ആദ്യം ഈ അല്പാശയങ്ങള്‍ കൈയൊഴിക്കുക: എന്നിട്ട് എല്ലാവരിലും ഈശ്വരനെ കാണുക – എല്ലാ കൈകളിലുംകൂടി വേല ചെയ്യുന്ന, എല്ലാ പാദങ്ങളിലുംകൂടി നടക്കുന്ന, എല്ലാ വദനങ്ങളിലുംകൂടി ഭക്ഷിക്കുന്ന ഈശ്വരനെ കാണുക. എല്ലാ സത്വങ്ങളിലും അവന്‍ ജീവിക്കുന്നു. എല്ലാ മനസ്സിലുംകൂടി അവന്‍ ചിന്തിക്കുന്നു. അവന്‍ സ്വതഃസിദ്ധനാണ്, നമ്മോടു നമ്മേക്കാള്‍ ഏറ്റവും അടുത്തിരിക്കുന്നു. ഇതറിയുന്നതാണ് മതവും വിശ്വാസവും എന്നു പറയുന്നത്. ഭഗവാന്‍ പ്രസാദിച്ചു നമുക്ക് ഈ ശ്രദ്ധ നല്‍കട്ടെ! ആ ഏകത്വം നമുക്കനുഭവപ്പെടുമ്പോള്‍ നാം അമൃതന്‍മാരാവും. ഭൗതികമായിപ്പോലും നാം അമൃതന്‍മാരാണ്. ജഗത്തിനോട് ഒന്നായിരിക്കുന്നു. ജഗത്തില്‍ എവിടെയെങ്കിലും ഒരു ജീവി ശ്വസിക്കുന്നുണ്ടെങ്കില്‍ ഞാന്‍ അതില്‍ ജീവിക്കുന്നു. (ശരീരം, മനസ്സ്, ബുദ്ധി, അഹങ്കാരം മുതലായവകൊണ്ട്) ഇടുങ്ങിയ ഈ അല്പസത്വമല്ല ഞാന്‍. ഞാന്‍ സര്‍വ്വമാണ്, കഴിഞ്ഞുപോയ എല്ലാ മനുഷ്യരുടെയും ജീവനാണ്. ഞാന്‍ ബുദ്ധന്റേയും യേശുവിന്റേയും മുഹമ്മദിന്റേയും ആത്മാവാകുന്നു. എല്ലാ ആചാര്യന്‍മാരുടെയും ആത്മാവാണ് ഞാന്‍. കൊള്ള ചെയ്ത എല്ലാ കൊള്ളക്കാരും, കഴുവേറിയ എല്ലാ കൊലയാളികളും ഞാന്‍തന്നെ: ഞാന്‍ സര്‍വ്വാത്മകനാണ്. അതുകൊണ്ട് എഴുന്നേല്‍ക്കുക. ഇതാണ് ഉത്തമാരാധനം. നിങ്ങള്‍ സര്‍വ്വാത്മഭൂതരാണ്. ഇതാണ് വിനയം. അല്ലാതെ മുട്ടുകുത്തി. ഇഴഞ്ഞുകൊണ്ടു ഞാന്‍ പാപിയാണേ എന്നു നിലവിളിക്കുന്നതല്ല. ഭേദഭാവനയായ ഈ മറ കീറുമ്പോഴാണ് പരിണാമപ്രക്രിയയുടെ ഉച്ചകോടി. ഏറ്റവും ഉത്കൃഷ്ടസിദ്ധാന്തം ഏകത്വമാകുന്നു. ഞാന്‍ അയാളാണ്, ഇയാളാണ് എന്നും മറ്റുമുള്ള സങ്കുചിതസങ്കല്പം യഥാര്‍ത്ഥമായ എന്റെ ശരിയായ വിവരണമല്ല. ”ഞാന്‍” സര്‍വ്വാത്മാവാണ്. അവിടെ ഉറച്ചുനില്‍ക്കുക. എന്നിട്ട് ആ പരമേശ്വരനെ പരമമായ രൂപത്തിലൂടെ ആരാധിക്കുക. ഈശ്വരന്‍ പരമാത്മാവാണ്. ആത്മഭാവേന, സത്യഭാവേന വേണംതാനും അവനെ ആരാധിക്കാന്‍. മനുഷ്യന്റെ ഭൗതികചിന്തകള്‍ താണതരം ഉപാസനകളില്‍ക്കൂടി ആധ്യാത്മികോപാസനയായി ഉയരുന്നു, ഒടുവില്‍ വിശ്വാത്മകനും അനന്തനുമായ ഏകന്‍ ആത്മാവായി ആത്മാവില്‍ ആരാധിക്കപ്പെടുന്നു. പരിച്ഛിന്നമെല്ലാം ഭൗതികം. അപരിച്ഛന്നം ആത്മാവുമാത്രം. ഈശ്വരന്‍ ചൈതന്യമാണ്, അനന്തമാണ്. മനുഷ്യനും ചൈതന്യമാണ്, അതുകൊണ്ട് അനന്തനുമാണ്. അനന്തനുമാത്രമേ അനന്തനെ ആരാധിക്കാന്‍ കഴിയൂ. നമുക്ക് ആ അനന്തനെ ആരാധിക്കാം. അതാണ് പരമോത്കൃഷ്ടമായ ആദ്ധ്യാത്മികോപാസന. എത്ര ഗംഭീരമായ തത്ത്വം! എന്നാല്‍ തത്ത്വസാക്ഷാല്‍ക്കരണം എത്രയോ പ്രയാസം! ഞാന്‍ സിദ്ധാന്തങ്ങളെ കല്പിക്കുന്നു, പ്രസംഗിക്കുന്നു, തത്ത്വചിന്തനം ചെയ്യുന്നു. എന്നാല്‍ അടുത്ത നിമിഷം എനിക്കനിഷ്ടമായി വല്ലതും സംഭവിച്ചാല്‍ ഞാനറിയാതെ കയര്‍ക്കുന്നു. ഈ ചെറിയ ഞാനല്ലാതെ ലോകത്തില്‍ എന്തെങ്കിലുമുണ്ടെന്നുള്ള വസ്തുതതന്നെ മറന്നുപോകുന്നു. ”ഞാന്‍ ആത്മാവാണ്. ചൈതന്യസ്വരൂപമാണ്, എനിക്ക് ഇത് എത്രയോ നിസ്സാരം” എന്നു പറയാന്‍ മറക്കുന്നു. ഞാന്‍തന്നെയാണ് ഈ ലീല ചെയ്യുന്നതെല്ലാം എന്നു മറക്കുന്നു. ഞാന്‍ ഈശ്വരനെ മറക്കുന്നു, സ്വാതന്ത്ര്യത്തെ മറക്കുന്നു.
