ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനേഴ് ശ്രദ്ധാത്രയവിഭാഗയോഗം
അല്ലയോ ഗണേന്ദ്രാ, നീ ഗുരുരാജനാണ്. ഞാന്‍ നിന്നെ നമിക്കുന്നു. നിന്‍റെ യോഗമായ ഈ പ്രപഞ്ചത്തിന്‍റെ പ്രകടിതരൂപത്തിനു കാരണഭൂതമാകുന്നു. ത്രിഗുണങ്ങളാകുന്ന ത്രിപുരരാക്ഷസന്മാരാല്‍ ചുറ്റപ്പെട്ട ജീവദശയാകുന്ന കോട്ടയില്‍ തടങ്കലില്‍പ്പെട്ടിരിക്കുന്ന ശങ്കരനാകുന്ന ആത്മാവ് നിന്‍റെ സ്മരണകൊണ്ട് മോചിതനാകുന്നു. (ത്രിപുര രാക്ഷസന്മാരുടെ തടങ്കലില്‍പ്പെട്ട ശിവന്‍ ഗണപതിയെ സ്മരിച്ച് മോചിതനായ കഥയുടെ സൂചന.) ത്രാസിലിട്ട് തൂക്കിനോക്കിയാല്‍ ഗുരുവെന്ന നിലയ്ക്ക് നിനക്കു ശിവനേക്കാള്‍ ഗുരുത്വമേറും. എന്നാല്‍ മായാസമുദ്രം സുരക്ഷിതമായി കടക്കുന്നതിനു നീ പൊങ്ങുതടിപോലെ ലഘുതമമായി കാണപ്പെടുന്നു. മൂഢന്മാരായ അജ്ഞാനികള്‍ നിന്നെ കാണുന്നത് വക്രതുണ്ഡനായിട്ടാണ്. എന്നാല്‍ ജ്ഞാനികള്‍ നിന്നെ അവക്രനായി കാണുന്നു. നിന്‍റെ ദിവ്യമായ നേത്രങ്ങള്‍ ചെറുതായി കാണപ്പെടുന്നു എങ്കിലും അതിന്‍റെ ഉന്മീലനവും നിമീലനവും യഥാക്രമം പ്രപഞ്ചത്തിന്‍റെ ഉല്പത്തിയും പ്രളയവും അനായസേന കൈവരുത്തുന്നു. ഇത് നിന്‍റെ ലീലയാണ്. പ്രവൃത്തിയാകുന്ന നിന്‍റെ വലത്തെ ചെവി ആടുമ്പോള്‍ ഉണ്ടാകുന്ന മദഗന്ധാനിലന്‍ ജീവാത്മാക്കളാകുന്ന ഭൃംഗങ്ങളെ നിന്നിലേക്കു ആകര്‍ഷിക്കുന്നു. ഈ ഭൃംഗങ്ങള്‍ നിന്‍റെ നെറ്റിത്തടത്തില്‍ പറ്റിപ്പിടിച്ചിരിക്കുമ്പോള്‍, അവ നിന്നെ ആരാധിക്കാന്‍ അര്‍പ്പിച്ച നീലോല്‍പലത്തിന്‍റെ പുഷ്പകിരീടംപോലെ തോന്നും. നിവൃത്തിയാകുന്ന നിന്‍റെ ഇടത്തെ ചെവി ആടുമ്പോള്‍ ആരാധന അവസാനിക്കുന്നു. ആരാധനാപുഷ്പങ്ങള്‍ അപ്രത്യക്ഷങ്ങളാകുന്നു. അപ്പോള്‍ നിന്‍റെ ആകാരം അതിന്‍റെ പുരാതന മഹിമയോടുകൂടി വെളിവാക്കപ്പെടുന്നു.
