സ്വാമി വിവേകാനന്ദന്‍

വിവേകിക്കു സ്വാതന്ത്ര്യം വേണം. ഇന്ദ്രിയാര്‍ത്ഥങ്ങളെല്ലാം മിഥ്യയാണെന്നും സുഖദുഃഖങ്ങള്‍ക്ക് അവസാനമില്ലെന്നും അയാള്‍ കാണുന്നു. ലോകത്തില്‍ എത്ര ധനവാന്‍മാരാണ് പുതിയ പുതിയ ഭോഗങ്ങളെ തേടിക്കൊണ്ടിരിക്കുന്നത്! ഭോഗങ്ങളെല്ലാം പഴകിപ്പോയി. ഇനി പുതിയ ഭോഗങ്ങള്‍ വേണം. നിങ്ങള്‍ കാണുന്നില്ലേ, ഇന്ദ്രിയങ്ങളെ ക്ഷണനേരത്തേക്കു രസിപ്പിക്കാന്‍ എന്തെന്തു വിഡ്ഢിത്തരങ്ങളാണ് ഓരോ ദിവസവും അവര്‍ കണ്ടുപിടിക്കുന്നത്? അനുഭവിച്ചാല്‍ ഉടന്‍ തിരിച്ചടിയും. ജനങ്ങളില്‍ ഭൂരിപക്ഷവും ആട്ടിന്‍പറ്റംപോലെയാണ്. മുമ്പേ പോയവന്‍ കുഴിയില്‍ വീണാലും ബാക്കി എല്ലാവരും ചെന്ന് അതില്‍ത്തന്നെ വീണു കഴുത്തൊടിക്കും. അതുപോലെ സമുദായപ്രമാണി ഒന്നു ചെയ്താല്‍, അതേതാണെന്നാലോചിക്കാതെ, ബാക്കിയുള്ളവരും അതുതന്നെ ചെയ്യും. ലൗകികവിഷയങ്ങളുടെ മിഥ്യാത്വം കണ്ടുതുടങ്ങുമ്പോള്‍, ഇപ്രകാരം പ്രകൃതികിങ്കരനായി പ്രകൃതിപ്രവാഹത്തില്‍ പെട്ടുപോകുന്നതു ശരിയല്ലെന്ന് ഒരുവനു തോന്നുന്നു. അത് അടിമത്തമാണ്. മനുഷ്യന്‍ രണ്ടു നല്ല വാക്കു കേള്‍ക്കുമ്പോള്‍ ചിരിക്കുന്നു: രണ്ടു ചീത്ത വാക്കു കേള്‍ക്കുമ്പോള്‍ കരയാനും തുടങ്ങുന്നു (അവന്‍ വാക്കിന് അടിമയാണ്), അവന്‍ ഒരു കഷണം അപ്പത്തിനും, ഒരു വീര്‍പ്പു വായുവിനും അടിമയാണ്. വസ്ത്രാലങ്കാരങ്ങള്‍ക്കടിമയാണ്, സ്വദേശാഭിമാനത്തിനും സ്വദേശത്തിനും, പേരിനും പെരുമയ്ക്കും അടിമയാണ്. അവന്‍ അടിമത്തത്തിന്റെ ഒത്ത നടുക്കാണ്. അവനിലുള്ള യഥാര്‍ത്ഥ മനുഷ്യനെ ഈ ബന്ധങ്ങള്‍കൊണ്ട് ഉള്ളില്‍ കുഴിച്ചുമൂടിയിരിക്കുകയാണ്. മനുഷ്യനെന്നു നിങ്ങള്‍ പറയുന്നത് ഒരടിമയാണ്. ഈ ബന്ധത്തെക്കുറിച്ച് എപ്പോള്‍ ബോധമുണ്ടാകുന്നുവോ, അപ്പോള്‍ സ്വതന്ത്രനാകാന്‍ ആഗ്രഹമുണ്ടാകുന്നു; മോക്ഷേച്ഛ തീവ്രമാകുന്നു. ഒരുവന്റെ തലയില്‍ തീക്കനല്‍ കോരിയിട്ടാല്‍ അതു കടഞ്ഞുകളയുവാന്‍ എത്ര തീവ്രമായി പിടയുന്നുവെന്നു നോക്കൂ. അത്ര തീവ്രമായിരിക്കും, താന്‍ പ്രകൃതിബദ്ധനാണെന്നു ശരിക്കറിയുന്നവന്റെ മോക്ഷപ്രയത്‌നവും.

