ജ്ഞാനാര്‍ത്ഥികള്‍ക്ക് അവശ്യം വേണ്ട യോഗ്യതകളില്‍ ആദ്യത്തേത് ശമവും ദമവും ആകുന്നു. ഇവ രണ്ടും ഒന്നിച്ചുപോകും. ഇന്ദ്രിയങ്ങളെ പുറത്തു പോയി അലഞ്ഞുതിരിയാതെ സ്വകേന്ദ്രങ്ങളില്‍ നിര്‍ത്തുന്നതാണ് ഈ സാധന. ‘ഇന്ദ്രിയം’ എന്നാല്‍ എന്താണെന്ന് ആദ്യം വിവരിക്കാം. ഇതു നമ്മുടെ കണ്ണുകള്‍, ഈ കണ്ണുകളല്ല ദര്‍ശനേന്ദ്രിയങ്ങള്‍: ഇവ ബാഹ്യകരണങ്ങള്‍മാത്രം. എനിക്ക് ഈ കണ്ണുകളുണ്ടായാലും നേത്രേന്ദ്രിയമില്ലെങ്കില്‍ കാണാന്‍ കഴിയില്ല. എന്നല്ല ഇന്ദ്രിയങ്ങളും കരണങ്ങളും ഉണ്ടായാലും മനസ്സുകൂടി സംബന്ധിച്ചില്ലെങ്കില്‍ ദര്‍ശനമുണ്ടാവില്ല. അതുകൊണ്ട് ഓരോ പ്രത്യക്ഷത്തിലും മൂന്നു സാധനങ്ങള്‍ വേണം; ആദ്യം ബാഹ്യകരണങ്ങള്‍, പിന്നെ അന്തരിന്ദ്രിയങ്ങള്‍, അവസാനം മനസ്സ്. ഇതിലേതെങ്കിലും ഒന്നില്ലാഞ്ഞാല്‍ പ്രത്യക്ഷമുണ്ടാവില്ല. മനസ്സ് ഇപ്രകാരം ബാഹ്യവും ആന്തരവുമായ രണ്ടു കരണങ്ങളില്‍ക്കൂടി വ്യാപരിക്കുന്നു. ഞാന്‍ വിഷയങ്ങളെ ദര്‍ശിക്കുമ്പോള്‍ മനസ്സ് പുറത്തുപോകുന്നു. ഇനി ഞാന്‍ കണ്ണടച്ച് എന്തെങ്കിലും ചിന്തിക്കുന്നുവെന്നിരിക്കട്ടെ: മനസ്സ് പുറത്തു പോകുന്നില്ലെങ്കിലും ആന്തരമായി വ്യാപരിക്കുന്നുണ്ട്. ഇങ്ങനെ, രണ്ടു സന്ദര്‍ഭങ്ങളിലും ഇന്ദ്രിയവ്യാപാരമുണ്ട്. ഞാന്‍ നിങ്ങളെ നോക്കി സംസാരിക്കുമ്പോള്‍ ഇന്ദ്രിയങ്ങളും കരണങ്ങളും പ്രവര്‍ത്തിക്കുന്നു. കണ്ണടച്ചു ചിന്തിക്കുമ്പോള്‍ ഇന്ദ്രിയങ്ങള്‍ പ്രവര്‍ത്തിക്കുന്നെങ്കിലും കരണങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ല. ഇന്ദ്രിയങ്ങളുടെ പ്രവൃത്തി കൂടാതെ യാതൊരു മനോവ്യാപാരവുമില്ല. വല്ലൊരാലംബനവുമില്ലാതെ നിങ്ങള്‍ക്കൊന്നും സങ്കല്പിക്കാന്‍ കഴിയില്ലെന്നു കാണാം. കണ്ണുപൊട്ടനുപോലും, ഒരാലംബനത്തില്‍ക്കൂടി ചിന്തിക്കേണ്ടിയിരിക്കുന്നു. നേത്രവും ശ്രോത്രവും പ്രായേണ കര്‍മ്മനിരതങ്ങളാണ്. ഇന്ദ്രിയങ്ങള്‍ എന്നു പറയുന്നത് മസ്തിഷ്‌കത്തിലെ നാഡീകേന്ദ്രങ്ങളാണെന്നു പ്രത്യേകം ഓര്‍ക്കണം. ഈ കണ്ണും ചെവിയും കാണാനും കേള്‍ക്കാനുമുള്ള കരണങ്ങള്‍മാത്രം: ഇന്ദ്രിയങ്ങള്‍ ഉള്ളിലാണ്. വല്ല കാരണത്താലും ഇന്ദ്രിയങ്ങള്‍ നശിച്ചാല്‍, ഈ കണ്ണും ചെവിയുമുണ്ടായാലും, കാണാനോ കേള്‍ക്കാനോ സാധിക്കില്ല. അതുകൊണ്ടു മനഃസ്വാധീനതയ്ക്ക് ആദ്യം ഈ ഇന്ദ്രിയങ്ങളെ സ്വാധീനമാക്കാന്‍ കഴിയണം. മനസ്സിനെ ബാഹ്യമോ ആന്തരമോ ആയ വിഷയങ്ങളില്‍ വ്യാപരിക്കാത്തവിധം നിയന്ത്രിച്ച്, ഇന്ദ്രിയങ്ങളെ അതാതിന്റെ കേന്ദ്രത്തില്‍ നിര്‍ത്തുന്നതിനെയാണ് ഇവിടെ ശമദമങ്ങളെന്നു പറഞ്ഞത്. മനസ്സിനെ ബാഹ്യമുഖമാകാന്‍ വിടാത്തതു ശമം: ബാഹ്യകരണങ്ങളെ നിരോധിക്കുന്നതു ദമം.
