ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനേഴ് ശ്രദ്ധാത്രയവിഭാഗയോഗം ശ്ലോകം 17-1
അര്‍ജ്ജുന ഉവാച:
യേ ശാസ്ത്രവിധിമുത്സൃജ്യ
യജന്തേ ശ്രദ്ധയാന്വിതാഃ
തേഷാം നിഷ്ഠാ തു കാ കൃഷ്ണ!
സത്ത്വമാഹോ രജസ്തമഃ?
അല്ലയോ കൃഷ്ണ! ചിലര്‍ ശാസ്ത്രവിധിയൊന്നും നോക്കാതെ ശ്രദ്ധയോടുകൂടി ഭഗവാനെ ആരാധിക്കുന്നുണ്ടല്ലോ? അവരുടെ സ്ഥിതി എന്താണ് – സാത്വികമോ, രാജസമോ, താമസമോ?
അല്ലയോ ശ്യാമവര്‍ണ്ണകൃഷ്ണാ! ഞങ്ങളുടെ ഇന്ദ്രിയങ്ങള്‍ക്ക് അങ്ങ് ബ്രഹ്മമായി അനുഭവപ്പെടുന്നു. എങ്കിലും അങ്ങയുടെ വാക്കുകള്‍ ഞങ്ങളുടെ മനസ്സില്‍ ചില സംശയങ്ങള്‍ ഉണര്‍ത്തുന്നു. ശാസ്ത്രങ്ങളില്‍ക്കൂടിയല്ലാതെ മറ്റു മാര്‍ഗ്ഗങ്ങളിലൂടെ മോക്ഷപ്രാപ്തി ഉണ്ടാവുകയില്ലെന്ന് അങ്ങ് പറഞ്ഞത് എന്ത് അര്‍ത്ഥത്തിലാണ്? പലര്‍ക്കും ശാസ്ത്രാഭ്യാസനത്തിനു പറ്റിയ സ്ഥലമോ, കാലമോ, സമയമോ, ഗുരുവോ, ഉചിതമായ സാമഗ്രികളോ ലഭിച്ചുവെന്നു വരില്ല. അനുകൂലമായ പൂര്‍വ്വകര്‍മ്മ ഫലങ്ങളില്ലാത്തതുകൊണ്ട് ശാസ്ത്രാഭ്യാസനത്തിന് ആവശ്യമായ ബുദ്ധിസാമര്‍ത്ഥ്യം ഉണ്ടായില്ലെന്നും വരാം. ഈ വക കാരണങ്ങളാല്‍ അവരുടെ ശാസ്ത്രപഠനം സ്തംഭനാവസ്ഥയിലെത്തുകയോ, അവര്‍ക്ക് അതില്‍ താല്പര്യമില്ലാത്തതുകൊണ്ട് അതു നഷ്ടമാവുകയോ ചെയ്യാനിടയുണ്ട്. എന്നാല്‍ അങ്ങനെയുള്ളവര്‍ ശാസ്ത്രങ്ങള്‍ അനുഷ്ഠിച്ച് പരലോകത്ത് ആനന്ദമനുഭവിക്കുന്ന പുണ്യപുരുഷന്മാരുടെ കാലടികളെ പിന്തുടര്‍ന്ന് അവര്‍ അനുഭവിക്കുന്ന ആനന്ദം നേടിയെടുക്കാന്‍ തീവ്രമായി ആഗ്രഹിക്കുന്നു.
അല്ലയോ കരുണാമയനായ നാഥ! ഒരു കുട്ടി പാഠപുസ്തകത്തില്‍ കാണുന്ന അക്ഷരങ്ങള്‍ അതേവിധം പകര്‍ത്തിയെഴുതുന്നു. അന്ധനായ ഒരുവന്‍ കാഴ്ചയുള്ളവന്‍റെ സഹായത്തോടെ അവന്‍റെ പിന്നാലെ പോകുന്നു. അതുപോലെ അവന്‍ സര്‍വ്വശാസ്ത്ര നിപുണന്മാരുടെ ആചരണങ്ങളെ പ്രമാണമായി സ്വീകരിച്ചുകൊണ്ട് പൂര്‍ണ്ണ ശ്രദ്ധയോടെ, അപ്രകാരമുള്ളവരുടെ കാലടികളെ പിന്തുടരുന്നു. അവര്‍ ദൃഢവിശ്വാസത്തോടെ ശിവാദിദേവന്മാരെ പൂജിക്കുകയും ഭൂമി തുടങ്ങിയ വസ്തുക്കളെ ഉദാരമായി ദാനം ചെയ്യുകയും അഗ്നിഹോത്രാദി യാഗങ്ങള്‍ നടത്തുകയും ചെയ്യുന്നു. അല്ലയോ പുരുഷോത്തമ, അവരുടെ സ്ഥിതിയെന്താണ് – സാത്വികമോ രാജസികമോ താമസികമോ?
ഇതു കേട്ടപ്പോള്‍, വൈകുണ്ഠമൂര്‍ത്തിയും നിഗമപദ്മപരാഗവും ജഗത്തിന്‍റെ അംഗച്ഛായയും കാലപ്രബലതയും ലോകോത്തരപ്രമുഖനും അദ്വിതീയനും ആനന്ദമയനും ആയ ഭഗവാന്‍ കൃഷ്ണന്‍ പറഞ്ഞു: