ഒരിക്കലും പിരിയാത്ത തോഴരായി അഴകേറിയ ചിറകുള്ള രണ്ടു പക്ഷികള്‍ ഒരേ മരത്തിലിരിക്കുകയാണ്. ഒന്ന് ഉച്ചിയിലും മറ്റതു താഴെയും. താഴെയിരിക്കുന്ന അഴകുള്ള പക്ഷി ആ മരത്തിലെ മധുരവും കയ്പുമായ പഴങ്ങള്‍ തിന്നുകൊണ്ടിരിക്കുന്നു: ഒരു നിമിഷം മധുരം: ഉത്തരനിമിഷം തിക്തം. കയ്ക്കുന്ന കായ് തിന്നുമ്പോള്‍ ദുഃഖമായി. എന്നാലും കുറേ കഴിഞ്ഞ് ഒന്നുകൂടെ തിന്നും. അതും കയ്ച്ചു മേലേ്പാട്ടു നോക്കും. അപ്പോള്‍ കാണാം, കയ്ക്കുന്നതും മധുരിക്കുന്നതും തിന്നാതെ സ്വസ്ഥമായിരിക്കുന്ന മറ്റേ പക്ഷിയെ, അതാകട്ടെ പ്രശാന്തഗംഭീരമായി സ്വമഹിമയില്‍ മുഴുകിയിരിക്കയാണ്. താഴെയിരുന്ന ആ പാവം പക്ഷി, വീണ്ടും മറന്ന്, തിക്ത – മധുരഫലങ്ങള്‍ തിന്നാന്‍ തുടങ്ങി. ഒടുവില്‍, അറുകയ്പുള്ള ഒരു പഴം തിന്നു, പിന്നെയും തീറ്റ നിര്‍ത്തി, മുകളില്‍ വിളങ്ങുന്ന പക്ഷിയെ ഒന്നുകൂടെ നോക്കും. പിന്നെ അതു മുകളിലത്തെ പക്ഷിയോടു കൂടുതല്‍ കൂടുതല്‍ അടുത്തു. ഒടുവില്‍ വേണ്ടത്ര അടുത്തപ്പോള്‍ കാന്തികന്ദളങ്ങള്‍ അതിന്‍മേല്‍ വിളങ്ങി അതിനെ മൂടി. താന്‍ മുകളിലിരുന്ന പക്ഷിയായി പരിണമിച്ചതായും അതു കണ്ടു. അതോടുകൂടി ശാന്തവും ഗംഭീരവും സ്വതന്ത്രവുമായി, ഈ നേരമത്രയും വൃക്ഷത്തില്‍ ഒരു പക്ഷിയേ ഉണ്ടായിരുന്നുള്ളുവെന്നറിയുകയും ചെയ്തു. താഴത്തെ പക്ഷി പരമാര്‍ത്ഥത്തില്‍ മുകളിലത്തേതിന്റെ പ്രതിബിംബം മാത്രമാണ്. ഇപ്രകാരം പരമാര്‍ത്ഥദൃഷ്ട്യാ നമ്മളും ഈശ്വരനും ഒന്നുതന്നെയാണ്. എന്നാല്‍ ഒരേ സൂര്യന്‍ ലക്ഷോപലക്ഷം മഞ്ഞുതുള്ളികളില്‍ തിളങ്ങി ലക്ഷോപലക്ഷം ചെറുസൂര്യന്‍മാരായി കാണപ്പെടുംപോലെ പ്രതിബിംബനം നമ്മെ അനേകമായി തോന്നിക്കുന്നു. നമ്മുടെ ദിവ്യമായ പരമാര്‍ത്ഥസ്വരൂപവുമായി ഐക്യം പ്രാപിക്കണമെങ്കില്‍ ഈ പ്രതിബിംബനം ഇല്ലാതാകണം. ഈ ജഗത്ത് നമ്മെ തൃപ്തിപ്പെടുത്താന്‍ പര്യാപ്തമല്ലതന്നെ. അതുകൊണ്ടാണ് പിശുക്കന്‍ കൂടുതല്‍ കൂടുതല്‍ മുതല്‍ കൂട്ടിവെക്കുന്നത്, കൊള്ളക്കാരന്‍ പിടിച്ചുപറിക്കുന്നത്. അതുകൊണ്ടാണ് ദുഷ്ടന്‍ പാപം ചെയ്യുന്നത്, നിങ്ങള്‍ തത്ത്വജ്ഞാനം പഠിക്കുന്നതും. എല്ലാവരുടെയും ലക്ഷ്യം ഒന്നുതന്നെ: ഈ സ്വാതന്ത്ര്യം പ്രാപിക്കയല്ലാതെ ജീവിതത്തില്‍ യാതൊരുദ്ദേശ്യവുമില്ല. അറിഞ്ഞോ അറിയാതെയോ നാമെല്ലാം പൂര്‍ണ്ണതയ്ക്കുവേണ്ടി പരിശ്രമിക്കുന്നു. ഓരോ ജീവിയും അതു പ്രാപിച്ചേ തീരൂ.
