ശ്രീ രമണമഹര്‍ഷി

രമണമഹര്‍ഷി: ആവരണം ജീവനെ മുഴുവന്‍ മറയ്ക്കുന്നില്ല. താന്‍ ഉണ്ട് എന്ന് അവനറിയാം. ആരാണെന്നു മാത്രമറിയാന്‍ പാടില്ല. അവന്‍ നാമരൂപലോകത്തെ കാണുന്നുണ്ട്. പക്ഷേ അത് ബ്രഹ്മമാണെന്നറിയാന്‍ പാടില്ല. ഇത് ഇരുട്ടില്‍ തോന്നുന്ന വെട്ടമാണ്. (ജ്ഞാനത്തില്‍ അജ്ഞാനം)

ഒരു സിനിമാഹാളില്‍ ആദ്യം ഇരുട്ടുണ്ടാക്കിയിട്ട് പിന്നീട് പ്രകാശം കൃത്രിമമായുണ്ടാക്കി അതില്‍ ചിത്രങ്ങളെ കാണിക്കുന്നത് നോക്കുക.

ഭേദങ്ങളെ ജനിപ്പിക്കാന്‍ ഒരു പ്രതിഫലനപ്രകാശം ആവശ്യമായിവരുന്നു. ഉറങ്ങുന്നവന്‍ സ്വപ്നം കാണുന്നു. അവന്‍ ഉറക്കത്തില്‍ നിന്നും വിട്ടുമാറുന്നില്ല. നിദ്രയിലോ അവിദ്യയിലോ അല്ലാതെ മിഥ്യയായ സ്വപ്നവസ്തുക്കളെ കാണാന്‍ സാദ്ധ്യമല്ല. അതുപോലെ അവിദ്യയിലുള്ള ഇരുട്ടാണ്‌ പ്രപഞ്ചദൃശ്യത്തെപ്പറ്റി അറിവ് തരുന്നത്.

ആവരണം അവിദ്യ തന്നെയാണ്. അതാത്മാവിനുള്ളതല്ല. അതാത്മാവിനെ ഹനിക്കുകയില്ല. ജീവനെയേ ബാധിക്കുകയുള്ളൂ. അഹന്ത അചേതനമാണ്. ആത്മപ്രകാശം തട്ടുന്ന അഹന്തയെ ജീവനെന്നുപറയുന്നു. അഹന്തയെയും പ്രകാശത്തെയും തിരിച്ചറിയാന്‍ സാദ്ധ്യമല്ല. അവ എകോപിച്ചിരിക്കും. ഇപ്രകാരം സമ്മിശ്രവസ്തുവാണ് ഭേദങ്ങള്‍ക്കെല്ലാം മൂലകാരണമായ ജീവന്‍. ജീവന് ഈശ്വരനന്യമായി ഒരു നിലനില്‍പില്ല. ഉപാധിഭേദത്താല്‍ ഈശ്വജീവനെന്നും വ്യവഹരിച്ചു വരുന്നുവെന്നുമാത്രം. രണ്ടിനും പൊരുളൊന്നുതന്നെ.