മുമുക്ഷുത്വം എന്താണെന്നു കണ്ടു. അടുത്ത സാധനയും വളരെ പ്രയാസമുള്ളതാണ്; നിത്യാനിത്യവസ്തുവിവേകം. അതായത്, നിത്യവും അനിത്യവും തമ്മിലുള്ള വിവേചനവും, സത്യവും മിഥ്യയും തമ്മിലുള്ള വിവേചനവും. ഈശ്വരന്‍മാത്രമാണ് നിത്യം, മറ്റുള്ളതെല്ലാം അനിത്യം എല്ലാം നശ്വരമാണ്. ദേവന്‍മാര്‍ മരിക്കുന്നു, മനുഷ്യന്‍ മരിക്കുന്നു, മൃഗങ്ങള്‍ മരിക്കുന്നു. ഭൂമി നശിക്കുന്നു, സൂര്യചന്ദ്രന്‍മാരും നക്ഷത്രങ്ങളും നശിക്കുന്നു, എല്ലാം നശിക്കുന്നു. ഒന്നും സ്ഥിരമല്ല, സര്‍വ്വവും സദാ മാറിക്കൊണ്ടിരിക്കുന്നു. ഇന്നത്തെ പര്‍വ്വതങ്ങള്‍ ഇന്നലത്തെ സമുദ്രങ്ങളായിരുന്നു, നാളത്തെ സമുദ്രങ്ങളാണ്. എല്ലാം ചഞ്ചലം. സമസ്തപ്രപഞ്ചവും പരിണാമമയമാണ്. എന്നാല്‍ ഒരിക്കലും മാറാത്ത ഒന്നുണ്ട്, അതാണ് ഈശ്വരന്‍. നാം എത്രത്തോളം ഈശ്വരനെ സമീപിക്കുന്നുവോ അത്രത്തോളം നമുക്കു മാറ്റം കുറയും. പ്രകൃതിക്കു നമ്മുടെമേലുള്ള നിയന്ത്രണവും അത്രയ്ക്കു കുറയും. അങ്ങനെ ഈശ്വരനെ പ്രാപിച്ച് അവനോടു ചേര്‍ന്നുനിന്നാല്‍ പ്രകൃതിയെ ജയിക്കാം, പ്രകൃതികാര്യങ്ങളെ അടക്കി വാഴാം. അവ നമ്മളില്‍ തീരെ ഫലിക്കയുമില്ല.

മേല്പറഞ്ഞ സാധനങ്ങളെ യഥാവിധി അനുഷ്ഠിച്ചാല്‍ ഈ ലോകത്തില്‍ നമുക്കു മറ്റൊന്നും ആവശ്യമില്ലെന്നു കാണാം. എല്ലാ ജ്ഞാനവും നമ്മുടെ ഉള്ളിലുണ്ട്. സര്‍വ്വസമ്പൂര്‍ണ്ണതയും ആ ആത്മാവിലുള്ളതാണ്. എന്നാല്‍ ഈ പൂര്‍ണ്ണതയെ പ്രകൃതി മൂടിയിരിക്കുന്നു. ആത്മാവിന്റെ നിത്യശുദ്ധസ്വരൂപത്തെ പ്രകൃതി അട്ടിയട്ടിയായി പൊതിഞ്ഞുമൂടിയിരിക്കുന്നു. നാമെന്താണ് ചെയ്യേണ്ടത്? വാസ്തവത്തില്‍, നാം ആത്മാവിനെ സംസ്‌കരിക്കുകയല്ല. സ്വയം (സത്യജ്ഞാനാദിഗുണ) പൂര്‍ണ്ണമായതിനെ എന്തുകൊണ്ട് സംസ്‌കരിക്കാനാണ്? നാം മറ മാറ്റുകയാണ്. അപ്പോള്‍ ആത്മാവ് നിത്യശുദ്ധവും നിത്യമുക്തവുമായ സ്വസ്വരൂപത്തെ സ്വയം പ്രകാശിപ്പിക്കുന്നു.

