ശ്രീ രമണമഹര്‍ഷി
ഡിസംബര്‍ 14 1938
ചോദ്യം: നാമോച്ചാരണത്തിന്‍റെ മെച്ചമെന്ത്?
രമണമഹര്‍ഷി: നാമദേവിന്‍റെ ഒരു പദ്യം വിഷന്‍മാസികയില്‍ തര്‍ജ്ജിമചെയ്തു ചേര്ത്തിരുന്നതിനെ കാണിച്ചുകൊടുത്തു. ആത്മാവിനെക്കൂടാതെ മനസ്സോ വായോ പ്രവര്‍ത്തിക്കുകയില്ല. നാമസ്മരണ ക്രമേണ ആത്മസ്ഫുരണമായി ഭവിക്കും.
ചോദ്യം: ശ്രീരാമകൃഷ്ണന്‍റെ കാളീവിഗ്രഹം സചേതനമാണെന്നു പറയുന്നല്ലോ.
മഹര്‍ഷി: അതെ. അതദ്ദേഹത്തിനു മാത്രമേ അറിയാവൂ. അദ്ദേഹം കാളീവിഗ്രഹത്തില്‍ കണ്ടതു സ്വന്തം ചേതനയാണ്. ചൈതന്യം എങ്ങും വ്യാപിക്കാമെന്നുള്ളതാണ്. പല ഭക്തന്മാര്‍ക്കും ഇങ്ങനെ സംഭവിച്ചിട്ടുണ്ട്.
ചോദ്യം: കല്ല് അചേതന വസ്തുവല്ലേ? അതില്‍ നിങ്ങളുടെ ചൈതന്യം എങ്ങനെ ഉണ്ടാവും?
മഹര്‍ഷി: ഈ ലോകം തന്നെ ചൈതന്യമയമാണ്. നിങ്ങളുടെ ചേതനമാണ് അചേതനത്വത്തെപ്പറ്റി പറയുന്നത്. ഇരുട്ടറയില്‍ പണ്ടമുണ്ടെന്നറിയാനും ഇല്ലെന്നറിയാനും ദീപം സഹായിക്കുന്നു. അതുപോലെ ജഡചൈതന്യങ്ങളെ അറിയാനും ചൈതന്യം വേണം. ഇരുട്ടറിയില്‍ ഒരാളുണ്ടോ എന്നറിയാന്‍ ദീപം വേണ്ട. വിളിച്ചുനോക്കിയാല്‍ മതി. അങ്ങനെ ചൈതന്യം സ്വയം ചേഷ്ടിക്കുന്നുണ്ട്. എന്നാല്‍ നിങ്ങള്‍ ഉറങ്ങുമ്പോള്‍ അതെവിടെപ്പോയി. അപ്രകാരം ഉറക്കത്തില്‍ നിങ്ങള്‍ക്കെന്തു ചേതനത്വമുണ്ടോ ആ ചേതനത്വം കല്ലിനുമുണ്ട്.
ചോദ്യം: ഒരു വൃക്ഷം ചരിക്കുന്നില്ല. അതേസമയം ഞാന്‍ ചരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു!
മഹര്‍ഷി: അപ്പോള്‍ മരത്തെ ചരിക്കാത്ത മനുഷ്യനെന്നും മനുഷ്യനെ ചരിക്കുന്ന മരമെന്നും പറഞ്ഞു കൊള്ളൂ.