സ്വാതന്ത്ര്യത്തിലേക്കുള്ള മാര്‍ഗ്ഗം കത്തിയുടെ വായ്ത്തലപോലെ നിശിതവും ദീര്‍ഘവും കടന്നുപോകാന്‍ വളരെ പ്രയാസമുള്ളതുമാകുന്നു. തത്ത്വദര്‍ശികള്‍ ഇതു വീണ്ടും വീണ്ടും പ്രസ്താവിച്ചിട്ടുണ്ട്. എങ്കിലും ഈ ദൗര്‍ബ്ബല്യങ്ങളും പോരായ്മകളും നിങ്ങളെ ബന്ധിക്കാനനുവദിക്കരുത്, ”എഴുന്നേല്‍ക്കുക! ഉണരുക! ലക്ഷ്യം പ്രാപിക്കുംവരെ നിന്നുപോകരുത്!” എന്ന് ഉപനിഷത്തുകള്‍ ഉദ്‌ഘോഷിച്ചിട്ടുണ്ട്. ഈ വഴി നാം തീര്‍ച്ചയായും കടന്നുപോവും. ഇതു കത്തിപോലെ മൂര്‍ച്ചയേറിയതുതന്നെ, ദീര്‍ഘവും വിദൂരവും പ്രയാസമുള്ളതുംതന്നെ, എന്നാലും മനുഷ്യന്‍ ദേവാസുരന്‍മാരുടേയും അധിപതിയാകും. നമ്മുടെ ദുഃഖങ്ങള്‍ക്കു നമ്മെയല്ലാതെ മറ്റാരെയും കുററപ്പെടുത്തേണ്ട. അമൃതം തേടി പോകുന്ന മനുഷ്യന് കാളകൂടമേ കിട്ടൂ എന്നു നിങ്ങള്‍ വിചാരിക്കുന്നുവോ? അമൃതം അവിടെയുണ്ട്, അതിനെ പ്രാപിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെല്ലാം ലഭിക്കുകയും ചെയ്യും. ഭഗവാന്‍തന്നെ നമ്മോടു പറയുന്നു, ”ഈ മാര്‍ഗ്ഗങ്ങളും ക്ലേശങ്ങളുമെല്ലാം ത്യജിക്കുക, നീ എന്നെത്തന്നെ ശരണം പ്രാപിക്കുക, ഞാന്‍ നിന്നെ അക്കരയ്‌ക്കെത്തിക്കാം. പേടിക്കേണ്ടാ.” ഇതുതന്നെ ലോകത്തിലെ എല്ലാ അധ്യാത്മശാസ്ര്തങ്ങളിലും കേള്‍ക്കാം. ആ ശബ്ദംതന്നെ ഇപ്രകാരം പറയാന്‍ നമ്മെ ശാസിക്കുന്നു, ”സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലും നിന്റെ ഇച്ഛ നടക്കട്ടെ.” എന്തെന്നാല്‍, ”രാജ്യവും ശക്തിയും പ്രഭാവവും നിന്റേതാകുന്നു.” ഇതെല്ലാം പ്രയാസം, വളരെ പ്രയാസം. ഞാന്‍ എന്നോടു പറയുന്നു, ”ഭഗവന്‍, ഈ നിമിഷം ഞാന്‍ അങ്ങയെ ശരണം പ്രാപിക്കും. അവിടുത്തെ പ്രേമത്തിനു ഞാന്‍ സര്‍വ്വവും യജിക്കും. അങ്ങയുടെ പാദപീംത്തില്‍ സര്‍വ്വശുഭങ്ങളും സുകൃതങ്ങളും ഞാന്‍ സമര്‍പ്പിക്കും. എന്റെ പാപങ്ങളും ശോകങ്ങളും ധര്‍മ്മവും അധര്‍മ്മവും എല്ലാം ഞാന്‍ അങ്ങയ്ക്കു സമര്‍പ്പിക്കും. അങ്ങു കനിഞ്ഞു കൈക്കൊള്ളണേ. ഞാന്‍ ഒരിക്കലും അങ്ങയെ മറക്കുകയില്ല.” ഒരു നിമിഷം ഞാന്‍ പറയും; ”എല്ലാം അങ്ങയുടെ ഇച്ഛപോലെ” എന്ന്. എന്നാല്‍ അടുത്ത നിമിഷം അനിഷ്ടമെന്തെങ്കിലും വരികയായി, ഞാനങ്ങു കോപിച്ചു ചാടിയെഴുന്നേല്‍ക്കും.
[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം II ജ്ഞാനയോഗം. അദ്ധ്യായം 1 മതം എന്നാല്‍ എന്ത്?. പേജ് 16-19]