയം അപ്പോള്‍ പൊയ്‌പോകും. മോക്ഷധര്‍മ്മത്തോടു നാം എത്രമാത്രം അടുക്കുന്നുവോ അത്രമാത്രം നാം ഈശ്വരാധീനരായിത്തീരും: ക്ലേശങ്ങളും അത്രയ്ക്കു നമ്മെ വിട്ടൊഴിയും. അപ്പോള്‍ നരകദ്വാരത്തെ സ്വര്‍ഗ്ഗദ്വാരത്തില്‍നിന്നു നാം വേര്‍തിരിച്ചറിയുകയില്ല. മനുഷ്യരെ മനുഷ്യരില്‍നിന്നു വേര്‍തിരിച്ച്, ഞാന്‍ ലോകത്തില്‍ ആരെയുംകാള്‍ കേമനാണ് എന്നു പറയുകയുമില്ല. ജഗത്തില്‍ ഈശ്വരനെയല്ലാതെ മറ്റൊന്നിനേയും കാണാതിരിക്കുംവരെ ഈ തിന്‍മകള്‍ നമ്മെ വലയംചെയ്യും. ഈ വ്യത്യാസമെല്ലാം നാം ഭാവിക്കുകയും ചെയ്യും. ഈശ്വരനിലാണ്, ചൈതന്യത്തിലാണ് നാമെല്ലാം ഒന്നായിരിക്കുന്നത്. അതിനാല്‍ എല്ലായിടത്തും നാം ഈശ്വരനെ കാണുന്നതുവരെ ഈ ഒരുമ (ഏകത്വം) നമുക്കുണ്ടായിവരില്ല.

[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം II ജ്ഞാനയോഗം. അദ്ധ്യായം 1 മതം എന്നാല്‍ എന്ത്?. പേജ് 10-13]