നീയുമായി ബന്ധുത്വം സ്ഥാപിക്കുന്നവന് അവന്‍റെ ദ്വൈതഭാവം ഇല്ലാതായി മറ്റെല്ലാ ബന്ധങ്ങളും നഷ്ടപ്പെടുന്നു. അവന്‍ ആത്മാനുഭൂതി നേടി നീയുമായി ഐക്യം പ്രാപിക്കുന്നു. സംസാരബന്ധങ്ങളെ നശിപ്പിക്കുന്ന നീ ജഗദ്ബന്ധുവായി കാണപ്പെടുന്നു. നിന്‍റെ ഭക്തന്മാര്‍ ആനന്ദത്തോടെ നിന്നെ സേവിക്കുകയും അവര്‍ക്ക് ദേഹബുദ്ധി ഇല്ലാതായിത്തീരുകയും ചെയ്യുന്നു. എന്നാല്‍ നീ വ്യത്യസ്തനാണെന്നു ചിന്തിക്കുന്നവര്‍, ഏതെല്ലാം വഴിയില്‍ക്കൂടി നിന്നെ പ്രാപിക്കുന്നതിനു ശ്രമിച്ചാലും നീ അവര്‍ക്ക് അപ്രാപ്യനായി മറഞ്ഞിരിക്കുന്നു. ധ്യാനം എന്ന ഉപായത്തില്‍ നിന്നെ മനസ്സില്‍ പിടിച്ചു നിര്‍ത്താന്‍ ശ്രമിക്കുന്നവരുടെ സമീപത്തുപോലും പോകാത്ത നീ, ദൈതഭാവമില്ലാതെ, ദേഹബുദ്ധി നശിച്ച് നിന്നില്‍മാത്രം ഏകാഗ്രമായ ചിന്തയുറപ്പിച്ചു നില്‍ക്കുന്നവരെ, നിന്‍റെ പ്രീതിക്കു പാത്രീഭൂതരായി കരുതുന്നു.
സര്‍വ്വരൂപമായും പരിപൂര്‍ണ്ണമായുമിരിക്കുന്ന നിന്‍റെ സ്വരൂപത്തെ അതേവിധത്തില്‍ മനസ്സിലാക്കാത്തവന്‍ സര്‍വ്വജ്ഞനാണെന്നു ഭാവിച്ച് നിന്നെപ്പറ്റി എന്തെല്ലാമാണു പറയുന്നത്? എന്നാല്‍ നിന്നെപ്പറ്റി വിസ്താരമായി പ്രതിപാദിക്കുന്ന വേദങ്ങളുടെ വാക്കുകള്‍ പോലും നീ കാര്യമായി കണക്കിലെടുക്കാത്തവനാണ്. നിന്‍റെ നാമം മൗനം എന്നാണ്. നീ ഭാഷണവിരക്തനാണ്. അങ്ങനെയിരിക്കെ നിനക്കായി ഞാന്‍ എങ്ങനെയാണ് സ്തുതിഗീതങ്ങള്‍ പാടാന്‍ ആഗ്രഹിക്കുക? കാണപ്പെടുന്നതെല്ലാം മായയായതുകൊണ്ട് ഞാന്‍ എങ്ങനെയാണ് നിന്നെ ഭജിക്കുക? ഞാന്‍ നിന്‍റെ സേവകന്‍ ആകണമെന്ന് ആഗ്രഹിച്ചാല്‍ നിന്നില്‍ നിന്നുവ്യത്യസ്തനാണെന്നുള്ള ദോഷം എന്നില്‍ ആരോപിക്കപ്പെടും. അതുകൊണ്ട് നിനക്കുവേണ്ടി ഒന്നും ചെയ്യാതിരിക്കുന്നതാണ് നല്ലത്. ദ്വന്ദ്വഭാവത്തില്‍ എല്ലാ ആശയങ്ങളും ഉപേക്ഷിക്കുമ്പോള്‍ മാത്രമേ, ഒരുവന് അദ്വൈതനായ നിന്നെപ്രാപിക്കാന്‍ സാധിക്കുകയുള്ളൂ. എന്‍റെ ആരാധ്യദേവനായ അല്ലയോ ഗുരുനാഥാ, ഞാന്‍ ഈ രഹസ്യം ഇപ്പോള്‍ അറിഞ്ഞിരിക്കുന്നു. ആകയാല്‍ ഉപ്പ്, എപ്രകാരം തനിച്ചു നില്‍ക്കാതെ ജലത്തോടൊന്നിച്ചുചേര്‍ന്ന് അതിനെ ഭജിച്ചുകൊണ്ടിരിക്കുന്നുവോ, അപ്രകാരമാണ് ഞാന്‍ നിന്നെ സ്നേഹിക്കുന്നത് എന്ന് നീ അറിയണം. ഞാന്‍ എന്തിനധികം പറയുന്നു? ഒരു മണ്‍കുടം സമുദ്രത്തില്‍ മുക്കിയാല്‍ അതു ജലം നിറഞ്ഞു തുളുമ്പുന്നു. ദീപത്തോടു സംബന്ധപ്പെടുന്ന തിരി ദീപമായിത്തീരുന്നു. അപ്രകാരം അല്ലയോ, ഗുരുദേവാ! നിന്നെ നമസ്കരിച്ച് ഞാന്‍ സമ്പൂര്‍ണ്ണനായിരിക്കുന്നു.
