ഭാരതം AD 1950-നു മുമ്പ് അതിന്‍റെ മുന്‍പദവിലെത്തും എന്ന രാമതീര്‍ത്ഥന്‍റെ പ്രവചനത്തെപ്പറ്റി വി.ജി.ശാസ്ത്രി പറഞ്ഞു.
രമണമഹര്‍ഷി: ഭാരതത്തിനിപ്പൊഴേ ആ പദവിയില്ലെന്നെന്തിനു വിചാരിക്കണം. എല്ലാ പദവിയും നമ്മുടെ വിചാരത്തിനുള്ളിലുള്ളതാണ്.
നവംബര്‍ 7, 1938.
ശ്രീ. കെ. എന്‍. ശര്‍മ്മയോടു് ശങ്കരാചാര്യരുടെ ദക്ഷിണാമൂര്‍ത്തി സ്തോത്രത്തെപ്പറ്റി ഭഗവാന്‍:
ബ്രഹ്മാവ് മനസ്സുകൊണ്ട് സനകന്‍, സനന്ദന്‍, സനല്‍കുമാരന്‍ , സനത്സുജാതന്‍ എന്നീ നാലു പുത്രന്മാരെ സൃഷ്ടിച്ചു. ഞങ്ങളെ എന്തിനു സൃഷ്ടിച്ചു എന്നു പുത്രന്മാര്‍ ചോദിച്ചപ്പോള്‍ ബ്രഹ്മാവു പറഞ്ഞു. എനിക്കു ലോകസൃഷ്ടി ചെയ്യണം. ആത്മസാക്ഷാല്‍ക്കാരത്തിനുവേണ്ടി തപസ്സു ചെയ്കയും വേണം. നിങ്ങള്‍ നിങ്ങളെത്തന്നെ വര്‍ദ്ധിപ്പിച്ചു ലോകത്തെ സൃഷ്ടിക്കണം. ഇതു സനകാദികള്‍ക്ക് ഇഷ്ടപ്പെട്ടില്ല. അവര്‍ പൂര്‍വ്വസ്ഥിതിയിലിരിക്കാനാഗ്രഹിച്ചു. അതിനുവേണ്ടി അവര്‍ ശിവനെ ധ്യാനിച്ചു. ശിവന്‍ ഒരു ആല്‍ത്തറയില്‍ പ്രത്യക്ഷനായി. ആത്മസാക്ഷാല്‍ക്കാരത്തിനു മാര്‍ഗമൊന്നുമില്ലാത്തതിനാല്‍ ശിവന്‍ സമാധിസ്ഥനായിരുന്നു. പരമമൗനം മാത്രമവശേഷിച്ചു. മൗനം സനകാദികള്‍ക്കും പകര്‍ന്നു.
ആത്മസാക്ഷാല്‍ക്കാരത്തിനു പറ്റിയ ഉപദേശം മൗനമാണ്. കാരണം സത്യം വാക്കിനും അതീതമാണ്. പക്ഷെ അതു പക്വന്മാര്‍ക്കേ ഫലപ്പെടൂ.
മനുഷ്യര്‍ വ്യാമോഹത്തില്‍ മുങ്ങിക്കിടക്കുകയാണ്. ഈ സ്തംഭനം മാറണം. മിഥ്യയെ മിഥ്യയാണെന്നുതന്നെ അറിയണം. അപ്പോഴേ ആ വലയില്‍നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കൂ. അപ്പോള്‍ വൈരാഗ്യം ഉണ്ടാകും. സത്യത്തെ അന്വേഷിക്കും. ആത്മാവിനെ നോക്കും. അതായിത്തീരും. ശ്രീ ശങ്കരനു മൗനത്തില്‍ക്കൂടി മറ്റുള്ളവരെ സ്പര്‍ശിക്കാന്‍ കഴിഞ്ഞില്ല. അതിനാല്‍ മനുഷ്യന്‍ സത്യം അറിയുന്നതിനു സഹായകരമായി മന്ത്രരൂപേണ സ്തോത്രം രചിച്ചു. മായയുടെ സ്വഭാവമെന്ത്? അഹന്ത, ഈ സൃഷ്ടി, സൃഷ്ടികര്‍ത്താവ് ഇവയാണ് മായയ്ക്ക് ഹേതുക്കളായിരിക്കുന്നത്. ഇവ ആത്മാവിനന്യമല്ലെന്നറിഞ്ഞാല്‍ മായ ഒഴിയും.