ഇവിടെ ഒരു ജിജ്ഞാസ ഉദിക്കുന്നു. ഈ സാധനാനുഷ്ഠാനം ഇത്ര ആവശ്യമായതെന്ത്? അദ്ധ്യാത്മനിഷ്ഠ, കാതിലൂടെയോ കണ്ണിലൂടെയോ മസ്തിഷ്‌കത്തിലൂടെയോപോലും നേടാവതല്ല. അതുകൊണ്ട് ഒരു വേദത്തിനും വയ്യ നമ്മെ മതനിഷ്ഠരാക്കാന്‍. ലോകത്തിലുള്ള ഗ്രന്ഥങ്ങളൊക്കെ പഠിച്ചാലും മതനിഷ്ഠയെയോ ഈശ്വരനെയോ സംബന്ധിച്ച ഒരു വാക്കും നമുക്കു മനസ്സിലാവില്ല. ആയുഷ്‌ക്കാലം മുഴുവന്‍ പറഞ്ഞുകൊണ്ടിരിക്കാം: ഒരു ഗുണവും അതുകൊണ്ടില്ല. ലോകത്തില്‍ ഇതേവരെയുണ്ടായ മേധാവികളില്‍വെച്ചു നാം അഗ്രഗണ്യന്‍മാരാവാം: എന്നാലും നാം ഈശ്വരനിലേക്കു തീരെ തിരിഞ്ഞില്ലെന്നു വരാം. നേരേമറിച്ച് ഇന്നത്തെ മികച്ച ബുദ്ധിശിക്ഷണത്തിന്റെ ഫലമായി എന്തെന്തു നിരീശ്വരബുദ്ധികളാണ് ലോകത്തിലുണ്ടായിട്ടുള്ളത്! നിങ്ങളുടെ പാശ്ചാത്യപരിഷ്‌കാരത്തിന്റെ ദോഷങ്ങളില്‍ ഒന്നിതാണ്; നിങ്ങള്‍ ബുദ്ധിപരമായ വിദ്യാഭ്യാസത്തിലേര്‍പ്പെട്ടിരിക്കുന്നു. ഹൃദയത്തെ തീരെ ആദരിക്കുന്നില്ല. ഇതു മനുഷ്യരെ പത്തിരട്ടി സ്വാര്‍ത്ഥമതികളാക്കുകയേ ചെയ്യുന്നുള്ളൂ: അത് നിങ്ങളുടെ നാശവുമായിരിക്കും. ബുദ്ധിയും ഹൃദയവും തമ്മില്‍ പിണങ്ങുമ്പോള്‍ ഹൃദയത്തെയാണ് അനുസരിക്കേണ്ടത്. എന്തെന്നാല്‍ ബുദ്ധിക്കു യുക്തിവിചാരമെന്ന ഒരു നിലപാടേയുള്ളു. അത് ആ പരിധിക്കുള്ളില്‍ പ്രവര്‍ത്തിക്കുന്നു. അപ്പുറം പോകാന്‍ അതിനു കഴിവില്ല. ബുദ്ധിക്ക് ഒരിക്കലും എത്തരുതാത്ത അത്യുച്ചമേഖലയിലേക്കു ഹൃദയം നമ്മെ നയിക്കുന്നു. അത് യുക്തിയേയും അതിക്രമിച്ച് അന്തഃപ്രബോധത്തില്‍ എത്തുന്നു. യുക്തികൊണ്ട് ഒരിക്കലും അന്തഃപ്രബോധം സാധ്യമല്ല. ഹൃദയശൂന്യനായ യുക്തിവാദിക്ക് അന്തഃപ്രബോധം