അടുത്ത സാധന ഏറ്റവും പ്രയാസമുള്ള തിതിക്ഷയാണ്. (തത്ത്വജ്ഞാനിയാവുക വളരെ പ്രയാസപ്പെട്ട പണിയാണ്!) ”തിന്‍മയെ എതിര്‍ക്കരുത്” എന്ന സഹിഷ്ണുതാദര്‍ശത്തില്‍ കുറഞ്ഞ ഒന്നുമല്ല തിതിക്ഷ. ഇതിന് അല്പം വിവരണം വേണം. നാം തിന്‍മയെ എതിര്‍ക്കുന്നില്ലായിരിക്കാം. എന്നാല്‍ അതേസമയം വളരെ ക്ലേശം തോന്നുന്നുണ്ടായിരിക്കും. ഒരുവന്‍ എന്നോടു വളരെ പരുഷമായി സംസാരിച്ചാല്‍, ഞാന്‍ അതിന് അയാളെ വെളിവായി വെറുത്തെന്നു വരില്ല, മറുവാക്ക് പറഞ്ഞെന്നു വരില്ല, കോപത്തെ അടക്കിനിര്‍ത്തിയെന്നും വരാം. എന്നാല്‍ കോപവും വെറുപ്പും ഉള്ളിലുണ്ടായിരിക്കും. അകമേ അതികംിനമായ വിരോധം അയാളോടു തോന്നുന്നുമുണ്ടാവും. ഇതു തിതിക്ഷയല്ല. വെറുപ്പോ കോപമോ ഒട്ടും തോന്നരുത്, പ്രതികാരചിന്തപോലുമരുത്. ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടില്‍ മനസ്സ് അത്ര ശാന്തമായിരിക്കണം. ഈ അവസ്ഥയിലായാലേ എനിക്കു തിതിക്ഷ സിദ്ധമായിട്ടുള്ളു: അതിനു മുമ്പില്ല. ദുഃഖങ്ങളെ എതിര്‍ക്കാനോ ഓടിക്കാനോ ഒരു വിചാരവുമില്ലാതെ, തെല്ലു വേദനയോ പശ്ചാത്താപമോപോലും മനസ്സില്‍ തോന്നാതെ, സര്‍വ്വവും സഹിക്കുക, ഇതാണ് തിതിക്ഷ. ഞാന്‍ പ്രതികാരം ചെയ്തില്ല: എന്നിട്ട് വലുതായ ആപത്തു സംഭവിക്കുന്നു. എനിക്കു തിതിക്ഷയുണ്ടെങ്കില്‍, എതിര്‍ക്കാത്തതില്‍ ഒരു പശ്ചാത്താപവും തോന്നാന്‍ പാടില്ല. മനസ്സ് ഈ അവസ്ഥയെ പ്രാപിച്ചാല്‍ അതു തിതിക്ഷയില്‍ പ്രതിഷ്ംിതമായി. ഈ തിതിക്ഷ ശീലിക്കാന്‍ ഭാരതീയര്‍ അസാധാരണങ്ങളായ പലതും ചെയ്യാറുണ്ട്. അവര്‍ ഭയങ്കരമായ ചൂടും തണുപ്പും കൂസാതെ സഹിക്കും. മഞ്ഞുകട്ടയും അവര്‍ക്കു നിസ്സാരം. എന്തെന്നാല്‍ ശരീരത്തെപ്പറ്റി അവര്‍ ഗൗനിക്കുന്നേയില്ല. അതിനെ ഒരു പരകീയവസ്തു എന്ന നിലയില്‍ അങ്ങനെതന്നെ വിട്ടിരിക്കയാണ്.
