സാമാന്യത്തില്‍ക്കൂടി മാത്രമേ വിശേഷം അറിയപ്പെടൂ എന്ന യുക്തിനിയമം നാം ആദ്യമേ അറിഞ്ഞിട്ടുണ്ട്. അതനുസരിച്ചു മനുഷ്യന്‍ മുതല്‍ ഈശ്വരന്‍വരെയുള്ള സമസ്തവിശേഷങ്ങളെയും പരമസാമാന്യമായ നിര്‍വ്വിശേഷത്തില്‍ക്കൂടിമാത്രമേ അറിയാന്‍ കഴിയൂ. പ്രാര്‍ത്ഥനകളെല്ലാം നിലനില്‍ക്കുകതന്നെ ചെയ്യും. അവ കുറേക്കൂടി അര്‍ത്ഥവത്താകുമെന്നുമാത്രം. പ്രാര്‍ത്ഥനയെ സംബന്ധിച്ച് നിരര്‍ത്ഥകവും നികൃഷ്ടവുമായ ആശയങ്ങളെല്ലാം, നമ്മുടെ ഉള്ളിലുള്ള ബാലിശമായ ആഗ്രഹങ്ങളെ വാഗ്‌രൂപേണ പ്രകടിപ്പിക്കുക മാത്രം ചെയ്യുന്നവ, വിട്ടുകളയേണ്ടിവരും. കാര്യബോധമുള്ള മതങ്ങളിലൊന്നിലും ഈശ്വരനോടു പ്രാര്‍ത്ഥന അനുവദിക്കുന്നില്ല. ദേവന്‍മാരോടു പ്രാര്‍ത്ഥിക്കാന്‍ അനുവാദമുണ്ട്. അത് എത്രയും സ്വാഭാവികമാണ്. റോമന്‍ കത്തോലിക്കര്‍ പുണ്യവാളന്‍മാരോടു പ്രാര്‍ത്ഥിക്കുന്നുണ്ട്. അതു നല്ലതുതന്നെ. എന്നാല്‍ ഈശ്വരനോടു പ്രാര്‍ത്ഥിക്കുന്നതില്‍ അര്‍ത്ഥമില്ല, ഒരു വീര്‍പ്പു വായു തരാനോ, ഒരു മഴ പെയ്യിക്കാനോ, നിങ്ങളുടെ തോട്ടത്തില്‍ കായ്കള്‍ വിളയിക്കാനോ മറ്റോ ഈശ്വരനോടു പറയുന്നത് ഒട്ടും ഉചിതമല്ല. നമ്മെപ്പോലെ നിസ്സാരരായിരുന്ന ദേവന്‍മാരോ പുണ്യവാളന്‍മാരോ, ഈവക വിഷയങ്ങളില്‍ നമ്മെ സഹായിച്ചെന്നുവരാം. എന്നാല്‍ ജഗദീശ്വരനോടു ക്ഷുദ്രകാമങ്ങള്‍ക്കുവേണ്ടി ചെയ്യുന്ന പ്രലാപങ്ങളും, ‘പ്രഭോ! എനിക്കു തല വേദനിക്കുന്നു, അതു മാററിത്തരണേ, എന്നും മററും കുഞ്ഞുന്നാള്‍ മുതല്‍ക്കേ ശീലിച്ച പ്രാര്‍ത്ഥനകളും പരിഹാസ്യമാണ്. ഈ ലോകത്തില്‍ എത്രയോ ലക്ഷം ജീവന്‍മാര്‍ മരിച്ചുപോയിട്ടുണ്ട്. അവരെല്ലാം ഇവിടെത്തന്നെയുണ്ടുതാനും. ഇപ്പോള്‍ അവര്‍ ദേവന്‍മാരോ, ഉപദേവന്‍മാരോ ആയിട്ടുമുണ്ടാകും. അവര്‍ നിങ്ങളുടെ സഹായത്തിനു വരട്ടെ. എന്നാല്‍ ഈശ്വരന്‍! അതു പാടില്ല. അവന്റെയടുക്കല്‍ വലിയ കാര്യങ്ങള്‍ക്കേ നാം പോകാവൂ. ഗംഗാതീരത്തു താമസിക്കെ വെള്ളത്തിന് ഒരു പടുകിണര്‍ കുഴിക്കുന്നവന്‍ വിഡ്ഢിതന്നെ. വജ്രഖനിയുടെ അടുക്കല്‍ താമസിക്കെ പളുങ്കുകഷണങ്ങള്‍ക്കു കുഴി തോണ്ടുന്നവന്‍ മഹാമൂഢന്‍.
