ശ്രീ രമണമഹര്‍ഷി
നവംബര്‍ 25,1938
ഒരാന്ധ്രസന്ദര്‍ശകനോട് രമണമഹര്‍ഷി: സന്യാസം അതിനു യോഗ്യതയുള്ളവനേ ആകാവൂ. ന്യസിക്കേണ്ടതു സ്ഥൂലപദാര്‍ഥങ്ങളെയല്ലാ, അതുകളിലുള്ള ആശയെയാണ്. ഒരുവന് കുടുംബത്തില്‍ തന്നെ സന്യാസിയായിരിക്കാം.
നവംബര്‍ 27, 1938
ആശ്രമത്തിലെ ദീര്‍ഘകാല അന്തേവാസിയായ സോമസുന്ദരം സ്വാമി: കണ്ണാടിയില്‍ ആകാശമുണ്ട്. അത് വസ്തുക്കളെ പ്രതിഫലിപ്പിക്കുന്നു. അവ കണ്ണാടിയില്‍ പറ്റുന്നതെങ്ങനെ?
രമണമഹര്‍ഷി: വസ്തുക്കള്‍ ആകാശത്തു സ്ഥിതിചെയ്യുന്നു. ഈ രണ്ടും (വസ്തുവും ആകാശവും) ചേര്‍ന്നു കണ്ണാടിയില്‍ പ്രതിബിംബിക്കുന്നു. ആകാശത്തു സ്ഥിതി ചെയ്യുന്നതുപോലെ വസ്തുക്കള്‍ (കണ്ണാടിയിലെ) പ്രതിബിംബിതാകാശത്തിലും സ്ഥിതിചെയ്യുന്നു.
ചോദ്യം: ഘടാകാശത്തില്‍ എന്തു സംഭവിക്കുന്നു?
മഹര്‍ഷി: ഘടാകാശത്തില്‍ പ്രതിഫലനമില്ല. പ്രതിഫലനം ജലത്തില്‍ മാത്രം. അനേകം കുടങ്ങള്‍ വെള്ളം നിറച്ച് ഒരു തടാകത്തില്‍ വച്ചാല്‍ ഘടജലത്തിലും തടാകജലത്തിലും ഒന്നുപോലെ പ്രതിഫലനങ്ങള്‍ തോന്നും. അതുപോലെ വിശ്വം മുഴുവനും ഓരോ വ്യക്തിയിലും പ്രകാശിക്കുന്നു.
നിര്‍മ്മലാകാശം പ്രതിഫലനത്തെ ഉണ്ടാക്കുകയില്ല. ജലമയമായ ആകാശത്തിലെ പ്രതിഫലനം ഉണ്ടാകുകയുള്ളൂ. വെറും കണ്ണാടിയില്‍ പ്രതിഫലനം ഇല്ല. രസം കൊണ്ടോ മറ്റോ ഒരുവശം തടയപ്പെട്ടാലേ മുമ്പോട്ടുള്ള പ്രതിഫലനം സാദ്ധ്യമാവൂ. അതുപോലെ ശുദ്ധജ്ഞാനത്തില്‍ വസ്തുക്കള്‍ വിഷയീകരിക്കപ്പെടുകയില്ല. ശുദ്ധജ്ഞാനത്തിനു പരിമിതിയുണ്ടായി (മനസ്സായി)ത്തീര്‍ന്നാലേ അതു വിഷയാദികളെ പ്രതിഫിലപ്പിക്കുകയുള്ളൂ.