ഇനിയത്തേത് ഉപരതിയാണ്. ഇന്ദ്രിയവിഷയങ്ങളെ ചിന്തിക്കാതിരിക്കുകയാണ് അത്. നമ്മുടെ സമയത്തിലേറെയും നാം ഇന്ദ്രിയവിഷയങ്ങളെ ചിന്തിച്ചുകളകയാണ്. നാം കണ്ടതും കേട്ടതും, കാണേണ്ടതും കേള്‍ക്കേണ്ടതും, തിന്നതും തിന്നുന്നതും തിന്നേണ്ടതുമായ ഓരോന്നിനെയും, മുമ്പു താമസിച്ച സ്ഥലങ്ങളെയും മറ്റോരോ വിഷയങ്ങളെയും പറ്റി സദാ ചിന്തിക്കയോ പറയുകയോ ചെയ്ത് നമ്മുടെ കാലമധികവും കളയുന്നു. വേദാന്തിയാവാന്‍ ആഗ്രഹിക്കുന്നവന്‍ ഈ ശീലം ഉപേക്ഷിക്കതന്നെ വേണം.
അടുത്ത സാധന ശ്രദ്ധയാണ്: അതായത് വിശ്വാസം. മതത്തിലും ഈശ്വരനിലും ദൃഢവിശ്വാസമുണ്ടായിരിക്കണം. ഈ ശ്രദ്ധയുണ്ടാവുന്നതുവരെ ആര്‍ക്കും ജ്ഞാനിയാകുവാന്‍ യോഗ്യത സിദ്ധിക്കുന്നില്ല. ഈ ലോകത്തില്‍ പല ലക്ഷത്തിലൊരുവന്‍പോലും ഈശ്വരനില്‍ വിശ്വസിക്കുന്നില്ലെന്ന് ഒരു മഹാത്മാവ് എന്നോടു പറയുകയുണ്ടായി. അതെന്തുകൊണ്ടാണെന്നു ഞാന്‍ ചോദിച്ചു. അദ്ദേഹം പറഞ്ഞു; ”ഈ മുറിയില്‍ ഒരു കള്ളനുണ്ടെന്നു വിചാരിക്കുക. അടുത്ത മുറിയില്‍ വളരെ സ്വര്‍ണ്ണമുണ്ടെന്നു കള്ളന്നറിയാമെന്നും കരുതുക. ഈ മുറികള്‍ക്കിടയ്ക്ക് വളരെ നേര്‍ത്ത ഒരു തട്ടികയേയുള്ളു. എന്തായിരിക്കും ആ കള്ളന്റെ നില?” ഞാന്‍ പറഞ്ഞു; ”അവനു തീരെ ഉറക്കം വരില്ല. മനസ്സു മുഴുവന്‍ ആ സ്വര്‍ണ്ണം തട്ടാനുള്ള തക്കം പാര്‍ത്തുകൊണ്ടിരിക്കും.” അപ്പോള്‍, അദ്ദേഹം പറഞ്ഞു; ”ഈശ്വരനില്‍ വിശ്വസിക്കാനും അതോടൊപ്പം ഈശ്വരലാഭത്തിനുവേണ്ടി ഭ്രാന്തനാകാതിരിക്കുവാനും ഒരുവനു കഴിയുമെന്നു നീ വിചാരിക്കുന്നുവോ? അളവറ്റ അനന്താനന്ദനിധി അടുത്തുതന്നെ ഉണ്ടെന്നും അതു പ്രാപ്യമാണെന്നും സത്യമായി വിശ്വസിക്കുന്നെങ്കില്‍, അവന്‍ അതിനെ പ്രാപിക്കാനുള്ള പ്രയത്‌നത്തില്‍ ഭ്രാന്തനാകയില്ലേ?” ഈശ്വരനില്‍ ഉറച്ച വിശ്വാസവും അതുകൊണ്ട് തത്പ്രാപ്തിക്കുള്ള വ്യഗ്രതയും ചേര്‍ന്നതാണ് ശ്രദ്ധ.