പരമകാരുണികനും പ്രേമനിധിയുമായ ജഗത്പിതാവിനോടു നിസ്സാരമായ ലൗകികവിഷയങ്ങള്‍ക്കു പ്രാര്‍ത്ഥിക്കുന്നെങ്കില്‍ നിശ്ചയമായും നാം മൂഢന്‍മാര്‍തന്നെ. അതുകൊണ്ട് ജ്ഞാനത്തിനും ബലത്തിനും പ്രേമത്തിനുംവേണ്ടി നമുക്ക് അവനെ സമീപിക്കാം. എന്നാല്‍ നമ്മളില്‍ ദൗര്‍ബ്ബല്യവും ദാസോചിതമായ പരാശ്രയതൃഷ്ണയുമുള്ള കാലത്തോളം ഈ ക്ഷുദ്രപ്രാര്‍ത്ഥനകളും സഗുണേശ്വരാരാധനയെസ്സംബന്ധിച്ച അല്പാശയങ്ങളും നിലനില്‍ക്കും. അദ്ധ്യാത്മജീവിതത്തില്‍ വളരെയധികം പുരോഗമിച്ചിട്ടുള്ളവര്‍ ഈവക നിസ്സാരസഹായങ്ങളെ ഗൗനിക്കാറില്ല. തങ്ങള്‍ക്കുവേണ്ടി ഓരോന്നന്വേഷിക്കുക, തങ്ങള്‍ക്കുവേണ്ടി, ഓരോന്നാഗ്രഹിക്കുക – ഇതിനെ അവര്‍ മിക്കവാറും മറന്നുകഴിഞ്ഞിരിക്കുന്നു. അവരിലുള്ള പ്രബലമായ ചിത്തവൃത്തി, ”സഹോദരാ. ഞാനല്ല നീയാണ്,” എന്നുള്ളതാകുന്നു. അവരാണ് നിര്‍ഗുണേശ്വരനെ ആരാധിക്കാന്‍ അധികാരികള്‍. എന്താണ് നിര്‍ഗുണേശ്വരന്റെ ആരാധനയെന്നുവെച്ചാല്‍? അതില്‍ ”പ്രഭോ, ഞാന്‍ അല്പനാണ്, എന്നില്‍ കൃപയുണ്ടാകണേ” എന്ന മാതിരിയുള്ള അടിമത്തമില്ല, ഇംഗ്ലീഷിലേക്കു വിവര്‍ത്തനം ചെയ്തിട്ടുള്ള ആ പഴയ പേര്‍ഷ്യന്‍ കവിത നിങ്ങള്‍ക്കറിയാമല്ലോ. ”ഞാന്‍ എന്റെ പ്രിയയെ കാണാന്‍ ചെന്നു. വാതിലടച്ചിരുന്നു. ഞാന്‍ മുട്ടി, ഉള്ളില്‍നിന്ന് ഒരു ശബ്ദം കേട്ടു. ആരാണത്?’ ‘ഞാന്‍ തന്നെ.’ വാതില്‍ തുറന്നില്ല. രണ്ടാമതും ഞാന്‍ ചെന്നു, മുട്ടി. അതേ ചോദ്യമായി: അതേ മറുപടിയും കൊടുത്തു. വാതില്‍ തുറന്നില്ല. ഞാന്‍ മൂന്നാമതു ചെന്നു. അപ്പോഴും അതേ ചോദ്യം വന്നു. ഞാന്‍ മറുപടി പറഞ്ഞു; ‘പ്രിയേ, ഞാന്‍ നീതന്നെ.’ വാതില്‍ തുറന്നു.” നിരുപാധികേശ്വരനെ ആരാധിക്കുന്നതു സത്യത്തില്‍ക്കൂടിയാണ്. എന്താണ് സത്യം? ഞാന്‍ അവന്‍തന്നെയെന്ന്. ”ഞാന്‍ നീയല്ല” എന്നു പറയുമ്പോള്‍ അത് അസത്യമാണ്. ഞാന്‍ നിങ്ങളില്‍നിന്ന് അന്യനാണെന്നു പറയുന്നത് അസത്യമാണ്, മുരത്ത നുണ. ഞാനും ഈ ജഗത്തും ഒന്ന്, ജന്‍മനാ ഒന്ന്. ഞാന്‍ ജഗത്തുമായി ഒന്നാണെന്നത് എന്റെ ഇന്ദ്രിയങ്ങള്‍ക്കു സ്വതഃസിദ്ധമാണ്. ഞാനും എന്നെ ആവരണം ചെയ്യുന്ന വായുവും ഒന്നാണ്: ഞാനും ചൂടും ഒന്ന്, ഞാനും വെളിച്ചവും ഒന്ന്. ഏതൊരീശ്വരനെ ജഗത്തെന്ന് നാം വിളിക്കുന്നുവോ, ഏതൊരീശ്വരനെ ജഗത്തായി തെറ്റിദ്ധരിക്കുന്നുവോ, ആ ജഗന്‍മയനും ഞാനും എന്നും ഒന്നുതന്നെ. എന്തെന്നാല്‍ നിത്യദൃക്കായ അവന്‍തന്നെയാണ്, മറ്റാരുമല്ല, ഓരോ ഹൃദയത്തിലും ‘ഞാന്‍ ഉണ്ട്’ എന്നു പറയുന്നത്. അവന്‍ അമരനും അനിദ്രനും നിത്യബുദ്ധനും അമൃതനുമാണ്. അവന്റെ മഹിമ അനന്തമാണ്, അവന്റെ ശക്തി അക്ഷയമാണ്. ഞാനും അവനും ഒന്നാണ്.