പാപത്തിലും ദുഃഖത്തിലുംകൂടി തപ്പിത്തടയുന്നവന്‍, നരകമാര്‍ഗ്ഗത്തെത്തന്നെ ഇഷ്ടപ്പെടുന്നവന്‍, മോക്ഷം പ്രാപിക്കുക എന്നാല്‍ അതിനു സമയം പിടിക്കും. നമുക്ക് അവനെ രക്ഷിക്കുക സാധ്യമല്ല, തലയ്ക്കു ചില കനത്ത കൊട്ടു കൊള്ളുമ്പോള്‍ അവന്‍ ഈശ്വരനിലേക്കു തിരിയും: സദാചാരത്തിന്റെയും പരിശുദ്ധിയുടെയും നിഃസ്വാര്‍ത്ഥതയുടെയും അദ്ധ്യാത്മതയുടെയും മാര്‍ഗ്ഗം ഒടുവില്‍ കണ്ടെത്തും. (അങ്ങനെ) എല്ലാവരും അറിയാതെ ചെയ്യുന്നതുതന്നെ നാം അറിഞ്ഞുകൊണ്ടു ചെയ്യാന്‍ നോക്കുകയാണ്. ഈ ആശയത്തെയാണ് വിശുദ്ധ പൗലൂസ് വെളിപ്പെടുത്തുന്നത്. ”നിങ്ങള്‍ അറിയാതെ ആരാധിക്കുന്ന ആ ദൈവത്തെത്തന്നെ ഞാന്‍ നിങ്ങള്‍ക്കു വെളിപ്പെടുത്തിത്തരുന്നു.” ലോകത്തിനു മുഴുവന്‍ പഠിക്കാനുള്ള പാംമാണിത്. തത്ത്വജ്ഞാനങ്ങളുടെയും പ്രകൃതിശാസ്ര്തങ്ങളുടെയും പ്രയോജനം ജീവിതത്തിന്റെ ഈ ഏകലക്ഷ്യത്തെ പ്രാപിക്കുവാന്‍ നമ്മെ സഹായിക്കുകയല്ലാതെ മറ്റെന്താണ്? എല്ലാം ഒന്നാണെന്ന ബോധത്തില്‍ നമുക്ക് എത്തിച്ചേരുകതന്നെ. മനുഷ്യന്‍ സര്‍വ്വത്തിലും സ്വാത്മഭാവം ദര്‍ശിക്കട്ടെ. ഈശ്വരനെപ്പറ്റി സങ്കുചിതസങ്കല്പങ്ങളോടുകൂടിയ സിദ്ധാന്തങ്ങളുടെയോ സമ്പ്രദായങ്ങളുടെയോ ആരാധകരാകാതെ നമുക്കു ജഗത്തില്‍ എല്ലാറ്റിലും അവനെ കാണുകതന്നെ. നിങ്ങള്‍ ഈശ്വരനെ അറിഞ്ഞവരാണെങ്കില്‍ നിങ്ങളുടെ ഹൃദയത്തിലെന്നപോലെ വിശ്വത്തിലെല്ലാം ആരാധനതന്നെ കാണും.
[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം II ജ്ഞാനയോഗം. അദ്ധ്യായം 1 മതം എന്നാല്‍ എന്ത്?. പേജ് 13-16]