അസാദ്ധ്യമാണ്. പ്രേമമുള്ളവന്‍ സംസാരിക്കുന്നത് എപ്പോഴും ഹൃദയംകൊണ്ടാണ്. ബുദ്ധിക്കു തരാന്‍ കഴിയുന്നതിലും ഉത്കൃഷ്ടമായ ഒരുപകരണത്തെ – അന്തഃപ്രബോധത്തെ – ഹൃദയം തുറന്നുതരുന്നു. ബുദ്ധി ജ്ഞാനത്തിന്റെ കാരണമായതുപോലെ ഹൃദയം അന്തഃപ്രബോധത്തിന്റെ കാരണമാണ്. എന്നാല്‍ കീഴ്പ്പടികളില്‍ ഹൃദയം ബുദ്ധിയെ അപേക്ഷിച്ച് വളരെ ദുര്‍ബ്ബലമായ കരണമാണ്. പാമരന് ഒന്നുമറിഞ്ഞുകൂടാ, എന്നാല്‍ പ്രകൃത്യാ അല്പം മൃദുലഹൃദയനായിരിക്കും. അവനെ ഒരു വലിയ പണ്ഡിതനുമായി താരതമ്യപ്പെടുത്തുക. എന്താശ്ചര്യകരമായ ബുദ്ധിസാമര്‍ത്ഥ്യമാണ് പണ്ഡിതന്! പക്ഷേ പണ്ഡിതന്‍ തന്റെ ബുദ്ധികൊണ്ടു ബദ്ധനാണ്. അയാള്‍ മഹാബുദ്ധിശാലിയായിരിക്കുന്നതോടൊപ്പം തന്നെ ഒരസുരനുമാവാം. എന്നാല്‍ ഹൃദയാലുവിന് അസുരനാവുക സാധ്യമല്ല. ഹൃദയാലു ഒരിക്കലും അസുരനായിട്ടില്ല. അതുകൊണ്ട് ഹൃദയത്തെ വേണ്ടവണ്ണം സംസ്‌കരിച്ചാല്‍, അതു ബുദ്ധിയെയും കടന്ന് അന്തഃപ്രബോധയോഗ്യമാവും. മനുഷ്യന്‍ ഒടുവില്‍ ഈ ബുദ്ധിയെ കടന്നുപോവുകതന്നെ വേണം. ഇന്നു മനുഷ്യന്റെ വിജ്ഞാനങ്ങളും നിരീക്ഷണപാടവവും യുക്തിവിചാരവും മേധാശക്തിയും ഹൃദയവും എല്ലാം ലോകമാകുന്ന പാല്‍ കടയുന്നതില്‍ വ്യാപൃതമാണ്. ഇങ്ങനെ നെടുനാള്‍ കടഞ്ഞിട്ടു വെണ്ണ കിട്ടുന്നു. ഈ വെണ്ണ ഈശ്വരനാകുന്നു. ഹൃദയാലുക്കള്‍ക്ക് ”വെണ്ണയും” ബുദ്ധിശാലികള്‍ക്കു ”മോരും.” ഇതെല്ലാം ഹൃദയത്തിനും പ്രേമത്തിനും ഹൃദയസംബന്ധിയായ തീവ്രാനുഭവത്തിനും വേണ്ട സാധനകളാണ്.

[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം II ജ്ഞാനയോഗം. അദ്ധ്യായം 3 സാധനകള്‍ (അമേരിക്കന്‍ പ്രസംഗം). പേജ് 59-63]