ഇത്രമാത്രമാണ് നിര്‍ഗുണോപാസന. ഫലമോ? മനുഷ്യജീവിതം ആകമാനം മാറുന്നു. ബലം, ബലമൊന്നുമാത്രമാണ് നമുക്ക് ഈ ജീവിതത്തില്‍ അത്യാവശ്യമായിരിക്കുന്നത്. പാപമെന്നും ശോകമെന്നും പറയുന്നതിനെല്ലാം ഏകകാരണം നമ്മുടെ ദൗര്‍ബ്ബല്യമാണ്. ദൗര്‍ബല്യത്തോടുകൂടി അജ്ഞാനവും അജ്ഞാനത്തോടുകൂടി ക്ലേശങ്ങളും വന്നുചേരുന്നു. ഇതാകട്ടെ നമ്മെ ബലവാന്‍മാരാക്കും. അപ്പോള്‍ ക്ലേശങ്ങളെ നാം പരിഹസിച്ചു തള്ളും. ദുഷ്ടന്‍മാരുടെ അക്രമങ്ങളില്‍ മന്ദഹസിക്കും. ക്രൂരനായ വ്യാഘ്രം അവന്റെ ക്രൂരസ്വഭാവത്തിനു പിന്നില്‍ എന്റെ ആത്മസ്വരൂപത്തെ വെളിപ്പെടുത്തിത്തരും. അതായിരിക്കും ഫലം. ഈശ്വരനുമായി ഒന്നായ ആത്മാവിനാണ് ബലം. മററാര്‍ക്കും ബലമില്ല. നിങ്ങളുടെ ബൈബിളില്‍ പറയുന്ന, നസറേത്തിലെ യേശുവിന്റെ ആ ബലത്തിനു ഹേതു എന്താണെന്നാണ് നിങ്ങള്‍ വിചാരിക്കുന്നത്? ചതിയന്‍മാരുടെ നേരെ ചിരിക്കയും കൊല്ലാന്‍ വന്നവരെ അനുഗ്രഹിക്കയും ചെയ്ത ആ മഹാത്മാവിന്റെ അനന്തബലം എവിടെ നിന്നു വന്നു? ”ഞാനും എന്റെ ജഗത്പിതാവും ഒന്നുതന്നെ.” അതാണ് ബലം. ”പിതാവേ, ഞാന്‍ അങ്ങയോട് ഒന്നായിരിക്കുംപോലെ, ഇവരോടും ഞാന്‍ ഒന്നായിരിക്കണമേ” എന്ന പ്രാര്‍ത്ഥനയാണ് നിരുപാധികനായ ഈശ്വരന്റെ ഭജനം. ജഗത്തുമായി ഏകീഭവിക്കുക, ഈശ്വരനുമായി ഏകീഭവിക്കുക. ഈ നിരുപാധികനായ ഈശ്വരനെ തെളിയിക്കാന്‍ വേറെ പ്രമാണങ്ങളും ദൃഷ്ടാന്തങ്ങളും വേണ്ട. അവന്‍ നമ്മുടെ ഇന്ദ്രിയങ്ങളെക്കാളുമധികം നമ്മോടടുത്തിരിക്കുന്നു. നമ്മുടെ മനസ്സിനേക്കാളുമധികം നമ്മോടടുത്തിരിക്കുന്നു. അവനില്‍ക്കൂടിയാണ് നാം കാണുന്നതും വിചാരിക്കുന്നതും. മറ്റേതു വസ്തുവിനെയും കാണുവാന്‍ ആദ്യം അവനെ കാണണം. ഈ ചുമര്‍ കാണണമെങ്കില്‍ ആദ്യം ഞാന്‍ അവനെ കാണണം, പിന്നെ ഈ ചുമരിനെയും. എന്തെന്നാല്‍ അവനാണ് നിത്യസാക്ഷി. ആര് ആരെ കാണുന്നു? അവന്‍ ഇവിടെ നമ്മുടെ ഹൃദയാന്തര്‍ഭാഗത്തിലാണ്. ശരീരങ്ങളും മനസ്സും മാറുന്നു. സുഖദുഃഖങ്ങളും