ശ്രീ രമണമഹര്‍ഷി

ഒരു സ്പാനിഷ് വനിത ആശ്രമത്തില്‍ താമസിച്ചു വരുന്ന അമേരിയ്ക്കന്‍ എഞ്ചിനീയര്‍ മി. ഹേഗിനെഴുതിയ കത്തില്‍ ചോദിച്ചു: ജീവാത്മാവ് പരമാത്മാവില്‍ ലയിച്ചാല്‍ പിന്നീട് ഒരാള്‍ ജനക്ഷേമകാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ ഈശ്വരനെ പ്രാര്‍ത്ഥിക്കുന്നതെങ്ങനെ?

രമണമഹര്‍ഷി: ‘ഈശ്വരാ, നീ എല്ലാം ചെയ്യൂ’ എന്നാണവരുടെ പ്രാര്‍ത്ഥന. സര്‍വ്വവും ഈശ്വരചിത്തമനുസരിച്ചാണ് നടക്കുന്നതെങ്കില്‍, നാമങ്ങനെ വിശ്വസിക്കുന്നുവെങ്കില്‍, പ്രാര്‍ത്ഥനയുടെ ആവശ്യമെന്തുണ്ട്? കോടാനുകോടി ജീവജാലങ്ങളെയും സൃഷ്ടിച്ചു രക്ഷിക്കുന്നവന്‍ തന്നെ തള്ളിക്കളയുമോ? സര്‍വ്വ ജീവജാലങ്ങളിലും അന്തര്യാമിയായിരിക്കുന്നവന്‍ എല്ലാവരും അറിയുന്നതിനെ അറിയാതിരിക്കുമോ? നാം പറഞ്ഞിട്ട് അറിയുകയോ ഓര്‍മ്മിക്കുകയോ വേണോ?

നമ്മുക്ക് നമ്മുടെ ദുര്‍ബലത്വവും നിസ്സഹായതയും അറിയാം. എന്നാല്‍ നാം മറ്റുള്ളവരെ സഹായിക്കുന്നതെങ്ങനെ? ഈശ്വരനെ പ്രാര്‍ത്ഥിച്ചിട്ട് എന്നു പറയുമായിരിക്കും. ഈശ്വരന്‍ ചെയ്യേണ്ട കാര്യത്തിനു നമ്മുടെ ശുപാര്‍ശ ആവശ്യമാണോ?