ശ്രീ രമണമഹര്‍ഷി
ജനുവരി 8, 1939
ലേഡി ബെറ്റ്മാന്‍ തന്റെ മകളുമായി ഭഗവാനെ കാണാന്‍ വന്നു. അവര്‍ കൊണ്ടുവന്ന പാസ്ക്കലിന്‍ മാലെറ്റ് എന്ന ഒരു ഫ്രഞ്ചുഭക്ത ഭഗവാനെഴുതിയ കത്തില്‍ ഇപ്രകാരമെഴുതിയിരുന്നു.
രണ്ടു കൊല്ലമായി ഞാന്‍ ഭഗവാനെ കാണാന്‍ വന്നിട്ട്. ഞാനിപ്പോള്‍ ഇവിടെ വളരെ ദൂരെയാണെങ്കിലും യഥാര്‍ത്ഥത്തില്‍ ഭഗവാന്‍റെ അടുത്തിരിക്കുകയാണ്.
അങ്ങയുടെ തിരുസന്നിധിയില്‍ ഞാന്‍ മൂകമായിരുന്നപ്പോള്‍ ലഭിച്ചിരുന്ന സത്യദര്‍ശനം ഇപ്പോള്‍ പലപ്പോഴും മറയ്ക്കപ്പെടുന്നുണ്ടെങ്കിലും ആത്മരതിയും ഭഗവാന്‍റെ അനുഗ്രഹവിലാസവും കൂടുതല്‍ കൂടുതല്‍ അനുഭൂതിയില്‍ വരുന്നു.
അപൂര്‍വ്വമായിട്ടാണെങ്കിലും അനുഭൂതികള്‍ അവിസ്മരണീയങ്ങളാണ്. ‘ഞാന്‍ ആര്’ എന്ന അനുഭൂതിയിലോട്ടുതന്നെ ഞാന്‍ സ്വയം നീങ്ങുന്നതുപോലെ തോന്നുന്നു. എന്‍റെ വഴി കാട്ടിയും ( ഗുരു) ആത്മാവുതന്നെയുമായ ഭഗവാന്‍റെ പാദങ്ങളില്‍ ഹൃദയാര്‍പ്പണം ചെയ്തു കൊള്ളുന്നു. – എന്ന് പാസ്കലിന്‍