നന്‍മതിന്‍മകളും വരുന്നു, പോകുന്നു. ദിവസങ്ങളും സംവല്‍സരങ്ങളും ഉരുണ്ടുപോകുന്നു. ജീവിതം വരികയും പോകുകയും ചെയ്യുന്നു. എന്നാല്‍ അവന്‍ മരിക്കുന്നില്ല. ”ഞാനുണ്ട്” ”ഞാനുണ്ട്” എന്ന അതേ ശബ്ദം, അതിനു മാറ്റമില്ല: അതു നിത്യമാണ്. അവനിലും അവയില്‍ക്കൂടിയും നാം എല്ലാം അറിയുന്നു. അവനിലും അവനില്‍ക്കൂടിയും എല്ലാം കാണുന്നു, അവനിലും അവനില്‍ക്കൂടിയും നാം വിഷയങ്ങളെ സ്പര്‍ശിക്കുന്നു, ചിന്തിക്കുന്നു, ജീവിക്കുന്നു, നാം ഉണ്ട്. ഏതൊരാത്മാവിനെ ക്ഷുദ്രവും പരിമിതവുമായി നാം തെറ്റിദ്ധരിക്കുന്നുവോ ആ ‘ഞാന്‍’ എന്റെ ‘ഞാന്‍’ മാത്രമല്ല, നിങ്ങളുടെയുമാണ്, എല്ലാവരുടെയും ‘ഞാന്‍’, മൃഗങ്ങളുടെയും ദേവന്‍മാരുടെയും അത്യന്തനികൃഷ്ടജീവികളുടെയും ‘ഞാന്‍’, ആണ്. ‘ഞാന്‍ ഉണ്ട്’ എന്ന അതുതന്നെ കൊലയാളിയിലും സുകൃതിയിലും, അതുതന്നെ ധനികനിലും ദരിദ്രനിലും: അതുതന്നെ സ്ര്തീയിലും പുരുഷനിലും: അതുതന്നെ മനുഷ്യനിലും മൃഗങ്ങളിലും. അത്യന്തനികൃഷ്ടമായ ജീവാണുമുതല്‍ അത്യുത്കൃഷ്ടനായ ദേവന്‍വരെയുള്ള സര്‍വ്വത്തിന്റെയും ആത്മാവില്‍ (ഹൃദയത്തില്‍) അവന്‍ കുടികൊണ്ട് ”സോ ഹം, സോ ഹം”, എന്നിങ്ങനെ നിത്യവും പ്രഖ്യാപിക്കുന്നു. അവിടെ എന്നും മുഴങ്ങുന്ന ആ നാദത്തെ നാം എപ്പോള്‍ അറിയുന്നുവോ, ഈ തത്ത്വം നമുക്ക് എപ്പോള്‍ മനസ്സിലാകുന്നുവോ, അപ്പോള്‍ സമസ്തപ്രപഞ്ചവും സ്വരഹസ്യം പ്രകാശിപ്പിച്ചിരിക്കും, പ്രകൃതി സ്വരഹസ്യം നമുക്കു വിട്ടുതന്നിരിക്കും. ഇതിലധികം ഒന്നും അറിയേണ്ടതില്ല. ഇപ്രകാരം എല്ലാ മതങ്ങളും അന്വേഷിക്കുന്ന ആ സത്യം നാം കണ്ടെത്തുന്നു. ഭൗതികവിജ്ഞാനങ്ങളെല്ലാം ആ സത്യത്തെ അപേക്ഷിച്ച് രണ്ടാംതരം മാത്രം. സര്‍വ്വദേവാത്മകനായ സര്‍വ്വേശ്വരനോട് നമ്മെ ഒന്നാക്കുന്ന ജ്ഞാനമേതോ, അതാണ് യഥാര്‍ത്ഥജ്ഞാനം.
[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം II ജ്ഞാനയോഗം. അദ്ധ്യായം 2 യുക്തിവിചാരവും മതവും. പേജ് 43-48]