അടുത്തതു സമാധാനം, മനസ്സിനെ ഈശ്വരനില്‍ നിര്‍ത്താനുള്ള നിരന്തരാഭ്യാസം. ഒരു ദിവസംകൊണ്ട് ഒന്നും സാധ്യമല്ല. ഈശ്വരനിഷ്ം എന്നതു ഗുളികയാക്കി വിഴുങ്ങാവുന്നൊന്നല്ല. അതിനു കംിനവും നിരന്തരവുമായ അഭ്യാസം വേണം. ക്ഷമയോടും സ്‌ഥൈര്യത്തോടുംകൂടി അഭ്യസിച്ചാലേ മനസ്സു സ്വാധീനമാവൂ.
അടുത്തതു മുമുക്ഷുത്വക്‌സമാണ്, തീവ്രമായ സ്വാതന്ത്ര്യതൃഷ്ണ (മോക്ഷേച്ഛ). എഡ്വിന്‍ ആര്‍നോള്‍ഡിന്റെ ‘പൗരസ്ത്യദീപം’ (The Light of Asia) വായിച്ചിട്ടുള്ള നിങ്ങളില്‍ ചിലര്‍ക്ക് അതില്‍ വിവര്‍ത്തനം ചെയ്തിട്ടുള്ള ബുദ്ധന്റെ ആദ്യത്തെ ഉപദേശഗീതം ഓര്‍മ്മയുണ്ടായിരിക്കും. അവിടെ ബുദ്ധന്റെ ഒരു വചനം;
അഴലാമഴിയാര്‍ന്നശ്രുകണനേമിയിയന്നിടും
ശൂന്യനാഭിയെഴും ജന്‍മമൃത്യുചക്രം പുണര്‍ന്നിടാന്‍
മുകരാനൊരുവന്‍ വേറെയില്ല നിന്നെപ്പിടിച്ചിടാന്‍:
വലയുന്നിതു തന്നെത്താന്‍ വലയ്ക്കുന്നില്ലയാരുമേ.
നമ്മുടെ കഷ്ടപ്പാടുകളെല്ലാം നാംതന്നെ വരിച്ചതാണ്. അതാണ് നമ്മുടെ സ്വഭാവം. ആ വൃദ്ധനായ ചൈനക്കാരന്‍ – അയാളെ അറുപതു കൊല്ലം തടവിലിട്ട് ഒരു പുതിയ ചക്രവര്‍ത്തിയുടെ പട്ടാഭിഷേകത്തിന്‍നാള്‍ വിട്ടയച്ചു – പുറത്തു വന്നപ്പോള്‍ തനിക്കു ജീവിക്കാന്‍ വയ്യെന്നു നിലവിളിച്ചു. അയാള്‍ക്കു തന്റെ ഇരുളടഞ്ഞ കൊടിയ തുറങ്കിലേക്ക്, എലികളുടേയും പെരുച്ചാഴികളുടേയും ഇടയിലേക്കുതന്നെ, മടങ്ങിപ്പോകണമത്രേ! അയാള്‍ക്കു വെളിച്ചം അസഹ്യമായിരുന്നു. അതുകൊണ്ട് ഒന്നുകില്‍ തന്നെ കൊല്ലണം, അല്ലെങ്കില്‍ തന്നെ തടവിലേക്കു മടക്കിയയ്ക്കണം എന്നയാള്‍ ആവശ്യപ്പെട്ടു. അങ്ങനെതന്നെ അയാളെ കാരാഗൃഹത്തിലടയ്ക്കുകയും ചെയ്തു. ഇതുപോലെയാണ് എല്ലാ മനുഷ്യരുടേയും കഥ. നാം നാനാതരം കഷ്ടപ്പാടുകളുടേയും പിന്നാലെ പരക്കം പായുകയാണ്. അതില്‍നിന്ന് വിമുക്തരാകാന്‍ ഇഷ്ടവുമില്ല. നാം എന്നും ഭോഗങ്ങളുടെ പിന്നാലെ ഓടുന്നു. എന്നാല്‍ കൈയ്ക്കലെത്തുമ്പോഴേക്കും അത് പോയ്ക്കഴിഞ്ഞെന്നു കാണാം. നമ്മുടെ വിരല്‍പ്പഴുതില്‍ക്കൂടി അതു വഴുതിപ്പോയി. എന്തായാലും ഈ ഭ്രാന്തുപിടിച്ച ഓട്ടത്തില്‍നിന്നു നാം വിരമിക്കുന്നില്ല: ഓട്ടംതന്നെ ഓട്ടം. കണ്ണിനു കെട്ടുപെട്ട വിഡ്ഢികളാണ് നമ്മള്‍.
[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം II ജ്ഞാനയോഗം. അദ്ധ്യായം 3 സാധനകള്‍ (അമേരിക്കന്‍ പ്രസംഗം). പേജ് 49-55]