ഇനിയും ഞാന്‍ ഗീതയുടെ അര്‍ത്ഥത്തെ വിശദീകരിക്കാം. പതിനാറാം അദ്ധ്യായത്തിന്‍റെ അവസാനത്തില്‍ കൃത്യാകൃത്യങ്ങളെ വിവേചിച്ചറിയുന്നതിന് ശാസ്ത്രത്തെ പ്രമാണമാക്കി സ്വീകരിക്കണമെന്നുള്ള സിദ്ധാന്തത്തെ അര്‍ജ്ജുനന് ഭഗവാന്‍ ഉപദേശിക്കുകയുണ്ടായി. ഇതുകേട്ടപ്പോള്‍ അര്‍ജ്ജുനന്‍ സ്വയം പറഞ്ഞു:
ഇതെങ്ങനെയാണ് നടക്കുന്നത്? ശാസ്ത്രങ്ങളെ ആധാരമാക്കിയല്ലാതെ കര്‍മ്മം ചെയ്യുന്നതിനു മറ്റു വഴികളൊന്നുമില്ലെന്നു നിര്‍ണ്ണയിച്ചാല്‍ ഓരോരരുത്തനും ചെയ്യേണ്ടത് എങ്ങനെയാണ് ചെയ്തു തീര്‍ക്കുന്നത്? ഇത്, സര്‍പ്പത്തിന്‍റെ ശിരസ്സിലിരിക്കുന്ന രത്നം കൈവശപ്പെടുത്തി, സിംഹത്തിന്‍റെ നാസാരന്ധ്രത്തില്‍ നിന്ന് രോമം പറിച്ചെടുത്ത് അതില്‍ കോര്‍ത്ത് കഴുത്തില്‍ ആഭരണമായി അണിഞ്ഞില്ലെങ്കില്‍, കഴുത്ത് നഗ്നമായിരിക്കും എന്നു പറയുന്നതുപോലെയാണ്. ഒരേ വിഷയത്തെപ്പറ്റിയുള്ള ശാസ്ത്രവചനങ്ങള്‍തന്നെ പലയിടങ്ങളിലായി ചിതറിക്കിടക്കുകയാണ്. ഒന്നോടൊന്നു പൊരുത്തപ്പെടാത്ത അവയെ മുഴുവന്‍ തേടിപ്പിടിച്ച് ഏകീകരിക്കാന്‍ ആരെക്കൊണ്ടാണ് സാദ്ധ്യമാവുക? സാദ്ധ്യമായാല്‍ത്തന്നെ അതനുസരിച്ചു പ്രവര്‍ത്തിക്കാനുള്ള സമയം ഉണ്ടാകുമോ? അതിനുവേണ്ട ദീര്‍ഘായുസ്സ് ലഭിക്കുമോ? ദീര്‍ഘായുസ്സ്, ശാസ്ത്രപഠനം, അര്‍ത്ഥനിരൂപണം, ഉചിതമായ സ്ഥലം, യോഗ്യമായ കാലം എന്നിവയെല്ലാം ഏകോപിപ്പിച്ച് കര്‍മ്മങ്ങള്‍ ചെയ്യാനുള്ള കഴിവു ലഭിക്കുന്ന ഭാഗ്യവാന്മാര്‍ എത്രപേരുണ്ടായിരിക്കും? ആകയാല്‍ ജനസാമാന്യത്തിനു ശാസ്ത്രവിധിപ്രകാരം കര്‍മ്മങ്ങള്‍ ചെയ്യാനുള്ള അവസരം സാധാരണ ഗതിയില്‍ വളരെ വിരളമാണ്. അപ്പോള്‍ ശാസ്ത്രജ്ഞാനമില്ലാതെ മോക്ഷം അടയണമെന്ന് ആഗ്രഹിക്കുന്നവരുടെ ഗതി എന്തായിരിക്കും?
ഇതേപ്പറ്റിയുള്ള അര്‍ജ്ജുനന്‍റെ അന്വേഷണമാണ് പതിനേഴാമദ്ധ്യായത്തിലെ പ്രതിപാദ്യവിഷയം. ആകയാല്‍ സര്‍വ്വവിഷയവിതൃഷ്ണനും, തന്‍റെ അര്‍ജ്ജുനത്വത്താല്‍ കൃഷ്ണനുപോലും ആദരണീയനും, സകലകലാപ്രവീണനും, ശൗര്യത്തിന് ആധാരവും, സോമവംശതിലകവും, പ്രജ്ഞാപ്രിയതമനും, ബ്രഹ്മവിദ്യയുടെ വിശ്രാന്തിസ്ഥാനവും ആയിരിക്കുന്ന അര്‍ജ്ജുനന്‍ ഭഗവാനോടു ചോദിച്ചു.