ശ്രീ രമണമഹര്‍ഷി
നവംബര്‍ 11, 1938
പതിനാലുവര്‍ഷം ഭഗവാനുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടുള്ള ശ്രീ. രംഗനാഥയ്യര്‍: മരണത്തിനും ജനനത്തിനുമിടക്ക് എത്ര കാലമുണ്ടായിരിക്കും.
രമണ മഹര്‍ഷി: ആ കാലം ഹൃസ്വമോ ദീഘമോ ആയിരിക്കാം, സൂക്ഷ്മശരീരത്തിലിരുന്നു കര്‍മ്മ ഫലമനുഭവിച്ച ശേഷം പുനര്‍ജനനം ഉണ്ടാവുമെന്ന് ചിലര്‍ പറയുന്നു. ഏതായാലും ജ്ഞാനി ഇക്കൂട്ടത്തില്‍ പെടുന്നില്ല.

യോഗമാര്‍ഗ്ഗം അനുശാസിക്കുന്ന ആസനങ്ങളുടെ പ്രയോജനമെന്ത്?
മഹര്‍ഷി: ധ്യാനത്തിലിരിക്കുമ്പോള്‍ ദേഹം അനങ്ങാതിരുക്കുന്നതിനാണവ. ഇരിപ്പിന്‍റെ സുഖത്തിനു പുലിത്തോല്‍, മാന്തോല്‍. ദര്‍ഭ ഇവ ഉപയോഗിക്കുന്നു. പത്മാസനം. സുഖാസനം, തുടങ്ങി പലപേരുകളും ഇരിപ്പുകള്‍ക്കു കൊടുത്തിട്ടുമുണ്ട്. താന്‍ തന്നെ അറിയുന്നതിനാണോ ഇവയെല്ലാം? താന്‍ ബ്രഹ്മമാണെന്നു കരുതുന്നവര്‍ക്കാണിതിന്‍റെ എല്ലാം ആവശ്യം. താന്‍ ഉപാധിരഹിതനായ ആത്മാവാണെന്നറിഞ്ഞാല്‍ അതു തന്നെ സര്‍വ്വത്തിനും ആധാരമായും അസനമായും തീരുന്നു. സ്ഥിരമായും സുഖമായും ഇരിക്കുന്നതിനുതകുന്നതുതന്നെ ആസനം. (സ്ഥിരസുഖം ആസനം) തന്‍റെ നിജ( ആത്മ) സ്വരൂപത്തിലല്ലാതെ മറ്റെവിടെയാണ് ഒരാള്‍ അനായാസമായി സുഖമായിരിക്കാന്‍ കഴിയും?

ചോദ്യം: കാമക്രോധാദികളെ ജയിക്കുന്നതെങ്ങനെ?
മഹര്‍ഷി: അവയെല്ലാം ദുഖഃപ്രദമാണെന്നറിഞ്ഞാല്‍ മതി.